ADVERTISEMENT

ഛത്തീസ്ഗഡ് എന്നാൽ 36 കോട്ടകൾ എന്നാണർഥം. എന്നാൽ, രാഷ്ട്രീയമായി ഇപ്പോൾ ഛത്തീസ്ഗഡിൽ 36ന് അത്ര പ്രാധാന്യമില്ല. 46 ആണ് ഇവിടെ പാർട്ടികളുടെ മനക്കോട്ടയിലെ സംഖ്യ. 90 സീറ്റുള്ള നിയമസഭയിൽ 46 സീറ്റ് വേണം ഭരണം നേടാൻ. ഇതിൽ ബസ്തർ മേഖലയിലേതുൾപ്പെടെ 20 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പു നാളെയാണ്; ബാക്കി 70 സീറ്റിലേക്ക് 17നും. 

രണ്ടായിരാമാണ്ടിൽ സംസ്ഥാന രൂപീകരണസമയത്തു കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് 2003 മുതൽ 2018 വരെ ബിജെപി സർക്കാരായിരുന്നു. 2018ൽ കോൺഗ്രസിലെ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി സർക്കാർ നിലവിൽവന്നു. 

 പദ്ധതികൾ, അഴിമതികൾ

കർഷകരാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബലം. നെല്ലിനു താങ്ങുവില വർധിപ്പിച്ച് അധികതുക അക്കൗണ്ടിലേക്കു നൽകിയതും മറ്റു കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു സ്ഥലത്തിനനുസരിച്ചു സബ്സിഡി നൽകിയതും ചാണകം ശേഖരിച്ചു തുക നൽകിയതുമൊക്കെ വോട്ടായി മാറുമെന്നാണു കോൺഗ്രസ് പ്രതീക്ഷ. ഭരണത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നതായി കോൺഗ്രസ് പ്രഖ്യാപിച്ചതിൽ ഏറെയും കർഷകക്ഷേമ പദ്ധതികൾ തന്നെ. 

‘കർഷകന്റെ മകനു കർഷകരുടെ മനസ്സറിയാം’ എന്നു ഭൂപേഷ് ബാഗേലിനെ മുൻനിർത്തി നേതാക്കൾ പറയുന്നു. ട്രാക്ടർ വിൽപന, അറ്റകുറ്റപ്പണി തുടങ്ങി പരോക്ഷമായി വിവിധ മേഖലകളിൽ കർഷകക്ഷേമ പദ്ധതികളുടെ മെച്ചം കിട്ടിയെന്നു പറഞ്ഞുറപ്പിക്കുന്നുമുണ്ട് കോൺഗ്രസ്. വ്യവസായരംഗത്ത് സർക്കാർ ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ ആരോപണത്തിനുള്ള മറുപടി കൂടിയാണിത്. 

കോൺഗ്രസിനെതിരെയല്ല, ബാഗേലിനെതിരെയാണ് ബിജെപി പ്രചാരണം തിരിച്ചുവിട്ടിരിക്കുന്നത്. ബെറ്റിങ് ആപ്പിൽനിന്ന് 508 കോടി രൂപ ബാഗേൽ കൈക്കൂലി വാങ്ങിയെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ വലിയ പ്രചാരണായുധമാക്കിയിട്ടുണ്ട് ബിജെപി. എന്നാൽ, ഇതൊന്നും ഗ്രാമങ്ങളിൽ ചലനമുണ്ടാക്കുന്നില്ല. മാത്രമല്ല, ഇ.ഡി ഇലക്‌ഷൻ ഡിപ്പാർട്മെന്റായി പ്രവർത്തിക്കുന്നുവെന്ന ബാഗേലിന്റെ ആരോപണത്തിന് ഇപ്പോൾ കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളിൽ അഴിമതിയുണ്ടെന്നു നേരത്തേ മുതൽ ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും പദ്ധതികളുടെ ഗുണഫലം ലഭിച്ചവർക്കിടയിൽ അതൊന്നും വിലപ്പോകുന്നില്ല. തങ്ങളുടെ ഭരണകാലത്തു കൊണ്ടുവന്ന വ്യാവസായിക പുരോഗതിയെപ്പറ്റി ബിജെപി പറയുന്നുണ്ടെങ്കിലും അതിനും മൂർച്ച പോരാ. കാർഷികോൽപന്നങ്ങൾക്കു താങ്ങുവില കേന്ദ്രം കാലാകാലങ്ങളിൽ ഉയർത്തിനൽകിയതു മറച്ചുവച്ച് അതിന്റെ മെച്ചം കൊയ്യാനാണ് കോൺഗ്രസ് ശ്രമമെന്ന ആരോപണത്തിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗുണഫലം അനുഭവിച്ച പദ്ധതികൾക്കാണ് ജനത്തിന്റെ വോട്ടെന്നു ബിജെപിയും ഉറപ്പിച്ചിട്ടുണ്ടെന്നു വ്യക്തം. പിഎസ്‌സി റാങ്കുപട്ടികകൾ അട്ടിമറിച്ച് യുവാക്കളെ കോൺഗ്രസ് വഞ്ചിച്ചെന്നും അവർ ആരോപിക്കുന്നു. 

ബാഗേൽ v/s മോദി

ഭൂപേഷ് ബാഗേലാണ് ഇവിടെ കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞാൽ‌ തെറ്റില്ല. എല്ലാ പോസ്റ്ററിലും ബാഗേൽ നിറഞ്ഞുനി‌ൽക്കുന്നു. ‌‘പ്രതീക്ഷയുടെ സർക്കാർ ബാഗേൽ സർക്കാർ’ എന്നാണ് കോൺഗ്രസ് മുദ്രാവാക്യം തന്നെ. 

മോദിയെ മുൻനിർത്തിയാണ് ബിജെപിയുടെ വോട്ടുപിടിത്തം. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 75 സീറ്റും നഷ്ടപ്പെട്ട ബിജെപി, ആറു മാസത്തിനു ശേഷം നടന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 11ൽ 9 സീറ്റും നേടി എന്നതും ഇതിനോടു കൂട്ടിവായിക്കണം. കേന്ദ്രത്തിൽ ബിജെപി സർക്കാരിനോടുള്ള അനുഭാവം വോട്ടാക്കി മാറ്റുന്നതാണ് എളുപ്പമെന്നു ബിജെപി കരുതുന്നു. കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രചാരണഗാനത്തിലും നിറഞ്ഞുനിൽക്കുന്ന ഏകനേതാവ് മോദിയാണ്. 15 വർഷം മുഖ്യമന്ത്രിയായിരുന്ന രമൺ സിങ് മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ  മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ മുഖ്യമന്ത്രിയാണ് ഛത്തീസ്ഗഡിൽ വരികയെന്നു പ്രചാരണസമ്മേളനത്തിൽ പറഞ്ഞ മോദി, അതാരാണെന്നു പറയാതിരിക്കാനും ശ്രദ്ധിച്ചു. ബാഗേലിനെതിരെ ഉയർത്തിക്കാണിക്കാൻ പോന്ന നേതാവ് സംസ്ഥാനത്തില്ലെന്നു പാർട്ടി തന്നെ സമ്മതിക്കുകയാണ്. 

സമുദായ സമവാക്യങ്ങൾ

ഒബിസി– 37%, എസ്ടി– 34%, എസ്‌സി –15%, മറ്റ് ന്യൂനപക്ഷങ്ങൾ– 9%, ജനറൽ –5% എന്നിങ്ങനെയാണ് സംസ്ഥാനത്തെ കണക്ക്. ഇതിൽ ആദിവാസി വോട്ടുകൾ ഏറക്കുറെ തങ്ങൾക്കു കിട്ടുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ പോളിങ് നടക്കുന്നതിൽ 12 എസ്ടി സംവരണ സീറ്റുകളും നിലവിൽ കോൺഗ്രസിന്റെ കയ്യിലാണ്. അതാവർത്തിക്കുകയാണു ലക്ഷ്യം. കേന്ദ്രത്തിന്റെ നയങ്ങളിൽ ആദിവാസികൾക്കു സ്വീകാര്യമല്ലാത്തവ ഉയർത്തിക്കാട്ടാൻ‌ പ്രചാരണത്തിൽ കോൺഗ്രസ് ശ്രദ്ധിക്കുന്നുണ്ട്. 

ഒബിസി വോട്ടുകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. ജാതി സെൻസസ് നടത്താതെ ഒബിസിക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം ബിജെപി സ്വീകരിച്ചിരിക്കുകയാണെന്ന് എല്ലാ സമ്മേളനങ്ങളിലും രാഹുൽ ഗാന്ധി ആരോപിച്ചതു ബിജെപി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാണ്. ജാതി സെൻസസിനു ബിജെപി എതിരല്ലെന്ന് അമിത് ഷാ ഛത്തീസ്ഗഡിൽ പറഞ്ഞത് കോൺഗ്രസിന്റെ ലക്ഷ്യം മനസ്സിലാക്കിയുള്ള പ്രതിരോധമാണ്. 

ഹിന്ദുവോട്ടുകൾ നേടുന്ന കാര്യത്തിൽ ബിജെപിയും ബാഗേലും തമ്മിൽ കടുത്ത മത്സരമാണ്. അയോധ്യാ സന്ദർശനത്തിനു ഛത്തീസ്ഗഡിൽനിന്ന് ആളുകളെ കൊണ്ടുപോകുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ബിജെപി ഉൾക്കൊള്ളിച്ചിട്ടുണ്ട്. രാമായണത്തിലെ ദണ്ഡകാരണ്യത്തിലൂടെയുള്ള തീർഥാടനപദ്ധതി കോൺഗ്രസും പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രാദേശിക ഉത്സവങ്ങൾക്ക് അവധി അനുവദിച്ചും മറ്റും ബിജെപിക്കു വെല്ലുവിളി ഉയർത്തുന്ന പ്രകടനമായിരുന്നു ബാഗേൽ സർക്കാരിന്റേത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമ്മേളനങ്ങളിലെല്ലാം ഹിന്ദുവോട്ടുകൾ കയ്യിലെടുക്കാനുള്ള ജയ് വിളികൾ മുഴങ്ങുന്നുമുണ്ട്. 

ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ് വോട്ടുകളെല്ലാം ചേർത്ത് 9% എന്നാണു കണക്കെങ്കിലും ബസ്തറിലെ മൂന്നു മണ്ഡ‍ലങ്ങളിലെങ്കിലും നാരായൺപുർ ക്രിസ്ത്യൻ പള്ളി ആക്രമണത്തെത്തുടർന്നു സർക്കാരിനെതിരായ വികാരം കോൺഗ്രസിനു തലവേദനയാണ്. 

കണക്കിലെ കളികൾ 

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 43 ശതമാനം വോട്ടും ബിജെപി 33 ശതമാനം വോട്ടുമാണ് നേടിയത്. എന്നാൽ, 2019ൽ നടന്ന  ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കണക്കുകൾ നേരെ തിരിച്ചായി. ബിജെപി 50.70% വോട്ടു നേടിയപ്പോൾ കോൺഗ്രസിനു ലഭിച്ചത് 40.91% വോട്ട്.  സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന 3 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി  ജയിച്ചെങ്കിലും അപ്പോഴൊന്നും വോട്ട് ശതമാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെപ്പോലെ വലിയ അന്തരമുണ്ടായിരുന്നില്ല. 2013ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 41 ശതമാനം വോട്ടു നേടിയപ്പോൾ കോൺഗ്രസ് നേടിയത് 40.3%. 2008ൽ ആകട്ടെ ബിജെപിക്ക് 40.35 ശതമാനം; കോൺഗ്രസിന് 38.62%. സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യം തിരഞ്ഞെടുപ്പു നടന്ന 2003ൽ ബിജെപി നേടിയത് 39.26%, കോൺഗ്രസിനു കിട്ടിയത് 36.71%. 

ചെറുപാർട്ടികളുടെ പങ്ക്

ചെറുപാർട്ടികൾ പിടിക്കുന്ന വോട്ട് നിർണായകമാണ്. ജനത കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ), ബിഎസ്പി, എഎപി, ഗോണ്ട്വാന ഗണതന്ത്ര് പാർട്ടി (ജിജിപി), ഹമർ രാജ് പാർട്ടി, ജോഹാർ ഛത്തീസ്ഗഡ് പാർട്ടി എന്നിവയാണു ചെറുപാർട്ടികളിലെ വലിയവർ.  മിക്ക പാർട്ടികളും തലവേദനയുണ്ടാക്കുന്നതു കോൺഗ്രസിനു തന്നെയാണ്. 

കഴിഞ്ഞ തവണ ബിഎസ്പിയുമായി ചേർന്നു മത്സരിച്ച ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) ഇക്കുറി ഒറ്റയ്ക്കാണ്. പാർട്ടി നേതാവ് അമിത് ജോഗി മുഖ്യമന്ത്രി ബാഗേലിനെതിരെ മത്സരിക്കുന്നുമുണ്ട്. കോൺഗ്രസ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയാണ് പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസ്  വിട്ട, ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന അരവിന്ദ് നേതാം രൂപീകരിച്ച ഹമർരാജ് പാർട്ടിയും പ്രധാനമായും പിടിക്കുക കോൺഗ്രസ് വോട്ടുകൾതന്നെ. ബസ്തർ മേഖലയിൽ നിലവിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു നിൽക്കുന്ന കോൺഗ്രസിന് ഇക്കുറി ഈ മേഖല ഇത്തിരി കടുപ്പമാണ്. 

സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നിവരും ഏതാനും സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. മൂന്നോ നാലോ സീറ്റുകളിലെങ്കിലും ഇവരുടെ വോട്ടുപിടിത്തം ഫലത്തെ സ്വാധീനിക്കുമെന്നു കോൺഗ്രസിന് ആശങ്കയുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് /വോട്ട് നില
കോൺഗ്രസ് – 68 (43%)
ബിജെപി– 15 (33%)
ജനതാ കോൺഗ്രസ്
ഛത്തീസ്ഗഡ് (ജെ)– 5 (7.6%)
ബിഎസ്പി– 2 (3.9%)

(ഉപതിരഞ്ഞെടുപ്പുകളിൽ 3 സീറ്റുകൾകൂടി നേടി കോൺഗ്രസ് സീറ്റ് നില 71 ആയി ഉയർത്തി. ബിജെപിയുടെ ഒന്നും ജെസിസി (ജെ)യുടെ രണ്ടും സീറ്റുകളാണ് കോൺഗ്രസ് നേടിയത്)

English Summary:

Chhattisgarh first phase voting tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com