ADVERTISEMENT

കണ്ടതിലപ്പുറമാണു കണ്ടല സർവീസ് സഹകരണ ബാങ്കിലെ വെട്ടിപ്പെന്ന് ആദ്യം കണ്ടെത്തിയത് സഹകരണ വകുപ്പിന്റെ പരിശോധനയിലാണ്. 2005–06 മുതൽ 2021 ഡിസംബർ 31 വരെയുള്ള രേഖകളും കണക്കുകളും പരിശോധിച്ചപ്പോൾ 101 കോടിയിലേറെ രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 1986 മുതൽ ചെറിയ ഇടവേളയിലൊഴികെ ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് എൻ.ഭാസുരാംഗനാണു തട്ടിപ്പുകൾക്കു നേതൃത്വം നൽകിയതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനധികൃത നിയമനം, അനധികൃത നിക്ഷേപ പദ്ധതികളും ഉയർന്ന അനധികൃത പലിശയും, നിയമവിരുദ്ധമായ വായ്പവിതരണം, അനധികൃത നിർമാണം, വാഹനം വാങ്ങൽ... പണം വെട്ടിക്കാൻ വഴികൾ പലതായിരുന്നു.

ഭാസുരാംഗൻ പ്രസിഡന്റായ മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു വർഷങ്ങളായി അനധികൃതമായി ബാങ്ക് ക്രെഡിറ്റ് ആൻഡ് കാഷ് വ്യവസ്ഥയിൽ കോടികൾ നൽകി. ഇതിൽ 2.04 കോടി രൂപ 2021 വരെ തിരികെ ലഭിക്കാനുണ്ട്. വ്യവസ്ഥകൾ ലംഘിച്ച് ക്ഷീര സഹകരണ സംഘത്തിൽ ബാങ്ക് 5 ലക്ഷം രൂപയുടെ ഓഹരിനിക്ഷേപവും നടത്തി. ഭാസുരാംഗനും ബന്ധുക്കളും ബാങ്ക് ജീവനക്കാരും അനധികൃതമായി 3 കോടിയിലേറെ രൂപ വായ്പയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.

നിയമനം തോന്നുംപടി

2005–06 മുതൽ ബാങ്കിലും ഉപസ്ഥാപനമായ സഹകരണ ആശുപത്രിയിലും അനധികൃത നിയമനം നടത്തിയതിലൂടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയ്ക്കായി നിക്ഷേപത്തിൽനിന്നു ചെലവഴിച്ചത് 22.22 കോടി രൂപ. 6 പാർട് ടൈം സ്വീപ്പർ, 2 പ്യൂൺ, ഒരു അപ്രൈസർ, 2 ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ ഒട്ടേറെ നിയമനങ്ങൾ ബാങ്കിൽ നടത്തി. ഇവയിൽ പലതും ഇല്ലാത്ത തസ്തികകളിലും മാനദണ്ഡങ്ങൾ പാലിക്കാതെയുമായിരുന്നു. 4 പേർക്കു ക്രമരഹിതമായി ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റം നൽകി.

സഹകരണ വകുപ്പു നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് ചട്ടങ്ങൾ ലംഘിച്ച് ഉദ്യോഗക്കയറ്റവും വാർഷിക ഇൻക്രിമെന്റും അനുവദിച്ചു. 16 കലക്‌ഷൻ ഏജന്റുമാരെ നിയമിക്കാൻ ജോയിന്റ് റജിസ്ട്രാർ അനുമതി നൽകിയെങ്കിലും 2006 മുതൽ 40 കലക്‌ഷൻ ഏജന്റുമാർ ബാങ്കിൽ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. ഇവരിൽ പലർക്കും പിന്നീട് പ്യൂൺ, സെയിൽസ്മാൻ, അറ്റൻഡർ, നൈറ്റ് വാച്ച്മാൻ എന്നീ ഉപവിഭാഗങ്ങളിലായി നിയമനം നൽകി.

സഹകരണ ആശുപത്രിയിൽ ബാങ്ക് ഭരണസമിതി നടത്തിയ 77 നിയമനങ്ങൾ വ്യവസ്ഥകൾ ലംഘിച്ചായിരുന്നു. മാസശമ്പളത്തിൽ 21 പേരെയും ദിവസവേതനത്തിൽ 32 പേരെയും അംഗീകാരമില്ലാത്ത തസ്തികകളിൽ നിയമിച്ചു. സ്ഥിരം ജീവനക്കാരായി 6 പേരെയും നടപടിക്രമങ്ങൾ പാലിക്കാതെ സ്ഥിരം ജീവനക്കാരായി 8 പേരെയും നിയമിച്ചു. ഇവർക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയത് വകുപ്പിന്റെ അംഗീകാരമില്ലാതെയാണ്.

നിക്ഷേപത്തിൽ കയ്യിട്ടുവാരി

നിത്യനിധി എന്ന പേരിലുൾപ്പെടെ ഒട്ടേറെ നിക്ഷേപ പദ്ധതികളിൽ മോഹിപ്പിക്കുന്ന പലിശ വാഗ്ദാനം ചെയ്ത് കണ്ടല ബാങ്ക് പണം സ്വീകരിച്ചെന്നും ബാങ്കിനു വരുമാനം ലഭിക്കാത്ത നിക്ഷേപ പദ്ധതികളിൽപോലും ലക്ഷക്കണക്കിനു രൂപ ഏജന്റുമാരുടെ കമ്മിഷനായി നൽകിയെന്നുമുള്ള കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. പ്രതിമാസ നിക്ഷേപ പദ്ധതിയിൽ (എംഡിഎസ്) 27 കോടിയിലേറെ രൂപ കുടിശികയുണ്ട്. മറ്റു നിക്ഷേപ പദ്ധതികളിൽനിന്ന് എംഡിഎസിലേക്കു തുക വകമാറ്റി. നിക്ഷേപങ്ങൾക്ക് 9.23 കോടി രൂപ അധിക പലിശ നൽകി. നിയമവിരുദ്ധമായ പല നിക്ഷേപ പദ്ധതികളും ബാങ്ക് നടത്തിയതായും കണ്ടെത്തി.

മാറാതെ ക്ലാസിഫിക്കേഷൻ

വായ്പ സംഘങ്ങളുടെ വിഭാഗത്തിലെ ക്ലാസ് ഒന്നിലാണ് കണ്ടല ബാങ്ക്. 2013 ജനുവരി 19ലെ സർക്കാർ ഉത്തരവിലൂടെ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡം പുതുക്കി ജൂലൈ 31ന് മുൻപ് പുനർക്ലാസിഫിക്കേഷൻ നടത്താൻ നിർദേശിച്ചെങ്കിലും ഇതുവരെ കണ്ടല ബാങ്കിൽ പുനർക്ലാസിഫിക്കേഷൻ നടന്നിട്ടില്ല. സാമ്പത്തികസ്ഥിതി അനുസരിച്ച് ക്ലാസ് 5ൽ ആണ് കണ്ടല ബാങ്ക് ഉൾപ്പെടേണ്ടത്. ഉയർന്ന ക്ലാസിഫിക്കേഷനിൽ തുടരുന്നതിനാൽ ജീവനക്കാർക്ക് അനർഹമായ ശമ്പളവും ആനുകൂല്യങ്ങളും ഭരണസമിതി അംഗങ്ങൾക്ക് അനർഹമായ ഓണറേറിയം, സിറ്റിങ് ഫീ എന്നിവയും നൽകിയിട്ടുണ്ട്.

വഴിവിട്ട് വായ്പ

സഹകരണ സംഘത്തിനു വായ്പ നൽകാവുന്ന പരിധി 10 ലക്ഷം രൂപയാണെന്നും അംഗങ്ങൾക്കു മാത്രമേ വായ്പ നൽകാൻ പാടുള്ളൂ എന്നുമാണു വ്യവസ്ഥ. എന്നാൽ, ചില വ്യക്തികൾക്കു പരിധിയില്ലാതെ വായ്പ നൽകി. വ്യത്യസ്ത വായ്പകളിലായി 2.22 കോടി രൂപ വരെ വാങ്ങിയവരുണ്ട്.

വസ്തു മൂല്യനിർണയം ഇല്ലാതെയും ഒരു വസ്തുതന്നെ ഒന്നിലേറെ വായ്പകൾക്കു ജാമ്യമായി സ്വീകരിച്ചും വലിയ തട്ടിപ്പാണ് കണ്ടലയിൽ അരങ്ങേറിയത്. കാലാവധി പൂർത്തിയാകാത്ത എംഡിഎസിൽനിന്നു പണം പിൻവലിക്കാനും വായ്പയ്ക്ക് ഈടുവച്ച വസ്തുതന്നെ ജാമ്യമായി സ്വീകരിച്ചിട്ടുണ്ട്.

3 സെന്റിൽ താഴെ വിസ്തൃതിയുള്ള വസ്തു സ്വീകരിച്ചു വായ്പ നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് 2.25 സെന്റ് ഭൂമി ജാമ്യമായി സ്വീകരിച്ച് 15 ലക്ഷം രൂപയും 1.85 സെന്റ് ഭൂമിയുടെ ജാമ്യത്തിൽ 12 ലക്ഷം രൂപയും വായ്പ നൽകിയിട്ടുണ്ട്.

2021 മാർച്ച് 31ന് 102.62 കോടി രൂപ വായ്പ ബാക്കിനിൽപുണ്ടായിരുന്നതിൽ 37.37 കോടിയും നിയമവിരുദ്ധമായാണു നൽകിയത്. ഈ അനധികൃത വായ്പകൾ കിഴിച്ചാൽ 65.25 കോടി രൂപ മാത്രമാണ് വായ്പ ബാക്കിനിൽപ്.

ക്രമരഹിതമായി നൽകിയതു കാരണം ഇത്തരം വായ്പകളിലെ കുടിശിക ഈടാക്കാൻ നിയമാനുസൃതം ആർബിട്രേഷൻ കേസ് പോലും ഫയൽ ചെയ്ത് അനുകൂലവിധി നേടാൻ ബാങ്കിനു കഴിയില്ല. വായ്പ തിരിച്ചുപിടിക്കാൻ നിയമനടപടികളിലേക്കു കടക്കാൻ ബാങ്കിനു താൽപര്യവുമില്ല.

കൈവിട്ട് ചെലവ്

2014ൽ 13.46 ലക്ഷം രൂപയ്ക്കു ബാങ്ക് വാങ്ങിയ വാഹനം 6 വർഷത്തിനു ശേഷം 5.8 ലക്ഷം രൂപയ്ക്കു വിറ്റു. തുടർന്ന് 22 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു പുതിയ വാഹനം വാങ്ങി. സഹകരണ ആശുപത്രിക്കായി 1.08 കോടി രൂപയുടെ ഉപകരണങ്ങൾ വകുപ്പിന്റെ അനുമതിയില്ലാതെ വാങ്ങി. ബാങ്കിൽ 29.53 ലക്ഷം രൂപ ചെലവിൽ ഫർണിച്ചറുകൾ ഉൾപ്പെടെ വാങ്ങിയതും 1.50 ലക്ഷം രൂപ ചെലവഴിച്ച് ഉപകരണങ്ങൾ വാങ്ങിയതും കംപ്യൂട്ടർവൽക്കരണം നടത്തിയതും രണ്ടു കോടിയിലേറെ രൂപ ചെലവിൽ ബാങ്കിനും ആശുപത്രിക്കും കെട്ടിടം നിർമിച്ചതുമെല്ലാം വകുപ്പിന്റെ അനുമതി വാങ്ങാതെയാണ്. ബാങ്കിന്റെ ശാഖ മാറ്റിസ്ഥാപിക്കാൻ അനധികൃതമായി തുക ചെലവഴിച്ചു.

വിജയശേഖരൻ നായർ
വിജയശേഖരൻ നായർ

സമ്പാദ്യം തിരികെക്കിട്ടിയില്ല; മകളുടെ വിവാഹം മാറ്റി

ഏകമകളുടെ വിദ്യാഭ്യാസവും വിവാഹവും മുന്നിൽക്കണ്ടാണ് പത്രം ഏജന്റ് ചൂരയ്ക്കാട് സ്വദേശി വിജയശേഖരൻ നായർ സമ്പാദ്യം കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. നിക്ഷേപ കാലാവധി പൂർത്തിയായി 2 വർഷം കഴിഞ്ഞിട്ടും മുഴുവൻ തുക ലഭിച്ചിട്ടില്ല. മകളുടെ വിവാഹം ഈ വർഷം മേയിൽ നടക്കേണ്ടതായിരുന്നു. ബാങ്ക് അധികൃതരുടെ പിന്നാലെ നടന്നപ്പോൾ പലപ്പോഴായി കിട്ടിയത് നിക്ഷേപിച്ച 18.5 ലക്ഷം രൂപയിൽ മൂന്നര ലക്ഷം മാത്രം. പണമില്ലാത്തതു കാരണം വിവാഹം മാറ്റിവച്ചു. മാനസികമായും ശാരീരികമായും വിജയശേഖരൻ തളർന്നു. ശസ്ത്രക്രിയയ്ക്കു പോലും പണം ലഭിച്ചില്ല.

സൈനികന്റെ മരണാനന്തര ആനുകൂല്യവും മുക്കി
∙ ആവശ്യങ്ങൾക്കു മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിൽ പിതാവ് ശശികുമാർ 

വാർധക്യത്തിൽ മരുന്നിനും ചികിത്സയ്ക്കുമൊക്കെ ഉപയോഗപ്പെടേണ്ട 19 ലക്ഷം രൂപയാണ് ബാലരാമപുരം തേമ്പാമുട്ടം വൈഷ്ണവത്തിൽ ശശികുമാർ 10 കൊല്ലം മുൻപ് കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഇന്ന് ആവശ്യങ്ങൾക്കു മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്.

ശശികുമാർ
ശശികുമാർ

വ്യോമസേനയിൽ ജോലി ചെയ്യവേ മരിച്ച മകന്റെ ഇൻഷുറൻസ് ആനുകൂല്യമായി ലഭിച്ച തുകയാണു ബാങ്കിലിട്ടത്. ഓരോ തവണയും നിക്ഷേപം പിൻവലിക്കാനെത്തുമ്പോൾ കുറച്ചു പണം നൽകി നിക്ഷേപം പുതുക്കാൻ ബാങ്ക് അധികൃതർ നിർബന്ധിച്ചു.

നിലവിൽ മരുന്നിനും ചികിത്സയ്ക്കു മാത്രം മാസം ഇരുപതിനായിരത്തിലേറെ രൂപ വേണം. ഭാര്യയുടെ ചികിത്സയ്ക്കും തുക കണ്ടെത്തണം.

ഒരു പശുവിനെപ്പോലും കണ്ടില്ല; 30 വർഷം ‘ക്ഷീര’ പ്രസിഡന്റ്

കർഷക കുടുംബത്തിൽ ജനിച്ച എൻ.ഭാസുരാംഗൻ ആദ്യം തിരുവനന്തപുരം കിള്ളിപ്പാലത്തെ കഫേയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മാവനും മാറനല്ലൂർ ക്ഷീര സഹകരണസംഘം(ക്ഷീര) പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കൃഷ്ണപ്പണിക്കർ ഒപ്പംകൂട്ടി രാഷ്ട്രീയത്തിലെത്തിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചു.  

അമ്മാവന്റെ പിന്തുണയോടെ ‘ക്ഷീര’യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലുമെത്തി. കുറച്ചുദിവസത്തിനുശേഷം അമ്മാവനെ മാറ്റി, ഭാസുരാംഗൻ ‘ക്ഷീര’ പ്രസിഡ‍ന്റായി. പിന്നാലെ കണ്ടല സർവീസ് സഹകരണ ബാങ്കിലെത്തിയ ഭാസുരാംഗൻ 30 വർഷത്തിലേറെ പ്രസിഡന്റായി തുടർന്നു. ബാങ്കിൽ 4 പേരെ അനധികൃതമായി നിയമിച്ചതിന് അന്വേഷണം നേരിട്ടെങ്കിലും ഉന്നതസ്വാധീനം മൂലം നടപടിയുണ്ടായില്ല. അന്ന് സഹകരണവകുപ്പു കൈകാര്യം ചെയ്തിരുന്നത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഭാസുരാംഗൻ
ഭാസുരാംഗൻ

പിന്നീട് കോൺഗ്രസ് വിട്ട് കെ.കരുണാകരന്റെ ഡിഐസിയിലെത്തി. ജില്ലാ സഹകരണ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. കോൺഗ്രസിൽ തിരിച്ചെത്താമെന്നും ബാങ്ക് ജില്ലാ പ്രസിഡന്റാക്കണമെന്നും ഭാസുരാംഗൻ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് സമ്മതിച്ചില്ല. ഇതിനിടെ സിപിഎമ്മിൽ ചേക്കേറാനും നീക്കമുണ്ടായി. വെങ്ങാനൂരിലെ സിപിഎം നേതാവിന്റെ എതിർപ്പു മൂലം സിപിഐയിൽ അഭയം തേടി. 

ഭാസുരാംഗന്റെ പേരിൽ ആരോപിക്കപ്പെട്ട അനധികൃത നിയമനങ്ങൾ ബാങ്കിന്റെ ആസ്തിശോഷണത്തിനു വഴിവച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.

30 വർഷത്തിലേറെ ക്ഷീരയുടെ പ്രസിഡന്റായിട്ടും ഒരു പശുവിനെപ്പോലും ഭാസുരാംഗൻ വളർത്തിയിട്ടില്ലെന്നാണ് ആരോപണം. വർഷം 200 ലീറ്റർ പാൽ എങ്കിലും അളക്കുന്നവരെ മാത്രമേ സഹകരണ സംഘങ്ങളിൽ അംഗങ്ങളാക്കാൻ പാടുള്ളൂ എന്നാണു സഹകരണ നിയമം.

English Summary:

Kandala cooperative bank fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com