ADVERTISEMENT

വീണ്ടുമെ‍ാരു തീർഥാടനകാലം ശരണമന്ത്രം മുഴക്കി എത്തുകയാണ്. ഭക്തലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന ശബരിമല തീർഥാടനം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. 16നു വൈകിട്ട് നട തുറന്നാൽ ഭക്തജനപ്രവാഹം തുടങ്ങുകയായി. അതുകെ‍ാണ്ടുതന്നെ ആ വലിയ ചോദ്യം പ്രസക്തമാവുന്നു: തീർഥാടകരെ സ്വീകരിക്കാൻ ശബരിമല എത്രത്തോളം സജ്ജമാണ് ? 

സന്നിധാനം, പമ്പ, നിലയ്ക്കൽ, ശരണവഴികൾ, ഇടത്താവളങ്ങൾ എന്നിവിടങ്ങൾ ഇപ്പോഴും പൂർണസജ്‌ജമായിട്ടില്ല എന്നതാണു വാസ്തവം. ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ട സമയപരിധി ഇതിനകം രണ്ടു തവണ മാറ്റിക്കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും 15നു തീർക്കണമെന്നാണു പുതിയ നിർദേശം. സുഖസൗകര്യങ്ങളെ‍ാന്നും ഭക്തർ പ്രതീക്ഷിക്കുന്നില്ല. മണിക്കൂറുകൾ നീളുന്ന കാത്തുനിൽപില്ലാതെ പതിനെട്ടാംപടി കയറി ദർശനം നടത്തണം; ആവശ്യത്തിന് അപ്പം, അരവണ പ്രസാദങ്ങൾ ലഭിക്കണം; മെച്ചപ്പെട്ട യാത്രാസൗകര്യവും വേണം–  ഇത്രയുമായാൽ തീർഥാടകർ തൃപ്തരായി. 

കോവിഡ് നിയന്ത്രണങ്ങൾ മാറിയ കഴിഞ്ഞവർഷം ഒരു ലക്ഷത്തിലേറെ തീർഥാടകർ എത്തിയ ദിവസങ്ങളിൽ പതിനെട്ടാംപടി കയറാൻ 8 മണിക്കൂർ വരെയാണു കാത്തുനിൽക്കേണ്ടിവന്നത്. പതിനെട്ടാംപടി കയറുന്നതിന്റെ വേഗം കുറഞ്ഞാൽ ക്യു കിലോമീറ്ററുകൾ നീളും. കഷ്ടതകളേറെ സഹിച്ചെത്തുന്ന തീർഥാടകരുടെ ഏക ആഗ്രഹം മനസ്സു നിറയ്ക്കുംവിധം അയ്യപ്പ ദർശനം ലഭിക്കുക എന്നതാണ്. ഒരു നിമിഷമെങ്കിലും അയ്യപ്പനെ കണ്ടുതൊഴാനുള്ള അവസരം എല്ലാ ഭക്തർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഭക്തരുടെ ഇഷ്ട വഴിപാടു പ്രസാദമായ അരവണ ആവശ്യത്തിനു കിട്ടാനുള്ള സംവിധാനം ഒരുക്കണം. അരവണ തയാറാക്കാനുള്ള ശർക്കര ഇതുവരെ എത്തിച്ചുതുടങ്ങിയില്ല. 40 ലക്ഷം കിലോഗ്രാം ശർക്കരയ്ക്കാണ് ഇത്തവണ കരാർ ഉറപ്പിച്ചത്. അതിൽ 20 ലക്ഷം കിലോ ശർക്കര ഉടൻ നൽകണമെന്നാണു വ്യവസ്ഥ. കഴി‍ഞ്ഞ വർഷത്തെ കരാറുകാരൻ എത്തിച്ച 2.94 ലക്ഷം കിലോ ശർക്കര ഉപയോഗിച്ചാണ് ഇപ്പോൾ അരവണ തയാറാക്കുന്നത്. തീർഥാടനത്തിനു നട തുറക്കും മുൻപ് 5 ലക്ഷം കിലോ ശർക്കരയുടെയെങ്കിലും കരുതൽശേഖരം സന്നിധാനത്തുണ്ടാകണം. 

തീർഥാടകർക്കു സഹായമാകുന്ന വിധത്തിൽ വനം വകുപ്പ് മൊബൈൽ ആപ് തയാറാക്കിയത് അഭിനന്ദനാർഹമാണ്. പമ്പ, സന്നിധാനം, നീലിമലപ്പാത, സ്വാമി അയ്യപ്പൻ റോഡ്, എരുമേലിയിൽനിന്നു കരിമല വഴിയുള്ള കാനനപാത, പുല്ലുമേട് വഴിയുള്ള കാനനപാത എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ്, ഓരോ താവളത്തിൽനിന്നും സന്നിധാനത്തേക്കുള്ള ദൂരം തുടങ്ങിയവ ഇതിലൂടെ അറിയാൻ സാധിക്കും. ശബരിമല പാതയിലെ അപകട സ്ഥലങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാരെ പരിചയപ്പെടുത്തുന്നതിനായി മോട്ടർ വാഹന വകുപ്പ് ലഘു വിഡിയോ ചിത്രം തയാറാക്കിയതും ഗുണം ചെയ്യും. ശബരിപാതകളിൽ മോട്ടർ വാഹന വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുന്നതും ആശ്വാസം നൽകുന്നു.

കോവിഡിനുശേഷം മലകയറ്റത്തിനിടെ ഹൃദ്രോഗ മരണം കൂടിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഹൃദ്രോഗത്തിനു പ്രഥമശുശ്രൂഷാ സൗകര്യം ഉറപ്പാക്കണം. ജീവനക്കാർക്കെല്ലാം ജീവൻരക്ഷാപരിശീലനവും നൽകണം. തീർഥാടനവുമായി ബന്ധപ്പെട്ടു ശബരിമലയിൽ മാത്രമല്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയോഗിച്ചതായുള്ള പ്രഖ്യാപനം ആശ്വാസം നൽകുന്നു. എരുമേലിയിൽനിന്നു കാൽനടയായി എത്തുന്ന തീർഥാടകർക്ക് അടിയന്തര ചികിത്സാസൗകര്യം ലഭ്യമാക്കാൻ സംവിധാനം വേണം. പരമ്പരാഗത കാനനപാതയിൽ കാളകെട്ടി, കരിമല എന്നിവിടങ്ങളിലും മെഡിക്കൽ ടീമിന്റെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. 

കെഎസ്ആർടിസിയുടെ കുറ്റമറ്റ സേവനമാണ് ഇത്തവണയുമുണ്ടാവേണ്ടത്. ഭക്ഷണ സാധനങ്ങൾക്ക് അമിതനിരക്ക് ഈടാക്കുന്നുവെന്ന പരാതി ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സജീവ ഇടപെടലും ആവശ്യമാണ്. ഇടത്താവളങ്ങളും സുസജ്ജമാകേണ്ടതുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനകാലം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും ദേവസ്വം ബോർഡും ഉണർന്നുപ്രവർത്തിക്കാൻ വിരലിലെണ്ണാൻ പോലുമുള്ള ദിനങ്ങൾ ബാക്കിയില്ലെന്നോർക്കാം.

English Summary:

Editorial about safe Sabarimala pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com