ADVERTISEMENT

∙ ഡോ. ബി.ഇക്ബാൽ: വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത, ലഹരിമരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ഹിംസാത്മകത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ സാമൂഹിക തിന്മകൾക്കു കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാനകാരണമാണ്. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാൻ  കാട്ടുന്ന താൽപര്യം വ്യക്തികളും സമൂഹവും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചുകാണുന്നില്ല.  

∙ ഡോ. എസ്.കെ.വസന്തൻ: ന​മ്മു​ടെ കു​ട്ടി​ക​ൾ പു​സ്ത​കം വാ​യി​ക്കു​ന്നി​ല്ല. സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ മ​ര​ണാ​വ​സ്ഥ​യി​ലാ​ണ്. 10 വ​യ​സ്സ്​ മു​ത​ലെ​ങ്കി​ലും കു​ട്ടി​ക​ളെ വാ​യ​ന​ലോ​ക​ത്തേ​ക്കു കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. പ്രാ​യ​മാ​യ​ശേ​ഷം പു​സ്ത​കവാ​യ​ന പ​ഠി​ക്കാ​ൻ ക​ഴി​യി​ല്ല. തൃ​ശൂ​രി​ൽ കാ​ഴ്ച​ബം​ഗ്ലാ​വ് കാ​ണി​ക്കാ​ൻ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന അ​ധ്യാ​പ​ക​ർ ഒ​രി​ക്ക​ൽ​പോ​ലും അ​വ​രു​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ വ​രാ​റി​ല്ല.

∙ സച്ചിദാനന്ദൻ: ‘സഹിഷ്ണു ത’ എന്ന വാക്ക് ഗാന്ധിജിക്ക് ഇഷ്ടമല്ലായിരുന്നു. അതിൽ തങ്ങൾ മീതെയാണ് എന്ന ഒരു ഭാവമുണ്ട്. മറ്റുള്ളവരെ തങ്ങൾ ‘സഹിക്കുക’യാണ് എന്ന തരത്തിലുള്ള ഒരു ‘ഇറങ്ങിവരവും’. ഒരു മതവും ആത്യന്തികസത്യം കണ്ടെത്തിക്കഴിഞ്ഞെന്നും ഗാന്ധിജി കരുതിയില്ല.

∙ സുനിൽ പി.ഇളയിടം: ഇന്ത്യ കേവലം ഒരു ഭൂപ്രദേശത്തിന്റെ പേരല്ല; അതൊരു സാമൂഹിക ജീവിതാദർശം കൂടിയാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിർമാണചരിത്രത്തിലെ കേന്ദ്രബിംബം എന്ന നിലയിലാണ് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി വിലയിരുത്തിപ്പോരുന്നതും.

∙ താഹ മാടായി: ഉറക്കത്തിൽ എവിടെ നിന്നെങ്കിലും ദേശീയഗാനം കേട്ടാൽപോലും ഞെട്ടിയുണർന്ന് അറ്റൻഷനായി നിൽക്കുന്ന ഇന്ത്യൻ ജനതയുടെ ശിരോലിഖിതത്തിൽ പതിഞ്ഞ പേരാണ് ടഗോർ. വെളുത്ത താടിയുള്ളവരെല്ലാം ടഗോർ ആവണമെന്നില്ല. അങ്ങനെ ആവാൻ ഒക്കുകയുമില്ല.

∙ എം.മുകുന്ദൻ: ഒരിക്കൽ ഞാൻ എന്നോടു പറഞ്ഞു: മറവിരോഗം നല്ലതാണ്. മറവിരോഗം വന്നാൽ, ഹിറ്റ്ലർ കൊന്നൊടുക്കിയ ദശലക്ഷം ജൂതന്മാരെ എനിക്കു മറക്കാൻ കഴിയും. സഞ്ജയ് ഗാന്ധി ബുൾഡോസർ കയറ്റിക്കൊന്ന തുർക്കുമാൻ ഗേറ്റിലെ പാവങ്ങളിൽ പാവങ്ങളായ മുസ്‌ലിംകളെ എനിക്കു മറക്കാൻ കഴിയും. ഇന്ദിരാഗാന്ധി വധത്തെത്തുടർന്ന് കൂട്ടക്കൊല ചെയ്യപ്പെട്ട സിഖുകാരെ എനിക്കു മറക്കാൻ കഴിയും. ഗുജറാത്തിൽ മതഭ്രാന്തന്മാർ വയറ്റിൽ ശൂലം കുത്തിക്കയറ്റിയ സ്ത്രീകളെയും വാളിനിരയാക്കിയ വയോധികരെയും എനിക്കു മറക്കാൻ കഴിയും. ഓർമകൾപോലെ മറവിയും നമുക്ക് ആവശ്യമാണ്.

 ∙ റഫീക്ക് അഹമ്മദ്: രാജ്യാന്തരതലത്തിൽ ഒരു രാജ്യം ഏറ്റവും കേമത്തമുള്ളതായിരിക്കുന്നത് അതിന്റെ സൈനിക ശേഷിയുടെ ബലത്തിലാണ്. കാട്ടിൽ ജീവിച്ചിരുന്ന കാലത്തും മനുഷ്യർക്കിടയിൽ അങ്ങനെയായിരുന്നു. കാട്ടിൽനിന്നു കയറുകയും കോട്ടിടുകയും ചെയ്തു എന്നതിൽപരം എന്തു വ്യത്യാസമാണ് മനോഭാവത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന ചോദ്യം ഒരു ഫലിതമായി കാണേണ്ടതില്ല.

∙ ഡോ. സെബാസ്റ്റ്യൻ പോൾ: പറഞ്ഞുപരത്തുന്നതിനെക്കാൾ മെച്ചമായ പ്രചാരവേലയില്ല. സിനിമാഭാഷയിൽ അതിനു മൗത്ത് പബ്ലിസിറ്റിയെന്നു പറയും. പറഞ്ഞുകേട്ടും വായിച്ചറിഞ്ഞുമല്ലാതെ ഓൺലൈൻ വ്ലോഗർമാരുടെ ചപലതകൾക്കു വശംവദനായി ഞാനിതുവരെ തിയറ്ററിലേക്കു പോകുകയോ പോകാതിരിക്കുകയോ ചെയ്തിട്ടില്ല. ഞാനറിയുന്ന പലരുടെയും അവസ്ഥ ഇതാണ്. കണ്ടവർ പറയുന്നതിനു വലിയ മൂല്യമുണ്ട്.

∙ മുഹമ്മദ് നിസാർ: സിനിമയെപ്പറ്റി ഉപ്പ (മാമുക്കോയ) വീട്ടിൽ അധികം സംസാരിക്കുന്ന ഒരാളേയല്ലായിരുന്നു. പ്രേക്ഷകർ കണ്ടു ചിരിച്ചു മറിഞ്ഞ ഉപ്പ അഭിനയിച്ച വേഷങ്ങൾ പോലും ടെലിവിഷനിൽ വരുമ്പോൾ ഒരുതരം നിസ്സംഗഭാവത്തോടെയാണ് കണ്ടിരുന്നത്. സത്യത്തിൽ ഉപ്പായ്ക്കു സിനിമയിലെ അഭിനയം ഒരു കൂലിപ്പണി പോലെയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ജോലി. അതിനപ്പുറം വലിയൊരു പരിവേഷം സിനിമാജീവിതത്തിനു കൊടുത്തിരുന്നില്ല.

∙ സൂര്യ കൃഷ്ണമൂർത്തി: സിനിമാക്കാർക്ക് എന്തിനാണിത്ര പ്രാധാന്യം നൽകുന്നതെന്നു മനസ്സിലാകുന്നില്ല. സൂര്യ ഫെസ്റ്റിവലിനു സിനിമാക്കാരെ വിളിക്കാറില്ലേ എന്നു ചോദിക്കാം. വിളിക്കാറുണ്ട്, എന്നാൽ എല്ലാ മേഖലകളിലുമുള്ളവർക്കും പ്രതിഫലമുൾപ്പെടെ തുല്യപരിഗണനയാണു നൽകുന്നത്.

∙ നരിപ്പറ്റ രാജു: കഥകളിയിലെ സൗന്ദര്യാംശങ്ങളെ സ്വാംശീകരിച്ച് അതൊന്നുമല്ലാത്ത രൂപഘടനയുണ്ടാക്കുകയാണ് എന്റെ വഴി. എന്റെ നാടകങ്ങൾ കണ്ടവർക്ക് അതറിയാം. അതേസമയം, കഥകളിയുടെയോ തെയ്യത്തിന്റെയോ കണ്ടംബെച്ച കോട്ട് ഉണ്ടാക്കി പണം നിറയ്ക്കുന്ന പ്രക്രിയ ഞാൻ ചെയ്യില്ല.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com