അനാസ്ഥയുടെ സങ്കടപ്രതീകം

Mail This Article
ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്നു സർക്കാർ മുടക്കമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും കുന്നുകൂടുകയാണ് അപേക്ഷകൾ. സർക്കാർവിലാസം അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും പ്രതീകമാവുന്നു, തീർപ്പാകാതെ കിടക്കുന്ന ഓരോ അപേക്ഷയും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ സംസ്ഥാനത്തെ കൃഷി ഓഫിസുകളിൽ കെട്ടിക്കിടക്കുന്നുവെന്ന വാർത്തയാണ് ഏറ്റവുമൊടുവിലായി ചോദ്യചിഹ്നമുയർത്തുന്നത്.
റവന്യു വകുപ്പിൽനിന്നു തുടർപരിശോധനയ്ക്കായി കൃഷി ഓഫിസർമാർക്കു കൈമാറിയ അരലക്ഷത്തിലേറെ അപേക്ഷകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. സെപ്റ്റംബർ ആദ്യംവരെ ഓൺലൈനായി ലഭിച്ചവയാണ് ഇതെല്ലാം. ഇതുവരെയുള്ള കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ എണ്ണം ഇതിലും കൂടും. റവന്യു വകുപ്പിന്റെ പോർട്ടൽ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. റവന്യു രേഖകളിൽ ‘നിലം’ എന്നു രേഖപ്പെടുത്തിയ ഭൂമി, ‘പുരയിടം’ എന്നു മാറ്റുന്നതു സംബന്ധിച്ചാണ് ഭൂരിഭാഗം അപേക്ഷകളും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി പരിവർത്തന അപേക്ഷകളുള്ള എറണാകുളം ജില്ലയിൽതന്നെയാണ് കൃഷി ഓഫിസുകളിൽ കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതും; ഒടുവിൽ ലഭ്യമായ കണക്കുപ്രകാരം 18,492 അപേക്ഷകൾ.
അപേക്ഷകരിൽ ഭൂരിഭാഗവും കർഷകരാണെന്നുകൂടി ഇതോടു ചേർത്തുവയ്ക്കേണ്ടതുണ്ട്. കൃഷി വകുപ്പിന്റെ പരിശോധന പൂർത്തിയാകാത്തതാണ് പ്രശ്നമെന്നു റവന്യു വകുപ്പ് പറയുന്നു. എന്നാൽ, കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകിയിട്ടും റവന്യു വകുപ്പ് തുടർനടപടി എടുക്കാറില്ലെന്നാണു കൃഷി വകുപ്പിന്റെ ആരോപണം. ഇരുകൂട്ടരും പരസ്പരം പഴിചാരി അപേക്ഷകരെ പെരുവഴിയിലാക്കുന്ന സാഹചര്യം, രണ്ടു വകുപ്പുകളും ഭരിക്കുന്ന പാർട്ടിയായ സിപിഐ അതീവ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്.
ഭൂരേഖ സംബന്ധിച്ചുള്ള ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ റവന്യു ഓഫിസുകളിൽ പതിവായി കയറിയിറങ്ങുന്നത് ആയിരങ്ങളാണ്. ഇവരിൽ പലർക്കും പറയാനുള്ളതാവട്ടെ, ചുവപ്പുനാടയുടെയും നിരാശയുടെയും സമയനഷ്ടത്തിന്റെയും സങ്കടകഥകളും. ആർഡി ഓഫിസുകളിൽ ജോലിഭാരം കൂടുതലാണെന്ന സാഹചര്യം പരിഹരിക്കാൻ ലക്ഷ്യമിട്ടു പുതിയ തസ്തികകൾ സൃഷ്ടിക്കുകയാണു സർക്കാർ. താലൂക്ക്, വില്ലേജ് ഓഫിസുകളിലെ തുടർനടപടികളും വേഗത്തിലാക്കണം. ഭൂമി തരംമാറ്റം പോലുള്ള അടിയന്തരാവശ്യങ്ങളിൽ എത്രയുംവേഗം തീർപ്പുകൽപിക്കാൻ കൃഷിവകുപ്പിനെയും സുസജ്ജമാക്കണം.
സർക്കാർ ഓഫിസുകളിലെ ഫയൽക്കൂമ്പാരങ്ങളും ചുവപ്പുനാടക്കുരുക്കുകളും കേരളം കണ്ടുതുടങ്ങിയിട്ടു കാലമേറെയായി. ഇതിനകം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകളിലായി പല മന്ത്രിമാരും ഫയൽനീക്കത്തിനു വേഗം കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അതിൽ വലിയ കാര്യമുണ്ടായില്ലെന്നതാണു വാസ്തവം. ജനജീവിതവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു പരാതികൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ, നാടുനേടുന്ന വികസനത്തിനും സൽപേരിനും പിന്നെയെന്തർഥം? സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് അത്യധികം മാനുഷികത ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽവേണം സർക്കാർ ഉദ്യോഗസ്ഥർ കാണേണ്ടത്. ഫയലുകൾ തീർപ്പാക്കാതെ സൂക്ഷിക്കുന്നതും തുടർനടപടികൾ വൈകിക്കുന്നതും ചിലയിടത്തെങ്കിലും അഴിമതിക്കുള്ള അരങ്ങൊരുക്കലാണെന്ന യാഥാർഥ്യവുമുണ്ട്. അർഹതപ്പെട്ട സേവനം ലഭിക്കാൻ പലപ്പോഴും കൈക്കൂലി കൊടുക്കേണ്ടിവരുന്നു.
നാടിന്റെ ഹൃദയസ്പന്ദനം തൊട്ടറിയാൻ ഭരണനേതൃത്വത്തിനു സാധിക്കുമ്പോൾ മാത്രമേ ജനകീയത എന്ന വാക്കിനു പ്രകാശമുണ്ടാകൂ. സെക്രട്ടേറിയറ്റ് മുതൽ അലയടിക്കേണ്ട ഒരു ഉണർത്തുപാട്ട് കേരളത്തിന്റെ അടിയന്തരാവശ്യമായിരിക്കുന്നു. മന്ത്രിയായാലും ഉദ്യോഗസ്‌ഥരായാലും ഭരണനിർവഹണത്തിൽ വരുത്തിവയ്‌ക്കുന്ന കാലതാമസം ഈ കാലത്തിന്റെതന്നെ ദുരന്തമാണെന്നതിൽ സംശയമില്ല. നവകേരളം പുതിയ കാലത്തെയും ലോകത്തെയും അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതങ്ങൾ ഇനിയെങ്കിലും ഫയൽക്കൂമ്പാരങ്ങളിൽ ശ്വാസംമുട്ടി പിടഞ്ഞുകൂടാ.
കെട്ടിക്കിടക്കുന്ന ഭൂമിതരംമാറ്റ അപേക്ഷകളെ ഇപ്പോഴത്തെ ദുരവസ്ഥയുടെ പ്രതീകമായിക്കണ്ട്, മനോഭാവമാറ്റത്തിന് എല്ലാ സർക്കാർ വകുപ്പുകളും തയാറാകേണ്ടതുണ്ട്. ഭൂമിതരംമാറ്റ അപേക്ഷകൾ എത്രയുംവേഗം തീർപ്പാക്കാൻ റവന്യു, കൃഷി മന്ത്രിമാരുടെ നേതൃത്വത്തിൽ ഏകോപിത പ്രവർത്തനം ഉണ്ടാവുകയുംവേണം.