ADVERTISEMENT

കഴിഞ്ഞ ഏഴിന് വയനാട് പേരിയ ചപ്പാരത്ത് രണ്ടു മാവോയിസ്റ്റുകൾ പിടിയിലായതിന് പിന്നാലെ കണ്ണൂർ ഉരുപ്പുംകുറ്റി ഞെട്ടിത്തോട വനമേഖലയിൽ മാവോയിസ്റ്റുകൾക്കു നേരെ  പൊലീസ് വെടിവയ്പുണ്ടായി. കേരളത്തിലെ മാവോയിസ്റ്റ് ഗറില സേനയിൽ ശേഷിക്കുന്നത് 14 പേർ മാത്രമെന്നു പൊലീസ്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കാടിനു മുകളിൽ ഹെലികോപ്റ്ററിൽ കറങ്ങുന്നു. കർണാടക– തമിഴ്നാട് വനാതിർത്തിയിൽ നക്സൽ വിരുദ്ധ സേന അരയും തലയും മുറുക്കി ഇറങ്ങുന്നു. പശ്ചിമഘട്ടത്തിലെ ‘ചുവപ്പൻ വസന്തം’ കാടുകയറിയുള്ള തണ്ടർബോൾട്ട് ദൗത്യത്തിൽ പൊഴിഞ്ഞുവീഴുമോ? 

എന്തുകൊണ്ട് കേരളം? മാവോയിസ്റ്റുകളുമായി പൊലീസ് നേർക്കുനേർ വരുമ്പോഴൊക്കെ ഉയരുന്ന ചോദ്യമാണിത്. ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ഒഡിഷയിലുമെല്ലാം മാവോയിസ്റ്റുകൾ പിടിമുറുക്കിയപ്പോഴും കേരളം സായുധവിപ്ലവകാരികൾക്കു പറ്റിയ മണ്ണാകില്ലെന്നാണു പലരും കരുതിയത്. എന്നാൽ, ഒരു പതിറ്റാണ്ടായി കേരളത്തിലും സിപിഐ (മാവോയിസ്റ്റ്) ഗറില സേന സജീവം. നക്സൽ വർഗീസിന്റെ ചോര വീണു ചുവന്ന പശ്ചിമഘട്ടത്തിലെ കാടുകളിലേക്ക് ആയുധധാരികളായ ചുവപ്പുസേന വീണ്ടുമെത്തിയിരിക്കുന്നു. യുദ്ധം രക്തച്ചൊരിച്ചിലോടുകൂടി തുടരുന്ന രാഷ്ട്രീയമാണെന്ന് ചെയർമാൻ മാവോ. എന്നാൽ, കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽ പതറാതെ ‘യുദ്ധം’ തുടരാൻ മാവോയിസ്റ്റുകൾക്കാകുമോ? ‘വ്യാജ ഏറ്റുമുട്ടൽ കൊല’കൾക്കു പ്രതികാരം ചെയ്യാൻ മാവോയിസ്റ്റ് കേഡർമാർ ഇനിയും കാടുകയറുമോ? അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ആശയത്തെ ചെറുക്കാൻ ഭരണകൂടത്തിന്റെ സേനാവിന്യാസമാണോ ഏകമാർഗം? 

മാവോവാദികളുടെ ലക്ഷ്യമെന്ത് ? 

സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റിയുടെ രേഖ പറയുന്നു: ‘അർധജന്മിത്വ -അർധ അധിനിവേശ സാമൂഹിക വ്യവസ്ഥയെ തകർത്ത് പുത്തൻ ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുകയാണു ലക്ഷ്യം. ആദിവാസികളുടെയും തൊഴിലാളികളുടെയും ദലിതുകളുടെയും ദരിദ്ര-ഭൂരഹിത ഇടത്തരം കർഷകരുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ബുദ്ധിജീവികളുടെയും മറ്റു മർദിത ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങളാണ് ഗറില ദളങ്ങളുടെ കടമ.’

‘നോ ഒഫൻസ്, ഒൺലി ഡിഫൻസ്’ 

സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സായുധ സൈനിക വിഭാഗമാണ് പീപ്പിൾസ് ലിബറേഷൻ ഗറില ആർമി (പിഎൽജിഎ). ജനങ്ങളെ സായുധരാക്കി, സർക്കാരിനെതിരെ യുദ്ധം ചെയ്യിച്ചുള്ള വിപ്ലവം സാധ്യമാണെന്ന് ഇവർ കരുതുന്നു. മാവോയിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള ഒട്ടേറെപ്പേർ സമൂഹത്തിലുണ്ടെന്നാണ് അവകാശവാദം. സിപിഐ മാവോയിസ്റ്റ് പ്രവർത്തകർ കേരളത്തിലുമുണ്ടെന്നും സംഘടനയുമായി ബന്ധമുള്ളവർ പറയുന്നു. 

മാവോയിസ്റ്റ് ആശയത്തോട് ആഭിമുഖ്യമുള്ള, ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നയാൾ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറയുന്നു: ‘വനാതിർത്തികളിലെ പ്രവർത്തനവും പ്രകടനവുമൊക്കെ മാവോയിസ്റ്റ് സായുധ വിപ്ലവത്തിന്റെ ആശയപ്രചാരണം മാത്രമാണ്. കേരളത്തിൽ മാവോയിസ്റ്റുകൾക്കു സ്വാധീനം ചെലുത്താൻ കഴിയുന്നതു ദലിത്, ആദിവാസി, തീരദേശ മേഖലകളിലുള്ളവരിൽ മാത്രമാണ്. കേരളത്തിൽ ആക്രമണമല്ല, പ്രതിരോധം മാത്രമാണു നടത്തുന്നത്. ഇതുവരെയുണ്ടായ ആക്രമണങ്ങളെല്ലാം അതതു സ്ഥലങ്ങളിലെ അനീതിക്കെതിരായ ഇടപെടലുകളായിരുന്നു. നോ ഒഫൻസ്, ഒൺലി ‍‍ഡിഫൻസ്. വിവിധ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ കാടിനോടു ചേർന്നു ജീവിക്കുന്ന 40 ലക്ഷത്തോളം പേരുണ്ട്. അവരുടെ വിഷയങ്ങളും അതിൽ സർക്കാരിന്റെ വീഴ്ചയുമാണ് അവരോടു പറയുന്നത്. പുറത്ത്, മാവോയിസ്റ്റ് ആശയത്തിനു പിന്തുണയേറുന്നുണ്ട്.’

ഗറിലകളുടെ സഹ്യാദ്രി ക്യാംപ് 

പശ്ചിമഘട്ടത്തിലാണു പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയുടെ യുദ്ധമുഖം തുറന്നിരിക്കുന്നത്. ഗോവ മുതൽ ഇടുക്കി വരെയുള്ള വനമേഖലയാണ് പൊളിറ്റിക്കൽ ടെറിറ്ററി.  തിരുനെല്ലി, തൃശിലേരി- പുൽപള്ളി തുടങ്ങി കേരളത്തിലെ ആദ്യപോരാട്ടങ്ങൾ പശ്ചിമഘട്ടമേഖലയിലായിരുന്നു. 1967ൽ നടന്ന നക്സൽബാരി കലാപത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ജന്മിത്വത്തെ ഉന്മൂലനം ചെയ്യാനുറച്ച് തീവ്ര ഇടതുപക്ഷക്കാർ ആയുധമെടുത്ത ഭൂമിക. 

മല തരും ആളും അർഥവും

കാടുകളോടും മലമ്പ്രദേശങ്ങളോടും ചേർന്ന ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ രാഷ്ട്രീയപ്രചാരണത്തിനും ഒളിയുദ്ധത്തിനും ഇത്രയേറെ അനുയോജ്യമായ മേഖല ഇന്ത്യയിൽ ചുരുക്കം. കേരളത്തിൽ ഗോത്രവിഭാഗക്കാർ ഏറെയുള്ള മേഖലയാണ് ഇവിടമെന്നതും അനുകൂലഘടകമായി കണക്കാക്കുന്നു. ക്വാറികൾ, റിസോർട്ടുകൾ എന്നിവ ഏറെയുള്ളതിനാൽ ഫണ്ട് സ്വരൂപണവും എളുപ്പം. ആദിവാസി ചൂഷണം, പരിസ്ഥിതി ചൂഷണം തുടങ്ങി മാവോയിസ്റ്റുകൾക്ക് ഇടപെടാൻ കഴിയുന്ന വിഷയങ്ങൾ ഏറെയുണ്ട്. എന്നാൽ, മലയോരത്തെ കുടിയേറ്റ കർഷകരെ ആശങ്കയിലാക്കുന്ന ബഫർസോൺ വിഷയത്തിൽ ഇവർ പൊതുവേ പരിസ്ഥിതിമൗലികവാദപരമായ നിലപാടാണു കൈക്കൊണ്ടത്. ആദിവാസി ഊരുകളിൽ നല്ല വീടും റോഡുകളും അടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിനു വാദിക്കുമെങ്കിലും ക്വാറികൾക്കും വ്യവസായശാലകൾക്കും താത്വികമായി എതിരാണുതാനും. 

അനുകൂല സംഘടനകൾ വഴി സാമൂഹികപ്രശ്നങ്ങളിൽ തുടർച്ചയായി ഇടപെട്ട് മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കുകയാണ് ആദ്യപടി. ആഭിമുഖ്യം കാണിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടും. തങ്ങളുടെ ആശയങ്ങളെക്കുറിച്ച് പലതവണ പറഞ്ഞുപറഞ്ഞ് അവരെ പതിയെ വരുതിയിലാക്കും. ആദ്യം തന്നെ സായുധ മാവോയിസ്റ്റാകാൻ താൽപര്യം കാട്ടുന്നവരെ കൂടുതൽ നിരീക്ഷിച്ച ശേഷം മാത്രമേ പരിശീലനത്തിന് അയയ്ക്കൂ. 2019 മാർച്ച് ആറിന് ലക്കിടി ഉപവൻ റിസോർട്ടിലെ   വെടിവയ്പിൽ കൊല്ലപ്പെട്ട സി.പി.ജലീൽ വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ നേതാവായിരിക്കെയാണ് കബനിദളത്തിൽ ചേർന്നത്. കബനിദളത്തിലെ സോമൻ പോരാട്ടം പ്രവർത്തകനായിരുന്നു. ജലീലിന്റെ ജ്യേഷ്ഠൻ കൂടിയായ കബനിദളം നേതാവ് സി.പി.മൊയ്തീൻ ദളത്തിൽ ചേരുന്നതിനു മുൻപു മനുഷ്യാവകാശ സംഘടനകളിൽ സജീവമായിരുന്നു. 

റെഡ് കോറിഡോർ

ജാർഖണ്ഡ് മുതൽ തമിഴ്നാട്– കേരളം വരെ നീളുന്ന റെഡ് കോറിഡോർ ഇപ്പോൾ ഒരു സങ്കൽപം മാത്രമെന്നു പൊലീസ്. കർണാടകയിലും തമിഴ്നാട്ടിലും കനത്ത തിരിച്ചടിയേറ്റതിനാൽ പഴയതുപോലെ സജീവമല്ല. കേരളത്തിലെ വനത്തിലുള്ള 14 അംഗങ്ങളിൽപെട്ട കർണാടക, ആന്ധ്ര, തമിഴ്നാട് സ്വദേശികൾക്കെതിരെ അതതു സംസ്ഥാനങ്ങളിലുള്ളത് ഒട്ടേറെ ക്രിമിനൽ കേസുകൾ. അതുകൊണ്ട് അവർ കേരളത്തിലെ വനങ്ങളിൽ ഒളിവിൽക്കഴിയുന്നു. 

ഇവർ, ആ പതിനാലു പേർ

ഇപ്പോൾ കേരളത്തിലെ വനത്തിലുള്ള മാവോയിസ്റ്റ് സായുധ സേനാംഗങ്ങൾ ആരൊക്കെ? 14 പേർ സംഘത്തിലുള്ളതായാണു പൊലീസിന്റെ കണക്ക്. 

 മാവോയിസ്റ്റുകള്‍ക്കായി വയനാട് പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടീസ്
മാവോയിസ്റ്റുകള്‍ക്കായി വയനാട് പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടീസ്

4 മലയാളികൾ: സി.പി.മൊയ്തീൻ (മലപ്പുറം), സോമൻ (വയനാട് സ്വദേശി), മനോജ് (തൃശൂർ), ജിഷ (വയനാട്). ഇതിൽ സി.പി. മൊയ്തീനാണ് പിഎൽജിഎയുടെ ബാണാസുര, കബനി ദളങ്ങളെ നയിക്കുന്നത്. മനോജ് ചേർന്നിട്ടു മാസങ്ങളേ ആയിട്ടുള്ളൂ. 

കർണാടക സ്വദേശികൾ:
കോട്ടഹൊണ്ട രവി, വിക്രം ഗൗഡ, ജയണ്ണ, എ.എസ്.സുരേഷ്, വനജാക്ഷി, സുന്ദരി, മുണ്ടകാരു ലത. 

തമിഴ്നാട്ടുകാർ :
സന്തോഷ്, രമേഷ്. 

ആന്ധ്ര സ്വദേശി:
കവിത. 

മാവോയിസ്റ്റുകൾ കേരളത്തിൽ

തുടക്കം ഇങ്ങനെ 

2013 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ആയുധങ്ങളുമായി പശ്ചിമഘട്ട വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. കണ്ണൂരിലെ ആറളം, പുളിങ്ങോം, വയനാട്ടിലെ തോല്‍പെട്ടി, ബ്രഹ്മഗിരി, തിരുനെല്ലി വനങ്ങളില്‍ ആയുധധാരികളെ കണ്ടതായി നാട്ടുകാര്‍. 

area

കേരളത്തിലെ പ്രധാന 'ആക്‌ഷനുകള്‍' 

2013 ഒക്ടോബര്‍ 27 

കോഴിക്കോട് വിലങ്ങാട് ചൂരണിമലയില്‍ ക്രഷര്‍ യൂണിറ്റിലെ മണ്ണുമാന്തി കത്തിച്ചു 

2014 ജൂണ്‍ 16

കാട്ടിലെ സ്ഫോടനത്തില്‍ മാവോയിസ്റ്റ് നേതാവ് രാജന്‍ കൊല്ലപ്പെട്ടു. 

2014 ഏപ്രില്‍ 24 

വയനാട് മട്ടിലയത്തെ പൊലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ബൈക്ക് കത്തിച്ചു

2014 നവംബര്‍ 10 

നിറ്റ ജലറ്റിന്റെ കൊച്ചി ഓഫിസ് അടിച്ചുതകര്‍ത്തു

2014 നവംബര്‍ 18 

വയനാട് തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ ആക്രമണം. 

2014 ഡിസംബര്‍ 7 

വയനാട് തൊണ്ടര്‍നാട് ചപ്പ കോളനിയില്‍ പൊലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തു- സംസ്ഥാനത്തെ ആദ്യ ഏറ്റുമുട്ടല്‍ 

2014 ഡിസംബര്‍ 22

വയനാട് കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട്പോസ്റ്റ് അടിച്ചുതകര്‍ത്തു, പാലക്കാട് ചന്ദ്രനഗറിലെ മക്ഡൊണള്‍ഡ്, കെഎഫ്സി റസ്റ്ററന്റുകള്‍ക്കു നേരെ ആക്രമണം, സൈലന്റ്‌വാലി റേഞ്ച് ഓഫിസ് മുക്കാലി ആക്രമണം 

2015 ജനുവരി 1

അട്ടപ്പാടിയില്‍ വനംവകുപ്പ് ക്യാംപ് ഷെഡ് ആക്രമണം

2015 ജനുവരി 2

വയനാട് അതിര്‍ത്തിയോട് ചേര്‍ന്നു കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലി‍‍ല്‍ ക്വാറിക്കു നേരെ ആക്രമണം

2015 ജനുവരി 29

കളമശേരി രാജഗിരി റോഡിലെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഓഫിസ് ആക്രമണം

2015 മേയ് 4

മാവോയിസ്റ്റ് നേതാവ് രൂപേഷ് പിടിയില്‍. മേയ് 8ന് മുരളി കണ്ണമ്പള്ളി, സി.പി. ഇസ്മായില്‍ എന്നിവരും പിടിയില്‍. 

2018 സെപ്റ്റംബര്‍ 26 

പൂക്കോട് വെറ്ററിറി സര്‍വകലാശാല കവാടത്തില്‍ വ്യാജ ബോംബ് സ്ഥാപിച്ചു.

കബനിദളം ഡപ്യൂട്ടി കമാന്‍ഡന്റ് ലിജീഷ് എന്ന രാമു 2022 ഒക്ടോബര്‍ 25ന് കീഴടങ്ങി 

2022 നവംബര്‍

മുത്തങ്ങ പൊന്‍കുഴിക്കു സമീപം  ബി.ജി. കൃഷ്ണമൂര്‍ത്തി, 
കബനീദളത്തിലെ സാവിത്രി എന്ന രജിത എന്നിവര്‍ അറസ്റ്റിൽ.

2023 സെപ്റ്റംബര്‍ 28 

കമ്പമലയിലെ കെഎഫ്ഡിസി ഓഫിസ് ആക്രമണം. 

2023 നവംബർ 7 

വയനാട്ടിലെ പേരിയ ചപ്പാരംഊരിലും ദിവസങ്ങൾക്കുശേഷം കണ്ണൂര്‍ ഞെട്ടിത്തോട് മലയിലും ഏറ്റുമുട്ടല്‍.

നാളെ: കാട്ടിലെ ജീവിതം, യാത്ര, അതിജീവനം

English Summary:

Writeup about Kerala suspected Maoists encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com