ADVERTISEMENT

‘‘ഞാൻ വാതിൽ തുറന്നിട്ടുണ്ട്’’– സുപ്രീം കോടതിയിലേക്കുള്ള തന്റെ ജഡ്ജി നിയമനത്തെക്കുറിച്ചു ജസ്റ്റിസ് ഫാത്തിമ ബീവി ഇങ്ങനെ പറയുമായിരുന്നു. നീതിന്യായസംവിധാനത്തിൽ, വനിതകൾക്കുള്ള പ്രാതിനിധ്യം എത്ര ചെറുതായിരുന്നെന്ന് ഓർത്തും ഓർമിപ്പിച്ചും നമുക്കൊപ്പമുണ്ടായിരുന്ന ജീവിതമായിരുന്നു അവരുടേത്. 

മിടുക്ക് ഇല്ലാത്തതുകൊണ്ടല്ല, പെൺകുട്ടിയെന്ന വിവേചനമുള്ള, പുരുഷ കേന്ദ്രീകൃത സംവിധാനമാണു പ്രശ്നമെന്നു ജസ്റ്റിസ് ഫാത്തിമാ ബീവി ഉറക്കെപ്പറഞ്ഞു. ‘നിങ്ങൾ മുന്നോട്ടു വരൂ’ എന്ന് അവരുടെ ജീവിതം എക്കാലവും പെൺകുട്ടികളോടു പറയുന്നു. അതുണ്ടാക്കിയ മാറ്റം പുതിയകാലത്തു പ്രകടമാണ്. 1943ൽ മട്രിക്കുലേഷൻ പാസായ കുമാരി ഫാത്തിമ സ്വന്തം ഗ്രാമത്തിൽനിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ടത് ശാസ്ത്രം പഠിക്കാനായിരുന്നു. തന്റെ എട്ടു മക്കളും നന്നായി പഠിക്കണമെന്ന് ആഗ്രഹിച്ച പിതാവായിരുന്നു മീരാ സാഹിബ്. സബ്  റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്ന മീരാ സാഹിബിന്റെ ആഗ്രഹപ്രകാരമാണ് ബിഎസ്‌സി കെമിസ്ട്രി പാസായശേഷം ഫാത്തിമ നിയമപഠനത്തിനു ചേർന്നത്. ‘എംഎസ്‍സിക്കു ചേർന്നാൽ നീയൊരു അധ്യാപികയോ പ്രഫസറോ ആകുമായിരിക്കും’ എന്നു പറഞ്ഞതിനൊപ്പം, ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി അന്ന ചാണ്ടിയെന്ന മറ്റൊരു മാതൃക പിതാവ് ഫാത്തിമയ്ക്കു മുന്നിൽ അവതരിപ്പിച്ചു. 

കരുണാകരൻ ഇടപെട്ടു; ചരിത്രം പിറന്നു

പെൺകുട്ടികൾ പൊതുവേ നിയമപഠനത്തിനു ചേരാതിരുന്ന കാലത്താണു ഫാത്തിമ തിരുവനന്തപുരം സർക്കാർ ലോ കോളജിൽ എത്തിയത്. ഒപ്പമുണ്ടായിരുന്നവരിൽ പെൺകുട്ടികൾ 5 പേർ മാത്രം. 2 പേർ പഠനം പാതിവഴിയിൽ നിർത്തി. ഫാത്തിമ ഉൾപ്പെടെ 3 പേർ പാസായി. ശേഷം, തിരുവിതാംകൂർ ബാർ കൗൺസിലിൽ പ്രാക്ടിസ് ചെയ്യാനുള്ള പരീക്ഷയിൽ സ്വർണ മെഡലോടെ പാസായ ഫാത്തിമ പ്രാക്ടിസിനിറങ്ങുമ്പോൾ അവിടെ വനിതാ അഭിഭാഷകരായി 5 പേർ മാത്രം. 

കൊല്ലത്തു പ്രാക്ടിസ് ചെയ്യുമ്പോൾ ക്രിമിനൽ കേസുകളിലായിരുന്നു താൽപര്യം. വക്കീലായിരുന്ന 7 വർഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളിൽ ഹാജരായത് അഭിമാനത്തോടെ അവർ എന്നും പറഞ്ഞു. 

കേരള പിഎസ്‌സി മുൻസിഫ് രംഗത്തേക്ക് ആദ്യമായി പരീക്ഷ നടത്തിയത് അക്കാലത്താണ്. വക്കീലായി തിളങ്ങുമെന്നുറപ്പുണ്ടായിരുന്നിട്ടും അവർ പരീക്ഷയെഴുതി വിജയിച്ചു.  കോടതിയുടെ ഉയർന്ന ശ്രേണികളിലേക്കു പടിപടിയായി കയറിയ അവർ, ആദായനികുതി അപ്പീൽ ട്രൈബ്യൂണലിൽ ജഡ്ജിയായിരിക്കെ 1983ൽ ആണു ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുൻപുള്ള ആ നിയമനത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ദീർഘവീക്ഷണം പ്രതിഫലിക്കുന്നു. കെ.എം.മാണിയാണ് അന്നു നിയമമന്ത്രി; വി.എസ്.മളീമഠ് ഹൈക്കോടതി ചീഫ് ജസ്റ്റിസും. മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന കരുണാകരന്റെ തീരുമാനത്തോട് അവരും യോജിച്ചതോടെ ചരിത്രം പിറന്നു.

ജസ്റ്റിസ് കുര്യൻ ജോസഫ്
ജസ്റ്റിസ് കുര്യൻ ജോസഫ്

സുപ്രധാന വിധികളുമായി സുപ്രീം കോടതിയിൽ 

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുവർണ നിമിഷം 1989ൽ ആയിരുന്നു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അവർ നിയമിതയായതിനും രാഷ്ട്രീയമായ ചില പ്രത്യേകതകളുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ടു മുസ്‍ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം ചർച്ചയായി നിൽക്കുന്ന കാലമാണത്. ജസ്റ്റിസ് ഫാത്തിമയുടെ സ്ഥാനക്കയറ്റത്തിന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകയ്യെടുത്തു. നിയമമന്ത്രി ബി.ശങ്കരാനന്ദും അന്നത്തെ ചീഫ് ജസ്റ്റിസ് ഇ.എസ്.വെങ്കട്ടരാമയ്യയും പിന്തുണച്ചതോടെ സുപ്രീം കോടതിയിൽ അവർ ആദ്യ വനിതാ ജഡ്ജിയായി. 

സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമാകാനും ജസ്റ്റിസ് ഫാത്തിമ ബീവിക്കു കഴിഞ്ഞു. ന്യൂനപക്ഷ സമുദായത്തിൽപെട്ടവർക്ക് ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പൗരരായിരിക്കണമെന്നില്ല, താമസക്കാരായാൽ മതിയെന്നുള്ള 1992ലെ വിധി ന്യൂനപക്ഷ അവകാശചരിത്രത്തിൽ പ്രധാനമാണ്. കൊലപാതക കേസുകളിൽ എന്തെങ്കിലും സംശയം അവശേഷിക്കുന്നുവെങ്കിൽ പ്രതി ശിക്ഷിക്കപ്പെടരുതെന്ന വിധി മറ്റൊരുദാഹരണം.  ‌തമിഴ്നാട് ഗവർണറായി നിയമിക്കപ്പെട്ടപ്പോൾ അവരുടെ അനുഭവവും പാണ്ഡിത്യവും ആ പദവിക്കു മുതൽക്കൂട്ടാകുമെന്നു പറഞ്ഞത് അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ്. വിമർശനം ഉയർന്നപ്പോൾ, വഹിച്ചിരുന്ന പദവികളുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചുതന്നെ അവർ ഗവർണർ പദവിയൊഴിഞ്ഞു. 

തീരുമാനങ്ങളിൽ ഉറച്ച്

ശാന്തവും ഗംഭീരവുമെന്നു സൂര്യനെക്കുറിച്ചു പറയും. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കാര്യത്തിലും അതു ശരിയായിരുന്നു. ശാന്തസ്വഭാവക്കാരി; ഗാംഭീര്യവും ആവോളം. 

ജസ്റ്റിസ് ഫാത്തിമ ബീവി(പഴയകാല ചിത്രം)
ജസ്റ്റിസ് ഫാത്തിമ ബീവി(പഴയകാല ചിത്രം)

   കർമമേഖലയിൽ മാന്യതയോടും അച്ചടക്കത്തോടും വ്യാപരിച്ചു. പഠിച്ചു തീരുമാനങ്ങളെടുക്കാനും അതിൽ ഉറച്ചുനിൽക്കാനുമുള്ള ചങ്കൂറ്റം കാട്ടി. ഉത്തമ ന്യായാധിപ പാലിക്കേണ്ട അകലങ്ങൾ പാലിച്ചു.  കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ അവരുടെ മുന്നിൽ അഭിഭാഷകനായി ഹാജരായതിൽനിന്ന് ഇതു നേരിട്ടു ബോധ്യപ്പെട്ടതാണ്. 

വാക്കിലും പ്രവൃത്തിയിലും അവർ ലിംഗസമത്വത്തിന്റെ അംബാസഡറായി. സ്ത്രീകൾക്കുള്ള സംവരണം ചർച്ചയാകുന്ന കാലത്ത് ഇക്കാര്യത്തിൽ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കാഴ്ചപ്പാടിനു പ്രാധാന്യമേറെയുണ്ട്. കേവലം സംവരണമല്ല, തുല്യാവകാശവും തുല്യപരിഗണനയും കിട്ടിയാൽ സ്ത്രീകൾക്കു മുന്നോട്ടുവരാനാകുമെന്ന് അവർ വിശ്വസിച്ചു. ഫലത്തിൽ, വ്യവസ്ഥിതി അല്ല മനഃസ്ഥിതി മാറണമെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞതുപോലെ, ജുഡീഷ്യൽ സർവീസിൽ അടഞ്ഞുകിടന്ന വാതിൽ പെൺകുട്ടികൾക്കായി തുറന്നിട്ടയാളാണ് ജസ്റ്റിസ് ഫാത്തിമ ബീവി. 

(സുപ്രീം കോടതി മുൻ ജഡ്ജിയാണു ലേഖകൻ)

English Summary:

Justice Fatima Beevi; The guiding star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com