ADVERTISEMENT

വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. 

വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു കരുതുന്നവർ ഒട്ടേറെയുണ്ട്. ഭരണത്തിന്റെ മേൽത്തട്ട് അലങ്കരിക്കുമ്പോൾ ലാളിത്യം കാത്തുസൂക്ഷിക്കാനാവില്ലെന്ന പൊതുധാരണയ്ക്കുള്ള മറുപടിയായിരുന്നു ഡോ. മാമ്മന്റെ ജീവിതം. വളരെ വ്യക്തിപരമായ കാര്യങ്ങളിൽ മുതൽ താൻ വഹിക്കുന്ന പദവിയിൽവരെ അദ്ദേഹം ലാളിത്യം ചേർത്തുപിടിച്ചാണു ജീവിച്ചത്. അദ്ദേഹം ആഡംബര കാറുകൾ ഉപയോഗിക്കുന്നതു കണ്ടിട്ടില്ല. വിലയേറിയ പാദരക്ഷകളും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സ്വന്തം കാര്യങ്ങൾ നോക്കാൻ ഒരു ശിപായിയെപ്പോലും അദ്ദേഹം നിയമിച്ചില്ല. ശമ്പളം വാങ്ങാതെയാണു മലങ്കര മെഡിക്കൽ മിഷൻ പ്രസ്ഥാനത്തെ സേവിച്ചത്. എല്ലാ അർഥത്തിലും അതു സേവനംതന്നെയായിരുന്നു. 

ഇന്ന് രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിദേശ സർവകലാശാലകളിലും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ചു പരിശീലനം നടത്തിയവരാണ് നമ്മുടെ പല ആശുപത്രികളുടെയും തലപ്പത്തുള്ളത്. അത്തരം പരിശീലനങ്ങളൊന്നും ഡോ. കെ.സി.മാമ്മൻ നേടിയിട്ടില്ല. ഒരുപക്ഷേ, നേതൃപാടവവും ഭരണശേഷിയും രക്തത്തിൽ ഉണ്ടായിരുന്നിരിക്കാം. അദ്ദേഹം അതീവശ്രദ്ധവച്ചിരുന്നത് കൂട്ടായ്മയുടെ മികവിലായിരുന്നു. കോലഞ്ചേരി ആശുപത്രിയിലെ നാളുകൾക്ക് എന്റെ ഓർമയിൽ സ്വർണവർണമാണ്. പദവിയും നേട്ടങ്ങളും കൈവരിച്ചതിന്റെ ഓർമകളല്ല. അറ്റൻഡർ മുതൽ മെഡിക്കൽ സൂപ്രണ്ടും ഡയറക്ടർമാരുംവരെ കൈകോർത്തു പ്രവർത്തിച്ചതിന്റെ ഓർമകളാണ്. 

വലിയ പ്രതിസന്ധികൾ ഞങ്ങൾ ടീം എന്ന നിലയ്ക്കു കൈകോർത്തുപിടിച്ചു നേരിട്ടു. ചെറുതും വലുതുമായ സന്തോഷങ്ങളും ഒരുമിച്ചുതന്നെ ആസ്വദിച്ചു, ആഘോഷിച്ചു. ആശുപത്രി ജീവിതമായിരുന്നില്ല, കോളജ് ക്യാംപസിലെന്നപോലെ പ്രസരിപ്പു നിറഞ്ഞതായിരുന്നു ആ നാളുകൾ. എല്ലാവരോടും ഇടപഴകും, ചിരിക്കും, കളിക്കും എന്നതുവച്ച് ഡോ. മാമ്മന്റെ കാര്യപ്രാപ്തിയെ വിലകുറച്ചുകാണാനാവില്ല. 

കോലഞ്ചേരി ആശുപത്രിയുടെ ഭരണസമിതിയിൽ പലതരം രാഷ്ട്രീയ നിലപാടുകളുള്ള കരുത്തന്മാർ ഉണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം മാത്രമല്ല, സമൂഹനിർമിതിയുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും അവിടെ തലപൊക്കുമായിരുന്നു. അത്തരം ഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിലെ ധീരത ഡോ. മാമ്മനെ വ്യത്യസ്തനാക്കി. ചിലരോടു വ്യക്തിപരമായ അടുപ്പം ഉണ്ടായിരിക്കെത്തന്നെ (‘സോഫ്റ്റ് കോർണർ’ എന്നു വേണമെങ്കിൽ വിളിക്കാം) അവരുടെ നിലപാടുകളോടു വിയോജിക്കാൻ ഡോ. മാമ്മൻ മടിച്ചില്ല. ചിലർ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുമായിരുന്നു. അതിനെയും അദ്ദേഹം സൗമ്യമായാണു സമീപിച്ചത്. 

ഡോ. പോൾ പുത്തൂരാൻ
ഡോ. പോൾ പുത്തൂരാൻ

വ്യക്തിപരമായി അദ്ദേഹത്തിനു ചെറുപ്പക്കാരായ പ്രഫഷനലുകളോട് അനുഭാവമുണ്ടായിരുന്നു. യുവ ഡോക്ടർമാർ വരുമ്പോൾ, അവരെക്കുറിച്ചു മോശം മുൻവിധിയോടെ പരാമർശങ്ങൾ നടത്തുന്ന സീനിയേഴ്സിനെ അദ്ദേഹം വകവച്ചില്ല. യുവാക്കളാണു നാളെ നാടിന്റെ നായകരാകുന്നത് എന്ന അഭിപ്രായക്കാരനായിരുന്നു ഡോ. മാമ്മൻ. 

അക്കാലത്ത്, എല്ലാ ബുധനാഴ്ചയും എല്ലാ മെഡിക്കൽ ഡിപ്പാർട്മെന്റുകളിലെയും സ്പെഷലിസ്റ്റുകളെ ഒരുമിച്ചിരുത്തിയുള്ള കേസ് സ്റ്റഡിയും ചർച്ചയും കേരളത്തിൽ, സ്വകാര്യ ആശുപത്രികളിൽ പുതിയ ചുവടുവയ്പ് ആയിരുന്നു. അതിനു ഞങ്ങൾ ‘ഗ്രാൻഡ് റൗണ്ട്’ എന്നു പേരിട്ടു. പ്രധാനപ്പെട്ട എല്ലാ കേസുകളും വിവിധ ശാഖകളിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാർ ഒരുമിച്ചിരുന്നു വിശകലനം ചെയ്യുമ്പോൾ അതിന്റെ ഗുണം രോഗിക്കുതന്നെയാണു കിട്ടുന്നത്. 

ഡോ. മാമ്മൻ ശിശുരോഗ വിദഗ്ധനായിരുന്നു. തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ 5 ഗ്രാമങ്ങളെ ഡോ. മാമ്മന്റെ നേതൃത്വത്തിൽ കോലഞ്ചേരി ആശുപത്രി ദത്തെടുത്തു. കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതായിരുന്നു ദൗത്യം. എല്ലാ ഞായറാഴ്ചയും മെഡിക്കൽ ടീം ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കു പോകും. ‘ജനങ്ങൾക്കരികിലേക്ക്, കുട്ടികൾക്കരികിലേക്ക്’ എന്നതായിരുന്നു മുദ്രാവാക്യം. പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ സമൂഹത്തിനാകെ രോഗപ്രതിരോധശേഷി കൈവരും എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഞായർ രാവിലെ തുടങ്ങുന്ന യത്നം ചില ഘട്ടങ്ങളിൽ സന്ധ്യവരെ നീളുമായിരുന്നു. അത്തരമൊരു യത്നത്തിനിടയ്ക്കാണു കോലഞ്ചേരിയിലൊരു മെഡിക്കൽ കോളജ് വേണമെന്ന സ്വപ്നം അദ്ദേഹം പങ്കുവച്ചത്. വെറുമൊരു സ്വപ്നം എന്ന നിലയ്ക്കല്ല, യാഥാർഥ്യങ്ങളുടെ പിൻബലമുള്ള ആഗ്രഹം അഥവാ ലക്ഷ്യം എന്ന നിലയ്ക്കാണ് അദ്ദേഹം അതിനെ കൊണ്ടുനടന്നത്. കോലഞ്ചേരിപോലൊരു പ്രദേശത്തു മെഡിക്കൽ കോളജോ എന്നു ചോദിച്ചവരുണ്ട്. കേരള ജനതയ്ക്കുതന്നെ സ്വകാര്യ മെഡിക്കൽ കോളജ് എന്നതൊരു അതിശയമായിരുന്നു. 

കേരളത്തിലെ ആദ്യ സിടി സ്കാൻ കൊണ്ടുവരാൻ‍ മുൻകയ്യെടുത്തതും ഡോ. മാമ്മനായിരുന്നു. അതു യാഥാർഥ്യമാക്കാനുള്ള ഉത്തരവാദിത്തം എന്നെയാണ് ഏൽപിച്ചത്. ദൗത്യമായി മാത്രമല്ല, അംഗീകാരമായിക്കൂടി ഞാനത് ഏറ്റെടുത്തു. യാഥാർഥ്യമായപ്പോൾ വീണ്ടും വീണ്ടും അനുമോദിക്കാൻ അദ്ദേഹം മടിച്ചില്ല. ഈഗോയില്ലാത്ത നായകൻ എന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. മനുഷ്യത്വം ഓരോ ശ്വാസത്തിലും ഉണ്ടായിരുന്ന ഒരാൾ. പ്രമാണികളോടും പാവപ്പെട്ടവരോടും പ്രഫഷനലുകളോടും ഒരുപോലെ പച്ചമനുഷ്യനായി ഇടപെട്ടു. നിസ്വാർഥ സേവനം എന്നതിന്റെ ആൾരൂപം. സേവനംകൊണ്ടു മധുരമാക്കിയ ജീവിതം. മധുരം കഴിക്കുന്നതും വലിയ ഇഷ്ടമായിരുന്നു. 

കുടുംബജീവിതത്തിലെ ഓരോ ബന്ധവും അദ്ദേഹം അമൂല്യമായിക്കണ്ടു, പരിപാലിച്ചു. ഹൃദയം നിറഞ്ഞിരിക്കുമ്പോൾ പെരുമാറ്റം ഹൃദ്യമാകും എന്നതാണ് അദ്ദേഹം പകർന്നുതന്ന വലിയൊരു പാഠം. 

കോലഞ്ചേരിയിലെ ആദ്യനാളുകളിൽ ‘ഡോ. മാമ്മൻ’ എന്നു വിളിച്ചിരുന്ന ഞാൻ പിന്നീടാണ് ‘ബാപ്പുക്കുട്ടിച്ചായൻ’ എന്നു വിളി മാറ്റിയത്. അദ്ദേഹത്തിന്റെ 90–ാം ജന്മദിനത്തിൽ ആ നെറ്റിയിൽ ഞാനൊരു ഉമ്മ ചാർത്തി. ഏറ്റവും ഒടുവിൽ, മാസങ്ങൾക്കു മുൻപ്, ബാപ്പുക്കുട്ടിച്ചായനെ നേരിട്ടുകണ്ടതും മറക്കാനാകില്ല. മയക്കത്തിലായിരുന്നു. മനസ്സിലായോ എന്നു ഞാൻ ചോദിച്ചു. ‘‘പോളല്ലേ?...’’ സ്നേഹവായ്പോടെയുള്ള ആ ചോദ്യം എനിക്കുള്ള സ്നേഹമുദ്രയായിരുന്നു. എന്നും ഞാനതു ഹൃദയത്തിൽ സൂക്ഷിക്കും.

(കൊച്ചി ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടറാണ് ലേഖകൻ)

English Summary:

Dr. KC Mamman; Simple, beautiful life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com