ADVERTISEMENT

കേരളത്തിൽ പകർച്ചവ്യാധികൾ ബാധിക്കുന്നവരിലുണ്ടായ വർധന അപായമണി മുഴക്കുന്നു. ഈയിനം രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ വർധിച്ചതും ആശങ്കയുണ്ടാക്കുന്നുണ്ട്. പകർച്ചപ്പനിയടക്കമുള്ള രോഗങ്ങളുടെ വ്യാപനം രൂക്ഷമാകാതിരിക്കാൻ കേരളം സർവസജ്ജമായേതീ‌രൂ. മാലിന്യസംസ്കരണത്തിലെ വീഴ്ച മഴയോടെ‍ാപ്പംചേർന്ന് രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമാകുന്നുവെന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ടാവുകയുംവേണം. 

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും തോത് കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ക്ഷയരോഗ ബാധിതരുടെ നിരക്കും കുതിക്കുകയാണെന്ന വിവരം പുറത്തുവന്നത്. ഈ മാസം ഇതുവരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം പകർച്ചവ്യാധികൾ മൂലം മരിച്ചത് 54 പേരാണ്. ഈ വർഷം ഇതുവരെ മരിച്ചതാകട്ടെ 595 പേരും. 

പ്രതിദിനം ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം നൂറോളമായി. നേരത്തേ ശരാശരി 60 ആയിരുന്നു. ഈ മാസം, കഴിഞ്ഞ ശനിയാഴ്ച വരെ 2.14 ലക്ഷം പേരാണു പകർച്ചപ്പനി ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഇതിലേറെ ആളുകൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കാനാണു സാധ്യത. 60 ശതമാനത്തിലേറെ ആശുപത്രികളും സ്വകാര്യ മേഖലയിലാണ്. 

ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം മരണത്തിനു കാരണമായ പകർച്ചവ്യാധി എലിപ്പനിയാണെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇതുവരെ 259 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 2500ലേറെ പേരിൽ ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചു. മഴ തുടരുന്നതും ജലം മലിനമാകുന്നതും അനുസരിച്ച് എലിപ്പനിബാധിതരുടെ എണ്ണവും ഉയരുമെന്ന ആശങ്ക ഗൗരവമുള്ളതാണ്. കൃഷിയിടങ്ങളേറെയുള്ള ഗ്രാമീണമേഖലയിൽ മാത്രമല്ല, നഗരങ്ങളിലും രോഗബാധിതർ കൂടി വരുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ചെറിയ പനി മാത്രമാണെങ്കിലും എലിപ്പനി സംശയിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.  

എച്ച്1എൻ1 മൂലമുള്ള മരണം കേരളത്തിൽ ഈ വർഷം കുത്തനെ കൂടുന്നതും മറ്റെ‍‍ാരു ആശങ്ക. സെപ്റ്റംബർ വരെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച 879 പേരിൽ 52 പേരും മരിച്ചു. രാജ്യത്ത് ഏറ്റവുമധികം എച്ച്1എൻ1 മരണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ചുമതലയിൽ തയാറാക്കിയ റിപ്പോർട്ടിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കേരളത്തിൽ വൻവർധനയുണ്ട്. 6 വർഷത്തെ പഠനത്തെ മുൻനിർത്തിയാണ് റിപ്പോർട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പൊതുവേ കേസുകളിലും മരണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുമ്പോഴാണിത്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ ക്ഷയരോഗം ബാധിച്ചു മരിച്ചതു രണ്ടായിരത്തോളം പേരാണെന്ന റിപ്പോർട്ടും നമുക്കു മുന്നിലുണ്ട്. ഇതിനകം ഏതാണ്ട് 25,000 പേർക്കു രോഗം സ്ഥിരീകരിച്ചു. 2020നു മുൻപു പ്രതിവർഷം ശരാശരി 18,000 പേർക്കു രോഗബാധയും 1500 മരണവുമായിരുന്നു. ഇതാണ് ക്രമേണ ഉയരുന്നത്. സംസ്ഥാനത്തു ലക്ഷത്തിൽ 67 പേർക്കു രോഗം ഉണ്ടെന്നാണു കണക്ക്. ദേശീയ ശരാശരി 172 ആണ്. 2025ൽ ക്ഷയരോഗമുക്ത കേരളം സാധ്യമാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണെന്നത് ഇതോടുചേർത്ത് ഓർമിക്കുകയും ചെയ്യാം. 

ഇതിനിടെ, ചൈനയിൽ കുട്ടികളിൽ ന്യുമോണിയ പടരുന്ന സാഹചര്യത്തിൽ   രാജ്യത്തെമ്പാടും രോഗപ്രതിരോധ തയാറെടുപ്പുകൾ പൂർത്തിയാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. പരിഭ്രമിക്കേണ്ടതില്ലെങ്കിലും തണുപ്പുകാലവും പനി പടരാനുള്ള സാധ്യതയും കണക്കിലെടുത്തു ശ്വാസകോശ രോഗങ്ങൾ നേരിടാനുള്ള തയാറെടുപ്പുകൾ വേണമെന്ന് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആരോഗ്യമന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിട്ടുണ്ട്. ഇടവിട്ടുള്ള മഴയുള്ളതിനാൽ കേരളത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. 

പകർച്ചവ്യാധികൾ ഇതിനകം തന്ന ദുരനുഭവങ്ങളിൽനിന്നു പാഠമുൾക്കെ‍‍ാണ്ട്, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സുസജ്ജമായെന്നു നമുക്ക് ആത്മവിശ്വാസത്തോടെ പറയാനാകുമോ? ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവമുൾക്കെ‍ാണ്ട്, നമ്മുടെ ആരോഗ്യസംവിധാനങ്ങളെല്ലാം സജീവമായേതീരൂ. വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പംതന്നെ ജനകീയ ഇടപെടലുകളും ഏറെ പ്രധാനപ്പെട്ടതാണ്.

English Summary:

Editorial about preventing infectious diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com