സത്യസന്ധമാകണം കാലാവസ്ഥാ ചർച്ച
Mail This Article
വൃശ്ചികത്തിലെ തണുപ്പ് ഭൂതകാലക്കുളിരായി മാറുന്ന കാലത്താണ് ദുബായിലെ യുഎൻ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി-28) വാർത്തകൾ നാം വായിക്കുന്നത്. കാലാവസ്ഥാവ്യതിയാനം വിദൂരഭീഷണിയല്ല, ജീവിതത്തെ തൊട്ടുപൊള്ളിക്കുന്ന യാഥാർഥ്യമാണെന്ന് ഓരോ ദിവസവും നാം കൂടുതൽ തിരിച്ചറിയുന്നു. ഉത്തരേന്ത്യയിൽ ശൈത്യത്തിന്റെ വരവറിയിക്കുന്ന മാസമാണു ഡിസംബറെങ്കിലും ഇത്തവണ താപനില ശരാശരിയിലും കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കേയറ്റത്താകട്ടെ, മിഷോങ് ചുഴലിക്കാറ്റിനെത്തുടർന്നുള്ള മഴയുടെ കുത്തൊഴുക്കിൽ ചെന്നൈ മുങ്ങുന്ന കാഴ്ചയാണു നാം കാണുന്നത്. ഈ നേരനുഭവങ്ങളുമായി ചേർത്തുവച്ചാണ് വർഷംതോറുമുള്ള ആഗോള കാലാവസ്ഥാ ഉച്ചകോടികളുടെ പ്രസക്തി വിലയിരുത്തേണ്ടത്.
ക്രൂഡോയിലിനെ സാമ്പത്തിക അഭിവൃദ്ധിക്കുള്ള ഇന്ധനമാക്കി മാറ്റിയ ഗൾഫ് മേഖലയിൽ ഇത്തവണത്തെ ഉച്ചകോടി നടക്കുന്നതിൽ പുതിയ കാലത്തിന്റെ ചുവരെഴുത്തുണ്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം 2030 ആകുമ്പോഴേക്കും പരമാവധി കുറയ്ക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയാണ് ദുബായ് ഉച്ചകോടിയിൽ, ലോകരാജ്യങ്ങൾ. ആഗോളതാപനമെന്ന വിപത്ത് ഇത്രകാലവും നാം പിന്തുടർന്ന വഴികളിൽനിന്നു കാതലായ ദിശാമാറ്റം ആവശ്യപ്പെടുന്നു. ഇപ്പോഴത്തേതുപോലെ അറച്ചറച്ചുള്ള ചുവടുവയ്പുകളിലൂടെ മാറ്റം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം ബാക്കിയാകുകയും ചെയ്യുന്നു.
ഈജിപ്തിലെ ഷറംഅൽ ഷെയ്ഖിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിലെ തീരുമാനപ്രകാരമുള്ള നഷ്ടപരിഹാരനിധി ആദ്യദിനം തന്നെ പ്രഖ്യാപിക്കാനായത് ദുബായ് ഉച്ചകോടിയുടെ പ്രധാന നേട്ടമാണ്. സാങ്കേതികവിദ്യയിലടക്കം പരിസ്ഥിതിസൗഹൃദ രീതികൾ കൈക്കൊള്ളുന്നതിനുള്ള അധികച്ചെലവു കണക്കാക്കി വികസ്വര രാജ്യങ്ങൾക്കു സഹായം നൽകുന്നതിനുള്ള ഈ നിധി മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണു യാഥാർഥ്യമാകുന്നത്. കാലാവസ്ഥാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ നാം എത്രത്തോളം പിന്നിലാണെന്നതിനു കൂടുതൽ തെളിവു വേണ്ടല്ലോ. 250 ദശലക്ഷം ഡോളറാണ് (ഏകദേശം 2075 കോടി രൂപ) വികസിത രാജ്യങ്ങളുടെ വിഹിതമായി നിധിയിലേക്കു ലഭിച്ചിരിക്കുന്നത്. കാലാവസ്ഥമാറ്റങ്ങളെത്തുടർന്നുള്ള ആഗോളനഷ്ടം കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 1.5 ലക്ഷം കോടി ഡോളർ (ഏകദേശം 125 ലക്ഷം കോടി രൂപ) ആണെന്നിരിക്കെ, ഇപ്പോഴത്തെ തുക എത്ര തുച്ഛമെന്നോർക്കുക. നിധിയിലേക്കു തുടർന്നുള്ള സംഭാവന സംബന്ധിച്ചു വ്യക്തതയില്ല താനും.
കാലാവസ്ഥമാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തതിലൂടെയും ആദ്യമായി ആരോഗ്യദിനം ആചരിച്ചതിലൂടെയും ദുബായ് ഉച്ചകോടി നിർണായക വഴിത്തിരിവായി. അന്തരീക്ഷ മലിനീകരണം മാത്രമല്ല, പരിസ്ഥിതിപ്രശ്നങ്ങളെത്തുടർന്നുള്ള ഭക്ഷ്യ-ജല ദൗർലഭ്യവും തന്മൂലമുള്ള കുടിയിറക്കവുംവരെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ട്. വ്യവസായവൽക്കരണത്തിന്റെ ബാക്കിപത്രമായ ഇത്തരം കെടുതികൾ അനുഭവിക്കുന്നതു വ്യവസായപുരോഗതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളാണെന്ന വൈരുധ്യം വികസിതലോകം ഇന്നും തുറന്ന് അംഗീകരിക്കുന്നില്ല.
പെട്രോളും ഡീസലും ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാൻ വ്യക്തവും പ്രായോഗികവുമായ രൂപരേഖയുണ്ടാകുമോ എന്നറിയാൻ ലോകം കാത്തിരിക്കുകയാണ്. ഡിസംബർ 12-ാം തീയതിയിലെ ഉച്ചകോടി പ്രഖ്യാപനം ഇക്കാര്യത്തിൽ നിർണായകമാകും. എന്നാൽ, ഫോസിൽ ഇന്ധനങ്ങളിൽനിന്നു ഹരിതോർജത്തിലേക്കുള്ള മാറ്റം ലക്ഷ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന അന്വേഷണവും ആവശ്യമാണ്. ഇലക്ട്രിക് കാർ ബാറ്ററി നിർമാണത്തിന് അനിവാര്യമായ കൊബാൾട്ട് ആഫ്രിക്കയിലെ കോംഗോയിൽ ഖനനം ചെയ്യുന്നത് ബാലവേലയിലൂടെയും മണ്ണും വെള്ളവും മലിനപ്പെടുത്തിയുമാണെന്ന റിപ്പോർട്ട് നമ്മുടെ ഹരിതസമീപനങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുണ്ട്.
അഞ്ചുവർഷത്തിനുശേഷം 2028ലെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിൽ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, അടുത്ത ഉച്ചകോടിയുടെ വേദിപോലും ഇപ്പോഴും നിശ്ചയിക്കാനായിട്ടില്ല എന്നിടത്താണ് കാലാവസ്ഥാ പ്രശ്നങ്ങളെ ലോകം എത്രത്തോളം ഗൗരവത്തോടെ കാണുന്നുവെന്ന ചോദ്യം വീണ്ടും ഉയരുന്നത്. അടുത്ത ഉച്ചകോടിക്കു കിഴക്കൻ യൂറോപ്പാണ് ആതിഥ്യം വഹിക്കേണ്ടതെങ്കിലും റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്നുള്ള അനിശ്ചിതത്വം വേദി തീരുമാനിക്കുന്നതിനു തടസ്സമാകുന്നു. രണ്ടു പ്രധാന ലോകനേതാക്കളായ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ദുബായ് ഉച്ചകോടിയിൽ പങ്കെടുത്തിട്ടില്ല. കാലാവസ്ഥ ലോകരാഷ്ട്രീയത്തെ സ്വാധീനിക്കുന്ന മുഖ്യധാരാവിഷയമായാലേ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ പച്ചപ്പുള്ളതാകൂ.