ADVERTISEMENT

‘ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. അവരെ നിയന്ത്രിക്കണം. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരും ചേർന്നാണു സെൻട്രൽ ജയിൽ നിയന്ത്രിക്കുന്നത്’- വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ഈ വർഷമാദ്യം ജയിൽ വകുപ്പിനു നൽകിയ കത്തിലേതാണ് ഈ വാചകങ്ങൾ. ജയിലിലെ ഗുണ്ടകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡയറക്ടർക്കു പൊലീസ് മേധാവി കത്തെഴുതുന്നതു സംസ്ഥാന ചരിത്രത്തിലാദ്യം. രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറാണു ഡിജിപിക്കു വിശദ റിപ്പോർട്ട് നൽകിയത്. തടവുകാർക്ക് ഒത്താശ ചെയ്യുന്ന ജയിൽ ഉദ്യോഗസ്ഥർ പ്രതിഫലം ഗൂഗിൾ പേ വഴി വാങ്ങുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പക്ഷേ, പൊലീസിന്റെ റിപ്പോർട്ടിനും ഡിജിപിയുടെ കത്തിനും ജയിൽ വകുപ്പ് പുല്ലുവിലപോലും കൽപിക്കുന്നില്ല എന്നതിനു തെളിവാണ് കഴിഞ്ഞ മാസം വിയ്യൂരിലെ അതിസുരക്ഷാ ജയിലിലുണ്ടായ കലാപം.

കേരളത്തിലെ ആദ്യത്തെ അതിസുരക്ഷാ ജയിൽ വിയ്യൂരിൽ തുറന്നതു നാലു വർഷം മുൻപ്. കൊടുംകുറ്റവാളികളെയാണ് ഇവിടെ പാർപ്പിക്കുക. ഓരോ തടവുകാരനും ഏകാന്തവാസം. സെല്ലിൽ ശുചിമുറിയടക്കമുള്ളതിനാൽ പുറത്തിറക്കേണ്ട സാഹചര്യം ഉണ്ടാകാറില്ല. തടവുകാർക്കു പരസ്പരം കാണാൻ പോലും അവസരമില്ലെന്നു സാരം. എന്നിട്ടും നവംബർ 5ന് ഉച്ചയ്ക്ക് അതിസുരക്ഷാ ജയിലിലെ 25 തടവുകാർ ഒരേസമയം സെല്ലിനു പുറത്തിറങ്ങി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും കെവിൻ വധക്കേസ് പ്രതി ടിറ്റോ ജെറോമും ഉൾപ്പെടെ 25 കൊടുംക്രിമിനലുകൾ. 3 ജീവനക്കാരെ ആക്രമിച്ചു വീഴ്ത്തിയശേഷം അവർ അരമണിക്കൂറോളം അതിസുരക്ഷാ ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ഓഫിസിലെ ഫർണിച്ചർ അടിച്ചുതകർത്തു. കമ്പി അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. സെൻട്രൽ ജയിലിൽനിന്നു ജീവനക്കാരെത്തിയാണു നിയന്ത്രണം തിരിച്ചുപിടിച്ചത്. തലേന്ന് ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പിയ മട്ടൻകറിയിൽ കഷണം കുറഞ്ഞു പോയതിന്റെ പേരിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണു തടവുകാർ പ്രകോപിതരായതെന്നാണ് ഔദ്യോഗിക ഭാഷ്യം. വാർത്ത പുറത്തുവന്നതും കൊടി സുനി അടക്കമുള്ള കലാപകാരികളെ അതിസുരക്ഷാ ജയിലിൽനിന്ന്, സുരക്ഷ കുറഞ്ഞ ജയിലുകളിലേക്കു മാറ്റി (അതിസുരക്ഷാ ജയിലിൽനിന്നു തന്നെ മാറ്റണമെന്നു മൂന്നു വർഷമായി സുനി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്). കലാപത്തിന്റെ ഫയൽ അതോടെ അധികൃതർ മടക്കിവച്ചു.

prison

കൊടി കെട്ടിയ നാടകം

കൊടി സുനിക്കുവേണ്ടി ചില ജീവനക്കാരുടെ അറിവോടെ നടന്ന നാടകമായിരുന്നു വിയ്യൂരിലെ കലാപമെന്ന് ഒരു വിഭാഗം ജീവനക്കാർ വിശ്വസിക്കുന്നു. സാഹചര്യത്തെളിവുകൾ ഇതൊക്കെയാണ്:

1. കലാപം ആരംഭിക്കുന്നതിന് ഏതാനും മിനിറ്റു മുൻപ് ഇന്നർഗേറ്റിൽ കാവൽ നിന്നിരുന്ന 2 ജീവനക്കാരോടു കലാപകാരികളിലൊരാൾ പറഞ്ഞു: ‘സാർ പൊയ്‌ക്കോ. ഞങ്ങളിതെല്ലാം അടിച്ചുപൊളിക്കാൻ പോകുവാണ്’. എന്നിട്ടും മുൻകരുതലെടുക്കുകയോ മേലധികാരികളെ അറിയിക്കുകയോ ചെയ്തില്ല.
2. അതിസുരക്ഷാ ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, സമീപത്തെ സെൻട്രൽ ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ഇതേ വളപ്പിലെ ഓഫിസിൽ ജോലിചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവർ അവധിയെടുത്ത ദിവസമാണു കൃത്യമായി കലാപം നടന്നത്. ഇക്കാര്യം തടവുകാർ അറിയണമെങ്കിൽ ജീവനക്കാരുടെ സഹായം കൂടിയേ തീരൂ.
3. ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ചില ജീവനക്കാർ കലാപത്തിനു മൗനാനുവാദം നൽകുന്ന മട്ടിൽ ഒഴിഞ്ഞുമാറി നിൽക്കുന്നതു കണ്ടെത്തി. അവരിൽ ചിലർ എട്ടു മാസത്തിനിടെ ഒരുതവണ പോലും ഞായറാഴ്ച ഡ്യൂട്ടി എടുക്കാത്തവരാണ്. കലാപദിവസം ഇവർ ഡ്യൂട്ടിക്ക് എത്തിയത് എന്തിന്?
4. കലാപത്തിനു ശേഷം സെൻട്രൽ ജയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ സെല്ലുകൾ പരിശോധിച്ചപ്പോൾ ടിറ്റോ ജെറോമും കൊടി സുനിയും ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തി. തീവ്രവാദക്കേസുകളിലെ പ്രതികൾ വരെ താമസിക്കുന്നതും ബാഗേജ് സ്കാനിങ് സംവിധാനം വരെയുള്ളതുമായ അതിസുരക്ഷാ ജയിലിൽ മൊബൈൽ ഫോൺ എത്തിയതെങ്ങനെയെന്ന കാര്യത്തിൽ അന്വേഷണമുണ്ടായില്ല. സെല്ലിലെ ക്യാമറയിൽ ഇവരുടെ ഫോൺ ഉപയോഗം പതിയാതിരുന്നതും വിചിത്രം.
5. ഭക്ഷണത്തിന്റെ അളവു കുറഞ്ഞെന്ന പേരിലാണത്രേ 25 തടവുകാർ സംഘടിച്ചതും മൂന്നു ജീവനക്കാരെ ആക്രമിച്ചു വീഴ്ത്തിയതും. ജയിലിലെ കലാപശ്രമം ഗുരുതര കുറ്റമാണെന്നും പരോളിനെ അടക്കം ബാധിക്കുമെന്നും അറിയാത്തവരല്ല പ്രതികൾ. എന്നിട്ടും ഒന്നോ രണ്ടോ മട്ടൻ കഷണത്തിനുവേണ്ടി അവർ ഇത്ര വലിയ റിസ്‌ക് എടുക്കുമോ?

എന്തായാലും ഇക്കാര്യങ്ങളിലൊന്നും ഒരന്വേഷണവും നടക്കുന്നതായി സൂചനയില്ല. ഇതിൽ മാത്രമല്ല, ജയിലുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു കുറ്റകൃത്യത്തിലും ഗൗരവത്തോടെ അന്വേഷണം നടക്കാറില്ല.

ഫോണിൽ തൊടാൻ പൊലീസിനും മടി

തടവുകാരിൽനിന്ന് ഇടയ്ക്കിടെ ഫോൺ പിടിക്കാറുണ്ട്. പുതിയതായി ജയിലിലെത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനാകും ഉത്സാഹമെടുത്ത് ഇതു ചെയ്യുക. ഇതിൽ ഒരു ഫോണിലെ കോൾ വിവരങ്ങളെങ്കിലും ആത്മാർഥമായി പരിശോധിച്ചു പിന്തുടർന്നാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും കണ്ടെത്താനാകും. ലഹരി വിൽപനക്കേസിൽ പിടിയിലായി പൂജപ്പുര ജയിലിലുള്ള പ്രതിയുടെ സെല്ലിൽനിന്നു സെപ്റ്റംബറിൽ മൊബൈൽ ഫോണും 2 സിം കാർഡും പിടിച്ചെടുത്തിരുന്നു. സെൻട്രൽ ജയിലിലെ പല ഉദ്യോഗസ്ഥരും ഈ സിം കാർഡിലേക്കു വിളിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വിവരം കിട്ടി. ഏറ്റവുമധികം വിളിച്ചിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്കു ലഹരിവിൽപനസംഘത്തിന്റെ അക്കൗണ്ടിൽനിന്ന് 1.5 ലക്ഷം രൂപയെത്തിയെന്നും കണ്ടെത്തി. പക്ഷേ, ജയിലിൽനിന്നു കിട്ടുന്ന മിക്ക ഫോണുകളെക്കുറിച്ചും ഇത്തരം അന്വേഷണം ഉണ്ടാകാറില്ല.

2019ൽ കേരളത്തിലെ ജയിലുകളിൽ നടത്തിയ റെയ്ഡിൽ കൂട്ടത്തോടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ കയ്യിൽനിന്നു നാലു സിം കാർഡും പിടിച്ചെടുത്തു. ഈ കേസുകൾ കൂട്ടത്തോടെ ക്രൈംബ്രാഞ്ചിനു കൈമാറി. തടവുകാർ ആരെയൊക്കെ വിളിച്ചു, അകത്തും പുറത്തും അവരുടെ ബന്ധങ്ങളെന്ത് എന്നു കണ്ടെത്താനാണു ക്രൈംബ്രാഞ്ചിനോട് അന്നത്തെ ജയിൽ ഡയറക്ടർ ഋഷിരാജ് സിങ് നിർദേശിച്ചിരുന്നത്. എന്നാൽ, ഒരു ഫോണിന്റെപോലും തുമ്പുതേടി ക്രൈംബ്രാഞ്ച് പോയില്ല. ജയിലിൽനിന്നു കഞ്ചാവും മദ്യവും പിടികൂടുന്ന കേസുകളിലും അതുതന്നെ സ്ഥിതി. എവിടെനിന്നു വരുന്നെന്നോ ആരാണ് വിതരണം ചെയ്യുന്നതെന്നോ ഒരന്വേഷണവും ഉണ്ടാവാറില്ല.

prison-1

ബീഡിയിൽ തൊട്ടാൽ കൈ പൊള്ളും

ജയിലുകളിലെ കറൻസിയാണു ബീഡി. 2000- 2500 രൂപയാണ് പത്തു പൊതിയുടെ ഒരു കെട്ട് ബീഡിക്കു ജയിലിനുള്ളിൽ വില. പൊതുസ്ഥലം എന്ന നിലയ്ക്കു കോടതി ഇടപെട്ടു ജയിലിൽ ബീഡി നിരോധിച്ചതോടെയാണ് ബീഡി ഇത്രയും ‘സെലിബ്രിറ്റി’ ആയത്. അകത്തു കടത്താനും ഒളിപ്പിച്ചുവയ്ക്കാനും സിഗററ്റിനെക്കാൾ സൗകര്യം. കഞ്ചാവ് തിരുകാനും എളുപ്പം. നിരോധിക്കപ്പെട്ടെങ്കിലും ബീഡിയും സിഗററ്റും അകത്തുകടത്താൻ തടവുകാരെപ്പോലെ ഉത്സാഹികളാണു ചില ഉദ്യോഗസ്ഥരും. പത്തും പതിനഞ്ചും ഇരട്ടി ലാഭം കിട്ടുന്ന ബിസിനസാണ് അവർക്കിത്. കച്ചവടം പൊളിക്കാൻ എത്തുന്നത് ആരായാലും നേരിടും.

ഒരു വർഷം മുൻപു വിയ്യൂർ സെൻട്രൽ ജയിലിന്റെ തൊഴുത്തിനു സമീപത്തുനിന്ന് അഞ്ചുകെട്ടു ബീഡിയും രണ്ടു പാക്കറ്റ് സിഗററ്റുമായി ഡപ്യൂട്ടി പ്രിസൺ ഓഫിസറെ (ഡിപിഒ) ജോയിന്റ് സൂപ്രണ്ട് പിടികൂടി. ഇതിന്റെ വൈരാഗ്യം തീർക്കാൻ എത്തിയത് ഇതേ കച്ചവടത്തിലെ കണ്ണികളായ മറ്റു രണ്ടു ഡിപിഒമാർ. രാത്രി മദ്യപിച്ചശേഷം ജോയിന്റ് സൂപ്രണ്ടിനെ ഇവർ ക്വാർട്ടേഴ്‌സിൽ കയറി ഭീഷണിപ്പെടുത്തി. ജോയിന്റ് സൂപ്രണ്ടിന്റെ പരാതി അന്വേഷിച്ച സൂപ്രണ്ട് സംഗതി അതീവ ഗുരുതരമെന്നാണു കണ്ടെത്തിയത്. എന്നാൽ, കുടുംബപ്രശ്‌നത്തിന്റെ പേരിലുള്ള മാനസിക സംഘർഷംകൊണ്ട് ഡിപിഒമാർ ചെയ്തതാകാമെന്നു റിപ്പോർട്ടിൽ ന്യായീകരിച്ചു.

ശനിയാഴ്ചയിലെ മട്ടൻ ഞായറാഴ്ച ടച്ചിങ്സ്

ഈയിടെ ജയിലുകളിൽ ഏറ്റവുമധികം സംഘർഷമുണ്ടാകുന്നതു മട്ടൻ കറിയുടെ പേരിലായതിനും കാരണമുണ്ട്. ശനിയാഴ്ചകളിലാണു ജയിലിൽ മട്ടൻ കറി. ഒരാൾക്കു 100 ഗ്രാം നൽകിയിരിക്കണമെന്നു നിർബന്ധം. ഒരുകൂട്ടം തടവുകാർ അനധികൃതമായി അകത്തു കയറ്റുന്ന മദ്യം സംഘം ചേർന്നു കഴിക്കുന്നതു പൊതുവേ ഞായറാഴ്ചകളിലാണ്. അന്നു ജീവനക്കാരുടെ എണ്ണം കുറവാണെന്നതിനാൽ ശ്രദ്ധ കുറയുമെന്ന സൗകര്യമുണ്ട്. ശനിയാഴ്ചകളിൽ അടുക്കളയിലെത്തുന്ന മട്ടൻ, അടുക്കളയിലെ തടവുകാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു കൈക്കലാക്കും. ഞായറാഴ്ച പാകം ചെയ്തു മദ്യത്തിനൊപ്പം ‘ടച്ചിങ്‌സ്’ ആക്കും. ഇതിനായി സമാന്തര അടുക്കളകൾ പല ബ്ലോക്കുകളിലുമുണ്ട്. അടുക്കളയിൽനിന്നു മട്ടൻ അടിച്ചുമാറ്റാൻ പറ്റിയില്ലെങ്കിൽ പലപ്പോഴും സംഘർഷമുണ്ടാകും. ഒരു കൂട്ടർ കടത്തിക്കൊണ്ടുപോകുന്നതിനാൽ, നിശ്ചിത അളവ് മട്ടൻ കിട്ടാത്തവരും ബഹളമുണ്ടാക്കും.

Prisoners

ഇന്റലിജൻസില്ല, വിജിലൻ‌സുമില്ല

ജയിലുകളിൽ ഉദ്യോഗസ്ഥരുടെ അഴിമതിയും തടവുകാരുമായുള്ള വഴിവിട്ട ബന്ധവും തടയാൻ ആഭ്യന്തര വിജിലൻസ് സംവിധാനം രൂപീകരിച്ചിരുന്നു. മിനിസ്റ്റീരിയൽ വിഭാഗം ഉദ്യോഗസ്ഥനായ ചീഫ് വെൽഫെയർ ഓഫിസർക്കായിരുന്നു ചുമതല. എന്നാൽ, ഒരു പരാതിയെങ്കിലും സ്വീകരിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനെ നിയമിച്ചതിൽ യൂണിഫോം വിഭാഗത്തിനുണ്ടായ അതൃപ്തിയാണു വിജിലൻസിന്റെ പ്രവർത്തനം തടസ്സപ്പെടാനിടയാക്കിയത്. ജയിൽ വകുപ്പിൽ പ്രത്യേക ഇന്റലിജൻസ് വിങ്‌ േവണമെന്ന നിർദേശം പല ഡയറക്ടർമാരും നൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല. 

നാളെ: ലോകേഷിനെ വരെ ഞെട്ടിക്കും ഈ ക്വട്ടേഷൻ യൂണിവേഴ്സ് 

റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, ജോജി സൈമൺ, നസീബ് കാരാട്ടിൽ‌, എസ്.പി. ശരത്.
സങ്കലനം: മുഹമ്മദ് റഫീഖ്

English Summary:

What is happening in Kerala prisons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com