ADVERTISEMENT

കഴിഞ്ഞ ദിവസം പാതിരാത്രി  തിരുവനന്തപുരം മാറനല്ലൂരിൽ ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഒരു പ്രദേശമാകെ അക്രമം അഴിച്ചുവിട്ടു. അഞ്ചു കിലോമീറ്റർ ദൂരത്തിനിടെ 11 വാഹനങ്ങൾ പ്രകോപനമൊന്നുമില്ലാതെ തല്ലിത്തകർത്തു. ഈയിടെ സിപിഎം വിട്ടു കോൺഗ്രസിലെത്തിയ പ്രാദേശിക നേതാവിന്റെ വീട് ആക്രമിച്ചു. ഒരു കർഷകന്റെ മരച്ചീനി കൃഷിയിടം നശിപ്പിച്ചു. ലഹരിക്ക് അടിപ്പെട്ടു നടത്തിയ കൃത്യമെന്നാണു പൊലീസിന്റെ വിശദീകരണം. ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം അറസ്റ്റിലായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നുകൂടി പൊലീസ് പറഞ്ഞു. കയ്യിൽ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. 

ഭരണപിൻബലം, ലഹരി, ഗുണ്ട – വളരെ അപകടകരമായ കൂട്ടുകെട്ടാണിത്. രാഷ്ട്രീയ പിന്തുണയോടെ ലഹരി, ഗുണ്ടാ സംഘങ്ങൾ നാട്ടുകാരെ പേടിപ്പിച്ചു നിയന്ത്രിക്കുന്നത് പതിവായി കേൾക്കുന്ന വാർത്തയായിരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു   ഭരണത്തിന്റെ മറപറ്റി പിൻബലം നൽകുന്ന നേതാക്കൾ ധാരാളമായി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ പരസ്യമായി ചെയ്യാനും ആരെയും വെല്ലുവിളിക്കാനുമുള്ള ധൈര്യം പലർക്കും കിട്ടുന്നത് ഭരണപിൻബലംകൊണ്ടാണെന്നതു രഹസ്യമല്ല. അറസ്റ്റിലായതിനു പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കിയിട്ടുണ്ട്. 

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ച ഡിവൈഎഫ്ഐ നേതാവിനെ തടഞ്ഞു പിഴയിട്ട തിരുവനന്തപുരം പേട്ട പൊലീസിനെ സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ട് അധികനാളായില്ല. എംഎ‍ൽഎ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറിയും സ്റ്റേഷനിലെത്തി പൊലീസിനെതിരെ തിരിയുകയുണ്ടായി. നിയമം നടപ്പാക്കിയ രണ്ട് എസ്ഐമാരെ രണ്ടു ദിവസത്തേക്കു സ്റ്റേഷനിൽനിന്നു മാറ്റിനിർത്തിയാണ് സർക്കാർ അതിക്രമത്തിനു കുട പിടിച്ചത്. 

ഇടുക്കി ജില്ലയിൽ പാർട്ടിക്കു പിരിവു നൽകാത്ത ഏലത്തോട്ടമുടമയെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തോട്ടത്തിൽ കയറി ഭീഷണിപ്പെടുത്തിയത് ഈയിടെയാണ്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തെ അനുകരിച്ച്, തകർന്ന റോഡിനെപ്പറ്റി പരിഹാസ രൂപത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിന് ആലപ്പുഴ ജില്ലയിൽ ആക്രമിക്കപ്പെട്ടതു മുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്; സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തും. 

ഭരണത്തിന്റെ തണലിൽ അക്രമം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നതു പതിവായിട്ടുണ്ട്. നടപടിയെടുത്താൽ സംരക്ഷിക്കപ്പെടുമെന്ന ധൈര്യം പൊലീസിനു ലഭിക്കാത്തതുതന്നെ കാരണം. ഓരോ സംഭവവും ഉണ്ടാകുമ്പോൾ ‘ഒറ്റപ്പെട്ടത്’ എന്നു പറഞ്ഞു കൈ കഴുകുന്ന പാർട്ടി നേതൃത്വം തിരുത്തലിനു തയാറാകുന്നില്ല. ലഹരിക്കെതിരെ ജനങ്ങളെയാകെ അണിനിരത്തുമെന്നു പ്രഖ്യാപിച്ചാണു സർക്കാർ പല പ്രചാരണ പരിപാടികളും നടത്തിയത്. എന്നാൽ, സ്വന്തം പാർട്ടിക്കാരെപ്പോലും ഈ പോരാട്ടത്തിൽ ഒപ്പം നിർത്താനാകുന്നില്ല. പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റയുടൻ എം.വി.ഗോവിന്ദൻ ചില ശുദ്ധീകരണ പ്രക്രിയകളെക്കുറിച്ചു പറഞ്ഞിരുന്നെങ്കിലും അതു മുന്നോട്ടുകൊണ്ടുപോകുന്നതായി കാണുന്നില്ല. 

അധികാരം ആളുകളെയും സംഘടനകളെയും ഉന്മത്തരാക്കുന്നത് പുതിയ കാര്യമല്ല. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്നവരെ ഹെൽമറ്റ് കൊണ്ടു തലയ്ക്കിടിക്കുന്നതിനെ രക്ഷാപ്രവർത്തനമെന്നു വിശേഷിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയായിക്കാണാം. നല്ല കാര്യങ്ങളൊത്തിരി പറഞ്ഞു കേൾക്കുന്ന നവകേരള ബഹളങ്ങളിൽ നമ്മുടെ രാഷ്ട്രീയരംഗത്തെ ഈ ജീർണതകൂടി ചർച്ചയാകേണ്ടതാണ്.

English Summary:

Editorial about Nava kerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com