ADVERTISEMENT

കേരളത്തിലെ പ്ലസ്ടു പഠനശേഷം ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനം നേടിയ മലയാളി വിദ്യാർഥികളുടെ എണ്ണം 2021-22ൽ 1672; കഴിഞ്ഞ വർഷമാകട്ടെ വെറും 350. ഒറ്റ വർഷത്തിനിടെ ഇത്ര വലിയ ഇടിവ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മുൻപ് 12-ാം ക്ലാസ് മാർക്ക് നോക്കിയായിരുന്നു പ്രവേശനമെങ്കിൽ കഴിഞ്ഞവർഷം മുതൽ അത് സിയുഇടി-യുജി എന്ന ദേശീയ ബിരുദ പ്രവേശനപരീക്ഷ വഴിയാണ്. മാർക്കിൽ മുൻപിലായിരുന്ന നമ്മുടെ വിദ്യാർഥികൾ പ്രവേശനപരീക്ഷയിൽ വീണുപോയി. 

സ്വന്തം പേര് എഴുതാനറിയാത്തവർക്കുപോലും എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് ഗ്രേഡ് നൽകുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മേൽപറഞ്ഞ കണക്ക് പ്രസക്തമാകുന്നത്. പരീക്ഷകളിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്ന് അക്കാദമിക് വിദഗ്ധരും പൊതുസമൂഹം തന്നെയും ചൂണ്ടിക്കാട്ടുമ്പോഴൊക്കെ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയോ നിക്ഷിപ്ത താൽപര്യങ്ങൾ ആരോപിച്ച് രാഷ്്ട്രീയമായി ആക്രമിക്കുകയോ ആണ് സർക്കാർ രീതി. എന്നാൽ, ചോദ്യക്കടലാസ് തയാറാക്കുന്ന അധ്യാപകർക്കുള്ള ശിൽപശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം പറയുമ്പോൾ രാഷ്ട്രീയം ആരോപിക്കാൻ പഴുതില്ല. എന്നിട്ടും, പരാമർശം പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനോട് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 

വാസ്തവത്തിൽ, സമൂഹത്തിൽ നേരത്തേമുതൽ പങ്കുവയ്ക്കപ്പെടുന്ന വിമർശനം വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മേധാവി തന്നെ ഏറ്റുപറയുമ്പോൾ അതു തിരുത്തലിനുള്ള അവസരമായി കാണാനുള്ള സന്നദ്ധതയല്ലേ സർക്കാർ കാട്ടേണ്ടത് ? 2019-20 മുതൽ 2022-23 വരെയുള്ള നാലു വർഷങ്ങളിൽ സംസ്ഥാനത്ത് എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (90 ശതമാനത്തിലേറെ മാർക്ക്) കിട്ടിയ കുട്ടികളുടെ എണ്ണം യഥാക്രമം 41,906, 1,21,318, 44,363, 68,604 എന്നിങ്ങനെയാണ്. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണത്തിലോ വിജയശതമാനത്തിലോ നാലുവർഷവും കാര്യമായ വ്യത്യാസമില്ലെന്നിരിക്കെ, എന്തുകൊണ്ടാണ് എ പ്ലസിൽ മാത്രം ഇത്ര ഭീമമായ വ്യതിയാനം ? 

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 2010ൽ 5182 മാത്രമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 14 വർഷത്തിനിടെ 13 മടങ്ങ് വർധിക്കത്തക്കവിധമുള്ള മുന്നേറ്റം നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിൽ സംഭവിച്ചിട്ടുണ്ടോ ?

തുടർപഠനത്തിന്റെ ദിശ തീരുമാനിക്കുന്ന പരീക്ഷകളാണ് 10,12 ക്ലാസുകളിലേതെന്നു നമുക്കറിയാം. എല്ലാ വിഷയങ്ങൾക്കും വാരിക്കോരി മാർക്ക് നൽകുമ്പോൾ അഭിരുചിയനുസരിച്ച് ഉപരിപഠന മേഖല തീരുമാനിക്കാനുള്ള അവസരമാണു നഷ്ടപ്പെടുന്നത്. മാനവിക വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥി കൊമേഴ്സും കൊമേഴ്സിൽ അഭിരുചിയുള്ളയാൾ സയൻസും തിരഞ്ഞെടുക്കുന്ന തലതിരിഞ്ഞ സാഹചര്യം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും ആഗ്രഹിച്ച സ്കൂളിൽ പ്ലസ്‌വൺ പ്രവേശനമില്ലെന്ന പരാതിക്ക് ഇതും കാരണമാകുന്നുണ്ട്.

മാർക്ക്ദാനം പുതിയകാല പ്രവണതയല്ലെന്നും അതിനു രാഷ്ട്രീയഭേദമില്ലെന്നും ചരിത്രം നമ്മോടു പറയുന്നു. മോഡറേഷനിലൂടെ പെരുപ്പിച്ചുകാട്ടിയ വിജയക്കണക്കുകൾ പതിറ്റാണ്ടുകൾക്കുമുൻപു തന്നെ നമ്മുടെ വിദ്യാഭ്യാസനിലവാരത്തെ ബാധിച്ചിരുന്നു. കലാ, കായിക മേളകളിലെ മികവിനുള്ള ഗ്രേസ് മാർക്കിലൂടെ കഴിഞ്ഞവർഷം എ പ്ലസ് ഗ്രേഡിലേക്ക് ഉയർന്നത് 24,422 പേരാണ്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വിമർശനമോ തിരുത്തൽനിർദേശമോ ഉയരുമ്പോഴൊക്കെ പ്രതിരോധവുമായി സർക്കാരുകൾ ജാഗരൂകമാകുന്നതായാണ് നമ്മുടെ അനുഭവം. ഇരുമേഖലകളിലെയും മികച്ച മുന്നേറ്റത്തിലൂടെ രാജ്യാന്തര തലത്തിൽ വരെ വാഴ്ത്തപ്പെട്ട ‘കേരള മോഡലി’ന്റെ രാഷ്ട്രീയ പ്രചാരണസാധ്യത ഇല്ലാതാകുമെന്ന ആശങ്കയാകാം ഇതിനു കാരണം. എന്നാൽ, പബ്ലിസിറ്റി ആഘോഷങ്ങൾക്കുള്ള സാധ്യതയല്ല, കാലഘട്ടത്തിന്റെ ആവശ്യമാണിതെന്ന തിരിച്ചറിവാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ‘കേരള മോഡൽ’ സാധ്യമാക്കിയത്. നിരന്തര ആത്മപരിശോധനകളിലൂടെയും തിരുത്തലുകളിലൂടെയും അതു നവീകരിക്കേണ്ടതുണ്ട്. ഈ തിരിച്ചറിവുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആശയക്കുഴപ്പമുണ്ടാക്കിയതിനു റിപ്പോർട്ട് ആവശ്യപ്പെടുകയല്ല, അദ്ദേഹം പറഞ്ഞതിന്റെ വസ്തുത പരിശോധിച്ച് നടപടിയെടുക്കാനുള്ള സന്നദ്ധത വ്യക്തമാക്കുകയാണു സർക്കാർ ചെയ്യേണ്ടത്. 

പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ കടമെടുത്തു പറയട്ടെ- “ഇതു (വാരിക്കോരി എ പ്ലസ്) കുട്ടികളോടുള്ള ചതിയാണ്. ഇല്ലാത്ത കഴിവുണ്ടെന്നു പറയുകയാണ്.” അത്തരം പൊങ്ങച്ചപ്രകടനങ്ങളുടെ ആഘോഷമാകാതിരിക്കട്ടെ ‘നവകേരള മോഡൽ’.

English Summary:

Tiger spotted in Thamarassery Wayanad Churam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com