ADVERTISEMENT

കഴിഞ്ഞയാഴ്ച പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഇപ്പോഴും ആരൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യത തീർത്തും ഇല്ലാതായെന്നും ഹിന്ദി ബെൽറ്റുകളിൽ പാർട്ടിയുടെ കഥ കഴിഞ്ഞെന്നുമാണു മിക്കവരും പറയുന്നത്. 2014ൽ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയവും 2019ൽ അതിന് ഏതാണ്ടു സമാനമായ തോൽവിയും നേരിട്ട പാർട്ടിയാണ് കോൺഗ്രസ്. ആ സ്ഥിതി നന്നായി മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്ന നാലു സംസ്ഥാനങ്ങളിലും തിരിച്ചടിയുണ്ടായതോടെ, ഇന്ത്യയിലെ മുത്തശ്ശിപ്പാർട്ടി എക്കാലത്തെയും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നു വിമർശകർക്കു ബോധ്യപ്പെട്ടതുപോലെയുണ്ട്. ‘കോൺഗ്രസ് മുക്ത ഭാരതം’ ആയിരുന്നല്ലോ 2014ൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിലൊന്ന്. 2024ൽ അദ്ദേഹം ആ ലക്ഷ്യം നേടാൻ പോവുകയാണെന്നാണോ കരുതേണ്ടത്? അത്ര വേഗത്തിൽ അതു നടക്കില്ല സുഹൃത്തുക്കളേ എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്. 

അമിതമായ ആത്മവിശ്വാസം കാരണമല്ല ഞാൻ ഇതു പറയുന്നത് (വ്യക്തമായ മുൻകൈ ഉണ്ടെന്നു കരുതപ്പെട്ടിരുന്ന സംസ്ഥാനങ്ങളിൽപോലും ഞങ്ങൾ പരാജയപ്പെട്ടത് അമിത ആത്മവിശ്വാസംകൊണ്ടാണെന്നാണല്ലോ പലരുടെയും വിമർശനം). 

ഈ മാസം 28ന് 139–ാം സ്ഥാപകദിനം ആഘോഷിക്കാനിരിക്കുകയാണു കോൺഗ്രസ്. യുഎസിലെ വിഗ്‌ പാർട്ടിയെയും യുകെയിലെ ലിബറൽ പാർട്ടിയെയും പോലെ, ഒരിക്കലും ആർക്കും കീഴടക്കാനാവില്ലെന്നും എക്കാലത്തും ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കുമെന്നും ഒരുകാലത്തു കരുതപ്പെട്ടിരുന്ന പല ദേശീയ പാർട്ടികളും പിൽക്കാലത്ത് അപ്രസക്തമായിത്തീരുകയോ ഇല്ലാതായിപ്പോവുകയോ ചെയ്തിട്ടുണ്ടെന്ന വസ്തുത ഞാൻ മറക്കുന്നില്ല. അജയ്യരെന്നു കരുതപ്പെട്ടിരുന്ന പല പാർട്ടികളും പിന്നീട് അപ്രത്യക്ഷമായ അനുഭവം  താരതമ്യേന പ്രായം കുറഞ്ഞ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെയുണ്ട്. 

ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന, രാജാജിയുടെ സ്വതന്ത്ര പാർട്ടി ഒരു ഉദാഹരണം. 2014ൽ കോൺഗ്രസിന് ഉണ്ടായിരുന്നത്ര സീറ്റുകൾ 1967ലെ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ലോക്‌സഭയിൽ അവർക്കുണ്ടായിരുന്നു. സിപിഐ മറ്റൊരുദാഹരണം. പാർട്ടി പിളർന്നുണ്ടായ സിപിഎമ്മിന്റെ ദുർബലമായ അനുബന്ധമായി ഒതുങ്ങിപ്പോയിരിക്കുന്നു ഇന്നു സിപിഐ. 1977 മുതൽ 79 വരെ ഇന്ത്യ ഭരിച്ച ജനതാ പാർട്ടിയാണ് മറ്റൊന്ന്. 

കോൺഗ്രസ് ഒരിക്കലും ജനതാ പാർട്ടിയെപ്പോലെ അപ്രത്യക്ഷമാവുകയോ സ്വതന്ത്ര പാർട്ടിയെപ്പോലെ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്യില്ല. എങ്കിലും, ഒരിക്കൽ ഭരണകക്ഷിയോ മുഖ്യപ്രതിപക്ഷ കക്ഷിയോ ആയിരുന്ന എത്രയോ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇന്നു മൂന്നാമത്തെയോ നാലാമത്തെയോ കക്ഷിയായി ചുരുങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ്, സ്വന്തം പ്രതാപകാല ചരിത്രത്തിന്റെ നിഴൽ മാത്രമായി ചുറ്റിപ്പറ്റി നിൽക്കുന്ന, പല്ലു കൊഴിഞ്ഞ സിംഹമായി കോൺഗ്രസിനെ പലരും എഴുതിത്തള്ളുന്നത്. 

കോൺഗ്രസ് വെറുമൊരു പാർട്ടിയല്ല 

സുപ്രധാനമായൊരു വസ്തുത അടിവരയിട്ടു പറയേണ്ടതുണ്ട്: കോൺഗ്രസില്ലാതെ ഇന്ത്യ ഇല്ല. കോൺഗ്രസ് എവിടെ നിൽക്കുന്നു എന്നതും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ നിലനിൽപിനും പുരോഗതിക്കും അത്രയേറെ അത്യാവശ്യമാണ്. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകുകയും രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത പാർട്ടിയാണ് എന്നതു മാത്രമല്ല  കാരണം. 2019ലെ തോൽവിയിലും 12 കോടി വോട്ട് നേടിയിരുന്നു എന്നതും പാർലമെന്റിലെ നാമമാത്രമായ അംഗസംഖ്യയുടെ പല മടങ്ങ് ജനപിന്തുണ പുറത്തുണ്ട് എന്നതുമല്ല കാരണം. ഇന്ത്യയെ മുഴുവൻ ഒന്നായിക്കാണാൻ കഴിയുന്ന ഒരേ ഒരു പാർട്ടിയാകുന്നു കോൺഗ്രസ് എന്നതാണ് കാരണം. 

party

    ഈ രാജ്യത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും സംഭാവന നൽകിയ എല്ലാവരുടേതുമാണ് ഇന്ത്യ എന്നതും ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കേണ്ടതു ഭൂരിപക്ഷ സമുദായത്തിന്റെ ബാധ്യതയാണ് എന്നതും കോൺഗ്രസിന്റെ അടിസ്ഥാന ബോധ്യങ്ങളാണ്. 

വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല കോൺഗ്രസ്; ദേശീയ പ്രസ്ഥാനത്തിന്റെ ചൂളയിൽ ഉരുവംകൊണ്ടൊരു ആദർശമാണ്. ഭരണകൂടത്തിന്റെ നയങ്ങളിലായാലും വ്യക്തിജീവിതത്തിലെ ശീലങ്ങളിലായാലും ജാതി–മത–വംശ–ഭാഷാ ഭേദമെന്യേ എല്ലാവരെയും ചേർത്തുപിടിക്കുന്നൊരു ഇന്ത്യ എന്ന ആശയത്തിനു വേണ്ടിയാണു കോൺഗ്രസ് നിലകൊള്ളുന്നത്. ഇതിനു മുൻപു നേരിട്ട പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു തിരിച്ചുവരാൻ കോൺഗ്രസിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ. 1969ലെയും 1977ലെയും പിളർപ്പുകൾ, 1984ലെ ഇന്ദിരാഗാന്ധി വധം, 91ലെ രാജീവ് ഗാന്ധിവധം, ഉൾപ്പോരുകൾ നിറഞ്ഞ് പാർട്ടി നിർജീവമായിക്കിടന്ന സീതാറാം കേസരിക്കാലം (1996-98), കേന്ദ്രത്തിൽ അധികാരമില്ലാതെ കഴിച്ചുകൂട്ടിയ 1996-2004ലെ നീണ്ട ഇടവേള തുടങ്ങിയ പ്രതിസന്ധികളെയെല്ലാം പാർട്ടി അതിജീവിച്ചു, തിരിച്ചുവന്നു. അതിലും നീണ്ടൊരു ഇടവേളയുടെ തുടക്കമായിരിക്കുമോ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്? അങ്ങനെയാവില്ല എന്നു തന്നെയാണു ഞാൻ പറയുക. 

വെറും 5 ശതമാനം വോട്ട് കൂടിയാൽ‌...

ബിജെപിക്കു പകരം നിൽക്കാൻ മാത്രം രാജ്യവ്യാപക സാന്നിധ്യമുള്ള ഏകപാർട്ടി കോൺഗ്രസാണെന്ന വസ്തുത നമ്മൾ മറന്നുകൂടാ. കേവലം മൂന്നു സംസ്ഥാനങ്ങളിൽ ഭരണവും രണ്ടു സംസ്ഥാനങ്ങളിൽ ഭരണമുന്നണിയിൽ അംഗത്വവുമുള്ളൊരു പാർട്ടി മാത്രമാണു കോൺഗ്രസ് എന്നതു ശരിതന്നെ. പക്ഷേ, ആ ഭരണപങ്കാളിത്തം ഹിമാചൽ പ്രദേശ് മുതൽ തെലങ്കാന വരെ നീളുന്നുണ്ട് എന്നോർക്കുക. ഭരണത്തിലല്ലെങ്കിലും രാജസ്ഥാൻ മുതൽ അസം വരെയും കശ്മീർ മുതൽ കേരളം വരെയും ശക്തമായ ബദൽ സാന്നിധ്യമാണു കോൺഗ്രസ് എന്നതും മറക്കാതിരിക്കുക. ആം ആദ്മി പാർട്ടിയോ തൃണമൂൽ കോൺഗ്രസോ പോലുള്ള പ്രാദേശിക കക്ഷികൾക്കു സ്വന്തം സ്വാധീനപ്രദേശത്തിനു പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കുക ബുദ്ധിമുട്ടാണ്. എങ്കിലും, രാജ്യവ്യാപകമായി കോൺഗ്രസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇന്ത്യാ മുന്നണിക്കു കഴിയും. പരാജയങ്ങളിൽപോലും  മറികടക്കാനാവാത്ത വോട്ടുവ്യത്യാസം ഉണ്ടാവില്ലെന്നുറപ്പ്. രാജ്യമെങ്ങും പാദമുദ്ര പതിപ്പിച്ചൊരു പ്രസ്ഥാനമെന്ന നിലയിൽ, വോട്ട് വിഹിതത്തിൽ വെറും 5 ശതമാനം വർധനയുണ്ടായാൽപോലും 60-70 സീറ്റുകളാണു ലോക്‌സഭയിൽ കോൺഗ്രസിന് അധികമായി കിട്ടുക. ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾ അവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ നേടുന്ന വിജയംകൂടി കണക്കിലെടുത്താൽ, മോദി സർക്കാരിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകാൻ അതു ധാരാളം. 

എങ്കിലും, രാഷ്ട്രീയ പ്രചാരണം എങ്ങനെ വേണം എന്നതു കോൺഗ്രസിനു വെല്ലുവിളി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ആക്രമിച്ചാൽ അതു ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കപ്പെടും. ഹിന്ദുത്വയെ ഏറ്റുപിടിച്ചാലോ മൃദുഹിന്ദുത്വമായി ആരോപിക്കപ്പെടുകയും ചെയ്യും (വോട്ട് കുത്താൻ യഥാർഥ ഹിന്ദുത്വ രാഷ്ട്രീയംതന്നെ മുന്നിലുള്ളപ്പോൾ മൃദുവിനെ ആർക്കു വേണം?). മോദി ഭരണകൂടത്തെ വിമർശിച്ചാൽ അതിനെ നെഗറ്റീവിസമായി മുദ്രകുത്തും. മിണ്ടാതിരുന്നാൽ ദൗർബല്യമാണെന്നും പറയും. ബിജെപിയുടെ ഭൂരിപക്ഷവാദപരവും സ്വേച്ഛാധിപത്യപരവുമായ ദേശീയതാവാദത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ദേശദ്രോഹികൾ എന്നായിരിക്കും തെറിവിളി. ഒന്നും പറയാതിരുന്നാലോ ദേശീയത എന്ന സങ്കൽപത്തെ ബിജെപിക്കു തീറെഴുതിക്കൊടുക്കുന്നതു പോലെയുമാകും. കോൺഗ്രസ് എന്തു ചെയ്താലും പഴി കേൾക്കേണ്ടി വരുന്ന സ്ഥിതി.

ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാൻ

കോൺഗ്രസിനെ അപേക്ഷിച്ചു ബിജെപിക്കുള്ള യഥാർഥബലം അവരുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തന്നെ: പണം, പ്രചാരണം, പബ്ലിക് റിലേഷൻസ്....പിന്നെ, പിന്തുണയെല്ലാം തിരഞ്ഞെടുപ്പു ദിവസം വോട്ടാക്കി മാറ്റാൻ അവർക്കുള്ള സംഘടനാസംവിധാനവും (ആർഎസ്എസിന്റെ തുണയും). ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് 2024ലെ തിരഞ്ഞെടുപ്പ്  എന്ന തിരിച്ചറിവിൽ നിന്നുണ്ടാവുന്ന നിശ്ചയദാർഢ്യത്തോടെ വേണം അവരെ നേരിടാൻ. കാരണം, പത്തു വർഷത്തെ ബിജെപി ഭരണം ഇന്ത്യയ്ക്കു സർവമേഖലകളിലും വരുത്തിവച്ച നാശനഷ്ടങ്ങൾ വളരെ വലുതാണ്: നാണ്യപ്പെരുപ്പവും ചരിത്രത്തിൽ ഇതുവരെയില്ലാത്തത്ര രൂക്ഷമായ തൊഴിലില്ലായ്മയും മൂലം ആടിയുലയുന്ന സാമ്പത്തികരംഗം. ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ചു മുസ്‌ലിംകളെ) അപരവൽക്കരിക്കുന്നതിലൂടെ തകരാറിലായ സാമൂഹികഘടന. സ്വാതന്ത്ര്യവും സ്വയംഭരണവും തുരന്നെടുക്കപ്പെട്ട സ്ഥാപനങ്ങൾ. ശുദ്ധവായുവില്ലാത്ത നഗരങ്ങളും ശുദ്ധജലമില്ലാത്ത നദികളും;  പ്രകൃതിചൂഷണത്തിനുള്ള സൗജന്യ അനുമതി മൂലം നശിക്കുന്ന പരിസ്ഥിതി. 

അയൽരാജ്യങ്ങളോടുള്ള ബന്ധവും ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനുള്ള സ്ഥാനവും അവതാളത്തിലായതിനു തെളിവായി ഖത്തർ മുതൽ യുഎസ് വരെയും    വാൻകൂവർ മുതൽ ഗൽവാൻ വരെയുമുള്ള സംഭവങ്ങളും നമ്മുടെ മുൻപിലുണ്ട്. ഇപ്പറഞ്ഞ വീഴ്ചകളിൽ ഒന്നേ ഒന്നു മാത്രമാണ് 2004ലെ തിരഞ്ഞെടുപ്പിൽ വാജ്‌പേയി സർക്കാരിനു നേരിടേണ്ടിയിരുന്നത്; തൊഴിലില്ലായ്മ മാത്രം. എന്നിട്ടും അന്നു ബിജെപി തോറ്റു. അതുകൊണ്ടുതന്നെ, ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. കോൺഗ്രസ് വീണുപോയി എന്നതു സത്യം തന്നെ. പക്ഷേ, കളത്തിനു പുറത്തായിട്ടില്ല. ഇന്ത്യയുടെ രക്ഷയെ ഓർത്ത്, ‘കോൺഗ്രസ് മുക്തഭാരതം’ എന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ ഒരിക്കലും  മോദിയെ അനുവദിക്കില്ല. 

English Summary:

Congress has survived even greater crises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com