ADVERTISEMENT

കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും 41 ദിന മണ്ഡലകാലത്ത് അയ്യപ്പനെ കാണാൻ ശബരിമലയിലെത്തുന്നവർക്ക് 4 സെക്കൻഡ് എങ്കിലും പുണ്യദർശനം നടത്താൻ വഴിയെ‍ാരുക്കേണ്ടത് ഏറ്റവും അടിസ്ഥാനപരമായ ആവശ്യംതന്നെയാണ്. അതു തീർഥാടകരുടെ അവകാശവുമാണ്. പക്ഷേ, ഇപ്പോൾ സംഭവിക്കുന്നതെന്താണ്? സുഗമദർശനം സാധ്യമാവുന്നില്ലെന്നുമാത്രമല്ല, ചിലർക്കെങ്കിലും ദർശനംപോലും സാധിക്കാതെയും വരുന്നു. നിയന്ത്രണ സംവിധാനങ്ങളെല്ലാം പാളിയതിനെത്തുടർന്ന് ദർശനം കിട്ടാതെ, സന്നിധാനത്തെത്തുന്നതിനുമുൻപേ മടങ്ങിപ്പോകേണ്ട സങ്കടം പല ഭക്‌തർക്കുമുണ്ടായി. തീർഥാടനവുമായി ബന്ധപ്പെട്ടു വിമർശനവിധേയമായ ഏകോപനമില്ലായ്മയ്ക്ക് സർക്കാർ സംവിധാനങ്ങളും ദേവസ്വം ബോർഡും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പഭക്തരോടു മറുപടി പറയേണ്ടതുണ്ട്.

സമീപകാലത്തെ‍ാന്നും കാണാത്തവിധത്തിലുള്ള പ്രതിസന്ധിയാണ് ശബരിമല തീർഥാടകർ അനുഭവിക്കുന്നത്. മണിക്കൂറുകൾ നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടും വനപാതയിലെ അസൗകര്യങ്ങളുമെല്ലാം തീർഥാടകർ മറക്കുന്നത് തങ്കസൂര്യപ്രഭയോടെ തിളങ്ങുന്ന അയ്യപ്പന്റെ ദർശനത്തിലാണ്. ആ ദിവ്യദർശനം സാധിക്കാതെവരുമ്പോൾ അവരുടെ നെഞ്ചിലൂറുന്ന നഷ്ടബോധം അധികൃതർ അറിയാതെപോവുന്നതെന്തുകെ‍ാണ്ടാണ്? 

തിരക്കിൽ വീർപ്പുമുട്ടുകയാണു സന്നിധാനവും ശരണവഴികളും. പൊലീസ് സംവിധാനം തുടർച്ചയായി പാളുന്നതോടെ ദർശനത്തിനായി തീർഥാടകർക്കു ക്യൂ നിൽക്കേണ്ടിവരുന്നതു മണിക്കൂറുകളാണ്. ദർശനസമയം ഒരു മണിക്കൂർ കൂട്ടിയിട്ടും വേണ്ടത്ര പ്രയോജനമുണ്ടാവുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പതിനെട്ടാംപടി കയറി ദർശനം നടത്താൻ തീർഥാടകർക്ക് 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നു. ഭക്ഷണവും വെള്ളവും കിട്ടാതെയും സമയത്തു മരുന്നു കഴിക്കാനാവാതെയും വിഷമിച്ച തീർഥാടകരേറെയാണ്. കൊച്ചുകുട്ടികളും പ്രായമായവരും കൂടുതൽ തളരുന്നു. അയ്യപ്പദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതിനാൽ ഒട്ടേറെപ്പേർ ദിവസവും കുഴഞ്ഞുവീഴുന്നുണ്ട്. ദിവസവും ഹൃദ്രോഗബാധ കേസുകളുമുണ്ട്.  

തിരക്കുനിയന്ത്രണം ഉറപ്പാക്കണമെന്നു ഹൈക്കോടതി ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ ഏകോപനമില്ലായ്മ പ്രകടമാണ്. തീർഥാടകരുടെ ദുരിതം ഇന്നലെയും തുടർന്നു. പമ്പയിലെയും സന്നിധാനത്തെയും തിരക്കുകുറയ്ക്കാൻ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടതോടെ തീർഥാടകർ വഴിയിൽ കുടുങ്ങി. കെഎസ്ആർടിസി ബസുകളും വാഹനക്കുരുക്കിൽ അകപ്പെട്ടതോടെ, ദർശനം കഴിഞ്ഞവർക്കും നാട്ടിലേക്കു മടങ്ങാൻ ആവശ്യത്തിനു ബസ് ഇല്ലാതെ വന്നു. 

തിരക്കു കുറയ്ക്കാൻ തീർഥാടകരുടെ വാഹനങ്ങൾ എരുമേലി, മുക്കൂട്ടുതറ, കണമല, നാറാണംതോട്, ഇലവുങ്കൽ, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ മണിക്കൂറുകളോളം തടഞ്ഞിടുന്നതു വ്യാപകപ്രതിഷേധത്തിനു കാരണമാവുന്നു. വാഹനങ്ങൾ വഴിയിൽ തടയുന്ന സ്ഥലങ്ങളിൽ വെള്ളവും ലഘുഭക്ഷണവും തീർഥാടകർക്കു നൽകാൻ സൗകര്യം ഒരുക്കണം. ദേവസ്വം ബോർഡിന് ഇതിനു കഴിയുന്നില്ലെങ്കിൽ സന്നദ്ധ സംഘടനകളുടെ സഹായം ജില്ലാ ഭരണകൂടം തേടണം.  കോട്ടയം ജില്ലയിലെ വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ ഇടത്താവളങ്ങളിലും വാഹനങ്ങൾ പൊലീസ് തടയുകയുണ്ടായി. 

തിരക്കുനിയന്ത്രണത്തിന്റെ ചുമതലയിലുള്ള പെ‍‍ാലീസുകാർ ചെയ്യുന്ന സമർപ്പിതസേവനം മാനിച്ചു കെ‍ാണ്ടുതന്നെ ചോദിക്കാതെവയ്യ: പ്രതിദിനം ഏകദേശം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിന് 1800 പൊലീസുകാർ മതിയോ? ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ കഴിഞ്ഞ ദിവസം സേവനത്തിനുണ്ടായിരുന്നത് അറുനൂറിലേറെ പേർ മാത്രം. പുതിയതായി വന്നവരിൽ ശബരിമല ഡ്യൂട്ടി ചെയ്തു പരിചയമുള്ള പൊലീസുകാർ ഇല്ലാത്തതും പ്രശ്നമാകുന്നു. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. 

ശബരിമല തീർഥാടനത്തിൽ ജനത്തിരക്കു വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിർദേശം നൽകിയതു പ്രാവർത്തികമാകേണ്ടതുണ്ട്. തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. 

അധികം കാത്തുനിൽപില്ലാതെ പതിനട്ടാംപടി കയറാൻ അവസരം കിട്ടണമെന്നും സുഗമദർശനം സാധ്യമാകണമെന്നുമുള്ള പ്രാർഥനയാണ് തീർഥാടകർക്കുള്ളത്. ഇതിനകമുണ്ടായ വീഴ്ചകൾ തിരിച്ചറിഞ്ഞ്, തീർഥാടകക്ഷേമത്തിനായി ഒരു വിട്ടുവീഴ്‌ചയുമില്ലാത്ത നടപടികൾക്കു ദേവസ്വം ബോർഡും സർക്കാരും തയാറാകണം. വരും തീർഥാടനകാലങ്ങളിലെങ്കിലും തിരക്കുനിയന്ത്രണ സംവിധാനം കുറ്റമറ്റതാക്കാൻ ശാസ്ത്രീയപഠനം നടത്തുകയും വേണം.

English Summary:

Editorial about sabarimala darshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com