ADVERTISEMENT

മാതാപിതാക്കൾ സേവനത്തിന് അയച്ച മകളെ ശവപ്പെട്ടിയിലാണോ മടക്കി അയയ്ക്കേണ്ടത് ? 

കോടതി ഈ ചോദ്യമുന്നയിച്ചിട്ട് ‌ഏഴുമാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ‍അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വികാരനിർഭരമായ ഈ ചോദ്യമുന്നയിച്ചത്. തുടർന്ന്, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒട്ടേറെ  പ്രഖ്യാപനങ്ങൾ നടത്തി. അവ പൂർണമായും നടപ്പാക്കിയോ? ഇല്ല എന്നതാണു സത്യം. 

ഡോ. വന്ദന ദാസ്  കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ:

ആശുപത്രിസംരക്ഷണ നിയമഭേദഗതി കൊണ്ടുവരും, അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കും, പൊലീസ് ഔട്പോസ്റ്റ്, സിസിടിവി തുടങ്ങിയവ സ്ഥാപിക്കും. 

നടന്നത്:  ആശുപത്രി സംരക്ഷണബിൽ പാസാക്കി. മറ്റു വാഗ്ദാനങ്ങളൊന്നും പൂർണമായി നടപ്പായിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ചു പൊലീസ് നൽകിയ റിപ്പോർട്ടിലും നടപടിയില്ല. ഇപ്പോഴും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർ കയ്യേറ്റം ചെയ്യപ്പെടുന്നു. 

ആദ്യഘട്ടത്തിൽ, മെഡിക്കൽ‍ കോളജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും വനിതാ – ശിശു ആശുപത്രികളിലും പൊലീസ് ഔട്പോസ്റ്റ് സ്ഥാപിക്കുമെന്നാണു സർക്കാർ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് 18 ജില്ലാ ആശുപത്രികളും 18 ജനറൽ ആശുപത്രികളും 5 വനിതാ – ശിശു ആശുപത്രികളുമാണുള്ളത്. 11 ജില്ലാ ആശുപത്രികളിലും 4 വനിതാ – ശിശു ആശുപത്രികളിലും മുഴുവൻ സമയവും പ്രവർത്തിക്കുന്ന പൊലീസ് ഔട്പോസ്റ്റില്ല. ജനറൽ ആശുപത്രികളിലും സമാനസ്ഥിതി. താലൂക്ക് ആശുപത്രികളുടെ കാര്യം പറയുകയേ വേണ്ട. ഔട്പോസ്റ്റുകളോ സിസിടിവികളോ ഒന്നും സ്ഥാപിച്ചിട്ടില്ല. 

doctor

ആൾക്ഷാമംമൂലം ആരോഗ്യപ്രവർത്തകർ കടന്നുപോകുന്നത് കടുത്തസമ്മർദത്തിലൂടെ. കോട്ടയം ജില്ലയിലെ വെള്ളൂർ പിഎച്ച്സിയിൽ സമയത്തിനു ഭക്ഷണം കഴിക്കാനാകാതെ രോഗികളെ പരിശോധിച്ച ഡോക്ടർ കുഴഞ്ഞുവീണിട്ട് അധികനാളായില്ല. 

1000 പേർക്ക് ഒരു ഡോക്ടർ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. സംസ്ഥാനത്തെ ജനങ്ങളിൽ പകുതിപ്പേർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്നു കണക്കാക്കിയാൽ വേണ്ടത് 17,665 ഡോക്ടർമാർ. സംസ്ഥാനത്ത് 535 രോഗികൾക്ക് ഒരു ഡോക്ടറുണ്ടെന്നാണു സർക്കാർ പറയുന്നത്. ഏകദേശം 80,000 ഡോക്ടർമാർ സംസ്ഥാനത്ത് പ്രാക്ടിസ് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ആകെയുള്ളത് ഇതിന്റെ 8 ശതമാനം മാത്രം – 6164 ഡോക്ടർമാർ. 

അത്യാഹിതത്തിൽ മാത്രം വേണം 1096 ഡോക്ടർമാർ 

സംസ്ഥാനത്ത് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികൾ 137. ഇവിടെ ഓരോ ഷിഫ്റ്റിലും 2 ഡോക്ടർമാരെ വീതം നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. നടപ്പായില്ല. 137 ആശുപത്രികളിൽ 3 ഷിഫ്റ്റിലേക്ക് 2 ഡോക്ടർമാർ വീതം 822 പേർ വേണം. നൈറ്റ് ഷിഫ്റ്റ് വരുന്നതിനാൽ ഒരു ജോടി ഡോക്ടർമാർ അധികമുണ്ടെങ്കിലേ അത്യാഹിത വിഭാഗം സുഗമമായി പ്രവർത്തിക്കൂ. അതിനു പിന്നെയും വേണം 274 ഡോക്ടർമാർ. ആകെ 1096 പേർ. 

വിദ്യാർഥികളെ കാത്തിരിക്കുന്നതെന്ത്? 

മെഡിക്കൽ‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളജുകളിലും ഒട്ടേറെ ഒഴിവുകളാണുള്ളത്. ജൂനിയർ ലാബ് അസിസ്റ്റന്റ്, ഇഇജി ടെക്നിഷ്യൻ, ഇസിജി ടെക്നിഷ്യൻ, ഒപ്ടോമെട്രിസ്റ്റ്, റേഡിയോഗ്രഫർ തസ്തികകളിൽ ഒഴിവ് 151. ക്ലിനിക്കൽ വിഭാഗത്തിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ യഥാക്രമം 41, 45, 263 ഒഴിവുകളുണ്ട്. നോൺ ക്ലിനിക്കൽ വിഭാഗത്തിൽ യഥാക്രമം 5, 19, 73 എന്നിങ്ങനെ. ചില തസ്തികകളിലേക്കു മാത്രമാണ് കഴിഞ്ഞമാസം പിഎസ്​സി വിജ്ഞാപനം പുറപ്പെടുവിച്ചത്. 

മൂന്നു വർഷം മുൻപ് ഉത്തരവ് ഇറങ്ങിയിട്ടും ട്രയാജിന് എന്തുപറ്റി ? 

മെച്ചപ്പെട്ട ചികിത്സ രോഗികൾക്കു സമയനഷ്ടം കൂടാതെ ലഭിക്കുന്നതിനു വിദേശരാജ്യങ്ങളിലടക്കം വിജയകരമായി നടപ്പാക്കിയ സമ്പ്രദായമാണ് ട്രയാജ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് ചുവപ്പ്, മഞ്ഞ, നീല, പച്ച, കറുപ്പ് എന്നിങ്ങനെ 5 വിഭാഗങ്ങളായി തിരിച്ച് ഡോക്ടറുടെ അടുത്തേക്ക് അയയ്ക്കുന്ന രീതിയാണിത്.  ഇതനുസരിച്ച്, ഡോക്ടറുടെ അടുത്തെത്തും മുൻപു തന്നെ നഴ്സ് രോഗികളുടെ ചികിത്സാ മുൻഗണന തീരുമാനിച്ച് ഏതു വിഭാഗത്തിലേക്കു പോകണമെന്ന നിർദേശം നൽകും. സംസ്ഥാനത്തു ട്രയാജ് നടപ്പാക്കണമെന്ന് നിർദേശിച്ച് 3 വർഷം മുൻപ് ഉത്തരവിറങ്ങിയെങ്കിലും ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ആരംഭിച്ചത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവാണ് പ്രധാനകാരണം.  

treatment

അപകടങ്ങളിൽപെടുന്നവർക്കു മാത്രമല്ല, രോഗത്തിന്റെ തീവ്രതയനുസരിച്ചു മറ്റുള്ളവർക്കും  മതിയായ ചികിത്സ നൽകാൻ ട്രയാജ് സംവിധാനം സഹായിക്കും.  

 പനിക്കു ചികിത്സ തേടിയെത്തുന്ന രോഗിക്കും തനിക്ക് ഏറ്റവും ആദ്യം ചികിത്സ കിട്ടണമെന്നായിരിക്കും ആഗ്രഹം. അപ്പോഴാകും അപകടത്തിൽ പരുക്കേറ്റവരെ എത്തിക്കുന്നത്. സ്വാഭാവികമായും ആരോഗ്യപ്രവർത്തകർ അതിനു പിന്നാലെ പോകും. അതു തന്നെയാണു ചെയ്യേണ്ടതും. പക്ഷേ, പനിക്കു ചികിത്സ തേടിയെത്തിയ ആളെ വേണ്ടെന്നു വയ്ക്കാനാകുമോ? ഇത്തരം സാഹചര്യങ്ങളിലാണ് ട്രയാജ് സംവിധാനത്തിന്റെ പ്രസക്തി. 

പക്ഷേ, ഇപ്പോഴത്തെ സർക്കാർ സംവിധാനങ്ങൾകൊണ്ട് ഇതു സാധ്യമാകില്ല. ആവശ്യത്തിനു കിടക്കകൾ ഇല്ലാത്തതും പ്രശ്നമാണ്. 

ഒരു രോഗിക്കായി ചെലവഴിക്കാൻ രണ്ടു മിനിറ്റിൽ താഴെമാത്രം

പ്രധാന സർക്കാർ ആശുപത്രികളിൽ പ്രതിദിനം എത്തുന്നത് രണ്ടായിരത്തോളം രോഗികൾ. ഒരു ഒപി ഡോക്ടർക്ക് ഒരു രോഗിക്കു നൽകാനാകുന്ന  സമയമാകട്ടെ 2 മിനിറ്റിൽ താഴെയും.  

two-minutes

ആശുപത്രികളുടെ പ്രവർത്തനസമയം, ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസർമാരുടെ ഉത്തരവാദിത്തങ്ങൾ‍ തുടങ്ങിയവ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായത് കഴിഞ്ഞ മാസമാദ്യം. രോഗികൾക്കു കൃത്യമായ പരിചരണം ലഭിക്കാൻ ശാസ്ത്രീയമായി സ്റ്റാഫ് പാറ്റേൺ പുതുക്കണം. എന്നാൽ, താൽക്കാലിക നിയമനം നടത്തി തടിതപ്പാനാണു സർക്കാർ ശ്രമിക്കുന്നത്. 

കുറവ് 8000 നഴ്സുമാർ  

സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതിനാൽ സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരില്ല. 20,000 നഴ്സുമാർ വേണ്ടിടത്ത് ഉള്ളത് 12,000 പേർ മാത്രം. തൃശൂർ മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സയ്ക്ക് അനുവദിച്ചിട്ടുള്ളത് 436 കിടക്കകൾ. പക്ഷേ, പലപ്പോഴും ഉപയോഗിക്കുന്നത് 1436 കിടക്കകൾ വരെ.  മറ്റു മെഡിക്കൽ കോളജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 

English Summary:

Health @ ICU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com