ADVERTISEMENT

ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നിനെക്കുറിച്ചാണു പറയാൻ പോകുന്നത്. ദുരൂഹത എന്നു കേൾക്കുമ്പോൾതന്നെ അതിൽ കാലം, സ്ഥലം, ശാസ്ത്രം, യുക്തി തുടങ്ങി പല കാര്യങ്ങളും പ്രവർത്തിക്കില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

കഴിഞ്ഞദിവസം വാട്സാപ്പിലൂടെ വിഡിയോയായാണ് ഇൗ ദുരൂഹതയെക്കുറിച്ചുള്ള വിവരം കിട്ടിയത്. വിഡിയോയിൽ പറയുന്നത് ഇങ്ങനെ: 1954 സെപ്റ്റംബർ നാലിനു വെസ്റ്റ് ജർമനിയിലെ ആച്ചൻ എന്ന സ്ഥലത്തുനിന്ന് 88 യാത്രക്കാരും നാലു ജീവനക്കാരുമായി സാന്റിയാഗോ എയർലൈൻസിന്റെ 513–ാം നമ്പർ വിമാനം പുറപ്പെടുന്നു. ലക്ഷ്യസ്ഥാനം ബ്രസീലിലെ പോർട്ടോ അലഗ്രോ.

ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനം കാണാതായി. പിന്നീടു പതിറ്റാണ്ടുകളോളം ഒരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. കഥയുടെ ഇത്രയും ഭാഗം നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായിട്ട് എട്ടു വർഷമായി. ഇതുവരെ കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല. വിമാനങ്ങൾ ഇത്തരത്തിൽ പലപ്പോഴും അപ്രത്യക്ഷമായിട്ടുണ്ട്.

എന്നാൽ, സാന്റിയാഗോ ഫ്ലൈറ്റ് 513ന്റെ കാര്യത്തിൽ വമ്പൻ ട്വിസ്റ്റുണ്ടായത് 35 വർഷത്തിനുശേഷമാണ്. 1989 ഒക്ടോബർ 12ന്, വ്യോമഗതാഗതവുമായി ബന്ധപ്പെട്ട സകലമനുഷ്യരെയും അദ്ഭുതപ്പെടുത്തി ആ വിമാനം പോർട്ടോ അലഗ്രോയിൽ സുരക്ഷിതമായി വന്നിറങ്ങി. സെക്യൂരിറ്റി ടീം പരിശോധിച്ചപ്പോൾ വിമാനത്തിലെ 92 പേരും മരിച്ച് അസ്ഥികൂടങ്ങൾ മാത്രമായിക്കഴിഞ്ഞിരുന്നു. 92 അസ്ഥികൂടങ്ങൾ സീറ്റ്ബെൽറ്റ് ധരിച്ച നിലയിൽ വിമാനത്തിലിരിക്കുന്നു. പൈലറ്റ് മിഗേൽ വിക്ടർ കറിയുടെ കൈകൾ (അസ്ഥി) അപ്പോഴും വിമാനത്തിന്റെ കൺട്രോൾ സിസ്റ്റത്തിലും! 

malaysia-airlines-flight-mh370-newspaper-cutting

തുടക്കത്തിൽ പറഞ്ഞതുപോലെ ശാസ്ത്രം, യുക്തി തുടങ്ങിയവയ്ക്കൊന്നും നിരക്കുന്നതല്ല ഇൗ കെട്ടുകഥയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, ഇതു സംബന്ധിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിനു പേരാണു കണ്ടിട്ടുള്ളത്. ലക്ഷക്കണക്കിനു വാട്സാപ് ഗ്രൂപ്പുകളിലും ഇതു കറങ്ങിയിട്ടുണ്ടാകും. ഇങ്ങനെയൊക്കെ ശരിക്കും സംഭവിച്ചിട്ടുണ്ടാകാമെന്ന് അതിൽ എത്രപേർ വിശ്വസിച്ചിട്ടുണ്ടാകും? ഇൗ സംഭവം ശരിയാണോ എന്ന സംശയവുമായാണ് പലരും ഇൗ ലേഖകനു വിഡിയോ വാട്സാപ്പിൽ അയച്ചുതന്നതുതന്നെ! 

സ്ഥലകാലങ്ങളെ മറികടക്കുന്ന യാത്രാപഥം എന്ന സങ്കൽപം അവതരിപ്പിക്കുന്ന wormhole theory സംബന്ധിച്ചു സൂചിപ്പിച്ചുകൊണ്ടാണ് ഇൗ സംഭവം യഥാർഥമാണെന്നു വിഡിയോയിൽ വിവരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇൗ സിദ്ധാന്തം ഒരു യാഥാർഥ്യമല്ല. അല്ലെങ്കിൽ, സമയത്തെയും കാലത്തെയും മറികടന്നു സഞ്ചരിക്കാൻ കഴിയുന്ന ആ വേംഹോൾ പാത ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അതിലൂടെ ഒരു വിമാനം 35 വർഷം സഞ്ചരിച്ചു തിരിച്ചെത്തുക എന്നത് അസാധ്യവും. 

അപ്പോൾ, ആധികാരികമെന്നു തോന്നിക്കുന്ന രീതിയിലുള്ള ഇൗ വ്യാജകഥ ഇപ്പോഴും പ്രചരിക്കുന്നതിനു പിന്നിൽ എന്താകും? അമേരിക്കയിൽ പ്രസിദ്ധീകരിച്ചിരുന്ന വീക്‌ലി വേൾഡ് ന്യൂസ് എന്ന ടാബ്ലോയ്ഡ് പത്രത്തിൽ 1989 നവംബർ 14നു പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇൗ കഥയ്ക്കു പിന്നിൽ. 

വിഡിയോയിൽ കേട്ട അതേ കഥയാണു വാർത്തയിൽ പറയുന്നത്. വീക്‌ലി വേൾഡ് ന്യൂസ് എന്ന ഇൗ പത്രത്തിനു പക്ഷേ, ഒരു പ്രത്യേകതയുണ്ട്. 2007ൽ പ്രസിദ്ധീകരണം അവസാനിപ്പിച്ച ഇൗ പത്രത്തിൽ വന്നതെല്ലാം സാങ്കൽപിക വാർത്തകളാണ്! ഒന്നും യഥാർഥമല്ല. സകലതും ഭാവന. ‘തിളങ്ങുന്ന വ്യാജവാർത്തയുടെ ദീപസ്തംഭം’ എന്നായിരുന്നു പത്രത്തെ ഒരുകാലത്തു വിശേഷിപ്പിച്ചിരുന്നതു തന്നെ.

കാണാതായി വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ മറ്റൊരു വിമാനത്തെക്കുറിച്ചും ഇൗ പത്രം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാരെ രസിപ്പിക്കാൻ ഓരോരോ തമാശകൾ പടച്ച് അച്ചടിച്ചുവിടുകയാണെന്നും യാഥാർഥ്യവുമായി അവയ്ക്കു പുലബന്ധം പോലുമില്ലെന്നും അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യം മറച്ചുവച്ചാണ് ഐൻസ്റ്റൈനെയൊക്കെ കൂട്ടുപിടിച്ച് ചിലർ ഇല്ലാക്കഥകൾ സത്യമെന്ന മട്ടിൽ വിഡിയോയായി സൃഷ്ടിച്ചതും മറ്റു ചിലർ അതു പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നതും! അച്ചടിപ്പത്രം നിർത്തിയെങ്കിലും വീക്‌ലി വേൾഡ് ന്യൂസ് ഓൺലൈൻ നിലവിലുണ്ട്, അവിടെ രസികൻ സങ്കൽപകഥകളും!

English Summary:

Vireal special column fact check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com