ADVERTISEMENT

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും മാർഗനിർദേശങ്ങളോടും കൂടി ആരംഭിച്ചതാണു ശിവഗിരി തീർഥാടനം. മഹനീയമായ ഗുരുസ്മൃതിയിൽ, 91–ാം തീർഥാടന സമ്മേളനങ്ങൾക്ക് ഇന്നു ശുഭാരംഭം കുറിക്കുന്നു. ആലുവ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശിവഗിരി സ്കൂളിന്റെയും ശതാബ്ദിവേളകളുടെ പശ്ചാത്തലത്തിലാണെന്നത് ഇത്തവണത്തെ തീർഥാടനത്തെ അനന്യമാക്കുന്നുണ്ട്. ഗുരുശിഷ്യനായ മഹാകവി കുമാരനാശാന്റെ 150–ാം ജന്മവാർഷികവും ദേഹവിയോഗത്തിന്റെ ശതാബ്ദിയും ഇതേ വേളയിലാണ്.

അറിവിന്റെ ചൈതന്യവത്തായ തീർഥാടനമാണു ശിവഗിരിയിലേത്; ഗുരുദർശനങ്ങളിലേക്കുള്ള ആത്മീയ ആന്തരികയാത്രയും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമഗ്രമായ ഉന്നമനമെന്ന ഗുരുദർശനം തന്നെയാണു ശിവഗിരി തീർഥാടനത്തിന്റെ ലക്ഷ്യം; ജാതിമത ഭേദചിന്തകൾക്ക് അതീതമായി മനുഷ്യരെ ഉണർത്തിയെടുക്കുക എന്നത് അടിസ്ഥാനപ്രമാണവും. മനുഷ്യനന്മയ്ക്കു വേണ്ടിയുള്ള വലിയ ദൗത്യത്തിനു പ്രാരംഭം കുറിച്ച ആ കാൽവയ്പ് ഇന്ന് ആത്മീയാന്വേഷകരായ ലക്ഷക്കണക്കിനുപേർ വ്രതശുദ്ധിയോടെ പങ്കെടുക്കുന്ന മഹാതീർഥാടനമായിക്കഴിഞ്ഞു. 

ഗുരുവിന്റെ വിശ്വോത്തരദർശനം ഭാരതത്തിലും ലോകത്തിലും എത്തിക്കുന്ന മഹത്തായ പ്രസ്‌ഥാനമായി ശിവഗിരി തീർഥാടനം രൂപാന്തരപ്പെടുമ്പോൾ കൈകൂപ്പുകയാണു കാലം. മതനിരപേക്ഷതയ്ക്കും നാനാത്വത്തിലെ ഏകത്വത്തിനും മുൻപെന്നത്തെയുംകാൾ പ്രസക്തിയേറുന്ന ഈ വേളയിൽ, ദേശകാലാതിവർത്തിയായ ഗുരുസന്ദേശങ്ങൾ ആധാരശിലയാവുന്ന ശിവഗിരി തീർഥാടനം കൂടുതൽ പ്രശോഭിതമാവുന്നു.

ശ്രീനാരായണഗുരു 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാകട്ടെ ആഴമുള്ള മറ്റെ‍ാരു ഓർമപ്പെടുത്തലാവുന്നു. ഗുരുദർശനങ്ങളെല്ലാം മനുഷ്യർക്കുവേണ്ടിയാണ്; മതം സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെല്ലാം മനുഷ്യോന്നമനത്തിനു വേണ്ടിയും. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതംകൊണ്ട് എന്തു പ്രയോജനമെന്ന് അദ്ദേഹമെ‍ാരിക്കൽ ചോദിച്ചത് ഇന്നും മുഴക്കത്തോടെ നമുക്കു കേൾക്കാനാവും. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നെ‍ാക്കെ ഗുരു പറഞ്ഞതു കാലത്തിനു കേൾക്കാനുള്ള വിളംബരങ്ങൾതന്നെയാണ്.

ശ്രീനാരായണഗുരു കൊളുത്തിയ പ്രബുദ്ധതയുടെ വെളിച്ചം ലോകം ഏറ്റെടുക്കണമെന്നു മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ഓർമിപ്പിച്ചത് സർവമത സമ്മേളന ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ്. സദ്ഗതി പകരുന്ന ആ മാർഗം തിരിച്ചറിയുകയാണു സമകാലികരുടെ ദൗത്യമെന്നും ലോകത്തിന്റെ അശാന്തിക്കും അനിശ്ചിതത്വത്തിനും അതു പരിഹാരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. കാലത്തിനു മുൻപേ നടന്ന ഗുരുവിന്റെ ദർശനങ്ങളുടെയടക്കം ഫലസ്വരൂപമാണ് ഇന്നു കാണുന്ന ഇന്ത്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഏപ്രിലിൽ പറഞ്ഞത് ഇതോടു ചേർത്തുവയ്ക്കുകയും ചെയ്യാം. 

സാമൂഹിക ജീവിതത്തിലും വിജ്‌ഞാന സമ്പാദനത്തിലും രാഷ്‌ട്രീയചിന്തകളിലുമൊക്കെ കേരളം നേടിയ മേൽക്കൈകൾ ഗുരുസന്ദേശങ്ങളുടെ പവിത്രജ്വാലയിൽ ഊതിക്കാച്ചിയെടുത്തതാണ്. വരുംകാലത്തിനും നവകേരളത്തിനും കൂടിയുള്ളതാണ് ഗുരുദർശനങ്ങൾ. ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന ഗുരുസന്ദേശം അത്രമേൽ പ്രസക്തിയോടെ എന്നും നമുക്കു വഴികാട്ടുന്നുണ്ടല്ലോ. 

മലയാള മനോരമയുടെ ശതാബ്ദി 1988ൽ ആഘോഷിച്ചപ്പോൾ, പിന്നിട്ട ഒരു നൂറ്റാണ്ടിൽ കേരളീയ ജീവിതത്തിൽ ആഴത്തിൽ പാദമുദ്രകൾ വീഴ്ത്തിയ നൂറു മഹാരഥരെ തിരഞ്ഞെടുത്തു ശതാബ്ദിപ്പതിപ്പിലൂടെ അവതരിപ്പിച്ചിരുന്നു. സി.അച്യുതമേനോൻ, എൻ.വി.കൃഷ്ണവാരിയർ, എ.പി.ഉദയഭാനു എന്നീ പ്രഗല്ഭമതികളുടെ സമിതിയാണ് ആ പട്ടിക തയാറാക്കിയത്. പിന്നിട്ട നൂറു വർഷങ്ങളുടെ പ്രകാശദീപമായി ആ നൂറു പേരിൽനിന്ന് ഒരാളെ കണ്ടെത്താൻ സമിതിക്കൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല: ശ്രീനാരായണഗുരു. 

കാലാതീത മാർഗതാരമാണു ഗുരു. സങ്കീർണമായ ഓരോ സന്ധിയിലും ഗുരുദർശനങ്ങൾ നമുക്കു കൃത്യമായ വഴികാട്ടുന്നു. ഈ ശിവഗിരി തീർഥാടനവേള കേരളത്തിന് ഉള്ളറിവിന്റെ തെളിച്ചം തരുന്ന ഗുരുസന്ദേശസ്മൃതിയാവുന്നതും അതുകെ‍ാണ്ടുതന്നെ. സർവമത സമ്മേളനത്തിന്റേതടക്കമുള്ള വിവിധ ശതാബ്ദിമുദ്രകളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തീർഥാടനത്തിനു വലിയ ചരിത്രപ്രാധാന്യംകൂടി കൈവരികയാണ്.

English Summary:

Editorial about Sivagiri Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com