കേരളം, ജീവിതം, ഭാവി: അഭിപ്രായം

Mail This Article
∙ 01–20
നേരിട്ട് മിണ്ടുന്നതാണ് ഇഷ്ടം
(നേരിട്ടു തല്ലുപിടിക്കുന്നത് വേറെ വൈബ് ആണ്)
തന്മയ സോൾ
(ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.)

2024 നോട് ഒന്നു ചോദിക്കട്ടെ?
എന്തിനാണീ പരീക്ഷകൾ. ആ പഴഞ്ചൻ രീതിയൊന്ന് മാറ്റിപ്പിടിച്ചുകൂടേ?
ഞങ്ങളുടെ തലമുറയ്ക്കു സോഷ്യൽ മീഡിയയും മറ്റുമായി വൻ അവസരങ്ങളല്ലേ എന്നു ചിലർ ചോദിക്കും. ഞങ്ങൾക്കു തൊട്ടടുത്ത പട്ടണത്തിലെ സ്കൂൾപോലും ഒരവസരമാണ്. ഞാൻ വീട്ടിൽനിന്നു ദൂരെ തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ എട്ടാം ക്ലാസിലാണു പഠിക്കുന്നത്. എന്താ ദൂരെ വന്നു പഠിക്കുന്നതെന്നു ചോദിച്ചാൽ, പട്ടണത്തിലെ സ്കൂളിലാകുമ്പോൾ ഒരുപാടു പരിപാടികളിൽ പങ്കെടുക്കാനാകും. പുതിയ കാഴ്ചകളും അറിവും കിട്ടും. അതൊക്കെ അനുഭവവും പരിചയവും കൂട്ടും. മൊബൈലും ഇന്റർനെറ്റും മാത്രമല്ലെന്നേ, സ്കൂളുകൾപോലും ഞങ്ങൾക്കു മുന്നിൽ തുറന്നിടുന്നത് വിശാല അവസരങ്ങളുടെ ‘വിൻഡോസ്’ ആണ്. ഒരുപക്ഷേ, വീട്ടിൽ കഴിയുന്നതിനെക്കാൾ കൂടുതൽ സമയം ലൈവ് ആയിരിക്കുന്നതു സ്കൂളിലാണ്. (വീട്ടിലുള്ള സമയം ഭൂരിഭാഗം ഉറക്കത്തിലാണല്ലോ).
സ്കൂളിൽ ഹെൽത്തി കോംപറ്റീഷനുണ്ട്. ഏതെങ്കിലുമൊരു ചാപ്റ്റർ മനസ്സിലായില്ലെങ്കിൽ എല്ലാവരും ചേർന്ന് പറഞ്ഞു കൊടുക്കും. ഒരു പ്രശ്നം വന്നാൽ എല്ലാവരും സഹായിക്കും. ഈ സഹായവും സഹകരണവും സ്കൂളിൽ മാത്രമല്ല, നാട്ടിലുമുണ്ട്. എനിക്കു സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചപ്പോൾ, സ്വന്തം വീട്ടിലെ കുട്ടിക്ക് അവാർഡ് കിട്ടിയതുപോലെ സന്തോഷിക്കുന്നവരെ കണ്ടു. അത് അടിപൊളിയല്ലേ?
ഒന്നു ചോദിക്കാതെ വയ്യ. ഈ പരീക്ഷയൊക്കെ എന്തിനു വേണ്ടിയുള്ളതാ! പുസ്തകവും മറ്റും നന്നായി ഫോളോ ചെയ്യുന്ന ഒരാൾക്കു പരീക്ഷ വേണോ? പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാൻ അനുവദിച്ചാൽപോലും അതു വ്യക്തമായി പഠിച്ച ഒരാൾക്കല്ലേ, പാഠഭാഗങ്ങൾ എവിടെയെന്നു കൃത്യമായി അറിയാനാകൂ? പരീക്ഷാരീതിയിൽ ക്രിയേറ്റീവ് ആയ മാറ്റം വരണം. ക്ലാസിലും പുറത്തുമുള്ള പെരുമാറ്റം, മറ്റുള്ളവരോടുള്ള സഹകരണ മനോഭാവം, വ്യക്തിപരവും സാമൂഹികവുമായ വൃത്തി, പ്രകൃതി, പരിസരം എന്നിവയിലെ ഒരാളുടെ ഇടപെടലുകളൊക്കെ പരിഗണിക്കണം.
പിന്നെ സോഷ്യൽ മീഡിയയുടെ കാലമാണ്. അത് എങ്ങനെ യുക്തിപരമായി ഉപയോഗിക്കണമെന്ന് അറിയാത്ത ഒട്ടേറെപ്പേർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുതിർന്നവർകൂടി ഇടപെട്ട് വഴിതെളിക്കേണ്ട കാര്യമാണ്. പക്ഷേ, മുതിർന്നവർ എപ്പോഴും സോഷ്യൽ മീഡിയയിലാണ്. ഞാൻ സോഷ്യൽ മീഡിയയിൽ കുത്തിയിരിക്കുന്നയാളല്ല. യു ട്യൂബിൽ പാഠഭാഗങ്ങൾ നോക്കാറുണ്ട്. 8–ാം ക്ലാസിൽ പുതിയ സ്കൂളായി. പഴയ കൂട്ടുകാരോടു സംസാരിക്കാൻ ഫോൺ വേണം. പക്ഷേ, എനിക്കെപ്പോഴും നേരിട്ടു മിണ്ടുന്നതാണ് ഇഷ്ടം. അവരുടെ റിയാക്‌ഷനുകൾ, ചിരിയൊക്കെ നേരിട്ടുകാണണം. ടെക്സ്റ്റ് മെസേജിലും വാട്സാപ്പിലുമൊന്നും ആ സുഖമില്ല. നേരിട്ടു തല്ലുപിടിക്കുന്നതു വേറെ വൈബ് ആണ്.!
മൊബൈൽ കുറെനേരം ഉപയോഗിച്ചാൽ സമയം കളഞ്ഞല്ലോയെന്നോർത്തു കുറ്റബോധം തോന്നാറുണ്ട്.

നിങ്ങൾക്കറിയാമോ, ഈ പ്രായത്തിലും എനിക്കു ഹേറ്റ് കമന്റ്സ് വരും. അത് ഒരു ഫീഡ് ബാക്ക് ആണ്. എങ്ങനെ മുന്നോട്ടു പോകണം എന്നതിനുള്ള പ്രചോദനവും. ആണോ പെണ്ണോ ആകട്ടെ, എന്തിനോടും നന്നായി റിയാക്ട് ചെയ്തു സംസാരിക്കണം. കുറച്ച് കൂടി വോയ്സ് എടുക്കണം. 2024ൽ അത്തരം ശബ്ദങ്ങൾ ഉറക്കെ കേൾക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു.
∙ 20 പ്ലസ്
കീറിക്കളയാനാവാത്ത വെള്ളക്കടലാസ്!
അഖിൽ പി.ധർമജൻ.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്
2024നോട് ഒന്നു ചോദിക്കട്ടെ?
നാടുവിട്ടു കുടിയേറുന്ന യുവത്വത്തെ തിരിച്ചുകൊണ്ടുവരാൻ എന്തുചെയ്യും?
ഈ യൗവനത്തിന് എന്തൊരു തിളക്കമാണ്.
ഒറ്റ ക്ലിക്കിൽ ലോകത്തിന്റെ ഏതറ്റത്തേക്കും ഏതൊരാളിലേക്കും എത്താവുന്ന വേഗത്തിന്റെ സൗന്ദര്യം. നിർമിതബുദ്ധിയും ചാറ്റ് ജിപിടിയുമൊക്കെ ജീവിതം മാറ്റിയെഴുതുന്ന യുഗം. ഡീപ്ഫെയ്ക്കുകൾ പതിയിരിക്കുന്ന വഴിത്താരകൾ... അങ്ങനെയെന്തെല്ലാം.
ഞങ്ങളുടെ തലമുറയ്ക്കു കിട്ടിയ ഒരു ഭാഗ്യം; അകലെയുള്ള പ്രിയപ്പെട്ടവർക്കു പണ്ട് ഞങ്ങൾ വർണക്കടലാസുകളിൽ കത്തെഴുതിയിട്ടുണ്ട്. മറുപടി കാത്തിരുന്നിട്ടുണ്ട്. റേഡിയോയിൽ പാട്ടുകേട്ടിട്ടുണ്ട്. തപാൽവഴി ന്യൂഇയർ കാർഡുകൾ ഞങ്ങളെത്തേടിയെത്തിയിട്ടുണ്ട്.. അതിന്റെ നൊസ്റ്റാൾജിയ കൈവിടാത്ത ഞങ്ങൾക്കുതന്നെ ഓർക്കുട്ട്, ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റ കാലത്ത് ഫോണിലെ ഒറ്റ ക്ലിക്കിൽ സൗഹൃദങ്ങൾ ആഘോഷിക്കാം. മറുപടിക്കത്തിനു ദിവസങ്ങളോളം കാത്തിരുന്നവർ പല രാജ്യങ്ങളിലിരുന്നു മുഖാമുഖം സംസാരിച്ചുതുടങ്ങി.

അതിരുകളില്ലാത്ത സൗഹൃദം; അതല്ലേ ഞങ്ങളുടെ ഈ കാലഘട്ടത്തിന്റെ കരുത്തും സൗന്ദര്യവും. എന്നാൽ ഈ കൂട്ടായ്മകൾ, സൗഹൃദങ്ങൾ വെറും പുറംപൂച്ചാണെന്നു കരുതുന്നവരുണ്ട്. സൗഹൃദങ്ങൾക്ക് ആഴങ്ങളില്ലെന്നും ടച്ച്സ്ക്രീൻ യുഗത്തിൽ ആരും ആർക്കുവേണ്ടിയും ഒരു കരുതലും കാത്തുവയ്ക്കുന്നില്ലെന്നും വിമർശിക്കുന്നവരുമുണ്ട്. പക്ഷേ, അതങ്ങനെയാണോ?
എന്റെ ഒരനുഭവം പറയാം. സ്കൂൾകാലത്ത് ഞാനെഴുതിയ കഥകളിൽ മിക്കതും വെളിച്ചം കാണാതെ കീറിയെറിയപ്പെട്ടു. ചിലതു ഞാനും ചിലത് അധ്യാപകരും. പക്ഷേ, എഴുത്ത് കൈവിട്ടില്ല. ഒടുവിൽ ടെക്നോ യുഗത്തിലെത്തിയപ്പോൾ കീറിക്കളയാനാവാത്ത ‘വെള്ളക്കടലാസ്’ എന്റെ കയ്യിൽ കിട്ടി. ഒരു കൈത്തല വടിവിൽ ഒതുങ്ങുന്നൊരു കടലാസ് – മൊബൈൽ സ്ക്രീൻ. എഴുതാം, വായിക്കാം, മായ്ക്കാം, വീണ്ടുമെഴുതാം അങ്ങനെയെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം.
ഫെയ്സ്ബുക്കിൽ നോവൽ എഴുതിത്തുടങ്ങിയത് അങ്ങനെയാണ്; ‘ഓജോ ബോർഡ്’ എന്ന പേരിൽ. അതു പലഭാഗങ്ങളായി എഴുതപ്പെട്ടു, വായിക്കപ്പെട്ടു. വായിച്ചവർ ആരൊക്കെയെന്നുപോലും നമുക്കറിയില്ല. പക്ഷേ, നോവൽ കഴിഞ്ഞപ്പോൾ അതു പുസ്തകമാക്കണം എന്നാവശ്യപ്പെട്ടു കമന്റുകൾ വന്നതും കാര്യമാക്കിയില്ല. അത് എന്നെക്കൊണ്ടു കൂട്ടിയാൽ കൂടില്ല എന്നതായിരുന്നു കാരണം. പക്ഷേ, നമ്മൾ നേരിട്ടു കാണാത്തവർ, നമുക്കു നേരിട്ടു ബന്ധമില്ലാത്തവർപോലും നൂറും ഇരുനൂറും രൂപവീതം ക്രൗഡ് ഫണ്ടിങ് നടത്തി. എന്റെ നാട്ടിലുള്ള ഒരാൾവഴി എത്തിച്ചു. മുഖപുസ്തകത്തിലെ നോവൽ പുസ്തകമായി മാറുന്ന കൂടുമാറ്റം എന്ന മായാജാലം സംഭവിച്ചു. അതെ, എഫ്ബി കൂട്ടുകാരാണ് ഓജോ ബോർഡ് എന്ന നോവലിന്റെ ആദ്യ എഡിഷന്റെ അവകാശികൾ!
ഞാൻ പറഞ്ഞില്ലേ, ഞങ്ങളുടെ ഈ തലമുറയ്ക്ക് എന്തൊരു കരുതലാണ്.? തിളക്കമാണ്, ഊർജമാണ്. ഈ യുവതയല്ലേ നമ്മുടെ നാടിന്റെ രാജ്യത്തിന്റെ കരുത്ത്.
പക്ഷേ, പറയാതെ വയ്യ! മലയാളനാട്ടിലെ ഈ യുവത്വം എവിടെപ്പോകുന്നു? വീടുകളുടെ വാതിലും നാട്ടിലേക്കു തുറക്കുന്ന ജനാലകളും അടച്ചിട്ട്, ജോലിയുടെ കൂടുതേടി വിദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലാണിവർ. ഞങ്ങളുടെ തലമുറയിൽ എത്രയോ പേർ അങ്ങനെ രാജ്യം വിട്ടിരിക്കുന്നു?
ആദ്യകാലത്ത് സുഹൃത്തുക്കളൊക്കെ വിദേശത്തേക്കു പോകുന്നതു കാണുമ്പോൾ സന്തോഷമായിരുന്നു. അവരും കുടുംബവും സാമ്പത്തികമായി മെച്ചപ്പെടുമല്ലോ എന്ന ആനന്ദം. പക്ഷേ, പതിയെപ്പതിയെ എല്ലാവരും നാടുവിട്ടുപോകുന്നു. എല്ലാവരും പറയുന്നത് ഒരേകഥ – ‘ജീവിക്കണ്ടേടാ’. എപ്പോഴാണ് നമ്മുടെ നാട് ജീവിക്കാൻ കൊള്ളാത്ത ഇടമായിത്തോന്നിയത്? ഒരേയൊരുത്തരം നമ്മുടെ തൊഴിൽ സംസ്കാരമാണ്. കഷ്ടപ്പെട്ടാലും ജീവിക്കാനുള്ളതു കിട്ടാത്ത തൊഴിലുകൾ. സമരവും സാമ്പത്തികപ്രതിസന്ധിയും മൂലം പൂട്ടിപ്പോയ സംരംഭങ്ങൾ.
പുതുതലമുറയ്ക്ക് അഭിമാനത്തോടെ തൊഴിൽ ചെയ്യാനും നെഞ്ചുറപ്പോടെ സംരംഭങ്ങൾ തുടങ്ങാനും കഴിയുന്നൊരു കാലമുണ്ടെങ്കിൽ നമ്മുടെ ഈ യുവതയും അതിന്റെ തിളക്കവും ഈ നാട്ടിൽത്തന്നെയുണ്ടാകും. ആ പ്രതീക്ഷയാണ് 2024ൽ എന്റെ തലമുറ മുന്നോട്ടുവയ്ക്കുന്നത്.

∙ 40 പ്ലസ്
ഞങ്ങൾ, അപ്ഡേറ്റഡ് വേർഷൻ 2.24!
കെ.രേഖ
എഴുത്തുകാരി, അധ്യാപിക
2024നോട് ഒന്നു ചോദിക്കട്ടെ?
തിരുട്ടുഗ്രാമത്തിലെ മനുഷ്യർപോലും മറ്റുള്ളവരെ കബളിപ്പിക്കാതിരിക്കാനുള്ള വിദ്യ അഭ്യസിക്കുന്ന കാലം വരുമോ?
മകന്, തുടർപഠനപ്രവേശനത്തിനുള്ള അപേക്ഷ വാങ്ങാൻ കോട്ടയത്തെ സ്കൂളിന്റെ രണ്ടാം നിലയിലെ ഓഫിസിൽ നിൽക്കുമ്പോഴാണ് അതു കണ്ടത്. താഴത്തെ നിലയിൽ ഒരു പത്തുവയസ്സുകാരി അവളുടെ സഹപാഠിയായ ആൺകുട്ടിയെ കാൽമുട്ടുകൊണ്ട് തൊഴിക്കുന്നു! മകൻ ആ സ്കൂളിൽ പഠിച്ചാൽ മതിയെന്നു തീരുമാനിക്കാൻ പിന്നെ പ്രയാസമുണ്ടായില്ല.
ആ കാഴ്ചയിലെ ‘വയലൻസ്’ മാറ്റിവച്ചു ചിന്തിക്കൂ; ഒരു പത്തുവയസ്സുകാരിക്കു പോലും ‘തുല്യനീതി’യുണ്ടെന്നു തിരിച്ചറിവുണ്ടാകേണ്ട സാഹചര്യത്തിലാണ് ആൺകുട്ടികൾ പഠിക്കേണ്ടത്. അല്ലെങ്കിൽ അവൻ, അവർ വരുംകാലത്ത്, സാമാന്യലോകത്തുനിന്നു ബഹിഷ്കൃതനായേക്കാം. കഴിഞ്ഞ ദശാബ്ദത്തിൽ നിശ്ശബ്ദമായി നടന്നതാണ് ഈ വിപ്ലവം. സ്ത്രീയുടെ വീക്ഷണത്തിലും സ്ത്രീയെക്കുറിച്ചുള്ള വീക്ഷണത്തിലും പെട്ടെന്നു മാറ്റമുണ്ടായി. ‘പെണ്ണുങ്ങൾ ഒച്ച വയ്ക്കേണ്ട’ എന്നു പറയാനാകാത്ത വിധം കാലത്തിന്റെ വായ് മൂടപ്പെട്ടുകഴിഞ്ഞു. അനീതി വേരുകളിൽ ഇല്ലെന്നല്ല; പുതിയ തളിരിലകൾ കിളിർത്തുതുടങ്ങി.
സത്യം പറഞ്ഞാൽ ഇപ്പോഴത്തെ പുതുതലമുറയിൽ ജനിച്ചു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു. കാരണമെന്തെന്നോ, പറയാം.
∙അഞ്ചും ആറും വർഷം ഒന്നിച്ചു പഠിച്ചാലും എതിർലിംഗത്തിൽപ്പെട്ട സഹപാഠിയോട് ഒന്ന് ഉരിയാടാൻപോലും സമ്മതിക്കാത്ത വ്യവസ്ഥിതിയിൽ കഴിഞ്ഞതിന്റെ നിരാശയുണ്ട് ഞങ്ങൾക്ക്. നന്നായൊന്നു സംസാരിച്ചിരുന്നെങ്കിൽ ഏതാനും നാളിൽ അവസാനിക്കേണ്ടിയിരുന്ന എത്രയോ പ്രണയങ്ങൾ ലോകത്തെ ഭയന്ന് അക്കാലത്തു വിവാഹത്തിലെത്തിയിരിക്കുന്നു. ലോകത്തെ ഭയന്ന് കുഞ്ഞുങ്ങളുണ്ടായി. ലോകത്തെ ഭയന്ന് ഒരായുസ്സു മുഴുവൻ കൂരയ്ക്കു കീഴെ പരസ്പരം വെറുത്തു കഴിയുന്നവരെ കണ്ടു. (പുതിയ തലമുറ പരസ്പരം ഒത്തുപോകാൻ കഴിയില്ലെങ്കിൽ ബ്രേക്കപ് – പാക്കപ് പറയുന്നു)
∙ ഏകാന്തതയുടെ തുരുത്തുകളില്ല. മൊബൈലുകളിൽ ലോകം മുഴുവൻ സൗഹൃദങ്ങൾ കൂട്ടിരിക്കുന്ന കാലം വന്നു. എന്തും പറയാനും പങ്കുവയ്ക്കാനും മാത്രം ജനാധിപത്യബോധത്തിന്റെ ഒരു ചുറ്റുപാട് വളർന്നു. (ഒരു വ്യക്തിയുടെ സമൂഹമാധ്യമ ലോകത്തെ പെരുമാറ്റം നോക്കിയാൽ, അയാളുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാവുന്നൊരു കണ്ണാടി കിട്ടി.)
∙ യാത്രചെയ്യാനും ഭക്ഷണം രുചിക്കാനും ജീവിതം ആസ്വദിക്കാനും അതെല്ലാം ഫ്രെയിമിലൊതുക്കാനും തയാറുള്ളവരുടെ ലോകം പിറവിയെടുത്തു.

പക്ഷേ, വേണ്ട, എനിക്കു ഞാൻ ജനിച്ചു ജീവിച്ച കാലംതന്നെ മതി. കാരണമെന്താണെന്നോ? പറയാം.
∙ വയലാർ, ഭാസ്കരൻ മാഷ്, തമ്പി സാർ, ഓഎൻവി, കേച്ചേരി, പൂവച്ചൽ എന്നിവരുടെ പാട്ടുകൾ റേഡിയോയിൽനിന്ന് ഒഴുകിയെത്തുന്നതു കേട്ട്, ആ പാട്ടുകളിലൂടെ ‘വൊക്കാബുലറി’ പഠിച്ച ബാല്യം.
∙ 7.35ന്റെ ഡൽഹി വാർത്ത കേട്ട് വീട്ടിൽ നിന്നിറങ്ങി പാടവരമ്പു മുറിച്ചു കടന്ന്, മഴക്കാലത്ത് വള്ളത്തിലേറി വിദ്യാലയങ്ങളിലേക്കുള്ള യാത്ര.
∙ ഫിനിഷിങ് പോയിന്റിലേക്കു കുതിക്കുന്ന അത്‌ലീറ്റിനെപ്പോലെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചുതീർക്കുന്ന ആവേശം. ആരാണു തനിക്കു മുൻപ് ആ പുസ്തകം വായിച്ചത് എന്നറിയാനുള്ള കൗതുകം സൗഹൃദമായും പ്രണയമായും മാറുന്ന രസം.
∙ കത്തുകൾക്കായുള്ള കാത്തിരിപ്പ്. പോസ്റ്റ്മാൻ വരുന്നുണ്ടോയെന്നു വീടിന്റെ മുൻവഴിയിലേക്ക് ഇടയ്ക്കിടെയുള്ള കണ്ണേറ്.
∙ പ്രണയം തകർന്നാൽ ‘അത് പോട്ടെടോ...കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും’ എന്ന് ഓർമിപ്പിക്കും വിധം ആഴമുള്ള കൂട്ടുകൾ. സർവോപരി ആസിഡ് ഒഴുകാത്ത, കത്തി ഇറങ്ങാത്ത പഴയകാല പ്രണയശീതളിമ..
∙ സോഷ്യൽ മീഡിയയിലെ ഫെയ്ക് രാഷ്ട്രീയമല്ല, വായിച്ചും പ്രവർത്തിച്ചും പോരാടിയും പഠിച്ചെടുത്ത നന്മയുടെ രാഷ്ട്രീയം.
∙ കാരുണ്യലേശമില്ലാത്ത കാരണവന്മാർ ജീവിതത്തിന്റെ സമുദ്രത്തിലേക്കു ദയയില്ലാതെ തള്ളിയിടുമ്പോൾ മുങ്ങിയും നീന്തിയും ഉണ്ടായ ചങ്കൂറ്റവും ഉൾക്കരുത്തും ആത്മവിശ്വാസവും.
തൊണ്ണൂറുകളിൽ ഞങ്ങളുടെ കോളജ് കാലത്ത് കേരളീയ സമൂഹം ചർച്ച ചെയ്തു: പെണ്ണെഴുത്തിനെന്ത് പ്രസക്തി? ‘പെണ്ണെഴുതിയാൽ പെണ്ണെഴുത്തെങ്കിൽ ഹിജഡകൾ (അന്നങ്ങനെ ക്രൂരമായി വിളിക്കപ്പെട്ടിരുന്നു) എഴുതിയാൽ നിങ്ങളെന്തുവിളിക്കും?” എന്ന് അക്കാലത്തെ ഒരു സാംസ്കാരിക നായകൻ ക്രൂരമായി ചോദിച്ചിരുന്നു. അങ്ങനെ വിളിക്കപ്പെട്ടവരുടെ സാഹിത്യത്തിന് ഇന്നു സർവകലാശാലകൾ പ്രഥമപരിഗണന നൽകുന്നു; അതാണ് കാലത്തിന്റെ നീതി. പെണ്ണെഴുത്തിനു പ്രസക്തിയുണ്ടായോ എന്നതിനെക്കാൾ പുരുഷൻമാർ അടുക്കളയിൽ കയറാൻ തുടങ്ങിയതാണ് സംഭവിച്ച നല്ല കാര്യം.
ഒന്നാലോചിക്കുമ്പോൾ, ഇരുകാലവും ഇരുതലമുറകളും നന്മതിന്മകളുടെ കൊടിക്കൂറകൾ മാറിമാറി അണിയുന്നുണ്ട്.
ഞങ്ങൾ അപ്ഡേറ്റഡ് വേർഷൻ ആണ്. തീർച്ച!.

∙ 60 പ്ലസ്
വയോജന വാക്സീനുകളുടെ പ്രതിരോധകാലം
ഡോ. ബി.ഇഖ്ബാൽ
2024നോട് ഒന്നു ചോദിക്കട്ടെ?
സാമ്പത്തികശേഷിയില്ലാത്ത വയോജനങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യപരിപാലന, വയോജനസൗഹൃദ പദ്ധതികൾ നടപ്പാക്കാൻ പുതുവർഷ ബജറ്റിൽ വകുപ്പുണ്ടാകുമോ?
വയോജനങ്ങളുടെ ജീവിതം സുരക്ഷിതവും സുഖകരവുമാക്കാൻ സാധ്യതയുള്ള സാങ്കേതികവിദ്യകൾ, ഒട്ടേറെ വയോജനസൗഹൃദ സംരംഭങ്ങൾ... ശുഭാപ്തി വിശ്വാസത്തിനു മുൻതൂക്കമുള്ള ഒരു കാലമാണ് 2024 മുന്നോട്ടു വയ്ക്കുന്നത്. ചികിത്സാക്ഷമതയില്ലെന്നു കരുതിയിരുന്ന പല രോഗങ്ങളും ഭേദപ്പെടുത്താവുന്ന സ്ഥിതിനൽകുന്ന ആശ്വാസം ചെറുതല്ല. ജനിതക സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച് സിന്തറ്റിക് ബയോളജിയിലും പ്രതിഛായാ സാങ്കേതികവിദ്യയിലും നവീന ഔഷധ ഗവേഷണത്തിലുമുള്ള കുതിച്ചുചാട്ടം പ്രായരോഗങ്ങൾ കാലേകൂട്ടി കണ്ടെത്തി നിയന്ത്രിക്കാൻ സാധ്യതയൊരുക്കിയിട്ടുണ്ട്.
വയോജനങ്ങളിൽ ഭൂരിപക്ഷമുള്ള സ്തീകളെ കൂടുതലായി ബാധിച്ചുവരുന്ന സ്തനാർബുദം രോഗിക്കുതന്നെ നേരത്തേ കണ്ടെത്തി ചികിത്സതേടി സുഖപ്പെടാനുള്ള വഴിതെളിഞ്ഞു. സമീപഭാവിയിൽ ജീൻ ചികിത്സയിലൂടെ പ്രമേഹം, അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് രോഗങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ കഴിയുമെന്ന സാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഫ്ലൂ, ന്യൂമോകോക്കൽ തുടങ്ങിയ വയോജന വാക്സിനേഷനുകളിലൂടെ പല രോഗങ്ങളും നിയന്ത്രിക്കാം. ആന്റി വൈറൽ മരുന്നും ജനിതക ഭേദഗതി വരുത്തിയ വൈറസും സമന്വയിപ്പിച്ച ചികിത്സയിലൂടെ, തലച്ചോർ കാൻസറുകളിൽ പ്രധാനപ്പെട്ട മാലിഗ്‌നന്റ് ഗ്ലയോമ ഭേദപ്പെടുത്താൻ കഴിയുമെന്നു സമീപകാല പരീക്ഷണങ്ങൾ തെളിയിക്കുന്നു. ശരീരസ്ഥിതി കണക്കിലെടുത്തുകൊണ്ടുള്ള വ്യായാമരീതികൾ യുട്യൂബിലൂടെയും മറ്റും വീട്ടിലിരുന്നുതന്നെ പഠിച്ചെടുക്കാം. ഭാഷയും സംഗീതവുമടക്കം ആസ്വാദനങ്ങൾക്കും വകയുണ്ട്.

അച്ചടിപ്പുസ്തകങ്ങളുടെ ഫോണ്ട് വലുപ്പം ആവശ്യത്തിനനുസരിച്ചു കൂട്ടിവായിക്കാൻ ഡിജിറ്റൽ വായന സഹായിക്കും. അങ്ങേയറ്റം 50 പുസ്തകങ്ങൾ വർഷത്തിൽ വായിച്ചിരുന്ന എനിക്കു കഴിഞ്ഞവർഷം 102 എണ്ണം വായിക്കാൻ കഴിഞ്ഞു. പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തും പരിചിതമല്ലാത്ത വാക്കുകളുടെ അർഥം അപ്പോൾത്തന്നെ തിരഞ്ഞു മനസ്സിലാക്കിയുമുള്ള വായന രസമാണ്.
ഒറ്റപ്പെടൽ ഉണ്ടാക്കുന്ന മാനസിക സംഘർഷവും വിഷാദരോഗവും നേരിടാൻ വാട്സാപ് കൂട്ടായ്മകളിലൂടെയും മറ്റും കഴിയുമെന്നു പലരും തെളിയിച്ചു. പൂർവവിദ്യാർഥിസംഘടനകളും പെൻഷനേഴ്സ് അസോസിയേഷനുകളും സീനിയർ സിറ്റിസൺസ് ഫോറങ്ങളും മറ്റും വയോജനങ്ങളുടെ ജീവിതം മാറ്റി. വയോജനങ്ങളെ തള്ളുന്ന സ്ഥലം എന്നതുമാറി വയോജന സൗഹൃദ പാർപ്പിട പരിപാലനരീതികൾ വരുന്നുണ്ട്. ഒറ്റപ്പെട്ട വീടുകളല്ല, കെയർ ഹോമുകളും സീനിയർ കോ ഹൗസിങ്ങും നല്ലത്. ആരെയും ആശ്രയിക്കാതെ ജീവിതം സ്വയം നിർണയിക്കാനുള്ള ഈ അവസരം ഞങ്ങളുടെ തലമുറയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന വൃദ്ധസദനങ്ങൾ, പകൽവീട്, വയോമിത്രം, വയോ അമൃതം, സായംപ്രഭ, വയോരക്ഷ തുടങ്ങിയ പരിപാടികളുടെ പ്രവർത്തനം സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി അപാകതകൾ പരിഹരിക്കണം. പ്രഥമികാരോഗ്യകേന്ദ്രം മുതൽ ജെറിയാട്രിക് ക്ലിനിക്കുകൾ ആരംഭിക്കണം.

∙ 80 പ്ലസ്
തേടിയെത്തുന്ന ടെക്കി കൈവിരലുകൾ
ബി.ആർ.പി.ഭാസ്കർ
മുതിർന്ന മാധ്യമപ്രവർത്തകൻ
2024നോട് ഒന്നു ചോദിക്കട്ടെ?
എന്റെ പിന്നാലെ വരുന്ന യൗവനയുക്‌തവും പ്രേമസുരഭിലവുമായ തലമുറയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ജെറിയാട്രിക് സൗകര്യങ്ങൾ അനുഭവിക്കാൻ കഴിയുമോ?
90 കടന്ന സമയം. വീട്ടിലെ വിശാലമായ സൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിൽ രാജാ അണ്ണാമലൈപുരത്തെ ജെറിയാട്രിക് ഹോമിലേക്കു മാറുമ്പോൾ ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചു:

‘എനിക്കു പ്രായത്തിന്റെ പ്രശ്നങ്ങളുണ്ട്. കാഴ്ചയും കുറഞ്ഞു. ആശ്രയത്വം കൂടിവരുന്നു. ഇനി വാസം ഇവിടെയാണ്. സുഹൃത്തുക്കൾക്ക് ഇനിയും എന്നെ മൊബൈലിൽ കണ്ടുമുട്ടാം.’
പ്രായോഗികമായി ചിന്തിക്കുമ്പോൾ ചുറ്റും ഡോക്ടർമാരുടെ സേവനമുള്ള, സഹായത്തിനാളുള്ള, പ്രായമായ ഞങ്ങൾക്കു കൂട്ടുകൂടാൻ ഇടമുള്ള ജെറിയാട്രിക് ഹോമുകൾ ഉപകാരപ്രദമാണ്. പിന്നീട് ഒരുഘട്ടത്തിൽ മൂക്കിലൂടെ ട്യൂബിട്ട് കിടക്കേണ്ടി വന്നു. അപ്പോൾ എന്നെക്കാണാൻ സുഹൃത്തുക്കളൊക്കെ വന്നു. അവർക്കൊപ്പം പടമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ട്യൂബിട്ടു കിടന്ന ചിത്രത്തിനൊപ്പം ‘ഒരു നല്ല ദിവസം കൂടി കടന്നു പോകുന്നു’ എന്നു ഞാൻ കുറിച്ചു. ചിലർ എന്നോടു ചോദിച്ചു: നിങ്ങൾക്ക് ഇതൊക്കെ ഇത്ര സിംപിളായി എടുക്കാൻ എങ്ങനെ കഴിയുന്നു? ഇത്തരം ഘട്ടങ്ങളിൽ ഒളിച്ചിരിക്കാൻ തോന്നുന്നവരാണല്ലോ കൂടുതൽ..
ഞാ അവരോടു പറയുന്നു: നൂറ്റാണ്ടിനോട് അടുത്ത ഈ ജീവിതകാലത്ത് വ്യത്യസ്തമായ എത്ര അനുഭവങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. നമ്മുടെ നല്ല കാര്യങ്ങൾ മാത്രമേ എപ്പോഴും മറ്റുള്ളവർ കാണാവൂ; അറിയാവൂ എന്ന നിർബന്ധ ബുദ്ധിയുള്ളയാളല്ല ഞാൻ. നല്ലതെന്നും നല്ലതല്ലെന്നും നമുക്കു വേർതിരിക്കാവുന്ന അനുഭവങ്ങളെയെല്ലാം സ്വാഭാവിക പ്രക്രിയകളായി കണ്ട് അഭിമുഖീകരിക്കാൻ ജീവിതം ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരിക്കുന്നു.
ഇതിനർഥം, ടെക്കികളായ പുതിയ തലമുറയ്ക്ക് അനുഭവങ്ങളോ ചിന്തകളോ ഇല്ലെന്നല്ല. ഉദാഹരണത്തിന്, എന്നെ കാണാൻ എന്റെ പതിറ്റാണ്ടുകൾ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ കണ്ടുമുട്ടിയതും അല്ലാത്തതുമായ എത്രയോ ചെറുപ്പക്കാർ തേടിയെത്തുന്നു. അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ അവരുടെ ടെക്കി കൈ വിരലുകൾ എന്റെ നേർക്കു നീട്ടുന്നു...
ഇതൊക്കെ തലമുറകളുടെ സംഗമത്തിന്റെ നിമിഷങ്ങളാണ്. അതിനെ ഗാഢമായി ആലിംഗനം ചെയ്യുകയാണു നമ്മുടെ സാങ്കേതിക വിദ്യകൾ. അതിന്റെ മറ്റേ അറ്റത്ത് പുതുതലമുറകളുണ്ട്. അവർക്കു ലഭിക്കുന്ന സ്വാതന്ത്ര്യവും സാങ്കേതികവിദ്യയിലും സൗഹൃദങ്ങളിലുള്ള അതിരില്ലാത്ത ആസ്വാദനങ്ങളും എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല.
കാരണം, ഒരു നൂറ്റാണ്ട് അടുക്കുന്ന ജീവിതം എന്നെ പഠിപ്പിച്ചത് ഈ ലോകം നമ്മൾ ഓരോരുത്തരെയും പോലെ മറ്റുള്ളവർക്കും അവകാശപ്പെട്ടതാണ് എന്നാണ്. അതിൽ നമുക്ക് ഇത്രയേ കിട്ടുന്നുള്ളൂ, പിന്നാലെ എത്തിയവർക്കു കൂടുതൽ കിട്ടുന്നു എന്ന ചിന്തയില്ല. പുതുതലമുറയ്ക്കോ ഞങ്ങളുടെ മുൻപേ പോയ തലമുറയ്ക്കോ കിട്ടാത്ത പലതും ആസ്വദിച്ചവരാണല്ലോ ഞങ്ങൾ. അതൊരു തുടർച്ചയാണ്.
ഓരോ തലമുറയും പിന്നാലെ വരുന്നവർ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ് എന്നു കരുതുന്നുണ്ടാവും. അതു സ്വാഭാവികമാണ്. മാറ്റങ്ങൾ അനിവാര്യം. ഏതെങ്കിലും മാറ്റം നമ്മുടെ താൽപര്യങ്ങൾക്ക് അനുയോജ്യമല്ലെന്നു തോന്നുമ്പോൾ തിരുത്താൻ നമ്മളാൽ കഴിയുന്നതു ചെയ്യാവുന്നതേയുള്ളൂ. ഞാൻ ചെന്നൈയിൽ താമസമാക്കിയപ്പോൾ എന്നെത്തേടി പുതുതലമുറയിലെ മാധ്യമപ്രവർത്തകർ വന്നു. അവർ എന്നോടു ചോദിച്ചു: കേരളത്തിലേക്കു മടങ്ങിപ്പോകാത്തത് എന്താ? കേരളം അത്രയ്ക്കു വയോജന സൗഹൃദം ആയിട്ടില്ലെന്നായിരുന്നു എന്റെ മറുപടി.
കേരളം ഇക്കാര്യത്തിൽ ഒട്ടേറെ മാറാനുണ്ട്. മുതിർന്ന പൗരർക്കു വേണ്ട പല സൗകര്യങ്ങളുടെയും കുറവുണ്ട്. ഒരുപക്ഷേ, എന്റെ സാഹചര്യത്തിലുള്ള ഒരു വിഭാഗത്തിന് ഇതിൽ കുറെ സൗകര്യങ്ങളൊക്കെ സ്വയം ഏർപ്പെടുത്താൻ കഴിഞ്ഞേക്കും. വായനയുടെയും ചർച്ചയുടെയും ചിന്തകളുടെയും ഡോക്ടർമാരുടെ കരുതലിന്റെയും ലോകത്തിന്റെ വാതിലുകൾ ഞാൻ തുറന്നിട്ടിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ വലിയൊരു വിഭാഗം മുതിർന്ന പൗരരും മരുന്നിനും സൗഹൃദങ്ങൾക്കും ഒന്നും എത്തിപ്പെടാനാവാത്ത ഇടങ്ങളിൽ,ദാരിദ്ര്യത്തിൽ, നിസ്സഹായതയിൽ ഒക്കെ തളച്ചിടപ്പെടുന്നുണ്ടാവും.
നിർഭാഗ്യവശാൽ പറയട്ടെ; തമിഴ്നാടിന്റെ അത്ര ജെറിയാട്രിക് സൗഹൃദമല്ല കേരളം. പ്രായമായവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമല്ല; ജനങ്ങളുടെ മനോഭാവത്തിന്റെ പ്രശ്നങ്ങളും വെല്ലുവിളിയാണ്. സർക്കാർ ഓഫിസുകളിലും മറ്റും കയറാൻ പറ്റാത്ത പടികൾക്കുമുന്നിൽ പകച്ചു നിൽക്കുന്ന വാർധക്യം ഇപ്പോഴും അവിടെയുണ്ട്. അതു പരിശോധിക്കാനും യഥാസമയം ഉചിത നടപടികൾ കൈക്കൊള്ളാനുമുള്ള ചുമതല ഭരണകൂടങ്ങൾക്കുണ്ട്.
കേരളത്തിൽ കാര്യങ്ങൾ മാറി വരുന്നുണ്ടെന്നതു തീർച്ച. വയോജനങ്ങൾക്കു സ്വർഗമെന്നു തോന്നുന്ന ഒരു കേരളം. അതിലേക്കുള്ള യാത്രയിലാണ് കേരളം എന്ന പ്രതീക്ഷ 2024ന്റെ, 92 വയസ്സിന്റെ പടിവാതിലിൽ ഞാൻ പ്രകടിപ്പിക്കട്ടെ.
എന്റെ പിന്നാലെ വരുന്ന യൗവനയുക്‌തവും പ്രേമസുരഭിലവുമായ തലമുറയ്ക്ക് ആ സൗകര്യങ്ങൾ ഒരുനാൾ അനുഭവിക്കാൻ കഴിയട്ടെ. അതാണ് എന്റെ ആശംസ: ഹാപ്പി ന്യൂ ഇയർ !