ADVERTISEMENT

ഇന്നത്തെ നൂതനാശയങ്ങൾ നാളത്തെ സാധാരണ സാങ്കേതികവിദ്യകളായി മാറും. നമ്മുടെ ജീവിതം മാറ്റാൻ കഴിവുള്ള ചില സമീപകാല കണ്ടുപിടിത്തങ്ങളെ പരിചയപ്പെടാം.

ഭാവി പ്രവചിക്കാൻ എഐ

കുതിക്കുകയാണ് ജനറേറ്റീവ് എഐ. എഐക്ക് ഇപ്പോൾ നിങ്ങളുടെ ഭാവിയിലും എത്തിനോക്കാം. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവിവരങ്ങൾ വിശകലനം ചെയ്താണ് ഈ വിദ്യ. ആജീവനാന്ത വരുമാനം, ജീവിതദൈർഘ്യം തുടങ്ങിയവ ഇതിലൂടെ പ്രവചിക്കാം. ഇതു സംബന്ധിച്ച ഒരു ഗവേഷണത്തിൽ, ഏകദേശം 60 ലക്ഷം പൗരരുടെ ജോലിയും ആരോഗ്യവിവരങ്ങളും ഒരു കൃത്രിമഭാഷയിലേക്കു വിവർത്തനം ചെയ്തു; ചുരുക്കത്തിൽ ഓരോ വ്യക്തിയുടെയും ഡിജിറ്റൽ ജീവിതകഥ പുനഃസൃഷ്ടിച്ചു. ഇവയിലെ പാറ്റേണുകൾ കണ്ടെത്തി ഭാവി പ്രവചിക്കാനും കഴിഞ്ഞു. ഇതു ധാർമികമായി തെറ്റാണെന്നും വാദമുണ്ട്.

ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐക്ക് പാഠങ്ങൾ സംഗ്രഹിക്കാനും മറ്റും ശേഷിയുണ്ട്. അധ്യാപകരുടെ സമയലാഭം, വിദ്യാർഥികൾക്കു കുറഞ്ഞ നിരക്കിൽ വിദ്യാഭ്യാസം എന്നിവ ഗുണം. എന്നാൽ, ഇവയിൽ ഇപ്പോഴും പതിവായി തെറ്റുകൾ വരുന്നുണ്ടെന്നും ഓർക്കണം.


ഡോ.ജയൻ തോമസ്
ഡോ.ജയൻ തോമസ്

പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതു മന്ദഗതിയിലുള്ളതും ചെലവേറിയതുമായ പ്രക്രിയയാണ്. മിക്ക പരീക്ഷണമരുന്നുകളും ട്രയൽ ഘട്ടത്തിൽ പരാജയപ്പെടും. ഒരു ട്രയലിന് ദശലക്ഷക്കണക്കിനു ഡോളർ നഷ്ടമാകും.

ai

ഏതൊക്കെ മരുന്നുകൾ വിജയിക്കുമെന്നു പ്രവചിക്കാൻ എഐ സഹായിക്കും. രസതന്ത്രത്തിൽ പുതിയ പദാർഥങ്ങൾക്കുള്ള കാര്യക്ഷമമായ പരീക്ഷണങ്ങൾക്കും ജനറേറ്റീവ് എഐ ഉപയോഗിക്കാം. 

പ്രതിരോധത്തിനൊരു പ്രതിരോധം

രോഗപ്രതിരോധവ്യവസ്ഥ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥ വളരെ ഗുരുതരമാണ്. ഇതിനെതിരെ ശാസ്ത്രജ്ഞർ പുതിയ സെൽ തെറപ്പി വികസിപ്പിച്ചിട്ടുണ്ട്. 15 പേർക്കു ചികിത്സ നൽകി. ഇതിനുശേഷം അവർക്കു രോഗലക്ഷണങ്ങൾ ഇല്ല; മറ്റു ചികിത്സകൾ ആവശ്യമില്ലെന്നതും പ്രത്യാശ നൽകുന്നു.

കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കാൻ ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ ഉപയോഗിക്കുന്ന ചികിത്സയാണ് ഇമ്യൂണോതെറപ്പി. ലണ്ടനിൽ ഒരു ഗവേഷകസംഘം മൂത്രാശയ അർബുദം ചെറുക്കാൻ രണ്ടുതരം ഇമ്യൂണോ തെറപ്പികൾ സംയോജിപ്പിച്ചു. ഈ രീതിയിൽ രോഗികളുടെ അതിജീവനം 16 മാസത്തിൽ നിന്ന് രണ്ടര വർഷമായി നീട്ടി. 

health

കയ്യിൽ ശേഷിക്കുന്ന ഞരമ്പുകളുമായി കൃത്രിമക്കയ്യിലെ ഇലക്ട്രോഡുകൾ ബന്ധിപ്പിച്ച് സ്പർശനാനുഭവം സാധ്യമാക്കാനും ശാസ്ത്രത്തിന് ഈയിടെ കഴിഞ്ഞു. ചിക്കുൻഗുനിയയ്ക്കുള്ള ആദ്യ വാക്സീൻ, കൊതുകുകളെ നശിപ്പിക്കാൻ ജനിതകമാറ്റങ്ങൾ വരുത്തിയ കൊതുകുകളെ ഉപയോഗിക്കുന്ന ഫാക്ടറി ഈ വർഷം ബ്രസീലിൽ സ്ഥാപിക്കാനുള്ള പദ്ധതി, പുരുഷകോശങ്ങൾ മാത്രമുപയോഗിച്ച് എലികളുടെ പ്രജനനം സാധ്യമാക്കിയത് തുടങ്ങിയവ കൗതുക നേട്ടങ്ങളായിരുന്നു.

മരണത്തിനു സമീപം എത്തിയ പലരും കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും പഠനം നടന്നു. ഹൃദയം നിലച്ചശേഷവും തലച്ചോറിന് ഓർമകൾ തേടാൻ കഴിയുമെന്ന് ഇതു വെളിവാക്കി.

ഒരു ഭയങ്കര കംപ്യൂട്ടർ

ലാബിൽ വളർത്തിയ മനുഷ്യ മസ്തിഷ്ക കോശങ്ങളെ ഒരു ഇലക്ട്രോണിക് സർക്കീറ്റുമായി സംയോജിപ്പിച്ച് ശക്തമായ കംപ്യൂട്ടർ ഈയിടെ നിർമിച്ചു. മനുഷ്യ വിത്തുകോശങ്ങളെ വികസിപ്പിച്ച് ബ്രെയിൻ ഓർഗനോയിഡുകൾ എന്നു വിളിക്കുന്ന ‘മിനിബ്രെയിനുകൾ’ സൃഷ്ടിച്ചു. ഒരു ചിപ്പിൽ ഇത്തരം മിനി ബ്രെയിൻ സ്ഥാപിച്ച് അതിനെ മെഷീൻ ലേണിങ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് ബ്രൈനോവെയർ എന്ന ഹൈബ്രിഡ് ‘ബയോകംപ്യൂട്ടർ’ സൃഷ്ടിച്ചത്. 

മറ്റൊരു സംഘം ഗവേഷകർ ബ്രെയിൻ സ്കാനിങ് രീതി വികസിപ്പിച്ചു. അതു മനസ്സിലുള്ള സാങ്കൽപിക സംഭാഷണം ഭാഗികമായി ഡീകോഡ് ചെയ്യും. സംസാരിക്കാൻ കഴിയാത്ത ആളുകൾക്ക് ആശയവിനിമയം സാധ്യമാക്കാൻ ഇതൊരു മാർഗമായേക്കാം.  

ഇസ്രയേൽ സ്റ്റാർട്ടപ്പായ ഇലക്ട്രിയോൺ ചലിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ (ഇവി) വയർലെസായി ചാർജ് ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് റോഡ് വേകൾ വികസിപ്പിച്ചെടുത്തു. ഇതു ചാർജിങ് സ്റ്റോപ്പുകൾ ഒഴിവാക്കി മെച്ചപ്പെട്ട ഇവി ഡ്രൈവിങ് സാധ്യമാക്കാം. കാർബൺ ബ്ലാക്ക് എന്ന രാസവസ്തു കലർത്തിയ സിമന്റും വികസിപ്പിച്ചിട്ടുണ്ട്. റോഡുകളിലും പാർക്കിങ്ങിലും ഇതുപയോഗിച്ചാൽ ഊർജം സംഭരിക്കാം. ഇതും വൈദ്യുത കാറുകളിൽ ഉപയോഗിക്കാം.

ചന്ദ്രനിലേക്ക് വീണ്ടും

അരനൂറ്റാണ്ടിനുശേഷം ആദ്യമായി നാസ ചന്ദ്രനുചുറ്റും ബഹിരാകാശ യാത്രികരെ അയയ്ക്കും. ആർട്ടിമിസ് 2 എന്ന ഈ ദൗത്യം നവംബറിൽ വിക്ഷേപിച്ചേക്കും. 4 ബഹിരാകാശ സഞ്ചാരികൾ (3പുരുഷന്മാരും ഒരു സ്ത്രീയും) ഓറിയോൺ പേടകത്തിൽ സഞ്ചരിക്കും. 10 ദിവസം നീളുന്നതാണു യാത്ര. ഇതിന്റെ അടുത്തദൗത്യമായ ആർട്ടിമിസ്–3 ൽ രണ്ടു യാത്രികർ ചന്ദ്രനിൽ ഇറങ്ങും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം ഉൾപ്പെടെ പരിശോധിക്കാൻ അടുത്തവർഷം അവസാനത്തോടെ വൈപ്പർ എന്ന റോവറിനെ വിക്ഷേപിക്കും. വ്യാഴത്തിന്റെ ചന്ദ്രനായ യൂറോപ്പയിലേക്ക് നാസ  ക്ലിപ്പർ എന്ന പേടകം അയയ്ക്കുന്നുണ്ട്. ഇവിടത്തെ ഭൂഗർഭ സമുദ്രത്തിന്റെ ജീവസാധ്യത ക്ലിപ്പർ പഠിക്കും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയിലേക്ക് എംഎംഎക്സ് എന്ന ദൗത്യം ജപ്പാൻ അയയ്ക്കും. 

Space shuttle rocket with blast takes off to the red planet mars with dawn rays light. Successful launch of the spacecraft. Space mission to mars, creative

ഈവർഷം തുടക്കത്തിൽ സ്‌പേസ് എക്‌സ് അതിന്റെ സ്റ്റാർഷിപ് റോക്കറ്റിന്റെ മൂന്നാമത്തെ പരീക്ഷണ പറക്കൽ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. 

ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് കൂടുതൽ വിവരങ്ങൾ വരുംകാലത്ത് നൽകുമെന്നാണ് പ്രതീക്ഷ.

മിന്നലിനെതിരെ നൂതന സംരക്ഷണ മാർഗങ്ങൾ വേണം. വായുവിൽ പ്ലാസ്മ നിരകൾ സൃഷ്ടിക്കുന്ന തീവ്രമായ ലേസർ പൾസുകൾക്കു മിന്നൽലിനെ ദീർഘദൂരത്തേക്കു നയിക്കാൻ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ നയിക്കപ്പെട്ട മിന്നലിന്റെ വിജയകരമായ ആദ്യപ്രദർശനവും നടന്നു. വിമാനത്താവളങ്ങൾക്കും വിക്ഷേപണ കേന്ദ്രങ്ങൾക്കും ലേസർ അധിഷ്‌ഠിത മിന്നൽപ്പരിചകൾ സ്ഥാപിക്കൻ ഇതു വഴിയൊരുക്കും.

English Summary:

Writeup about the magic of science

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com