ഹർഷിനയ്ക്ക് നീതി വൈകരുത്
Mail This Article
ഒരാളുടെ ആത്മാഭിമാനം എത്രത്തോളം ചവിട്ടിയരയ്ക്കപ്പെടുമെന്നതിനു ജീവിതംകൊണ്ടു സാക്ഷ്യം പറയുകയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിന. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷം വേദന സഹിച്ചു ജീവിച്ച ഹർഷിനയുടെ പരാതിയും പ്രതിഷേധവും അവഗണിച്ച്, നെട്ടോട്ടമോടിക്കുകയായിരുന്നു സർക്കാർ സംവിധാനങ്ങൾ. ഒന്നര വർഷത്തോളമായി തുടരുന്ന ഹർഷിനയുടെ പോരാട്ടത്തെ സാധൂകരിച്ച്, വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചു തന്നെയെന്നു വ്യക്തമാക്കി പൊലീസ് കുന്നമംഗലം കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
കടുത്ത വയറുവേദനയെത്തുടർന്ന് 2022 സെപ്റ്റംബർ 17നു കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലാണു ഹർഷിനയുടെ വയറ്റിൽനിന്നു കത്രിക (ആർട്ടറി ഫോർസെപ്സ്) കണ്ടെടുത്തത്. മൂന്നു തവണ പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ ഹർഷിനയുടെ വയറ്റിൽ എവിടെനിന്നാണു കത്രിക കുടുങ്ങിയതെന്നു കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു പരാതി അന്വേഷിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. എന്നാൽ, 2017 ജനുവരി 27ന് കൊല്ലത്തു നടത്തിയ എംആർഐ സ്കാനിങ്ങിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയിരുന്നില്ല എന്ന റിപ്പോർട്ട് പൊലീസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി. മെഡിക്കൽ കോളജിൽവച്ചാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കണ്ടെത്തിയത്. 2017 നവംബർ 30ന് ആയിരുന്നു മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ.
പൊലീസ് കുറ്റപത്രത്തെത്തുടർന്ന്, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു ഹർഷിന വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സപ്പിഴവിൽ നീതി തേടി 2023 ഫെബ്രുവരി 27 മുതൽ മാർച്ച് 4 വരെ ഹർഷിന മെഡിക്കൽ കോളജിനു മുൻപിൽ സമരം നടത്തിയിരുന്നു. നീതി ഉറപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞതിനെത്തുടർന്നു സമരം താൽക്കാലികമായി നിർത്തിയെങ്കിലും മന്ത്രി പറഞ്ഞ വാക്കു പാലിക്കപ്പെട്ടില്ലെന്നാണു സമരസമിതിയുടെ പരാതി.
ഹർഷിനയുടെ ആദ്യ രണ്ടു പ്രസവശസ്ത്രക്രിയകൾ 2012 നവംബറിലും 2016 മാർച്ചിലുമായി താമരശ്ശേരി ഗവ. ആശുപത്രിയിലായിരുന്നു. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയത്. അതായത്, മൂന്നിടത്തെയും ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിലായിരുന്നു. കത്രിക കുടുങ്ങിയത് ഇക്കൂട്ടത്തിൽ എവിടെവച്ചാണെങ്കിലും അതിൽ സർക്കാരിനുതന്നെയല്ലേ ഉത്തരവാദിത്തം ?
കത്രിക പുറത്തെടുത്തിട്ടും അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും വേദനയും ഹർഷിന ഇന്നും അനുഭവിക്കുന്നുണ്ട്; ചികിത്സ ഇപ്പോഴും തുടരുന്നുമുണ്ട്. ലക്ഷക്കണക്കിനു രൂപ ഇതിനകം ചെലവഴിച്ചു. തുടർപഠനവും ജോലിയുമെല്ലാം മുടങ്ങി. അനാസ്ഥയും അശ്രദ്ധയും ചേർന്നുണ്ടാക്കിയ ഒരു ക്രൂരത, അതിന്റെ തുടർച്ചയായി കാട്ടുന്ന അവഗണന കൂടിയാകുമ്പോൾ അതിക്രൂരമായി മാറുന്നതിന്റെ തെളിവാണ് ഹർഷിനയുടെ ജീവിതം. ശസ്ത്രക്രിയയിൽ അടിസ്ഥാനശ്രദ്ധപോലും നൽകാതിരുന്നതുകൊണ്ടു സംഭവിച്ചതാണ് ഈ സംഭവം. ക്രൂരമായ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയോടു ക്ഷമ ചോദിച്ച്, ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിനുപകരം അവരുടെ പരാതി അവഗണിച്ചത് ഒരു ജനകീയ സർക്കാരിനു ചേർന്നതായിരുന്നില്ല.
ഇത്തരം അനാസ്ഥ ആവർത്തിക്കാതിരിക്കാനും അതിന് ഇരയാകുന്നയാളെ ക്രൂരതയോടെ തട്ടിക്കളിക്കാതിരിക്കാനുമുള്ള നിരന്തര ജാഗ്രത ഉണ്ടാവണമെന്നുകൂടി ഈ സംഭവം ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നു. ചികിത്സപ്പിഴവിന്റെ ഇത്തരം സാക്ഷ്യങ്ങൾ നമ്മുടെ ആരോഗ്യവ്യവസ്‌ഥയെയാകെ ഗ്രസിച്ച രോഗത്തിന്റെ ഗുരുതരാവസ്‌ഥ തന്നെയല്ലേ തുറന്നുകാണിക്കുന്നത് ? ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ ചികിത്സ ലഭ്യമാകുമെന്നു കരുതുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽത്തന്നെ ഇങ്ങനെയുള്ള ക്രൂരാനുഭവങ്ങളുണ്ടായാൽ ഈ നാട്ടിലെ സാധാരണക്കാർക്കു പിന്നെയെവിടെയാണ് ആശ്രയം?