ADVERTISEMENT

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ‘ഇന്ത്യയുടെ രത്നം’ എന്നു വിശേഷിപ്പിച്ച പ്രദേശമാണു മണിപ്പുർ. അഴകിന്റെ ആ അഭിമാന ഭൂമിക പക്ഷേ, അത്യധികം സങ്കടകരവും സമാനതകളില്ലാത്തതുമായ സാഹചര്യമാണ് എട്ടു മാസമായി നേരിടുന്നത്. കേരളത്തിലെ ജനസംഖ്യയുടെ പത്തിലെ‍ാന്നോളം മാത്രമുള്ള മണിപ്പുർ ജനത കടന്നുപോകുന്ന ഈ അതികഠിനകാലം രാജ്യത്തിന്റെയാകെ സങ്കടമായിത്തീരുന്നു.

മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിന് ആ വേളയിൽത്തന്നെ തടയിട്ടിരുന്നെങ്കിൽ കലാപം ഇത്രമേൽ വിനാശകരമായും ഭീതിദമായും വളരുമായിരുന്നില്ല. സമാധാനത്തിനുവേണ്ടിയുള്ള അധികാരികളുടെ ഏകോപിതശ്രമവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നെങ്കിൽ 200ൽ അധികം പേർ ഇതിനകം കൊല്ലപ്പെടുമായിരുന്നോ? അരലക്ഷത്തിലധികംപേർ ഭവനരഹിതരാവുമായിരുന്നോ? ഒട്ടേറെ ഗ്രാമങ്ങൾ ചാമ്പലാവുകയും ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്യുമായിരുന്നോ? സ്ത്രീകൾക്കെതിരെ യുദ്ധഭൂമിയിൽപോലും നടക്കാത്ത അതിക്രമങ്ങൾ ഉണ്ടാകുമായിരുന്നോ ? 

മണിപ്പുരിൽ വംശീയകലാപം തുടരുമ്പോൾ റോക്കറ്റ് ലോഞ്ചറുകളുമായി ഇംഫാൽ താഴ്‌വരയിൽ തീവ്ര മെയ്തെയ് സംഘടന റോഡ് ഷോ വരെ നടത്തുന്നത് ഇപ്പോഴത്തെ അരാജകാവസ്ഥ വിളിച്ചുപറയുന്നു. തുറന്ന ജീപ്പിലാണ് റോക്കറ്റ് ലോഞ്ചറും യന്ത്രത്തോക്കുകളുമായി പ്രവർത്തകർ പട്ടാപ്പകൽ റോന്തു ചുറ്റുന്നത്. പൊലീസിന്റെ ആയുധപ്പുരകളിൽനിന്നു കലാപദിനങ്ങളിൽ അയ്യായിരത്തോളം യന്ത്രത്തോക്കുകളും മറ്റും കവർച്ച ചെയ്യപ്പെട്ടിരുന്നു. ആയിരത്തോളം തോക്കുകൾ മാത്രമാണ് തിരികെ ലഭിച്ചത്. കവർന്നെടുത്ത ആയുധങ്ങളുമായാണ് കൊള്ളയും തട്ടിക്കൊണ്ടുപോകലും. വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉടമകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായിരിക്കുന്നു. 

ഇംഫാൽ താഴ്‌‌വരയിൽ ക്രമസമാധാനനില പൂർണമായി തകർന്നതു കേന്ദ്ര –സംസ്ഥാന സർക്കാരുകൾ കണ്ടമട്ടില്ല. തീവ്ര മെയ്തെയ് സംഘടനകൾക്കൊപ്പം മറ്റു ചില നിരോധിത ഭീകരസംഘടനകളും കൈകോർത്തുകഴിഞ്ഞു. പൊലീസിന്റെ മുന്നിലൂടെയാണ് ആയുധങ്ങളുമായുള്ള പ്രകടനം. ഒരു അതിർത്തിസംസ്ഥാനത്ത് തീവ്ര സംഘടനകൾക്ക് ഇത്തരത്തിൽ നിയമവാഴ്ചയെ ചോദ്യം ചെയ്യാൻ ആരാണു ധൈര്യം നൽകുന്നത്? 400 കിലോമീറ്ററുണ്ട് മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തി. 

ഒരു സംസ്ഥാനം ഇത്രയും അരക്ഷിതത്വത്തിലൂടെ കടന്നുപോകുന്നതു സ്വാതന്ത്ര്യാനന്തര ഭാരതം കണ്ടിട്ടില്ല. കലാപം അമർച്ച ചെയ്യാൻ ശ്രമിക്കാതെ, എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് മണിപ്പുർ സർക്കാർ ഇങ്ങനെയെ‍ാരു നിരുത്തരവാദിത്ത നിലപാട് സ്വീകരിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയാൻ മണിപ്പുർ ഭരണകൂടം ബാധ്യസ്ഥമാണെന്നു സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുണ്ട്. മണിപ്പുരിൽ കലാപത്തിനിടെ തകർക്കപ്പെട്ട ആരാധനാലയങ്ങൾ  പുനരുദ്ധരിക്കാനും അവയ്ക്കു സംരക്ഷണം ഒരുക്കാനും സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു കഴിഞ്ഞ മാസം നിർദേശിക്കുകയും ചെയ്തു. വ്യത്യസ്ത മത, ഗോത്ര വിഭാഗങ്ങൾക്കു സമാധാനത്തോടെയും ജീവഭീതിയില്ലാതെയും ആ സംസ്ഥാനത്തു കഴിയാനാവുന്ന സാഹചര്യം ഉണ്ടായേതീരൂ.

കൂട്ടപ്പലായനത്തിന്റെ നിസ്സഹായ കാഴ്ചകളാണിപ്പോൾ മണിപ്പുരിൽ. ഇംഫാൽ താഴ്‌വരയിൽനിന്നു കുക്കി വിഭാഗക്കാർ പലായനം ചെയ്തപ്പോൾ കുക്കി ഗോത്ര മേഖലകളിൽനിന്നു മെയ്തെയ് വിഭാഗക്കാർ ഒഴിഞ്ഞുപോകുന്നു. നിരോധിത മെയ്തെയ് ഭീകരസംഘടനകൾ മണിപ്പുരിനെ ഇന്ത്യയിൽനിന്നു മോചിപ്പിക്കാനാണ് ആയുധമെടുക്കുന്നതെങ്കിൽ, സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ട കുക്കി സായുധസംഘങ്ങളുടെ ആവശ്യം പ്രത്യേക ഭരണപ്രദേശമാണ്. വംശീയ ഉന്മൂലനമാണ് അവിടെ നടക്കുന്നതെന്ന പരാതിയാകട്ടെ അതീവ ഗൗരവമുള്ളതുമാണ്.

ഭീഷണമായ ഈ സാഹചര്യം സമചിത്തതയോടെ കൈകാര്യം ചെയ്ത്, എത്രയുംവേഗം മണിപ്പുരിൽ സമാധാനം തിരിച്ചുകെ‍ാണ്ടുവരാൻ ശേഷിയുള്ള ഭരണനേതൃത്വമാണ് അവിടെ ഉണ്ടാകേണ്ടത്. വിവേകപൂർണമായ നടപടികളിലൂടെ ശാശ്വത സമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര സർക്കാരും ആത്മാർഥതയോടെ ശ്രമിക്കേണ്ടതുണ്ട്. മണിപ്പുർ ജനതയുടെ ആയുസ്സിന്റെ വിധി ആരെ‍ാക്കെയോ ചേർന്ന് ചോരകെ‍ാണ്ടെഴുതുമ്പോൾ രാജ്യത്തിനെങ്ങനെ നോക്കിനിൽക്കാൻ കഴിയും?

English Summary:

Editorial about Manipur riot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com