ADVERTISEMENT

ചിലർ സ്വന്തം ജീവിതംകൊണ്ടു ചരിത്രം സൃഷ്ടിക്കുന്നു. പിന്നാലെ വരുന്നവർ ശരിയായി മനസ്സിലാക്കിയില്ലെങ്കിലും അവരെക്കുറിച്ചുള്ള സാമൂഹിക ഓർമ നിലനിൽക്കും.  ആറാട്ടുപുഴ വേലായുധപ്പണിക്കരുടേത് ഇത്തരത്തിൽ മഹത്വം നിറഞ്ഞ ജീവിതമാണ്.   

19, 20 നൂറ്റാണ്ടുകളിൽ വിവിധ സാമൂഹിക, ആചാര പരിഷ്കരണ പ്രസ്ഥാനങ്ങൾ കേരളത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള മഹാപ്രതിഭകളാണ് അവയ്ക്കു നേതൃത്വം നൽകിയത്. കാലത്തിന്റെ കാര്യത്തിൽ ഇവരുടെയെല്ലാം മുൻഗാമിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. സമൂഹത്തിൽ വരുത്തേണ്ട പരിഷ്കരണങ്ങൾക്കായി മുൻപിൻ നോക്കാതെ പണിക്കർ മുന്നോട്ടുവന്നു. കേരള സമൂഹത്തെക്കുറിച്ച് അറിവുള്ള സാമൂഹിക ശാസ്ത്രജ്ഞർപോലും ഇങ്ങനെയൊരു വ്യക്തി ഉണ്ടായിരുന്നോ എന്നു സംശയിച്ചതു മൂന്നു കാരണങ്ങൾകൊണ്ടാണ്; ഒന്ന്– വളരെ നേരത്തേ രംഗത്തുവന്നു. രണ്ട്– പ്രതിബന്ധങ്ങളെ നേരിടാൻ കായികശേഷി ഉൾപ്പെടെ ഉപയോഗിച്ചു, മൂന്ന്– തുടങ്ങിവച്ച മാറ്റങ്ങളെ പ്രസ്ഥാനരൂപത്തിലേക്കു വളർത്തിയില്ല. 


പി.കെ.മൈക്കിൾ തരകൻ
പി.കെ.മൈക്കിൾ തരകൻ

കേരളത്തിലെ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചു പ്രഫ. കെ.എൻ.രാജിനു കീഴിൽ ഞാൻ ഗവേഷണം നടത്തുന്ന കാലത്ത് വേലായുധപ്പണിക്കരെക്കുറിച്ചുള്ള വിശ്വസനീയ തെളിവുകൾതേടി അന്വേഷണം നടത്തിയിരുന്നു. ഉള്ളൂർ, ഗുരു നിത്യചൈതന്യയതി, പുതുപ്പള്ളി രാഘവൻ തുടങ്ങിയരുടെ കൃതികളിൽ അദ്ദേഹത്തെക്കുറിച്ചു പരാമർശമുണ്ട്. പക്ഷേ, സമകാലീനമായ ഒരു പരാമർശം അന്നു ലഭിച്ചില്ല. എന്നാൽ 1831–1900 കാലത്ത് ജീവിച്ച പാലാക്കുന്നേൽ മത്തായി മറിയം കത്തനാർ (പാലാക്കുന്നേൽ വലിയച്ചൻ) എന്ന കത്തോലിക്കാ വൈദികന്റെ ‘നാളാഗമം’ പുസ്തകം ഒരു പഠനം തയാറാക്കാൻ 23 വർഷം മുൻപ് എന്റെ കൈകളിലെത്തി. മഹാനായ ആറാട്ടുപുഴ വേലായുധൻ എന്ന ഈഴവ പ്രമുഖനെ നേരിട്ടു കണ്ട വിവരം വളരെ വ്യക്തമായി ഈ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 

ആദ്യകാഴ്ചയിൽ വേലായുധപ്പണിക്കരുടെ വ്യക്തിത്വത്തിനു മുന്നിൽ വലിയച്ചൻ പൂർണമായും കീഴടങ്ങി. സാമൂഹികനീതിക്കു വേണ്ടിയുള്ള പണിക്കരുടെ പ്രവർത്തനങ്ങളെക്കുറിച്ചു നാളാഗമത്തിൽ അദ്ദേഹം വിവരിക്കുന്നു. സ്വന്തം സഹോദരിയെ നായർ വിഭാഗത്തിൽപെട്ട ഒരാളെക്കൊണ്ടു വിവാഹം കഴിപ്പിച്ചതും സ്വന്തമായി കഥകളിസംഘം രൂപീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഉയർന്ന ജാതികളെന്നു കരുതുന്നവർക്കു സ്വന്തം കഥകളിയോഗം ആകാമെങ്കിൽ കഥകളി കാണാൻപോലും അനുവാദമില്ലാത്തവർക്കായി കഥകളിസംഘം ആയിക്കൂടേ എന്ന ചോദ്യമാകണം അദ്ദേഹം ഉയർത്തിയത്. 

വേലായുധപ്പണിക്കരുടെ അന്ത്യത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതും വലിയച്ചന്റെ പുസ്തകത്തിൽനിന്നാണ്. പണിക്കർ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കേവുവള്ളത്തിൽ അനുഗമിച്ച ശത്രുക്കൾ എന്തോ അറിയിക്കാനുണ്ടെന്നു പറഞ്ഞു ബോട്ട് നിർത്തിച്ചശേഷം പിന്നിൽനിന്നു കുത്തിക്കൊല്ലുകയായിരുന്നത്രേ.   കേരളത്തിലെ സാമൂഹിക, ആചാര പരിഷ്കാര ശ്രമങ്ങളുടെ ആദ്യകാല ഉദാത്തമാതൃകയായ മഹത്ജീവിതം അനേകർക്കു പ്രചോദനം നൽകി 49–ാം വയസ്സിൽ എരിഞ്ഞടങ്ങി. 



ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വേരം ക്ഷേത്രപരിസരത്തു സ്ഥാപിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രതിമ
ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വേരം ക്ഷേത്രപരിസരത്തു സ്ഥാപിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രതിമ

ആറാട്ടുപുഴ വേലായുധപ്പണിക്കർ

∙ അവർണർക്കായി 1854ൽ  മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു.  

∙ 1866ൽ കർഷകത്തൊഴിലാളി സമരത്തിനു നേതൃത്വം നൽകി. ഈഴവസ്ത്രീകൾ മുണ്ടുടുക്കുമ്പോൾ മുട്ടിനുതാഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. മുണ്ട് ഇറക്കിയുടുത്തു പാടത്തു പണിക്കെത്തിയ സ്ത്രീയെ പ്രമാണിമാർ അധിക്ഷേപിച്ചതിനുള്ള മറുപടിയായിരുന്നു സമരം. 

∙ സ്വർണാഭരണം ധരിക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാർക്കില്ലാത്ത കാലത്ത് ആയിരം സ്വർണമൂക്കുത്തി പണിതു നൽകി. സ്ത്രീകൾ അതു ധരിച്ചു മൂക്കുത്തി പ്രകടനം നടത്തി. പന്തളത്തിനടുത്തു സ്ത്രീയുടെ മൂക്കുത്തി ജന്മിമാർ മൂക്കടക്കം മുറിച്ചെടുത്തതിന്റെ മറുപടിയായിരുന്നു ഈ സമരം. 

∙ 1859ൽ ഏത്താപ്പു സമരത്തിനു നേതൃത്വം നൽകി. കായംകുളത്ത് അവർണസ്ത്രീ മാറിലിട്ട ഏത്താപ്പ് (മേൽമുണ്ട്)  പ്രമാണിമാർ വലിച്ചുകീറി.  കായംകുളത്തെത്തിയ പണിക്കർ തൊഴിലാളി സ്ത്രീകൾക്കു മേൽമുണ്ട് വിതരണം ചെയ്തു.  

(കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമാണു ലേഖകൻ)

English Summary:

Social reformer Arattupuzha Velayudha Panicker's 150th anniversary of martyrdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com