ADVERTISEMENT

കേരളത്തിനു നല്ല രാഷ്ട്രീയ നേതാക്കളെ ആവശ്യമുണ്ടെന്ന വി.കെ.മാത്യൂസിന്റെ ലേഖനത്തോട് യുവനേതാക്കൾ പ്രതികരിക്കുന്നു.

an-shamseer
എ.എൻ.ഷംസീർ

നല്ല കേൾവിക്കാരനാകാനും കഴിയണം
∙ എ.എൻ.ഷംസീർ (നിയമസഭാ സ്പീക്കർ)

എല്ലാവരെയും ഉൾക്കൊള്ളാൻ തക്ക വിശാലമനസ്സുള്ളവരാകണം പുതിയകാലത്തെ രാഷ്ട്രീയ നേതാക്കൾ. പുതിയ തലമുറയെക്കൂടിയാണ് അഭിസംബോധന ചെയ്യുന്നതെന്ന തിരിച്ചറിവ് വാക്കിലും പ്രവൃത്തിയിലുമുണ്ടാകണം. സാങ്കേതികവിദ്യയുടെ കാര്യത്തിലുൾപ്പെടെ നമ്മളെക്കാൾ കഴിവും പ്രാപ്തിയുമുള്ളവരാകും അവർ. നല്ല കേൾവിക്കാരനാകുക എന്നതും പുതിയകാലത്തെ രാഷ്ട്രീയനേതാവിനു പ്രധാനമാണ്. ഒരു പുതിയ ആശയവുമായി വരുന്നതു ചിലപ്പോൾ സാധാരണക്കാരനാകും. അത് ആരുടേതാണെന്നു നോക്കിയല്ല വിലയിരുത്തേണ്ടത്. ആശയത്തിനാകണം ഊന്നൽ.

പുതിയ തലമുറയിൽ പലരും രാഷ്ട്രീയത്തോട് അകലം പാലിക്കുന്നുവെന്നതു വസ്തുതയാണ്. ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടിയേ ഉണ്ടാകൂ. അവരുടെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുമ്പോൾ രാഷ്ട്രീയത്തിൽനിന്ന് അകന്നാണ് അവർ വളരുന്നത്. രാഷ്ട്രീയം രാജ്യത്തിന്റെയും ലോകത്തിന്റെയും ഗതി നിർണയിക്കുന്ന പ്രക്രിയയാണെന്ന് അവരെ ബോധ്യപ്പെടുത്താനാകണം. അതിനു രാഷ്ട്രീയനേതാക്കളും പാർട്ടികളും ‘എക്വിപ്ഡ്’ ആവണം. പ്രസംഗത്തിൽപോലും ആ ശ്രദ്ധ വേണം. ഇതിനൊക്കെ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക മാനേജ്മെന്റ് പരിശീലനം ആവശ്യമുണ്ടെന്നു കരുതുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

ഒരു പണിയുമില്ലാത്തവരുടെ മേഖലയല്ല രാഷ്ട്രീയം
∙ രാഹുൽ മാങ്കൂട്ടത്തിൽ (യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ)

കഴിവുള്ള നല്ല ആളുകളാണു രാഷ്ട്രീയത്തിലേക്കു വരേണ്ടത്. ഒരു ഡോക്ടറോ എൻജിനീയറോ മോശമായാൽ ആ വകുപ്പിൽ മാത്രമായിരിക്കും പ്രശ്നം. രാഷ്ട്രീയക്കാർ മോശമായാൽ അതിന്റെ പ്രത്യാഘാതം എല്ലാ മേഖലയിലുമുണ്ടാകും. നല്ല രാഷ്ട്രീയക്കാരുണ്ടാകാനും മാതാപിതാക്കൾ ആഗ്രഹിക്കണം. ഒരു പണിയുമില്ലാത്തവർക്കു പറ്റിയ മേഖലയല്ല രാഷ്ട്രീയം. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി നല്ല വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേർ ഇപ്പോൾ രാഷ്ട്രീയത്തിലുണ്ട്. വരുമാനത്തിനുള്ള മാർഗമായി രാഷ്ട്രീയത്തെ കാണരുത്. അതിനുള്ള സപ്പോർട്ടിങ് സിസ്റ്റം രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് ഉണ്ടാകണം. ജനങ്ങൾ ആവശ്യം വരുമ്പോൾ ആദ്യം വിളിക്കുക വാർഡ് അംഗത്തെയാണ്. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയണം. രാഷ്ട്രീയക്കാരന്റെ നിക്ഷേപം സൽപേരാണ്.

ഷാഫി പറമ്പിൽ (File Photo: Manorama)
ഷാഫി പറമ്പിൽ (File Photo: Manorama)

ആദ്യം മാറേണ്ടത് രാഷ്ട്രീയം
∙ ഷാഫി പറമ്പിൽ എംഎൽഎ

നേതൃത്വത്തെക്കുറിച്ചു സദാ ചർച്ചകൾ വേണ്ട കാലമാണിത്. കാരണം, ലീഡർക്കു വലിയ പ്രാധാന്യമുണ്ട്. സമൂഹത്തെ നയിക്കേണ്ടത് അവരാണ്. അതിനുവേണ്ട ടീമിനെ രൂപീകരിക്കുന്നതും അവരാണ്. ഈ സാഹചര്യത്തിലാണു വി.കെ.മാത്യൂസിന്റെ ലേഖനം ചർച്ച ചെയ്യേണ്ടത്. ശാസ്ത്രസാങ്കേതിക വിദ്യ, വാർത്താവിനിമയം, ഗതാഗതം എന്നീ മേഖലകളിലെല്ലാം അനുദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, നമ്മുടെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കു വേഗം കുറവാണ്. മാറ്റങ്ങൾക്കു തുടക്കമിടേണ്ടതു രാഷ്ട്രീയമാണെന്നു പറയും. എന്നാൽ, ചുറ്റുമുള്ള മാറ്റങ്ങൾക്കനുസരിച്ചു മാറാനാണ് ഇപ്പോഴത്തെ രാഷ്ട്രീയത്തിനു താൽപര്യം. കാലത്തിനു മുൻപേ രാഷ്ട്രീയം സഞ്ചരിക്കണം.

രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു കഴിവുള്ള യുവാക്കൾ മാറിനിൽക്കുന്നുണ്ട്. മികച്ചയാളുകൾ വിട്ടുനിന്നാൽ നാടിനാകെ ദോഷമാണ്. യുവാക്കളെ പഞ്ചായത്ത് മെംബറാക്കും പ്രസിഡന്റാക്കും എംഎൽഎയാക്കും പാർട്ടിയിലും സ്ഥാനങ്ങൾ നൽകും; അവരെ ‘അക്കോമഡേറ്റ് ’ ചെയ്തു എന്നു പറയും. എന്നാൽ, സുപ്രധാന തീരുമാനങ്ങളെടുക്കേണ്ട മേഖലകളിൽ അവരുടെ പ്രാതിനിധ്യം വരണം. ചെറുപ്പം എന്നതു പ്രായം മാത്രമല്ല. യുവാക്കളല്ലെങ്കിലും ‘യങ് ആറ്റിറ്റ്യൂഡ്’ ഉള്ളവരുണ്ട്. അവരെയും ചേർത്താകണം നേതൃത്വം.

palakkad-muhammad-muhsin
മുഹമ്മദ് മുഹസിൻ

രാഷ്ട്രീയം കരിയറാക്കരുത്
∙ മുഹമ്മദ് മുഹസിൻ എംഎൽഎ

വി.കെ.മാത്യൂസിന്റെ ലേഖനം പുതിയ ചില ചിന്തകൾക്കു തുടക്കമിടേണ്ടതാണ്. ‘ലീഡർഷിപ്’ എന്നത് ഏതെങ്കിലും ഒരു വ്യക്തിയിൽ കേന്ദ്രീകൃതമല്ല. സാങ്കേതികവിദ്യയും ആശയവിനിമയവും മികച്ച സാധ്യതകളുമുള്ള ലോകത്ത് ഒരാളെ കേന്ദ്രീകരിച്ചു കുറെ ആളുകൾ നിൽക്കണമെന്നു നിർബന്ധിക്കാനാവില്ല. മികവുള്ളവരുടെ കൂട്ടായ്മ, ‘ഒരു ദൗത്യം’ എന്ന നിലയിലാണു നേതൃത്വം കയ്യാളേണ്ടത്. ജനങ്ങൾക്കു മുൻപേ പാർട്ടികളാണു മാറേണ്ടത്. രാഷ്ട്രീയത്തെ കരിയറായി തിരഞ്ഞെടുക്കരുത്. അത് ഉത്തരവാദിത്തമാണ്. മികവുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ട്. പക്ഷേ, അവരെ ‘പോസിറ്റീവ്’ ആയി പാർട്ടികൾ ഉപയോഗിക്കുന്നുണ്ടോ എന്നു ചിന്തിക്കണം. ഒരാൾ വളർന്നു വരുന്നതു മറ്റൊരാൾക്കു വെല്ലുവിളിയാണെന്നു കരുതുന്ന രാഷ്ട്രീയ സംസ്കാരം മാറ്റണം.

എം.ബി.രാജേഷ് (File Photo: Manorama)
എം.ബി.രാജേഷ് (File Photo: Manorama)

മികച്ച വീക്ഷണമുള്ള നേതൃത്വം ഇവിടെയുണ്ട്
∙ മന്ത്രി എം.ബി.രാജേഷ്

കേരള സമൂഹം ആദ്യകാല മുന്നേറ്റങ്ങൾക്കുശേഷം ഇപ്പോൾ സ്തംഭനാവസ്ഥയിലാണെന്നും പുതിയകാലത്തിന് അനുയോജ്യരായ നേതൃത്വം ഇല്ലെന്നുമുള്ള വി.കെ.മാത്യൂസിന്റെ അഭിപ്രായങ്ങൾ വസ്തുതാപരമല്ല.

സാമ്പത്തികമായടക്കം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പക്ഷേ, ആർജിച്ച നേട്ടങ്ങളൊന്നും കൈമോശം വന്നിട്ടില്ല. കാലാനുസൃതമായി നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. മാനവവിഭവ വികസന സൂചികയിലും ജീവിത ഗുണമേന്മയിലും പ്രതിശീർഷ വരുമാനത്തിലും ദാരിദ്ര്യനിർമാജനത്തിലുമെല്ലാം രാജ്യത്തു മുന്നിലാണ് നമ്മൾ. സാമ്പത്തിക–വ്യവസായിക വളർച്ചാനിരക്കിലും ഏറെ മുന്നേറുന്നു. പുതിയ കാലത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മികച്ച വീക്ഷണമുള്ള നേതൃത്വത്തിന്റെ ഫലം തന്നെയാണ് ഇതെല്ലാം. കേരളത്തിലെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മികച്ച അവസരങ്ങൾ തേടിയാണു വിദേശത്തേക്കു പോകുന്നത്. പക്ഷേ, വലിയ നിക്ഷേപ സൗഹൃദമെന്നു വാഴ്ത്തുന്ന ഗുജറാത്തിൽ നിന്നടക്കം വിദേശത്തേക്കു പോകുന്നതിൽ നല്ലൊരു പങ്ക് അനധികൃത കുടിയേറ്റമാണെന്നു മറക്കരുത്.

alappuzha-arita-babu-udf-election-campaign
അരിത ബാബു

പരീക്ഷണവസ്തുക്കൾ വേണോ?
∙ അരിത ബാബു (യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്)

വിദ്യാസമ്പന്നരായ ഒരുപിടി നേതാക്കളാണു രാഷ്ട്രീയ കേരളത്തെ മുന്നോട്ടുനീക്കുന്നത്. എന്നാൽ, ആധുനികമായി ചിന്തിക്കാൻ കഴിയുന്ന ജനപ്രതിനിധികൾ ചുരുക്കം. കാലാനുസൃത വികസനചിന്തകളോ ദീർഘവീക്ഷണമോ ഇല്ല. നാടിനെ വൻമതിൽ കെട്ടി രണ്ടായി മുറിക്കുന്ന അശാസ്ത്രീയ ഹൈവേ വികസനം നടക്കുന്ന കായംകുളം തന്നെ ഉദാഹരണം. വി.കെ.മാത്യൂസിന്റെ നിർദേശത്തോടു പൂർണമായി യോജിക്കുന്നു, നാടിന് നല്ല നേതാക്കളെ ആവശ്യമുണ്ട്! സർവ മേഖലയിലും മത്സരപ്പരീക്ഷകൾ നടക്കുമ്പോൾ ജനങ്ങളുടെ വോട്ടു വാങ്ങി പരീക്ഷണവസ്തുവായി മാത്രം എത്തുന്ന ജനപ്രതിനിധികളെ ആവശ്യമുണ്ടോ? നാടിനെ നയിക്കാൻ വേണ്ടതു കീഴ്‌വഴക്കങ്ങളും കുത്തകകളുമല്ല എന്നു തിരിച്ചറിയുന്ന യുവതലമുറയുടെ കാലമാണിത്. അവരുടെ വിമർശനത്തിന് അതീതരല്ല ഒരു രാഷ്ട്രീയക്കാരും.

English Summary:

Young leaders respond to the article by VK Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com