ADVERTISEMENT

ബിൽക്കീസ് ബാനോയോടു മാത്രമല്ല, രാജ്യത്ത് അപമാനിക്കപ്പെടുന്ന മുഴുവൻ പെൺമയോടും ചേർന്നുനിൽക്കുന്നതാണ് സുപ്രീം കോടതിയിൽനിന്നുണ്ടായ ചരിത്രവിധി. കെ‍ാടുംക്രൂരതയും അപമാനങ്ങളും കണ്ണീരും ചോരയും കെ‍ാണ്ടെഴുതിയ ബിൽക്കീസിന്റെ ജീവിതത്തോട് രാജ്യത്തിനുവേണ്ടി പരമോന്നത നീതിപീഠം നടത്തുന്ന പ്രായശ്ചിത്തമാണിതെന്നു പറയാം. പലതരത്തിലുള്ള ക്രൂരാനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വനിതകൾക്കെ‍ാക്കെയും ആത്മാഭിമാനവും ആത്മവിശ്വാസവും പകരുകയാണു കോടതി. തോൽക്കാനല്ല, പെ‍ാരുതി ജയിക്കാനാണ് ഈ ജീവിതമെന്ന്, അപമാനങ്ങളാൽ മുറിവേറ്റ ഓരോ വനിതയോടും ഈ വിധി പറയാതെ പറയുന്നു.

ബിൽക്കീസ് ബാനോയ്ക്ക് ശിരസ്സു കുനിച്ച് അഭിവാദ്യമർപ്പിക്കുകയാണു രാജ്യം; കൊടുംപീഡനത്തിന്റെയും തുടർനിരാസങ്ങളുടെയും അപമാനങ്ങളുടെയും കനൽപാതയിൽനിന്നു നേടിയ ഈ നിയമവിജയത്തിന്റെ പേരിൽ’ എന്ന തുടക്കത്തോ‍ടെ മലയാള മനോരമ മുഖപ്രസംഗമെഴുതിയത് 2019 ഏപ്രിലിലാണ്. ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാൽസംഗത്തിനിരയായ അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചപ്പോഴായിരുന്നു അത്. അതുകഴിഞ്ഞും പല തരത്തിലുള്ള അപമാനങ്ങളും ബിൽക്കീസ് ബാനോയ്ക്കു നേരിടേണ്ടിവന്നു. അവരുടെ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ഇളവു നൽകി ജയിലിൽനിന്നു വിട്ടയയ്ക്കുന്നതുപോലും നാം കണ്ടു.

വായിക്കാം: ബിൽക്കീസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി; 11 കുറ്റവാളികൾ വീണ്ടും ജയിലിലേക്ക്

ഗോധ്രയിൽ 2002 ഫെബ്രുവരി 27നു സബർമതി എക്സ്പ്രസിന് അക്രമികൾ തീവയ്‌ക്കുന്നതിൽനിന്നാണ് ആ ക്രൂരകാലം തുടങ്ങുന്നത്. തുടർന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ ബിൽക്കീസും കുടുംബവും പലായനം ചെയ്യുമ്പോഴാണ് മാർച്ച് മൂന്നിന് ആക്രമണമുണ്ടായത്. ബിൽക്കീസ് അപ്പോൾ ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നു വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തിൽ 7 സ്ത്രീകൾ കൂട്ടബലാൽസംഗത്തിനിരയായാണു കൊല്ലപ്പെട്ടത്.

തുടർന്ന് നീതിക്കുവേണ്ടി ബിൽക്കീസ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. പല തരത്തിലുള്ള നീതിനിഷേധങ്ങളും അനുഭവിക്കേണ്ടിവന്ന ബിൽക്കീസ് പക്ഷേ, തോറ്റുകെ‍ാടുക്കാൻ തയാറായിരുന്നില്ല. എന്നാൽ, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും 2022ലെ സ്വാതന്ത്ര്യദിനത്തിൽ ഇളവു നൽകി വിട്ടയച്ചപ്പോൾ നീതി പിന്നെയും ദൂരെയായി. ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും ദേശീയ മഹിളാ ഫെഡറേഷനും മറ്റും നൽകിയ ഹർജികളിൽ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ട് ഇന്നലെ വിധി പറഞ്ഞത്.

ഇല്ലാത്ത അധികാരമുപയോഗിച്ചും പ്രതികളുമായി ഒത്തുകളിച്ചുമായിരുന്നു ഗുജറാത്ത് സർക്കാർ നൽകിയ മോചനമെന്ന് വിലയിരുത്തി, ജീവപര്യന്തം ശിക്ഷ ലഭിച്ച 11 പേരെ മോചിപ്പിച്ച നടപടി റദ്ദാക്കിയാണ് വിധി. കുറ്റവാളികളെ ഭരണകൂടങ്ങൾതന്നെ രക്ഷിക്കുന്ന സാഹചര്യങ്ങളിൽ കോടതിയുടെ പ്രസക്തി അറിയിക്കുകയാണ് ഈ വിധിയിലൂടെ പരമോന്നത നീതിപീഠം. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും അധികാരമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണെന്നുമാണു നിരീക്ഷിച്ചത്. അധികാരം കവർന്നെടുത്തുള്ള നടപടിയാണ് ഗുജറാത്തിന്റേതെന്നും കോടതി വ്യക്തമായി പറഞ്ഞു. ഈ സാങ്കേതികതയ്ക്കപ്പുറം മാനവികതയിലൂന്നി, സർക്കാരും പൊതുസമൂഹവും തിരിച്ചറിയേണ്ട മറ്റു ചില കാര്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ വിശ്വാസമോ അവരുടെ വിഭാഗമോ ഏതുമായിക്കൊള്ളട്ടെ, ഉന്നതരോ താഴ്ന്നവരോ ആകട്ടെ അവരെല്ലാം ബഹുമാനം അർഹിക്കുന്നു എന്ന് വിധിയിൽ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടുന്നു.

വായിക്കാം: ക്രൂരതയുടെ ആ രാത്രി

ഗുജറാത്തിലേതു വെറും കലാപമായിരുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ കൂട്ടക്കൊലയായിരുന്നുവെന്നുമുള്ള ആരോപണം പിന്നീടു രാജ്യത്തിനു മുന്നിലെത്തി. ഗുജറാത്ത് കലാപത്തോടനുബന്ധിച്ചു റജിസ്റ്റർ ചെയ്ത പല കേസുകളും കുറ്റപത്രം പോലും നൽകാതെ അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്നും ആരോപണമുണ്ടായി. ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ടവരോടു ഭരണകൂടം കാണിച്ച ഉദാരതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. അതുകെ‍ാണ്ടുതന്നെ, ഗുജറാത്ത് സർക്കാരിനു കനത്ത ആഘാതമാകുകയാണ് ഈ വിധി. സർക്കാർതന്നെ കുറ്റവാളികളുടെ രക്ഷാധികാരിയാകുമ്പോൾ നീതിപീഠത്തിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് സുപ്രീം കോടതി നൽകിയ മേലെ‍ാപ്പ് ഈ കാലത്തിനുവേണ്ടി മാത്രമല്ല, ഭാവിഭാരതത്തിനും ഭാവി സർക്കാരുകൾക്കും വേണ്ടിയാണ്.

English Summary:

Editorial about Bilkis Bano's case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com