ADVERTISEMENT

ചെങ്കടലിലൂടെ ഇസ്രയേലിലേക്കും തിരിച്ചും ചരക്കു കടത്തുന്ന കപ്പലുകൾ ആക്രമിക്കുന്ന, യെമന്റെ ഭൂരിഭാഗവും കയ്യടക്കി വാഴുന്ന, ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും തുടങ്ങിയ പോരാട്ടം യൂറോപ്പിലെയും അറബ് ലോകത്തെയും അവരുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചിരിക്കുന്നു. 

ചെങ്കടൽ സുരക്ഷിതമാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയനു’മായി ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ പൂർണമായി നിസ്സഹകരിക്കുന്നു. നെതർലൻഡ്സ് പോരാട്ടസാമഗ്രികൾ നൽകുന്നുണ്ട്. ജർമനിയും ഡെന്മാർക്കും നീക്കത്തെ ന്യായീകരിച്ചിട്ടുണ്ട്. അറബ്‌ലോകത്തുനിന്നു സഹകരിക്കുന്നതു ബഹ്റൈൻ മാത്രം. ഓസ്ട്രേലിയയും കാനഡയും ന്യൂസീലൻഡുമാണ് പിന്തുണയ്ക്കുന്ന പ്രധാനരാജ്യങ്ങൾ.  പോരാടുന്ന രാജ്യങ്ങളും (യുഎസ്, ബ്രിട്ടൻ) പോരാട്ടത്തെ ശക്തമായി പിന്തുണയ്ക്കുന്ന പ്രധാനികളും (ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്) ഇംഗ്ലിഷ് ഭാഷാ രാജ്യങ്ങളാണെന്നതു ശ്രദ്ധേയം. 

അടുത്തകാലത്തായി ആഗോളരാഷ്ട്രീയത്തിൽ ഈ 5 രാജ്യങ്ങളുടെ അനൗദ്യോഗിക കൂട്ടായ്മയെ ലോകം ശ്രദ്ധിച്ചുവരികയാണ്. കാനഡയിലെ ഖലിസ്ഥാൻ പ്രവർത്തകരുടെ മരണത്തിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുയർത്തിയപ്പോഴും ഈ കൂട്ടായ്മ ലോകശ്രദ്ധയിലെത്തി. ഫൈവ് ഐസ് (5 കണ്ണുകൾ) എന്നറിയപ്പെടുന്ന ഈ രാജ്യങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് സഹകരണത്തിലൂടെയാണ് ഇന്ത്യയുടെ കൈകൾ കണ്ടുപിടിക്കപ്പെട്ടതെന്നാണ് അന്നു വെളിപ്പെട്ടത്. ഇന്ത്യ ആരോപണം നിഷേധിച്ചു.

2021 ൽ തുടക്കമിട്ട ഔക്കസ് (AUKUS) എന്ന ശാക്തികസഖ്യമാണ് മറ്റൊന്ന്. ഓസ്ട്രേലിയ, യുകെ, യുഎസ് എന്നിവയുടെ ആദ്യാക്ഷരങ്ങൾകൊണ്ട് പേരിട്ട ഈ സഖ്യം ആണവസാങ്കേതികവിദ്യ വരെ പരസ്പരം കൈമാറുന്ന അനൗദ്യോഗികസഖ്യമായി മാറി. രണ്ടു വർഷം മുൻപ് ഔക്കസിന്റെ ആഭിമുഖ്യത്തിലുള്ള ആണവമുങ്ങിക്കപ്പൽ പദ്ധതിയിൽ സഹകരണം ലഭിക്കുമെന്നായപ്പോൾ, നേരത്തേ ഫ്രാൻസിനു നൽകിയിരുന്ന കരാർ ഓസ്ട്രേലിയ റദ്ദാക്കിയത് പാശ്ചാത്യ ശാക്തികസഖ്യത്തിന്റെ കെട്ടുറപ്പിനു വെല്ലുവിളിയായിരുന്നു. 

ബ്രിട്ടിഷ് പാരമ്പര്യം; യുഎസ് നേതൃത്വം

ഒരേ ഭാഷാ–സാംസ്കാരിക പൈതൃകമുള്ള രാജ്യങ്ങളാണ് അഞ്ചും. പഴയ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രങ്ങൾ. പഴയ പ്രതാപം നശിച്ചെങ്കിലും ഇന്നും ആണവായുധങ്ങളുടെ പ്രൗഢി കാട്ടി യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമായും ലോകരാഷ്ട്രീയ– ശാക്തികരംഗത്തു ശ്രദ്ധിക്കപ്പെടുന്ന കളിക്കാരായും ബ്രിട്ടൻ തുടരുന്നു. സൈനിക–രാഷ്ട്രീയ മേഖലയിൽ ആഗോളശക്തിയായ യുഎസാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.  

yemen-us-britain-1501

ശാസ്ത്ര– സാങ്കേതികവിദ്യയിലും ആരും മോശക്കാരല്ല. ചെറിയ ദ്വീപുരാജ്യമായ ന്യൂസീലൻഡ് മാത്രമേ ശാക്തികരംഗത്തു കളിക്കാൻ ചീട്ടൊന്നുമില്ലാതെ അൽപം പിന്നിലുള്ളൂ.  പുരോഗമന ജനാധിപത്യവ്യവസ്ഥിതിയും ഉദാരസാമൂഹികമൂല്യങ്ങളും നീതിന്യായ വ്യവസ്ഥയിലെ സാമ്യവും സ്വതന്ത്രവിപണിയുമാണ് മറ്റു പൊതുഘടകങ്ങളായി അവർ കരുതുന്നത്.  യൂറോപ്പിലെ പല രാജ്യങ്ങളും (പ്രധാനമായും ജർമനിയും ഫ്രാൻസും) സാമ്പത്തികമായും സാങ്കേതികവിദ്യയിലും യുഎസ് ഒഴികെയുള്ള നാലുപേരെക്കാൾ മുന്നിലാണെങ്കിലും യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവയുടെ ആകെ വിഭവശേഷിയുടെ മുന്നിൽ നിഷ്പ്രഭർ. 

ചൂടു പകർന്നത് ബ്രെക്സിറ്റ്

ലോകരാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ഈ 5 രാഷ്ട്രങ്ങളുടെയും ആത്യന്തിക താൽപര്യങ്ങൾ തമ്മിൽ പലപ്പോഴും സാമ്യം കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ആംഗ്ലോസ്ഫിയർ (ആംഗലേയലോകമെന്നു പരിഭാഷപ്പെടുത്താം) എന്നു രാഷ്ട്രീയചിന്തകർ വിളിക്കുന്ന അനൗപചാരിക കൂട്ടായ്മ ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടെ രൂപംകൊണ്ടത്. ഭാഷാപരമായി ഐറിഷ് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസുമെല്ലാം ആംഗലേയലോകമായി കണക്കാക്കപ്പെടുന്നെങ്കിലും രാഷ്ട്രീയ–സാമൂഹികമൂല്യങ്ങളിൽ ചില ഭിന്നതകളുണ്ട്. 

വെള്ളക്കാരായ ആംഗ്ലോ– സാക്സോൺ പ്രൊട്ടസ്റ്റന്റുകാരുടെ വെറുമൊരു വംശീയകൂട്ടായ്മയാണ് ഇതെന്നു വിമർശിക്കുന്നവരുമുണ്ട്. അതുപോലെതന്നെ, 20–ാം നൂറ്റാണ്ടിൽത്തന്നെ ഇതിന്റെ വിത്തുപാകിയിരുന്നെന്നും ലോകയുദ്ധങ്ങൾ രണ്ടും ആത്യന്തികമായി ആംഗലേയലോകത്തിന്റെ വിജയമായിരുന്നെന്നും കരുതുന്നവരുമുണ്ട്. എന്നാൽ, ഈ ഘടകങ്ങളിൽ ഊന്നൽ നൽകുന്നത് മറ്റു സുഹൃദ്സമൂഹങ്ങളെ തങ്ങളിൽനിന്നകറ്റുമെന്ന ബോധ്യം ആംഗലേയകൂട്ടായ്മയ്ക്കുവേണ്ടി വാദിക്കുന്നവരെ പിന്തിരിപ്പിക്കുന്നുണ്ട്.

ഈ രാജ്യങ്ങളിൽ നാലെണ്ണവും ഇന്ത്യ– പസിഫിക് തീരത്താണെന്നതാണ് ശ്രദ്ധേയമായ മറ്റൊന്ന്. യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറൻ അതിർത്തിയിലാണ് പസിഫിക്. ഓസ്ട്രേലിയയും ന്യൂസീലൻഡും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ്. തങ്ങളുമായുള്ള  വ്യാപാരങ്ങളുടെ സുരക്ഷിതത്വത്തിനു വെല്ലുവിളിയായി ഇവർ കാണുന്നത് ചൈനയുടെ ഉയർച്ചയാണ്. യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് നാവികശക്തി വെട്ടിക്കുറച്ച ബ്രിട്ടൻ അടുത്തകാലത്ത് ഇന്ത്യ–പസിഫിക്കിൽ പുതിയൊരു വിമാനവാഹിനിയും പടക്കപ്പലുകളും മറ്റുമായി തിരിച്ചെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. 

യൂറോപ്യൻ കൂട്ടായ്മ ഇളകിത്തുടങ്ങിയതോടെ വ്യാപാരത്തിനു ബ്രിട്ടൻ ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും കണ്ണയച്ചുതുടങ്ങി. അങ്ങനെ നോക്കുമ്പോൾ, യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റമാണ് (ബ്രെക്സിറ്റ്) ആംഗലേയലോക കൂട്ടായ്മയ്ക്കു ചൂടുപകർന്നതെന്നു വേണമെങ്കിൽ പറയാം. ചുരുക്കത്തിൽ ഇന്ത്യ–പസിഫിക്കിൽ ചൈനയുടെ കടന്നുകയറ്റമുണ്ടാകാതെ നോക്കുന്നതിൽ അഞ്ചുപേർക്കും താൽപര്യമുണ്ട്. ഇന്ത്യ–പസിഫിക്കിന്റെ പടിവാതിലിലാണ് ചെങ്കടൽ. അതിലൂടെയുള്ള വ്യാപാരമാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ഭീഷണി നേരിടുന്നത്. ആ ഭീഷണി ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 

നിലവിലുള്ള സുഹൃദ്ശക്തികളെ അകറ്റുന്ന ഔപചാരിക കൂട്ടുകെട്ടിന് അഞ്ചുപേർക്കും താൽപര്യമില്ല. മുങ്ങിക്കപ്പൽ കരാർ ഓസ്ട്രേലിയ റദ്ദാക്കിയപ്പോൾ ഫ്രാൻസ് ഇടഞ്ഞത് അവർക്കു വലിയൊരു താക്കീതായിരുന്നു. യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും താൽപര്യം. ഒപ്പം ചൈനയും ഇന്ത്യയുമായുള്ള ബന്ധങ്ങൾ വളർത്താനും ശ്രമിക്കുന്നു. അതിനാൽ, ഇന്ത്യയും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളും ജപ്പാനും മറ്റും ഉൾപ്പെടുന്ന കൂട്ടായ്മകളോട് ഒത്തുപോകാവുന്ന നീക്കങ്ങളേ ഈ 5 രാജ്യങ്ങളും നടത്താനിടയുള്ളൂ.

English Summary:

US and Britain's move against the Houthis in the Red Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com