ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നത് 4000 കോടി രൂപയിലേറെ മുതൽമുടക്കുള്ള മൂന്നു പദ്ധതികളാണ്. എന്നാൽ, നിക്ഷേപത്തുകയുടെ വലുപ്പത്തെക്കാൾ പ്രധാനം മറ്റൊന്നാണ്: ഇന്ത്യയ്ക്ക് ആഗോള മാരിടൈം – ഷിപ്പിങ് വ്യവസായ മേഖലയിൽ അഭിമാനത്തോടെ തല ഉയർത്തിനിൽക്കാൻ ഇടംനൽകുന്ന പദ്ധതികളാണിവ. രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഇന്ധനമാകാവുന്ന ഈ ബൃഹദ്പദ്ധതികൾക്കു വിദേശ ആശ്രയത്വം ഗണ്യമായി കുറയ്ക്കാനും വൻതോതിൽ വിദേശനാണ്യം നേടിയെടുക്കാൻ ഇന്ത്യയെ സഹായിക്കാനും ശേഷിയുണ്ട്. അവ സമ്മാനിക്കുന്നതാകട്ടെ, ആയിരക്കണക്കിനു തൊഴിലവസരങ്ങളും. സമീപഭാവിയിൽ തന്നെ മാരിടൈം – ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാൻ കൊച്ചിക്കു സാധ്യത തുറക്കുന്ന പദ്ധതികളാണിവ. 

കൊച്ചി ഷിപ്‌യാഡിൽ സജ്ജമായ പുതിയ ഡ്രൈ ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയ്ക്കു പുറമേ, പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർമിച്ച എൽപിജി ഇറക്കുമതി ടെർമിനലും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. ആദ്യ രണ്ടു പദ്ധതികൾ ലോകത്തിനു മുന്നിൽ ആത്മനിർഭർ ഭാരത്, മെയ്ക് ഇൻ ഇന്ത്യ തുടങ്ങിയ വലിയ സ്വപ്നങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന്റെ ഭാഗമാണെങ്കിൽ സാമൂഹിക അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമാണു മൂന്നാമത്തെ പദ്ധതി. ഇന്നലെ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ഉൾനാടൻ ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത് ഈ പ്രതീക്ഷകളിലേക്കുള്ള ആമുഖമായി കാണാം: ‘‘ഇത്തരം അത്യാധുനിക സൗകര്യങ്ങൾ കേരളത്തിനു മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുകൂടി വലിയ കുതിപ്പു നൽകും.’’ 

ഷിപ്‌യാഡിൽ 1800 കോടി രൂപ െചലവിൽ നിർമിച്ച ഡ്രൈ ഡോക് കപ്പൽനിർമാണരംഗത്തു കൊച്ചിക്കു മുൻതൂക്കം നൽകുമെന്നുറപ്പ്. രാജ്യത്തെ വമ്പൻ ഡ്രൈ ഡോക്കുകളിലൊന്നാണിത്. കപ്പലുകൾ ഉൾപ്പെടെയുള്ള കടൽയാനങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പ്രത്യേക പണിപ്പുരയാണു ഡ്രൈ ഡോക്. ആവശ്യമെങ്കിൽ വെള്ളം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നതാണു  പ്രത്യേകത. ക്രെയിൻ സഹായത്തോടെ യാനങ്ങൾ ഉയർത്താനും താഴ്ത്താനും കഴിയും. കൂറ്റൻ വിമാനവാഹിനിക്കപ്പലുകളും എൽഎൻജി കാരിയറുകളും ഡ്രജിങ് ഷിപ്പുകളുമെല്ലാം നിർമിക്കാനാകുംവിധം വിശാലമാണു പുതിയ ഡ്രൈ ഡോക്. അതുകൊണ്ടു തന്നെയാണു സർബാനന്ദ സോനോവാൾ അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞത്: ‘‘മുൻപു നമുക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോൾ, ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പോലും ഇവിടെ, കൊച്ചിയിൽ നിർമിക്കാൻ നമുക്കു കഴിയും.’’ 

ഒരേസമയം 7 കപ്പലുകൾ വരെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുന്ന രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി – ഐഎസ്ആർഎഫ്) ഷിപ്‌യാഡിന്റെ ശേഷി കൂടുതൽ വിശാലമാക്കുകയാണ്; പ്രതിവർഷം 150 കപ്പലുകൾ വരെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുംവിധമുള്ള വികസനം. 970 കോടി രൂപയാണു മുതൽമുടക്ക്. കോവിഡ് സൃഷ്ടിച്ച വമ്പൻ പ്രതിസന്ധികളെ അതിജീവിച്ചു 2700 കോടിയിലേറെ രൂപ ചെലവിട്ടു രണ്ടു പദ്ധതികളും കാലതാമസം കൂടാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് ഷിപ്‌‌യാഡിനും കേരളത്തിനും അഭിമാനകരമാണ്. പ്രത്യേകിച്ചും, പദ്ധതികളുടെ വൈകൽ സാധാരണമായ ഈ കാലത്ത്! 

സാമൂഹിക അടിസ്ഥാനസൗകര്യ വികസനത്തിലെ വമ്പൻ നാഴികക്കല്ലാണ് 15,400 ടൺ സംഭരണശേഷിയുള്ള പുതുവൈപ്പ് എൽപിജി ഇറക്കുമതി ടെർമിനൽ. പദ്ധതിക്കെതിരായ എതിർപ്പുകൾ മൂലം ചുരുങ്ങിയത് 5 വർഷമെങ്കിലും വൈകിയ പദ്ധതിയുടെ നിർമാണച്ചെലവും പലമടങ്ങു വർധിച്ചു. 1236 കോടി രൂപയുടെ പദ്ധതി നൽകുന്ന നേട്ടങ്ങൾ പലതാണ്. കേരളത്തിൽ നേരിട്ടു പാചകവാതകം ഇറക്കുമതി ചെയ്യുന്നതോടെ ലഭ്യത വർധിക്കും. ഗാർഹിക ആവശ്യങ്ങൾക്കു മാത്രമല്ല, വ്യവസായ ആവശ്യങ്ങൾക്കും വാതക ലഭ്യത സുലഭമാകുകയും ചെയ്യും.

മൂന്നു പദ്ധതികളും കേരളത്തിൽ അനുബന്ധ വ്യവസായങ്ങൾ വളരാനുള്ള സാഹചര്യം കൂടിയാണു സൃഷ്ടിക്കുന്നത്. അത് ഉപയോഗിക്കാൻ നമുക്കു കഴിയണം. അതിനു സർക്കാരും വ്യവസായ ലോകവും കൈകോർക്കണം.  അവസരങ്ങൾ നഷ്ടപ്പെടുത്താനുള്ളതല്ല, ഉപയോഗിക്കാനുള്ളതാണ് എന്ന തിരിച്ചറിവ് ഒപ്പമുണ്ടാവുകയും വേണം.

English Summary:

Editorial about big projects are being inaugurated by Prime Minister Narendra Modi in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com