ADVERTISEMENT

എറണാകുളം മഹാരാജാസ് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭനായ അധ്യാപകരിലൊരാളായിരുന്നു എൽ.വി.രാമസ്വാമി അയ്യർ. 15 ഭാഷകൾ വരെ അറിയാവുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. പിൽക്കാലത്തൊരിക്കൽ കവി പി.ഭാസ്കരൻ മഹാരാജാസിൽ പ്രസംഗിക്കാൻ വന്നപ്പോൾ അദ്ദേഹം ഇംഗ്ലിഷ് പ്രസംഗത്തിനു മുതിർന്നു. മലയാളം കവിയല്ലേ, ഇംഗ്ലിഷിൽ പ്രസംഗിക്കണോ എന്നു സംഘാടകർ സംശയം പ്രകടിപ്പിച്ചപ്പോൾ ‘‘എന്നെ ഇംഗ്ലിഷ് പഠിപ്പിച്ചത് രാമസ്വാമി അയ്യരാണ്. എന്റെ ഇംഗ്ലിഷിൽ പിശകു വരില്ല’’ എന്നു പറഞ്ഞാണ് കവി ഇംഗ്ലിഷിൽ പ്രസംഗിച്ചത്. 

അതായിരുന്നു മഹാരാജാസിന്റെ പാരമ്പര്യം. ഒന്നരനൂറ്റാണ്ടിന്റെ തിളക്കമാർന്ന അക്കാദമിക് ചരിത്രം. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രഗല്ഭരായ പൂർവവിദ്യാർഥികൾ. മഹാരാജാസിൽ പഠിപ്പിച്ച സർഗധനരായ അധ്യാപകരുടെ നിര ഒന്നു വേറെ. എന്നാൽ, പൈതൃകത്തിന്റെ ഇന്നലെകളെ ദീർഘനിശ്വാസത്തോടെ സ്മരിക്കാൻ മാത്രമാണ് മഹാരാജാസിനെ സ്നേഹിക്കുന്നവരുടെ വർത്തമാനകാല നിയോഗം.

മഹാരാജാസ് എപ്പോഴും വാർത്തകളിൽ നിറയേണ്ടത് അതിന്റെ ഉന്നതമായ അക്കാദമിക് മികവിന്റെയും കലാമികവിന്റെയും മറ്റും അടിസ്ഥാനത്തിലാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, ഈയിടെയായി ക്യാംപസിൽനിന്നു പുറത്തുവരുന്നത് ചോരക്കളിയുടെയും നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളിയുടെയും പകയും പോരും നിറഞ്ഞ കഥകളാണ്. ക്യാംപസിൽ ബുധനാഴ്ച അർധരാത്രിയുണ്ടായ വിദ്യാർഥി സംഘർഷത്തിൽ കുത്തും വെട്ടുമേറ്റ് വിദ്യാർഥികൾ ആശുപത്രിയിലാണ്. ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കോളജും ഹോസ്റ്റലുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിനു വിദ്യാർഥികളുടെ പഠനം മുടങ്ങിയിരിക്കുന്ന അവസ്ഥ. തുടർച്ചയായ സംഘർഷങ്ങൾ കോളജിന്റെ സൽപേര് നാൾക്കുനാൾ നഷ്ടപ്പെടുത്തുകയാണ്. കലാലയത്തിന്റെ  മുഖമുദ്രയായി മാറേണ്ട അച്ചടക്കം എവിടെയോ കളഞ്ഞുപോയിരിക്കുന്നു. അധ്യാപകൻ ക്യാംപസിൽ ആക്രമണത്തിനിരയാകേണ്ടിവരുന്ന സാഹചര്യം ആലോചിക്കാൻകൂടി വയ്യ. ഭിന്നശേഷിക്കാരനായ അധ്യാപകനെ  അവഹേളിക്കുകയും വിരമിച്ച പ്രിൻസിപ്പലിന്റെ കസേര കത്തിക്കുകയുമൊക്കെ ചെയ്തതു മഹാരാജാസിന്റെ ക്യാംപസിലാണെന്നതു വേദനയോടെയേ സ്മരിക്കാനാവൂ. വ്യാജസർട്ടിഫിക്കറ്റ് വിവാദമുൾപ്പെടെ മഹാരാജാസിന്റെ സൽപേരിനേറ്റ കളങ്കങ്ങൾ മായ്ച്ചു കളയേണ്ടതുണ്ട്. മഹാരാജാസിന്റെ പൈതൃകവും സൽപേരും നിലനിർത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. പടിപടിയായൊരു പതനം മഹാരാജാസിനു സംഭവിക്കരുത്. അതിനു വേണ്ടത് ശക്തമായ ഇടപെടലാണ്; കൂട്ടായ ശ്രമങ്ങളാണ്. 

രാഷ്ട്രീയപ്രവർത്തനമെന്നാൽ പ്രബുദ്ധതയിലേക്കുള്ള മുന്നേറ്റമാണെന്നു തിരിച്ചറിയുന്ന അധ്യാപകരും വിദ്യാർഥികളുമായിരുന്നു മഹാരാജാസിൽ എക്കാലത്തും ഉണ്ടായിരുന്നതെന്നു ചൂണ്ടിക്കാട്ടുന്ന മുൻ അധ്യാപകൻ പ്രഫ. എം.കെ.സാനുവിനെപ്പോലുള്ളവരുടെ വാക്കുകൾക്കു പുതുതലമുറ കാതോർക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ ചേരിപ്പോരിൽ സംഘർഷങ്ങളിൽ എരിതീ പടർത്തുന്ന ചില അധ്യാപകർ അത്തരം നടപടികളിൽനിന്നു പിൻമാറണം. സംഘർഷങ്ങളുണ്ടാകുമ്പോൾ ക്യാംപസിലെത്തി അതു പരിഹരിക്കാൻ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ബാധ്യതയുണ്ട്. കോളജിലെ പിടിഎയുടെ പ്രവർത്തനം കാര്യക്ഷമമാകണം. ക്യാംപസിന്റെ ഗേറ്റുകൾ എപ്പോഴും അപരിചിതർക്കു മുന്നിൽ തുറന്നു കിടക്കണോ എന്ന പുനർവിചിന്തനം ആവശ്യമാണ്. കോളജിലെ ചെറിയ ചെറിയ പിണക്കങ്ങൾ ചിരവൈരത്തിലേക്കു വഴിതുറക്കരുത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ക്യാംപസ് രാഷ്ട്രീയ പ്രവർത്തനത്തിനാണ് വിദ്യാർഥിസമൂഹവും ശ്രമിക്കേണ്ടത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന അധ്യാപകരെ സ്ഥലം മാറ്റുന്നതും പ്രത്യയശാസ്ത്ര ഭിന്നതയുള്ള വിദ്യാർഥികളെ ഭീഷണിയുടെ മുനയിൽ നിർത്തുന്നതും ജനാധിപത്യ പാരമ്പര്യമല്ല. ‘ഗ്രേറ്റ് എഗെയ്ൻ, ഗ്രേറ്റ് എഗെയ്ൻ, മഹാരാജാസ് ഗ്രേറ്റ് എഗെയ്ൻ’ എന്ന മഹാരാജാസിന്റെ തനതു മുദ്രാവാക്യം അവിടെ എന്നും മുഴങ്ങണമെന്നുതന്നെയാണ് നാട് ആഗ്രഹിക്കുന്നത്.

English Summary:

Editorial about tradition of Maharajas college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com