ADVERTISEMENT

∙ ഗ്രേസി: സ്വന്തം മെയ്യനങ്ങാതെ അധികാരം വെട്ടിപ്പിടിക്കുന്ന ഒന്നായി രാഷ്ട്രീയം മാറിയിട്ട് എത്രയോ കാലമായി. ഏറ്റവും അധ്വാനശേഷി കുറഞ്ഞതും എന്നാൽ ഏറ്റവും ലാഭകരമായതുമായ ഒരു തൊഴിൽ മാത്രമായി രാഷ്ട്രീയം അധഃപതിച്ചു. ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ ഇറങ്ങിയവരിൽ മിക്കവരും കോടീശ്വരന്മാരായതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം നമ്മുടെ ജനാധിപത്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തും.

∙ ഡോ. ഖദീജ മുംതാസ്: സ്ത്രീയെ കല്യാണം കഴിപ്പിച്ചയയ്ക്കുകയും പുരുഷൻ കല്യാണം കഴിക്കുകയുമാണ് നമ്മുടെ നാട്ടിൽ. കല്യാണശേഷം പുരുഷനു സ്വന്തം വീട്ടിൽ മാത്രമല്ല, പെൺവീട്ടിലും വലിയ സ്ഥാനമാണ്. ഫലത്തിൽ രണ്ടു വീടിന്റെ സൗഖ്യം. അവൾക്കോ? വിവാഹത്തോടെ സ്വന്തം വീട്ടിലും അവൾക്ക് അന്യവൽക്കരണം സംഭവിക്കുന്നു. ഭർതൃവീട്ടിൽ അവൾ വന്നവൾ മാത്രവും.

∙ എസ്.സോമനാഥ്: ഏറ്റവും വലിയ പരീക്ഷണശാല അവനവന്റെ ഉള്ളുതന്നെയാണ്. 'അമ്പട ഞാനേ' എന്ന ഭാവം മാറ്റിവച്ചിട്ട് സ്വന്തം ഉള്ളിലേക്കു കടക്കുമ്പോഴാണ് യഥാർഥ അറിവുകൾ തുറന്നുകിട്ടുക. അത് അന്വേഷിച്ചവർ കണ്ടെത്തിയിട്ടുണ്ട്. അതു തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കു തെറ്റാണെന്നു തോന്നാൻതക്ക കാര്യങ്ങൾ കിട്ടിക്കൊണ്ടിരിക്കും എന്നതാണ് പ്രകൃതിയുടെ തമാശ.

∙ ഡോ. വി.പി.ഗംഗാധരൻ: പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു സിനിമയിൽ എഴുതിക്കാണിക്കുന്നതു ചെറിയ അക്ഷരത്തിലാണ്. എന്നിട്ടു നായകൻ പുകവലിക്കുന്നതും മദ്യപിക്കുന്നതുമൊക്കെ വളരെ പ്രകടമായി കാണിക്കുന്നു. ഇതൊക്കെ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

∙ കമൽ: രാഷ്ട്രീയ ശരി നോക്കിയാണ് എല്ലാക്കാലത്തും സിനിമ ചെയ്തിട്ടുള്ളത്. ഞാനൊരു സവർണ ഫ്യൂഡൽ തമ്പുരാൻ സിനിമകളും ചെയ്തിട്ടില്ല. വരിക്കാശേരി മന അടിസ്ഥാനമാക്കിയ സിനിമ ചെയ്തിട്ടുപോലും എന്റെ പ്രധാന കഥാപാത്രം കൃഷ്ണൻ എന്ന ജോലിക്കാരനായിരുന്നു.

∙ ഔസേപ്പച്ചൻ: പാട്ട് കംപോസ് ചെയ്യുമ്പോൾ ഞാൻ ആ കഥാപാത്രമാണെന്നു സങ്കൽപിച്ചാണ് ഈണമൊരുക്കുക. ആ കഥാപാത്രം സഞ്ചരിക്കുന്ന മാനസികാവസ്ഥയിലൂടൊക്കെ ഞാനും നടന്നുനോക്കും. ആ വിഷമങ്ങളൊക്കെ എനിക്കുള്ളതായി സ്വപ്നം കാണും. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാകും ‘രാപ്പാടീ കേഴുന്നുവോ..’ എന്നൊക്കെയുള്ള ഈണം ചുണ്ടിലൂറിവരിക. കഥാസന്ദർഭം ആലോചിച്ചാൽ എനിക്ക് ആ പാട്ട് പാടാനേ പറ്റില്ല. തൊണ്ടയിടറും.

∙ ഡോ. ജോസ് സെബാസ്റ്റ്യൻ: പൊതുസേവനങ്ങൾ സർക്കാർ സൗജന്യമായാണു നൽകുന്നതെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഈ സൗജന്യങ്ങൾ എത്തിച്ചുതരുന്ന ദൈവങ്ങളായാണ് രാഷ്ട്രീയക്കാരെ ജനങ്ങൾ കാണുന്നത്. പരോക്ഷ നികുതികൾവഴി തങ്ങളിൽനിന്ന് ഊറ്റിയെടുക്കുന്ന നികുതികളെക്കുറിച്ചു ജനങ്ങൾ അശേഷം ബോധവാന്മാരല്ല. ധനശാസ്ത്രത്തിൽ ‘ധനമിഥ്യ’ എന്നറിയപ്പെടുന്ന സ്ഥിതിവിശേഷമാണിത്.

∙ ബിനോയ് വിശ്വം: മുതലാളിത്തത്തിന്റെ മൂല്യബോധത്തിനും പണത്തിന്റെ സ്വാധീനത്തിനും അടിപ്പെട്ടുപോകാതെ സൂക്ഷിക്കുക എന്നതു കമ്യൂണിസ്റ്റുകാരന്റെ കർത്തവ്യമാണ്. പാർട്ടിയുടെ പരിശുദ്ധി വളരെ പ്രധാനമാണ്. നിതാന്തജാഗ്രത കാട്ടിയില്ലെങ്കിൽ ഈ വൈറസ് കമ്യൂണിസ്റ്റ് പാർട്ടിയെയും പിടികൂടും. ഇത്തരം പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുവിൽ പാർട്ടി വിജയിക്കാറുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെന്നു വരും.

∙ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ: ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി ഹിന്ദുധർമപദ്ധതിയെ പിൻപറ്റുന്നയാളാണ്. പ്രധാനമന്ത്രിക്കു ക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകളിൽ സംബന്ധിക്കാം. ക്രൈസ്തവമോ ഇസ്​ലാമികമോ ആയ മറ്റു സമാനമായ ചടങ്ങുകളിലും പങ്കെടുക്കാം. അതു ഭാരതത്തിലെ മതനിരപേക്ഷതയെ കൂടുതൽ ആഴമുള്ളതും വിശാലതയുള്ളതുമാക്കുകയാണു ചെയ്യുക.

∙ മുഹമ്മദ് അബ്ബാസ്: വായനക്കാരോടാണ്, നിങ്ങൾക്കു നിങ്ങളുടെ വില അറിയില്ല. എഴുത്തുകാരുടെ മുൻപിൽ നിങ്ങൾ വിനയകുനീതരായി നിൽക്കേണ്ട കാര്യമില്ല. അവരെ സാറെന്നും മാഡമെന്നും വിളിക്കേണ്ട ആവശ്യമില്ല. അവരുടെ കാൽതൊട്ട് വന്ദിക്കേണ്ട കാര്യം ഒട്ടുമില്ല. ഇതൊക്കെ മഹാബോറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com