44 ബിസിയിൽനിന്ന് 2024 എഡിയിലേക്ക് വ്യാജന്റെ ചാട്ടം!
Mail This Article
ലോകചരിത്രത്തിലെ ‘ഏറ്റവും വലിയ തിരഞ്ഞെടുപ്പു വർഷം’ എന്നാണു 2024 വിശേഷിപ്പിക്കപ്പെടുന്നത്. 64 രാജ്യങ്ങളിലാണ് ഇൗ വർഷം തിരഞ്ഞെടുപ്പ്. ലോകജനസംഖ്യയുടെ 49% പേരുടെ പ്രതിനിധികളാണ് ഇൗ വോട്ടെടുപ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെടുക എന്നാണു കണക്ക്. പാതിഭൂമിയിൽ ഇൗ വർഷം തിരഞ്ഞെടുപ്പാണെന്നർഥം! അതിൽത്തന്നെ ബംഗ്ലദേശ്, ഭൂട്ടാൻ, തയ്‌വാൻ, ഫിൻലൻഡ് തുടങ്ങി പലയിടത്തും ജനുവരി തീരുംമുൻപേ തിരഞ്ഞെടുപ്പു പൂർത്തിയായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളായ ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലും നമ്മുടെ അയൽപക്കത്ത് പാക്കിസ്ഥാനിലുമൊക്കെ ഇനി വോട്ടെടുപ്പു വരാനിരിക്കുന്നു.
യുദ്ധം, രോഗം, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരന്തഘട്ടങ്ങൾക്കൊപ്പമോ ഒരുപക്ഷേ, അതിലേറെയോ വ്യാജവാർത്തകളും വിവരങ്ങളും സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലമുണ്ടെങ്കിൽ അതു തിരഞ്ഞെടുപ്പുകളുടേതാണ്. സമൂഹമാധ്യമങ്ങളുടെ ഉദ്ഭവത്തിനു മുൻപും എതിരാളികളെ കരിവാരിത്തേക്കാനും തറപറ്റിക്കാനും പലരീതിയിൽ വ്യാജപ്രചാരണങ്ങൾ ഉണ്ടായിട്ടുള്ളതു നമുക്കറിയാമല്ലോ. പറഞ്ഞു പറഞ്ഞു പരത്തുന്ന അഭ്യൂഹങ്ങൾ മുതൽ അജ്ഞാത പോസ്റ്റുകളും നോട്ടിസുകളും വരെ എന്തെല്ലാം മാർഗങ്ങൾ.
ജൂലിയസ് സീസറിനുശേഷം റോമൻ സാമ്രാജ്യത്തിന്റെ അധികാരത്തിനുവേണ്ടി അദ്ദേഹത്തിന്റെ സൈന്യാധിപൻ മാർക്ക് ആന്റണിയും വളർത്തുമകൻ ഒക്ടേവിയനും തമ്മിലുണ്ടായ പോരാട്ടം ഒരുപക്ഷേ, ചരിത്രത്തിലെ ആദ്യ വ്യാജവാർത്താ യുദ്ധത്തിന്റെകൂടി കഥയാവണം. നേതൃഗുണമില്ലാത്തവനും മദ്യാസക്തനും സ്ത്രീലമ്പടനുമാണു മാർക്ക് ആന്റണിയെന്നു വരുത്തിത്തീർക്കാൻ നാണയങ്ങളിൽ മുദ്രാവാക്യങ്ങൾ മുദ്രണം ചെയ്ത് ഒക്ടേവിയൻ അവ പ്രചരിപ്പിച്ചെന്നാണു ചരിത്രം. ക്ലിയോപാട്രയുമായുള്ള ബന്ധത്താൽ പ്രണയാന്ധനായി മാറിയ മാർക്ക് ആന്റണി എങ്ങനെ ജനങ്ങളെ നയിക്കുമെന്നതായിരുന്നു ഇൗ പ്രചാരണത്തിലെ മുഖ്യചോദ്യം. ബിസി 44ൽ ആണ് ഇതു സംഭവിച്ചതെന്നോർക്കണം.
അവിടെനിന്ന് എഡി 2024ൽ എത്തുമ്പോൾ, ഫെയ്സ്ബുക് ടൈംലൈനും ഇൻസ്റ്റഗ്രാം സ്റ്റോറികളും എക്സ് പോസ്റ്റുകളും വാട്സാപ് ഫോർവേഡുമൊക്കെ ലോഹനാണയത്തുട്ടുകളെ റീപ്ലേസ് ചെയ്തിരിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. തന്ത്രം പഴയതുതന്നെ; എതിരാളികളെ ദുഷ്പ്രചാരണങ്ങളാൽ തകർക്കുക! നവസാങ്കേതികവിദ്യകളിലൂടെ ഇൗ തകർക്കൽ പ്രക്രിയ അതിവേഗത്തിലാക്കാൻ കഴിയുമെന്നതാണ് ഇക്കാലത്തിന്റെ സവിശേഷത. അതു സാധ്യമാക്കാനുള്ള വജ്രായുധമാണ് ‘നിർമിതബുദ്ധി’ എന്നു മലയാളത്തിൽ നമ്മൾ വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ.
ഏതാനും ദിവസം മുൻപു നടന്ന ബംഗ്ലദേശ് തിരഞ്ഞെടുപ്പിലുണ്ടായ ചില സംഭവങ്ങൾ നോക്കാം. വോട്ടെടുപ്പിനു തലേദിവസം ഫെയ്സ്ബുക്കിൽ രണ്ടു വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. ഗയ്ബന്ധ –1 എന്ന മണ്ഡലത്തിൽ മത്സരിക്കുന്ന അബ്ദുല്ല നഹീദ് നിഗർ, ബോഗുറ–2 മണ്ഡലത്തിൽ മത്സരിക്കുന്ന ബ്യൂട്ടി ബീഗം എന്നീ സ്വതന്ത്ര സ്ഥാനാർഥികളുടേതായിരുന്നു വിഡിയോ. തങ്ങൾ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നാണ് ഇൗ രണ്ടു സ്ഥാനാർഥികളും വിഡിയോയിൽ പറയുന്നത്.
ബംഗ്ലദേശിലെ പ്രധാനപ്രതിപക്ഷമായ ബിഎൻപി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചതുകൊണ്ട് സ്വതന്ത്രരായിരുന്നു ഭരണകക്ഷിയായ അവാമി ലീഗിന്റെ ഇത്തവണത്തെ പ്രധാന എതിരാളികൾ. അവരിലെ രണ്ടു സ്ഥാനാർഥികളാണു വോട്ടെടുപ്പിനു തലേന്നു മത്സരത്തിൽനിന്നു പിന്മാറിയതായി വിഡിയോയിൽ പറയുന്നത്. എന്നാൽ, ഇൗ രണ്ടു വിഡിയോകളും നിർമിതബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു വിദഗ്ധർ കണ്ടെത്തി. യഥാർഥ നിഗറും ബ്യൂട്ടിയുമല്ല വിഡിയോയിലെത്തി പിന്മാറുന്ന കാര്യം പറഞ്ഞത്!
തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ അബ്ദുല്ല നഹീദ് നിഗർ ഗയ്ബന്ധ ഒന്നിൽ വിജയിച്ചു. പക്ഷേ, ബ്യൂട്ടി ബീഗം ബോഗുറയിൽ പരാജയപ്പെട്ടത് വെറും 3000 വോട്ടിന്! വ്യാജ എഐ വിഡിയോ വോട്ടർമാരെ സ്വാധീനിച്ചോ, അതു ബ്യൂട്ടിയുടെ പരാജയത്തിൽ എത്രത്തോളം പങ്കുവഹിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ കൂടുതൽ പഠനങ്ങളിലൂടെയേ കണ്ടെത്താനാകൂ.
പക്ഷേ, ഒരുകാര്യം മനസ്സിലാക്കാൻ വലിയ പഠനങ്ങൾ ആവശ്യമില്ല – വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിർമിതബുദ്ധി എങ്ങനെയെല്ലാം പ്രയോഗിക്കപ്പെടാനിടയുണ്ട് എന്നതിന്റെ വ്യക്തമായ സൂചന ബംഗ്ലദേശിലെ ഇൗ രണ്ടു വിഡിയോകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ കളികൾക്കായി നമുക്കു കാത്തിരിക്കാം!
സച്ചിനും പെട്ടു !
തിരഞ്ഞെടുപ്പുകളുമായി ബന്ധമില്ലെങ്കിലും ഇൗ എഐ കഥകൂടി പറയാതെ വയ്യ. തന്റേതെന്ന മട്ടിൽ പ്രചരിക്കുന്ന എഐ നിർമിത വ്യാജ വിഡിയോയെക്കുറിച്ചു കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയതു സാക്ഷാൽ സച്ചിൻ തെൻഡുൽക്കറാണ്. ഒരു ഓൺലൈൻ ഗെയിമിങ് ആപ്പിലൂടെ തന്റെ മകൾ സാറ ഒരുദിവസം 18,000 രൂപ സമ്പാദിക്കുന്നെന്നും പണമുണ്ടാക്കാനുള്ള എളുപ്പമാർഗമാണ് ഇൗ ആപ്പെന്നും മറ്റും സച്ചിൻ പറയുന്നതാണു വിഡിയോയിലുള്ളത്. ഒറ്റക്കാഴ്ചയിൽ വിഡിയോയിലുള്ളതു സച്ചിൻ തന്നെ, ശബ്ദവും സച്ചിന്റേതു തന്നെ.
എന്നാൽ, കുറച്ചുകാലം മുൻപു സച്ചിൻ നൽകിയ ഒരു അഭിമുഖത്തിൽനിന്നുള്ളതാണു ദൃശ്യം. അതിലെ യഥാർഥശബ്ദം നീക്കം ചെയ്തശേഷം, സച്ചിൻ പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കൃത്രിമമായി സൃഷ്ടിച്ച് വിഡിയോയിൽ ചേർക്കുകയാണു ചെയ്തിരിക്കുന്നത്. വിഡിയോ കാണുന്നവർക്കു സംശയം തോന്നുകയേയില്ല, ഇത്തരം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യമൊക്കെ സച്ചിനെപ്പോലുള്ളവർ ചെയ്യുമോ എന്നു നമ്മുടെ സാമാന്യബുദ്ധി ചോദിച്ചില്ലെങ്കിൽ. മുംബൈ പൊലീസ് ഇൗ സംഭവത്തിൽ ഇപ്പോൾ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.