ADVERTISEMENT

ദയാവധത്തിന് അനുമതി നൽകണമെന്ന അപേക്ഷയുമായി തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ സമാനസങ്കടം പങ്കിടുന്ന ഒട്ടേറെപ്പേരുടെ നിസ്സഹായതയുടെ ആഴമത്രയും തെളിയുന്നു. പാവപ്പെട്ടവർക്കൊപ്പമെന്നു സദാ ആണയിടുന്നവർ, ആ ബാങ്കിൽ നടന്ന ശതകോടികളുടെ തട്ടിപ്പിന് ഇരയായവരുടെ സങ്കടം കാണാതിരിക്കുന്നതോളം വലിയ ക്രൂരതയെന്താണ് ? സഹകരണ സംഘങ്ങൾ കോടീശ്വരർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് ഓർമിപ്പിക്കേണ്ടിവന്നത് അതുകെ‍‍ാണ്ടാണ്. കരുവന്നൂർ ബാങ്ക് കേസിൽ അന്വേഷണം അനിശ്ചിതമായി നീളാനാവില്ലെന്നും അതു സംവിധാനത്തെത്തന്നെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

നവകേരള സദസ്സിൽ നൽകിയ പരാതിയിലും പരിഹാരമാകാതെ വന്നതോടെയാണ് ദയാവധത്തിന് അനുമതി നൽകണമെന്ന അപേക്ഷ അയച്ചതെന്നാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോഷി പറഞ്ഞത്. ബാങ്കിലെ തട്ടിപ്പിനിരയായ തനിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജോഷി ഹൈക്കോടതിയിൽ നൽകിയ കേസ് തുടർനടപടികൾ ഇല്ലാതെ വന്നതോടെ ഒന്നരവർഷം മുൻപു പിൻവലിച്ചിരുന്നു. പിന്നീടു നിക്ഷേപത്തുകയിൽ പലിശയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ‘കരുവന്നൂർ ബാങ്കും അതിന്റെ ജീവനക്കാരും കേരളത്തിന്റെ ഭരണസംവിധാനവും കൂടി തകർത്തത് എന്റെ ജീവിതവും സ്വപ്നങ്ങളുമാണ്’ എന്ന് ആ നിക്ഷേപകൻ പറയുമ്പോൾ അതിനു മറുപടി ഉണ്ടാവുകതന്നെ വേണം. താനും ബന്ധുക്കളും ആകെ 90 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നതെന്നും ഇതിൽ 70 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും ജോഷി പറയുന്നു.

നിക്ഷേപകർക്കു നീതി ലഭിക്കാൻ വൈകിപ്പിക്കുന്നതും ക്രൂരതയാണെന്ന് അധികാരികൾ മനസ്സിലാക്കിയേതീരൂ. പണം തിരിച്ചുലഭിക്കാതെ വരുമ്പോൾ ജനങ്ങളുടെ നെഞ്ചിലുണ്ടാവുന്ന ആശങ്കയുടെ നെരിപ്പോട് സർക്കാർ കാണുന്നില്ലെന്നാണോ ? എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം മൂന്നു വർഷമായി നടക്കുകയാണ്. അന്വേഷണം നീളുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ച ഹൈക്കോടതി, അന്വേഷണം ഏതുഘട്ടത്തിലാണെന്ന് അറിയിക്കണമെന്നു നിർദേശം നൽകിയിട്ടുമുണ്ട്. 

രൂപീകരണത്തിലും പ്രവർത്തനത്തിലുമുള്ള ജനാധിപത്യ സ്വഭാവമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സവിശേഷതയെങ്കിലും ധനാർത്തി മൂത്ത ചില രാഷ്ട്രീയക്കാരുടെ സമഗ്രാധിപത്യം ചിലയിടത്തെങ്കിലും വെട്ടിപ്പിനും അഴിമതിക്കും വാതിൽ തുറന്നുകൊടുക്കുകയാണ്. സംസ്ഥാനത്തു സഹകരണ മേഖല വലിയതോതിൽ കരുത്താർജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം സമ്മതിച്ചെങ്കിലും അതിൽ രാഷ്ട്രീയക്കാരുടെ പങ്ക് പറയാതെവിട്ടു. കരുവന്നൂർ ബാങ്കിന്റെ പേരും അദ്ദേഹം പരാമർശിച്ചില്ല. അതേ ചടങ്ങിൽ അധ്യക്ഷനായിരുന്ന സഹകരണ മന്ത്രി  വി.എൻ.വാസവൻ രാഷ്ട്രീയക്കാരെ വെറുതേവിട്ടുവെന്നു മാത്രമല്ല, കുറ്റം ജീവനക്കാരുടെമേൽ ചാർത്തുകയും ചെയ്തു. ഒരു ബാങ്കിലും നടക്കാൻ പാടില്ലാത്ത രൂപത്തിലുള്ള അനഭിലഷണീയ പ്രവണതകളാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്നും കുറ്റക്കാരായ 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്നുമാണു മന്ത്രി പറഞ്ഞത്.

കരുവന്നൂരിനു പിന്നാലെ മറ്റു ചില ബാങ്കുകളിൽനിന്നുകൂടി കോടികളുടെ വായ്പത്തട്ടിപ്പുകൾ പുറത്തുവന്നതോടെ ഈ മേഖലയുടെ വിശ്വാസ്യതയ്ക്കാണു മങ്ങലേറ്റത്. മികച്ച സേവനത്തിലൂടെ മാതൃക കാണിക്കുന്ന ഭൂരിപക്ഷം സഹകരണ ബാങ്കുകൾക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയാണു കരുവന്നൂരിലേതുപോലെയുള്ള ക്രമക്കേടുകൾ. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും വൻതോതിലുള്ള കള്ളപ്പണ ഇടപാടുകളാണു നടന്നിരിക്കുന്നതെന്നും ഇ.ഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ‍ിൽ പ്രതികളായ ജീവനക്കാരെ പുറത്താക്കാതെ വകുപ്പുതല അന്വേഷണം അനന്തമായി നീട്ടിയുള്ള സഹകരണ വകുപ്പിന്റെ കള്ളക്കളിയും പുറത്തുവന്നിരിക്കുന്നു. പുറത്താക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇവർ സിപിഎം ഉന്നതർക്കെതിരെ ഇ.ഡിക്കു തെളിവുസഹിതം തട്ടിപ്പുവിവരങ്ങൾ കൈമാറുന്ന സാഹചര്യമൊഴിവാക്ക‍ാനുള്ള നീക്കമാണെന്നാണ് ആരോപണം. 

മാതൃകാപരമായ സേവനം നടത്തുന്ന സഹകരണ പ്രസ്ഥാനത്തെ കളങ്കിതമാക്കുന്ന ഇതുപോലെയുള്ള ‘രാഷ്ട്രീയവിലാസം’ തട്ടിപ്പുകൾ ആവർത്തിച്ചുകൂടാ. ഇതിനു പിന്നിലുള്ളവർ എത്ര ഉന്നതരാണെങ്കിലും അവർക്കെതിരെ കർശന നടപടികൾ ഉണ്ടായേതീരൂ. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നും പണം ഭദ്രമായിരിക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകുന്നെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ പാഴാവാനും പാടില്ല.

English Summary:

Editorial about Karuvannur Bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com