ADVERTISEMENT

ബ്രിട്ടിഷ് രാജാധികാരത്തിൽനിന്നു വ്യത്യസ്തമായി, പരോക്ഷമായിട്ടാണെങ്കിലും താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടാണു രാഷ്ട്രപതി ആയതെന്നായിരുന്നു നമ്മുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നിലപാട്. ഭരണഘടനയുടെ 60–ാം വകുപ്പു പ്രകാരം സത്യപ്രതിജ്ഞ ചൊല്ലിയാണു രാഷ്ട്രപതി സ്ഥാനമേൽക്കുന്നത്. ഇതനുസരിച്ചു തനിക്ക് ‘ ഇന്ത്യയുടെ ഭരണഘടനയെ പരിപാലിക്കാനും സംരക്ഷിക്കാനും’ ചുമതലയുണ്ടെന്നു രാജേന്ദ്രപ്രസാദ് നിലപാടെടുത്തു. അപ്പോൾ തനിക്കെങ്ങനെ ‘റബർ സ്റ്റാംപ്’ മാത്രമായിരിക്കാൻ കഴിയും? ഇതായിരുന്നു ചോദ്യം. ബ്രിട്ടിഷ് രാജാവിനെപ്പോലെ ഇന്ത്യയിൽ രാഷ്ട്രപതിക്കു പരിമിതമായ അധികാരമേയുള്ളൂവെന്ന ജവാഹർലാൽ നെഹ്റുവിന്റെ വാദം ഇതോടു ചേർത്തുവായിക്കണം.

ഇടപെടലിലെ വേറിട്ട വഴികൾ

സ്വതന്ത്ര ഇന്ത്യയുടെ രണ്ടു വലിയ വെല്ലുവിളികളുടെ ഘട്ടത്തിൽ ഡോ. എസ്.രാധാകൃഷ്ണനായിരുന്നു രാഷ്ട്രപതി. 1962ൽ ചൈനയിൽനിന്ന് ഇന്ത്യയ്ക്കു സൈനിക പരാജയമുണ്ടായപ്പോഴും പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റുവും ലാൽ ബഹാദൂർ ശാസ്ത്രിയും മരിച്ചപ്പോഴും. ഈ ഘട്ടങ്ങളിൽ സ്ഥിരതയും തുടർച്ചയും ഉറപ്പുവരുത്താനും രാജ്യത്തിനു ധാർമികബലം പകരാനും അദ്ദേഹത്തിനായി.

1962ൽ ബംഗാൾ മുഖ്യമന്ത്രി ബി.സി.റോയ് അന്തരിച്ചപ്പോൾ, പുതിയ സഭാനേതാവിനെ തിരഞ്ഞെ‌ടുക്കുംവരെ ഇടക്കാല മുഖ്യമന്ത്രിയെ നിയോഗിക്കാൻ ഗവർണറോടു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഈ നിർദേശത്തിൽ അപൂർവതയില്ലെന്നു തോന്നാമെങ്കിലും അന്ന് അതൊരു പുതിയ പരിഹാരമായിരുന്നു. സർക്കാർ രൂപീകരണത്തിൽ ഗവർണർ പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപമുയർന്നപ്പോൾ രാജസ്ഥാൻ നിയമസഭാംഗങ്ങളെ രാധാകൃഷ്ണൻ രാഷ്ട്രപതിഭവനിലേക്കു വിളിച്ചുവരുത്തി അവരുടെ മനസ്സു ചോദിച്ചറിഞ്ഞു. 

ഈ മാതൃക പിന്തുടർന്ന മറ്റൊരാൾ സെയിൽ സിങ്ങാണ്. 1984ൽ അവിഭക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ടി.രാമറാവുവിനെ നിയമവിരുദ്ധമായി പുറത്താക്കിയപ്പോഴായിരുന്നു അത്. ‌സെയിൽ സിങ് മറ്റൊരു കാര്യത്തിലും വേറിട്ടുനിന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ഭിന്നതകളെത്തുടർന്ന് അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയതാണ് അത്. 

കെ.സി.സിങ്
കെ.സി.സിങ്

അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ, ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദുമായി എല്ലാ തിങ്കളാഴ്ചയും ഭരണകാര്യങ്ങൾ ചർച്ച ചെയ്യുന്ന ശീലമുണ്ടായിരുന്നു ജവാഹർലാൽ നെഹ്റുവിന്. ഈ കീഴ്‌വഴക്കം രാജീവ്ഗാന്ധി സെയിൽ സിങ്ങിന്റെ കാര്യത്തിൽ വിസ്മരിച്ചു. ‌ധാർമികാധികാരവും മികവും കാത്തുസൂക്ഷിച്ച മറ്റൊരു രാഷ്ട്രപതി കെ.ആർ.നാരായണനാണ്. 2002ൽ ഗുജറാത്തിലെ കലാപം അടിച്ചമർത്തണമെന്ന് കെ.ആർ.നാരായണൻ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയോട് ആവശ്യപ്പെട്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭരണഘടനയെ വിസ്മരിച്ചോ

ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കാൻ നമ്മുടെ ഭൂരിപക്ഷം രാഷ്ട്രപതിമാരും താൽപര്യമെടുത്തിട്ടില്ല; ജനപ്രിയ പ്രധാനമന്ത്രിമാർ ഭരണഘടനാ വിധേയമല്ലാതെ പെരുമാറിയ സാഹചര്യങ്ങളിൽ പോലും. രാജ്യം വലിയ ആദരവോടെ കണ്ട എ.പി.ജെ.അബ്ദുൽ കലാമും പ്രണബ് മുഖർജിയും ബിഹാറിലും ഉത്തരാഖണ്ഡിലും രാഷ്ട്രപതിഭരണത്തിന് അംഗീകാരം നൽകുകയാണു ചെയ്തത്. രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ രാഷ്ട്രപതി എങ്ങനെ പ്രവർത്തിക്കണമെന്നതു സംബന്ധിച്ച് എസ്.ആർ.ബൊമ്മൈ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് ഇരുവരും കേന്ദ്രസർക്കാർ തീരുമാനം അതേപടി അംഗീകരിച്ചതെന്നത് അമ്പരിപ്പിച്ചു. ഇരുവരുടെയും തീരുമാനം കോടതി പിന്നീടു റദ്ദാക്കുകയും ചെയ്തു. 

രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു സുപ്രധാന വിഷയങ്ങളിലെങ്കിലും മൗനം പാലിച്ചതായി കാണാം. മണിപ്പുരിലെ വംശീയകലാപത്തിലും ലൈംഗികപീഡനമാരോപിച്ചു ഗുസ്തിതാരങ്ങൾ നടത്തിയ സമരത്തിലും. സർക്കാരിനുമേൽ ധാർമികസമ്മർദം ചെലുത്താനാകുംവിധം എന്തെങ്കിലുമൊരു ഇടപെടലിന് അവർക്കു ശ്രമിക്കാമായിരുന്നു.

ധാർമികാധികാരം പ്രധാനം

വിവേകപൂർവം ഉപയോഗിക്കുമെങ്കിൽ രാഷ്ട്രപതിയുടെ ധാർമിക അധികാരശക്തി വളരെ വലുതാണ്. ഏകപക്ഷീയ ഭരണരീതിയും രാഷ്ട്രീയധ്രുവീകരണവും ശക്തമാകുമ്പോൾ തിരുത്തൽ ശക്തിയുള്ള ഭരണസ്ഥാപനങ്ങൾ നിർവീര്യമാകുന്നു. ഈ സാഹചര്യത്തിൽ നീതിമാനായ മധ്യസ്ഥനെയാണ് ഇന്ത്യയ്ക്ക് ആവശ്യം. എല്ലാ വിഷയങ്ങളിലും കോടതിയെ ആശ്രയിക്കാനാകില്ല. രാഷ്ട്രീയപ്രശ്നങ്ങൾ പലപ്പോഴും നിയമപരമായ പരിഹാരങ്ങൾക്കു വഴങ്ങുകയുമില്ല. ഇതിനിടയിൽ നീതിപൂർവമായ മധ്യസ്ഥതയാണു രാഷ്ട്രപതിയുടെ ഉത്തരവാദിത്തം. 

ഈ സവിശേഷത കൊണ്ടാകാം, തങ്ങൾക്കു വഴങ്ങിനിൽക്കുന്നവരെ മാത്രം ആ പദവിയിലേക്കു സർക്കാരുകൾ തിരഞ്ഞെടുക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലല്ലാതെ സംസ്ഥാനങ്ങൾക്കു രാജ്യസഭാ സീറ്റുകൾ അനുവദിക്കുന്ന സമ്പ്രദായം കൊണ്ടുവരിക എന്നതാണ് ഈ സാഹചര്യം മാറ്റാനുള്ള ഒരു പ്രതിവിധി. യുഎസ് സെനറ്റിലേതുപോലെ, വലിയ സംസ്ഥാനങ്ങളുടെയും ചെറിയ സംസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ എണ്ണത്തിലുള്ള വ്യത്യാസം ചെറുതാകണം. ഇങ്ങനെ മാറുന്നില്ലെങ്കിൽ രാഷ്ട്രം അർഹിക്കുന്നവരല്ല, ഭരണകക്ഷിക്കു താൽപര്യമുള്ളവർ മാത്രമാണു രാഷ്ട്രപതി ഭവനിലെത്തുക.

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

English Summary:

Writeup about Rashtrapati Bhavan's mission is to fair arbitration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com