ADVERTISEMENT

കേരളത്തിൽ കായിക സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. 4 ദിവസമായി നടന്ന ഉച്ചകോടിയിലൂടെ 25 കായിക പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നാണ് അവകാശവാദം. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള പ്രായോഗിക നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കായികമന്ത്രി മന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കായികമേഖലയുടെ പങ്ക് നിലവിലുള്ള ഒരു ശതമാനത്തിൽനിന്ന് 5% ആയി ഉയർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർഥ്യമാകുമെന്നാണു കായിക കേരളം ഉറ്റുനോക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ നെടുമ്പാശേരിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് സിറ്റി പദ്ധതിയാണ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചവയിൽ ഏറ്റവും പ്രധാനം. 40 ഏക്കറിൽ മൾട്ടി സ്പോർട്സ് സെന്ററിനൊപ്പം കൺവൻഷൻ സെന്ററും ക്ലബ് ഹൗസും ഉൾപ്പെടുന്ന ഈ ബൃഹത് പദ്ധതിക്ക് 700 കോടിയാണു ചെലവു കണക്കാക്കുന്നത്. ഇതിനായി കെസിഎ സ്ഥലം കണ്ടെത്തി കരാറിലേർപ്പെട്ടുകഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സാമ്പത്തികസഹായവും പദ്ധതിക്ക് ഉറപ്പാക്കാനായിട്ടുണ്ട്. ഇതിനും മറ്റു ജില്ലകളിലെ ക്രിക്കറ്റ് സ്റ്റേഡിയം വികസന പദ്ധതികൾക്കുമായി 1200 കോടി രൂപയുടെ നിക്ഷേപമാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തവും അവർ തേടിയിട്ടുണ്ട്.‌

കേരള ഫുട്ബോൾ അസോസിയേഷന്റെ പങ്കാളിത്തത്തോടെ മീരാൻ ഗ്രൂപ്പും സ്കോർലൈൻ സ്പോർട്സും ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങൾക്കും 4 അക്കാദമികൾക്കുമായി 800 കോടി രൂപയുടെ നിക്ഷേപവും വാഗ്ദാനം ചെയ്യുന്നു. ഇ–സ്പോർട്സ് മേഖലയിൽ 350 കോടി രൂപയുടെ നിക്ഷേപത്തിന് നോസ്കോപ് ഗെയിമിങ് കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്. മറ്റ് ഒട്ടേറെ സ്വകാര്യ സംരംഭകരും കായിക അടിസ്ഥാനസൗകര്യ വികസനത്തിനായി കോടികളുടെ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ കെസിഎയുടെ കൊച്ചിൻ സ്പോർട്സ് സിറ്റി ഒഴികെയുള്ള പദ്ധതികൾ എവിടെ, എങ്ങനെ നടപ്പാക്കുമെന്ന കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. കായിക ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ ആ നിലയിലും പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, അതെല്ലാം വെറും പ്രഖ്യാപനങ്ങളും സ്വപ്നങ്ങളും മാത്രമായി ഒതുങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. കേരളത്തിൽ നിക്ഷേപസൗഹൃദ അന്തരീക്ഷമുണ്ടെന്നു സർക്കാർ പറയുമ്പോഴും ചുവപ്പുനാടക്കുരുക്ക് ഉൾപ്പെടെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. കായികസംരംഭങ്ങൾക്ക് ആവശ്യമായ അനുമതികളും ന്യായമായ ഇളവുകളും ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും സർക്കാരിനു കഴിയണം.

ഇതിനൊപ്പം, നിലവിലുള്ള കായികസംരംഭങ്ങളുടെ പരിപാലനവും വികസനവും പ്രധാനമാണെന്നതും മറക്കരുത്. ദേശീയ ഗെയിംസിനായി ഒരുക്കിയതടക്കം കളിക്കളങ്ങളും കായികോപകരണങ്ങളുമെല്ലാം പരിപാലനമില്ലാതെ നശിച്ചുപോകുന്നതിന്റെ ഉത്തരവാദി സർക്കാരല്ലാതെ ആരാണ്? അടിസ്ഥാനസൗകര്യ വികസനത്തിനും പരിപാലനത്തിനുമായി കായികമന്ത്രി ചെയർമാനായി 2021ൽ രൂപീകരിച്ച ‘സ്പോർട്സ് കേരള ഫൗണ്ടേഷൻ’ മറ്റൊരു വെള്ളാനയായി മാറുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ഏറ്റവും പ്രധാന പ്രശ്നം കായികപ്രകടനങ്ങളിൽ നമ്മുടെ പിന്നോട്ടുപോക്കാണ്. ദേശീയതലത്തിൽ കേരളം മുന്നിലായിരുന്ന പല കായിക ഇനങ്ങളിലും ഇപ്പോൾ പിന്നിലായതു ഗൗരവത്തോടെ കാണണമെന്ന് കായിക ഉച്ചകോടിയുടെ ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആ നിലയിലുള്ള ചർച്ചകളോ ചിന്തകളോ ഉച്ചകോടിയിൽ കാര്യമായി ഉണ്ടായില്ല. കായിക മികവിനായി ആവിഷ്കരിച്ച പല പദ്ധതികളും പരിശീലനവുമെല്ലാം പ്രതിസന്ധിയിലാണ്. 2022 അവസാനം പുറത്തിറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ച പുതിയ കായിക നയമാകട്ടെ ഇപ്പോഴും കോൾഡ് സ്റ്റോറേജിൽ തുടരുന്നു. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ വലിയ പ്രഖ്യാപനങ്ങൾകൊണ്ടു കാര്യമില്ല.

English Summary:

Editorial about sports summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com