ADVERTISEMENT

എന്തു പ്രതീക്ഷിക്കാം എന്നല്ല, എന്തു പ്രതീക്ഷിക്കരുത് എന്നാണ് നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഗംഭീര പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല, അടുത്ത ഭരണം വരുന്നതുവരെ സർക്കാരിന്റെ ചെലവുകൾക്കുള്ള പണത്തിന്റെ കണക്കു മാത്രമേ ഉണ്ടാകൂ എന്നാണു മന്ത്രി പറയുന്നത്. ഇടക്കാല ബജറ്റാണ് എന്നതുതന്നെ കാരണം.

മന്ത്രിയുടെ വാക്കുകളെ അവിശ്വസിക്കാൻ രണ്ടു കാരണങ്ങളാണുള്ളത്:

ഒന്ന് – ഇടക്കാല ബജറ്റിൽ വലിയ പദ്ധതികളും മറ്റും പ്രഖ്യാപിക്കില്ല എന്ന രീതി പഴയതാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിലെ 4 ഇടക്കാല ബജറ്റുകളെടുത്താൽ, നികുതി വ്യവസ്ഥയിലെ പരിഷ്കാരങ്ങളും വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. എൻഡിഎ കാലത്ത് ജസ്വന്ത് സിങ്ങും യുപിഎ ഭരണത്തിൽ പ്രണബ് മുഖർജിയും പി.ചിദംബരവും നികുതി പരിഷ്കാരങ്ങൾ ഇടക്കാലത്ത് അവതരിപ്പിച്ചിട്ടുണ്ട്. നികുതിയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ മാത്രമല്ല, പ്രധാനമന്ത്രി കിസാൻ നിധിയും 2019 ഫെബ്രുവരിയിലെ ഇടക്കാല ബ‍‍ജറ്റിലാണു പീയൂഷ് ഗോയൽ പ്രഖ്യാപിച്ചത്.

രണ്ട് – തിരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രമുള്ളപ്പോൾ, സർക്കാരിന്റെ നേട്ടങ്ങളും അടുത്ത ഏതാനും മാസത്തെ ചെലവുകണക്കും മാത്രം പറഞ്ഞതുകൊണ്ടു കാര്യമില്ല. ഭരണത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏകദേശ രൂപമെങ്കിലും പറയണം. നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ പറയുന്നതിൽ ആരെക്കാളും മുന്നിലെന്നതാണ് മോദി സർക്കാരിന്റെ ചരിത്രം. പ്രതിപക്ഷം പറയുന്ന സാമൂഹികനീതി മുദ്രാവാക്യത്തെ വാഗ്ദാനങ്ങളിലൂടെയും പ്രതിരോധിക്കേണ്ടത് ഇപ്പോൾ ബിജെപിയുടെ ആവശ്യമാണ്. തിരഞ്ഞെടുപ്പിനു മുൻപ് ഗ്രാമങ്ങളിലും കർഷകർക്കിടയിലും പ്രചാരണം നടത്താൻ കിസാൻ മോർച്ച ഉൾപ്പെടെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു നിർദേശമുണ്ട്. അവർക്കു പ്രസംഗിക്കാനുള്ള കാര്യങ്ങളും ഇപ്പോൾ സർക്കാർ പറയണം.

മോടി കൂട്ടാൻ

മൂന്നാം തവണയും മോദിഭരണമായിരിക്കുമെന്ന് പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2027ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തി ആകുമെന്ന് അദ്ദേഹത്തിന്റെ മന്ത്രിമാരും പറയുന്നു. അപ്പോൾ, പുതിയ സർക്കാരിന്റെ ആദ്യ വർഷത്തെ സാമ്പത്തിക സമീപനത്തിന്റെ ഏകദേശ രൂപം ഇപ്പോൾത്തന്നെ അവതരിപ്പിക്കുന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാവും. തിരഞ്ഞെടുപ്പു തന്ത്രപരമായി നോക്കുമ്പോൾ, ബിജെപിക്ക് ഇപ്പോഴുള്ള ഒരു വിലയിരുത്തൽ കൂടി പരിഗണിക്കണം: ‘2004ൽ പ്രതിഛായയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ പരാജയമുണ്ടായി. പ്രതിഛായ മാത്രം പറഞ്ഞാൽ കാര്യം നടക്കില്ല.’

നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ പറയുന്നതിൽ ആരെക്കാളും മുന്നിലെന്നതാണ് മോദി സർക്കാരിന്റെ ചരിത്രം. പ്രതിപക്ഷം പറയുന്ന സാമൂഹികനീതി മുദ്രാവാക്യത്തെ വാഗ്ദാനങ്ങളിലൂടെയും പ്രതിരോധിക്കേണ്ടത് ഇപ്പോൾ ബിജെപിയുടെ ആവശ്യമാണ്. തിരഞ്ഞെടുപ്പിനു മുൻപ് ഗ്രാമങ്ങളിലും കർഷകർക്കിടയിലും പ്രചാരണം നടത്താൻ കിസാൻ മോർച്ച ഉൾപ്പെടെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു നിർദേശമുണ്ട്. അവർക്കു പ്രസംഗിക്കാനുള്ള കാര്യങ്ങളും ഇപ്പോൾ സർക്കാർ പറയണം.

2014 മുതൽ ഇപ്പോൾവരെയുള്ള കാര്യങ്ങളെടുത്താൽ: സാമ്പത്തികശക്തിയെന്ന നിലയ്ക്ക് വളർച്ചയുണ്ടെന്നതു വസ്തുതയാണ്. അത് ആരു ഭരിച്ചാലും സംഭവിക്കുന്ന സ്വാഭാവിക സംഗതിയാണെന്ന പ്രതിപക്ഷ വാദവുമുണ്ട്. സാമ്പത്തികവളർച്ചയുടെ ശതമാനക്കണക്കിനെ ജനജീവിതപുരോഗതിയുമായി ചേർത്തുവയ്ക്കണം. ഏകദേശം 60% പേർക്ക് 5 വർഷത്തേക്കുകൂടി ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് ഇപ്പോൾത്തന്നെ പറയുന്നതിൽ വ്യക്തമാകുന്നത് മേൽപറഞ്ഞ രണ്ടു സംഗതികളും തമ്മിൽ വേണ്ടരീതിയിൽ പൊരുത്തപ്പെടുന്നില്ലെന്നാണ്.

രാജ്യത്തെ ഭൂരിപക്ഷത്തിനും ഭക്ഷണത്തിന് സർക്കാരിന്റെ സൗജന്യത്തെ ആശ്രയിക്കേണ്ടിവരുന്നത് തൊഴിലില്ലായ്മ, ഗ്രാമങ്ങളിലുൾപ്പെടെ വരുമാന വളർച്ചയില്ലായ്മ തുടങ്ങിയവയുടെ സൂചനകളാണ്. വേണ്ടത്ര പോഷകാഹാരമില്ലാതെ വളരുന്ന യുവജനങ്ങൾ ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം എന്നത് അൽപവും ഗുണകരമല്ലാത്ത പ്രവണതയായി വിലയിരുത്തപ്പെടുന്നുണ്ട് – വലിയ ജനസംഖ്യയെന്നത് കരുത്തല്ല, ഭാരമാണ് എന്ന സ്ഥിതി. ആഗോള ദാരിദ്ര്യ സൂചികയിലെ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്.

ജീവിതം എങ്ങനെ?

ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും കാട്ടിയ കാര്യക്ഷമത മോദി സർക്കാരിന് പ്രതിഛായ അവകാശപ്പെടാവുന്ന കാര്യമാണ്. എന്നാൽ, അതുകൊണ്ടുമാത്രം ജീവിതം മെച്ചപ്പെടുത്താൻ സാധിക്കില്ലെന്നു കരുതുന്നവരുടെ എണ്ണം കൂടുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ മാസം ഫ്രാൻസിൽനിന്നു മുംബൈയിലേക്കു തിരിച്ചയയ്ക്കപ്പെട്ട ഇന്ത്യക്കാർ, നിക്കരാഗ്വയിലൂടെ നിയമവിരുദ്ധമായി യുഎസിലേക്കു കടക്കാൻ ശ്രമിച്ചവരാണ്. അതിൽ 66 പേർ ഗുജറാത്തിൽനിന്നായിരുന്നു. ഏജന്റുമാർക്ക് 80 ലക്ഷം രൂപവരെ നൽകിയെന്നാണ് അവർ പറഞ്ഞത്.

കഴിഞ്ഞ മാസം 14ന് പാർലമെന്റിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞ കണക്കനുസരിച്ച്, യുഎസിലേക്കു നിയമവിരുദ്ധമായി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. പിടിക്കപ്പെട്ട ആ ഗണം ഇന്ത്യക്കാരുടെ കണക്ക്:

2018–19: 8027

2019–20: 1227

2020–21: 30,662

2021–22: 63,927

2022–23: 96,917

ഇന്ത്യയിൽ നിന്നാൽ ഗതിയില്ലെന്നു കരുതിയാണ് ഇത്രയും പേർ രാജ്യം വിടാൻ ശ്രമിച്ചത് എന്നതിൽ സംശയമില്ല. 2014–22 കാലത്ത് 2,32,534 പേർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞ മറ്റൊരു കണക്ക്; അവർ അങ്ങനെ ചെയ്തത് ‘വ്യക്തിപരമായ’ കാരണങ്ങളാലാണെന്നും മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിൽ പറഞ്ഞു. ശരിയാണ്, അങ്ങനെ രാജ്യം വിട്ടുപോകുന്നവരിൽ മെച്ചപ്പെട്ട പുൽമേടുകൾ തേടുന്ന അതിസമ്പന്നരും ഏറെയുണ്ട്.

അതിനോടു ചേർത്തുവയ്ക്കാവുന്നതാണ് രാജ്യത്തെ ഐഐടികളിൽനിന്നു പഠിച്ചിറങ്ങുന്നവർക്ക് ലഭിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളിലെ ഇടിവ്. മുൻവർഷങ്ങളെക്കാൾ 30% വരെ കുറവാണ് ക്യാംപസ് പ്ലേസ്മെന്റിൽ ഉണ്ടായതെന്നാണ് കഴിഞ്ഞ മാസത്തെ റിപ്പോർട്ട്. ഐഐടികളിൽനിന്നു ബിരുദം നേടിയവർ സർക്കാരിൽ അത്ര ഉയർന്നതല്ലാത്ത ശമ്പളമുള്ള ജോലിക്ക് ചേരുന്നതിന്റെ കഥകൾ ഡൽഹിയിലെ ചില ഉദ്യോഗസ്ഥർക്കു പറയാനുണ്ട്. ഐഐടികളിൽ നിന്നുള്ളവരുടെ സ്ഥിതി ഇതെങ്കിൽ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

സാമ്പത്തികവളർച്ചയെന്ന നേട്ടത്തിന്റെ മറുവശത്തുനിന്ന് ഇങ്ങനെ പല വസ്തുതകളും തുറിച്ചുനോക്കുന്നുണ്ട്. എടുത്തുപറഞ്ഞത് ചിലതു മാത്രമാണ്. ഇതിനൊപ്പം, കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ചേർത്ത് ‘ഡബിൾ എൻജിൻ’ വളർച്ച എന്ന മുദ്രാവാക്യത്തിന് ബിജെപി ഊന്നൽ കൊടുക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ ഞെരുക്കുന്നു എന്ന പരാതി ശക്തമാകുന്നത് നേട്ടമായി അവകാശപ്പെടാവുന്ന പ്രതിഛായയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും വികസനവുമാണു ലക്ഷ്യമെങ്കിൽ, അതിനുള്ള രൂപരേഖ സൂചിപ്പിക്കാൻ തിരഞ്ഞെടുപ്പിനു മുൻപു സാധിക്കുമോയെന്നാണ് നാളെ വ്യക്തമാകേണ്ടത്.

English Summary:

Writeup about Interim Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com