ജനാധിപത്യം തലതാഴ്ത്തിക്കൂടാ
Mail This Article
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ അന്തസ്സത്തതന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങൾ തുടർച്ചയായി ഇവിടെയുണ്ടാവുന്നത് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും തിരഞ്ഞെടുപ്പു സംവിധാനങ്ങളിലും ‘ധാർമികത’ എന്ന വാക്കിന്റെ മൂല്യം നഷ്ടപ്പെടുന്നുവോ എന്നു തോന്നിപ്പിക്കുംവിധം, മറ്റൊരു നിന്ദ്യകാരണം തന്നിരിക്കുകയാണ് ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ക്രമക്കേട്. ആ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നുവരെ കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കു പറയേണ്ടിവന്നത് അതിന്റെ ഗൗരവം വ്യക്തമായി അറിയിക്കുന്നു.
കഴിഞ്ഞ മാസം 30ന് ആണ് ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പു നടന്നത്. ആംആദ്മി പാർട്ടിയും കോൺഗ്രസും ‘ഇന്ത്യ’ മുന്നണി സഖ്യമായി മത്സരിച്ച ആദ്യ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ വിവരങ്ങൾ രേഖകളിൽ ഉൾപ്പെടുത്തും മുൻപു വരണാധികാരി ഏതാനും ബാലറ്റ് പേപ്പറുകളിൽ ക്രമക്കേടു കാട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മാസി ബാലറ്റ് പേപ്പറുകളിൽ ക്രമക്കേടു കാട്ടുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അനിലിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞത്.
മേയർ സ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും ബിജെപിയുടെ മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്നു വരണാധികാരി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു (16–12). ആം ആദ്മിയുടെ 8 വോട്ടുകൾ വരണാധികാരിതന്നെ വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം.
അന്തിമവിധി വരാനിരിക്കുന്നതേയുള്ളെങ്കിലും ഈ കേസിൽ ജനാധിപത്യത്തിനുവേണ്ടി ഇതിനകം കോടതിയെടുത്ത നിലപാടിലെ സന്ദേശം കൃത്യമാണ്. പഞ്ചാബ്– ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് കുൽദീപ് സുപ്രീം കോടതിയിലെത്തിയത്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കാൻതക്ക ഇടക്കാല ഉത്തരവു നൽകാതിരുന്നതു ഹൈക്കോടതിയുടെ വീഴ്ചയാണെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും തിങ്കളാഴ്ച സുപ്രീം കോടതി പറയുകയുണ്ടായി.
ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന അധാർമികതയുടെ അധികാരക്കളി മുൻപൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലീമസമാക്കുന്നതാണു സമീപകാലത്തായി രാജ്യം കണ്ടുപോരുന്നത്. ഏതു വരണാധികാരിയും പുലർത്തേണ്ട ധാർമികതയിലും നിഷ്പക്ഷതയിലും നിഴൽവീഴ്ത്തുകയാണ് ചണ്ഡിഗഡിലെ സംഭവം. അധികാരരാഷ്ട്രീയത്തിന്റെ പിണിയാളായി, ജനാധിപത്യത്തെ നാണംകെടുത്താൻ ഒരുങ്ങിയിറങ്ങിയ ഇത്തരമാളുകളിലാണോ രാജ്യം പ്രതീക്ഷ വച്ചുപുലർത്തേണ്ടത്?
രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ആ വരണാധികാരി നൽകിയ അപമാനപാഠം തിരഞ്ഞെടുപ്പു സംവിധാനങ്ങൾക്കു മുഴുവനുമുള്ള മുന്നറിയിപ്പുകൂടിയാകുന്നു. തിരഞ്ഞെടുപ്പു കമ്മിഷനുമായി ഒരു ബന്ധവും അതിനില്ലെങ്കിലും കേവലം ഒരു മേയർ തിരഞ്ഞെടുപ്പിൽ ആ സംഭവത്തെ ഒതുക്കാനാവില്ല. ഭരിക്കുന്നവരെന്നോ പ്രതിപക്ഷമെന്നോ, അധികാരസ്വാധീനമുള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള ഒരു വേർതിരിവും തിരഞ്ഞെടുപ്പുരംഗത്തു പാടില്ലെന്ന ഓർമപ്പെടുത്തൽകൂടിയാണത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയ്ക്കു മങ്ങലേറ്റിരിക്കുന്നുവെന്നു പലപ്പോഴും കേൾക്കാറുള്ള ആരോപണം ഇപ്പോഴത്തെ സാഹചര്യത്തോടു ചേർത്തുവയ്ക്കാവുന്നതാണ്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ വ്യതിചലനം’ എന്ന തലക്കെട്ടിൽ, ഹരിയാനയിലെ അശോക സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര അസിസ്റ്റന്റ് പ്രഫസറായിരുന്ന സബ്യസാചി ദാസിന്റേതായി കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന പഠനം ഓർമിക്കാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് സബ്യസാചി പഠിച്ചത്. ആ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെതന്നെ കണക്കുകളുടെ അടിസ്ഥാനത്തിൽ വാദിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത ചോരുന്നതിൽ ആശങ്കപ്പെട്ടും താൻ മുന്നോട്ടുവച്ചതരം പ്രശ്നങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നു പറഞ്ഞുമാണ് സബ്യസാചി പഠനം അവസാനിപ്പിക്കുന്നത്.
സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പു സാധ്യമാക്കി, ജനാധിപത്യസംവിധാനത്തെ കരുത്തോടെ നിലനിർത്തുകയെന്ന മഹനീയ ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മിഷൻ നിറവേറ്റട്ടെ. ചണ്ഡിഗഡ് സംഭവത്തിന്റെ നിന്ദ്യമായ ആവർത്തനങ്ങൾ എവിടെയും നടക്കാതിരിക്കാനുള്ള നിരന്തരശ്രദ്ധ തിരഞ്ഞെടുപ്പു സംവിധാനങ്ങളിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉണ്ടാവുകയും വേണം.