ADVERTISEMENT

രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ഇതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോൾ കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനമുണ്ടായതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടത്തിലെ വ്യവസ്ഥ യാഥാർഥ്യമാകുന്നതോടെ പുരപ്പുറ സൗരവൈദ്യുതോൽപാദകർക്ക് ഇരട്ട ആഘാതമാകുമെന്ന ആശങ്കയുമുണ്ട്.

മുഖ്യമായും സൗരോർജത്തിലൂടെയാകും കേരളത്തിനു വൈദ്യുതിരംഗത്തു സ്വയംപര്യാപ്തത നേടാനാകുക എന്നെ‍ാക്കെയാണു നാം പെരുമ കെ‍ാള്ളാറുള്ളത്. ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ തൊഴിലവസരങ്ങളും ഊർജ സ്വയംപര്യാപ്തതയും ചെറിയ കാലത്തിനുള്ളിൽ ലക്ഷ്യമിട്ടു നിക്ഷേപകരെ ആകർഷിച്ചവർതന്നെ സൗരോർജ ഉൽപാദകരുടെ മനംമടുപ്പിച്ചുകൂടാത്തതാണ്. എന്നാൽ, നിർഭാഗ്യവശാൽ അതാണു കേരളത്തിൽ സംഭവിക്കുന്നത്.

പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുന്നതിനുപുറമേ ഊർജരംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും സൂര്യോദയ പദ്ധതി സഹായിക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്. സാധാരണക്കാർക്ക് അധികവൈദ്യുതി ഉൽപാദനത്തിലൂടെ വരുമാനം നേടാനും ഇതുവഴി അവസരം ലഭിക്കും. ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ക്കായി 10,000 കോടി രൂപ ഇടക്കാല ബജറ്റിൽ വകയിരുത്തുകയും ചെയ്തു. 

രാജ്യത്തു പുരപ്പുറ സൗര വൈദ്യുതോൽപാദനത്തിൽ കേന്ദ്ര സർക്കാരിന്റെ സബ്സിഡി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. അതുകെ‍ാണ്ടുതന്നെ, ഇത്തരത്തിലുള്ള സൗര വൈദ്യുതോൽപാദനത്തിനു പ്രോത്സാഹനം നൽകുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം കേരളത്തിനു ഗുണകരമാകുമെന്നാണു കരുതുന്നത്. 2023 നവംബർ വരെ സംസ്ഥാനത്തെ 1.7 ലക്ഷം വീടുകളിലാണ് പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ചത്. ഇതിലൂടെ 622.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. എന്നാൽ, സംസ്ഥാന ബജറ്റിലൂടെ പുരപ്പുറ സൗരോർജ പദ്ധതിക്കു തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക.

വൈദ്യുതി തീരുവ വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ആശങ്കയ്ക്കു കാരണം. തീരുവ വർധന സൗരോർജ പദ്ധതികളെ ബാധിക്കില്ലെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞെങ്കിലും സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 1.2 പൈസ തീരുവ ചുമത്തിയിരുന്നത് ഇനി 15 പൈസയാകുകയാണ്. ഇതു സോളർ, വിൻഡ്, ചെറുകിട ജലവൈദ്യുത നിലയങ്ങൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിലൂടെ 24 കോടി രൂപയാണു സർക്കാരിനു ലഭിക്കുക. വിൽക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും നൽകേണ്ട തീരുവ 6 പൈസയിൽനിന്ന് 10 പൈസയാക്കി വർധിപ്പിച്ചതിലൂടെ കെഎസ്ഇബിക്ക് 101.41 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുകയും ചെയ്യും.

ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന സൗരോർജത്തിനു കുറഞ്ഞ വിലയും അവർ ഉപയോഗിക്കുന്ന വൈദ്യുതിക്കു ബോർഡിന്റെ നിലവിലുള്ള നിരക്കും ഈടാക്കാൻ പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തതാണു മറ്റെ‍ാരു ആശങ്ക. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കഴിഞ്ഞ് അധികം ഉപയോഗിച്ചാൽ അതിനു കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ, കരടുചട്ടം അനുസരിച്ച്, ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും സ്ലാബ് അടിസ്ഥാനത്തിൽ നിരക്കു കണക്കാക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു കുറഞ്ഞ നിരക്കായിരിക്കുമെന്നാണു കരുതുന്നത്.

ലോകമെങ്ങും പാരമ്പര്യേതര ഉൗർജ ഉൽപാദനത്തിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ, ഇക്കാര്യത്തിൽ മുൻനിരക്കാരാകാൻ കേരളത്തിനും കഴിയേണ്ടതല്ലേ? നിലവിൽ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമേനിന്നു വൻതുക ചെലവിട്ട് എത്തിക്കുകയാണ്. കേരളം മനസ്സുവച്ചാൽ വലിയൊരളവിൽ വൈദ്യുതി സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. അതുകെ‍ാണ്ടുതന്നെ, ഊർജ സ്വയംപര്യാപ്തതയ്ക്കുള്ള ശ്രമങ്ങൾക്കു പരമാവധി പ്രോത്സാഹനം ഉണ്ടായേതീരൂ. ഒരു കാരണവശാലും കേരളത്തിന്റെ സൗരോർജ പ്രഭയിൽ മങ്ങലേൽപിച്ചുകൂടാ.

English Summary:

Editorial about roof top Solar project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com