ADVERTISEMENT

∙ എൻ.എസ്.മാധവൻ : എഴുത്തുകാർ നിലവിൽ നേരിടുന്നതു വലിയ പ്രശ്നമാണ്. അവർ ആക്രമിക്കപ്പെടുന്നു. നാത്‌സിക്കാലത്തും ഫാഷിസകാലത്തും അവിടങ്ങളിൽ നല്ല സൃഷ്ടി വന്നില്ല. കേരളത്തിലാകട്ടെ കൂടുതൽ സംസാരിക്കുന്നുണ്ട്. പക്ഷേ, എത്രകാലം ഇവിടെയും എന്ന ചോദ്യമുണ്ട്. എഴുത്തുകാർ ഭരണകൂടത്തിനു വലിയ പ്രശ്നമാണ്. 

∙ കൽപറ്റ നാരായണൻ: കേരളീയരെ സംബന്ധിച്ച് ഔദ്യോഗിക ജീവിതമാണ് ജീവിതത്തെക്കാൾ വലുത്. അതിലെത്താനുള്ള പരാക്രമമാണ് അതുവരെയുള്ള ജീവിതം. പ്രീ പ്രൈമറി തലം മുതൽ മകളോ മകനോ കൺമറയത്തെത്തും വരെ അച്ഛനമ്മമാർ നോക്കിനിൽക്കുന്നത് ഭാവിയിലെ ഉദ്യോഗസ്ഥർക്കു വഴിതെറ്റുന്നില്ലല്ലോ എന്നുറപ്പു വരുത്താനാണ്. 

∙ ബാലചന്ദ്രൻ ചുള്ളിക്കാട്: കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയവഴി മലയാളികൾ എന്നെ ചില പാഠങ്ങൾ പഠിപ്പിച്ചു. ഒരു പ്രഭാഷകൻ എന്ന നിലയിൽ ഞാൻ യാതൊരു പ്രതിഫലവും അർഹിക്കുന്നില്ലെന്നു മാത്രമല്ല, കാർവാടക പോലും അർഹിക്കുന്നില്ല. പ്രസംഗിക്കാൻ അവസരം നൽകിയതുതന്നെ വലിയ ബഹുമതിയായി കരുതി, സംഘാടകർ തരുന്നതുംവാങ്ങി മിണ്ടാതെ പൊയ്ക്കൊള്ളണം. വേണ്ടപ്പെട്ട കവികൾക്കും പ്രഭാഷകർക്കും ചോദിക്കുന്ന പ്രതിഫലം നൽകിയെന്നുവരും. അതുകണ്ട് അസൂയയും ആർത്തിയും മൂത്ത് അലമ്പുണ്ടാക്കരുത്. മിണ്ടാതിരുന്നുകൊള്ളണം. 

∙ ഡോ. സെബാസ്റ്റ്യൻ പോൾ: ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ കൊച്ചിയിൽനിന്നു തൃശൂരിലെത്തി ഭരണഘടനയെക്കുറിച്ച് 30 മിനിറ്റ് പ്രഭാഷണം നടത്തിയ എനിക്കു ലഭിച്ചതും 2,400 രൂപയായിരുന്നു. ഭരണഘടനയെ കുന്തവും കുടച്ചക്രവുമായി കാണുന്ന സാംസ്‌കാരിക വകുപ്പു മന്ത്രി പരാതിക്കു പരിഹാരമായി ബാലചന്ദ്രനു കൂട്ടിക്കൊടുത്തത് എനിക്കു കൂടി ബാധകമാക്കാനിടയില്ല. അങ്ങനെയൊരു ആവശ്യം ഞാൻ ഉന്നയിക്കുന്നുമില്ല. കരയാത്ത കുട്ടിക്കു പാൽ തരണമെന്നില്ല. 

∙ സാറ ജോസഫ്: തുല്യപ്രാധാന്യത്തിൽ കുറഞ്ഞതെന്തും ഭരണഘടനാലംഘനമാണ്. അടുത്തകാലത്തൊന്നും 33 ശതമാനം വനിതാസംവരണം ഒരു രാഷ്ട്രീയപാർട്ടിയും നടപ്പാക്കില്ല. രാഷ്ട്രീയപാർട്ടികൾക്കകത്തും അതു നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീവിഭാഗത്തിന് അതു നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല. 

∙ ടി.പത്മനാഭൻ: പുരോഗമനസാഹിത്യം വന്നു, ആധുനികത വന്നു, അതിനെ ചവിട്ടിപ്പുറത്താക്കി ഉത്തരാധുനികത വന്നു. ഇപ്പോൾ സൈബർയുഗം ആണെന്നോ മറ്റോ ആണു പറയുന്നത്. ഒരു മാറ്റത്തിനും ഞാൻ പങ്കാളിയായിരുന്നില്ല; സാക്ഷി മാത്രം. 

∙ മമ്മൂട്ടി: ഗുരുശ്രേഷ്ഠരായ സാനുമാഷിനെയും ലീലാവതി ടീച്ചറെയും പോലുള്ളവരുടെ വിദ്യാർഥിയാകാനായത് എന്റെ കോളജുകാല ഭാഗ്യം. ഒരുപാടു വായിക്കണമെന്ന് എപ്പോഴും പറഞ്ഞിരുന്ന അവർ അന്നേവരെ അപരിചിതമായിരുന്ന പല അക്ഷരഭൂഖണ്ഡങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുകകൂടി ചെയ്തു. ലീലാവതി ടീച്ചറാണ് എന്നെ ‘ശ്ര’ എന്ന അക്ഷരം ഉച്ചരിക്കാൻ പഠിപ്പിച്ചത്. ‘വൈസ്രവണൻ’ എന്നും ‘സ്രദ്ധ’ എന്നും പറഞ്ഞിരുന്ന എന്നെ ടീച്ചർ തിരുത്തി. അഭിനേതാവായപ്പോഴാണ് ഈ അക്ഷരശുദ്ധിയുടെ വില ഏറ്റവും കൂടുതൽ മനസ്സിലായത്. 

∙ സക്കറിയ: ഏറ്റവും നന്നായി കാര്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊക്കെ രാഷ്ട്രീയപാർട്ടികൾക്കു ജനങ്ങളോടു കൂറുണ്ട്. എന്നാൽ, കേരളത്തിൽ മലയാളി എന്ന നിസ്സഹായജനതയോടു കൂറും സ്നേഹവുമുള്ള ഒറ്റ രാഷ്ട്രീയ സംഘടനയെയും കണ്ടിട്ടില്ല. നിർഭാഗ്യവശാൽ നമുക്ക് ഇവരെത്തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു.

∙ ജോഷി: പുതിയ ഒരു സിനിമ വരുമ്പോൾ പോലും പ്രമോഷനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. എന്റെ സിനിമയെ സ്ക്രീനിൽ കണ്ടശേഷം പ്രേക്ഷകർ വിലയിരുത്തട്ടെ. 70 വർഷത്തെ ജീവിതാനുഭവങ്ങളുണ്ട്; 50 വർഷത്തെ ചലച്ചിത്രാനുഭവങ്ങളും. അതിൽനിന്നു പഠിച്ച കുറെ പാഠങ്ങളും. ആ അനുഭവങ്ങൾ മാത്രം മതിയെനിക്ക്.

∙ ഇബ്രാഹിം വെങ്ങര: കേരളത്തിൽ നാടകത്തിനുവേണ്ടി നല്ല ഒരു തിയറ്ററോ നല്ല ഒരു റിഹേഴ്സൽ ക്യാംപോ ഇല്ല. നാടക കലാകാരന്മാരോടും വളരെ അവഗണനയാണ്. കലാകാരന്മാരെ അധ്യാപകർക്കു തുല്യരായി കാണണം. നല്ല പ്രതിഫലവും നൽകണം.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com