ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം രാജ്യമാകെ പതിയെപ്പടരവേ, കേരളത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണത്തിന് ചൂടുപകർന്ന് കെപിസിസി സമരാഗ്നി ജാഥയ്ക്കു തുടക്കം. കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ പോരാട്ടവഴി തുറന്ന്, കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കു ജാഥ നയിച്ച് കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ജാഥയുടെ ഉദ്ഘാടനം ഇന്നലെ കാസർകോട്ടു നടക്കുന്നതിനു തൊട്ടുമുൻപ് ഇരുവരും ഒരുമിച്ച് ‘മനോരമ’യോടു സംസാരിച്ചപ്പോൾ...

? ഇടതുമുന്നണിക്കെതിരായ പോരാട്ടം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. 

വി.ഡി.സതീശൻ:
അരഡസൻ അഴിമതികളാണ് ഇടതു സർക്കാരിനെതിരെ യുഡിഎഫ് ഉന്നയിക്കുന്നത്. സ്വർ‍ണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ, റോഡ് ക്യാമറ, കെ ഫോൺ, മെഡിക്കൽ സർവീസസ് കോർപറേഷൻ, മാസപ്പടി അഴിമതികൾ എന്നിവയ്ക്കൊപ്പം ധനകാര്യ വിനിയോഗത്തിലെ പാളിച്ചകളും തുറന്നുകാട്ടും. കേരളത്തിലെ സാമൂഹിക സുരക്ഷാപദ്ധതികളും വികസനപദ്ധതികളും നിലച്ച് ഖജനാവ് കാലിയായി. ഒരു പ്രവർത്തനവും നടക്കുന്നില്ല. അപകടകരമായ രീതിയിലേക്കു കേരളം പോകുന്നു. മാസപ്പടി ആരോപണത്തിൽ ‘രണ്ടു കൈകളും ശുദ്ധം, മടിയിൽ കനമില്ല, അന്വേഷണത്തെ ഭയമില്ല’ എന്നിങ്ങനെ വീരവാദം മുഴക്കിയ മുഖ്യമന്ത്രി ഇപ്പോൾ ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കാൻ തുടങ്ങിയപ്പോഴേക്കും കെഎസ്ഐഡിസിയെക്കൊണ്ട് 25 ലക്ഷം മുടക്കി ഡൽഹിയിൽനിന്നു വക്കീലിനെ കൊണ്ടുവന്നു. മുഖ്യമന്ത്രിയുടെ മകൾ കർണാടക ഹൈക്കോടതിയിൽ പോയിരിക്കുന്നു. ഇതെല്ലാം ഞങ്ങൾ ജനങ്ങളോടു പറയും. 

കെ.സുധാകരൻ: ജനങ്ങളുടെ മുന്നിൽനിന്നു തന്റേടത്തോടെ വോട്ടു ചോദിക്കാവുന്ന അവസ്ഥയിലല്ല സിപിഎം. ജനങ്ങളെ വഞ്ചിച്ച സർക്കാരാണിത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അഴിമതി അന്വേഷണത്തിനു തടയിടാൻ ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ കൊണ്ടുവരുന്ന സർക്കാർ, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചക്കഞ്ഞിക്കു പണം നൽകുന്നില്ല. ഇവർക്കു പാവപ്പെട്ടവരെക്കുറിച്ചു സംസാരിക്കാൻ എന്തവകാശം. 

? മുസ്‌ലിം വോട്ടുകൾ കൂടുതൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ക്രിസ്ത്യൻ വോട്ടിൽ ബിജെപിയും കണ്ണുവയ്ക്കുന്നു.  

സതീശൻ:
ബിജെപിയും സിപിഎമ്മും ഒരുപോലെ വർഗീയ ധ്രുവീകരണത്തിനാണു ശ്രമിക്കുന്നത്. ഇരുവരും അതിനായി മത്സരിക്കുന്നു. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും വിഭജിച്ചു വോട്ടുപിടിക്കലല്ല ഞങ്ങളുടെ രീതി. ഉറച്ച മതനിരപേക്ഷതയാണു മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് അതറിയാം. മണിപ്പുരിലടക്കം അവരുടെ അവകാശങ്ങൾക്കുവേണ്ടി ശക്തിയോടെ നിലകൊണ്ടതു രാഹുൽ ഗാന്ധി മാത്രമാണ്. മതന്യൂനപക്ഷങ്ങളെ ശത്രുക്കളായിക്കണ്ട് ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയ സിപിഎമ്മിന് അവരെ നേരിടാനാകുമോ? അതിനുള്ള ശക്തി കോൺഗ്രസിനല്ലേയുള്ളൂ. കോൺഗ്രസ് ദുർബലമായാൽ ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ ആരാണുള്ളത്? സിപിഎമ്മിനെക്കൊണ്ട് അതിനാകുമോ? ഇല്ലെന്നു മതന്യൂനപക്ഷങ്ങൾക്കു നല്ല ബോധ്യമുണ്ട്.  

? ചില മണ്ഡലങ്ങളിൽ ബിജെപിക്കു പ്രതീക്ഷയുണ്ട് 

സുധാകരൻ:
എന്താണ് അതിന് അടിസ്ഥാനമെന്നറിയില്ല. തൃശൂരിന്റെയും തിരുവനന്തപുരത്തിന്റെയും പേരിലെല്ലാം അവരുടെ നേതാക്കൾ അവകാശവാദം ഉന്നയിക്കുന്നതു കണ്ടു. തൃശൂരിൽ ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എല്ലാവർക്കുമറിയാം. തിരുവനന്തപുരം പിടിക്കുമെന്നു കുറെനാളായി പറയുന്നു. വല്ലതും നടന്നോ? ശശി തരൂർ അവിടെ കൂടുതൽ ജനപ്രിയനായി മാറുകയല്ലേ? കേരളത്തിൽ എവിടെയാണ് ബിജെപി വളർന്നത്? നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിൽ കൂടക്കൂടെ വന്നാൽ ഇവിടെ ബിജെപി പച്ചപിടിക്കുമെന്നതു സ്വപ്നം മാത്രമാണ്. തൃശൂരിൽ പ്രധാനമന്ത്രി വന്നപ്പോൾ എത്തിയതിന്റെ പത്തിരട്ടി ആളുകൾ അവിടെ ഞങ്ങളുടെ പരിപാടിക്കെത്തിയിട്ടുണ്ട്.

സതീശൻ: കരുവന്നൂർ ബാങ്ക് ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ    മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും തിരുവനന്തപുരം, തൃശൂർ സീറ്റുകളിലെ ഒത്തുകളിയിൽ അവസാനിക്കുമോയെന്നു കാത്തിരിക്കുകയാണ് ‍ഞങ്ങൾ. രണ്ടിടത്തും  വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിക്കും. ഇതുവരെ ലഭിക്കാത്ത വിഭാഗങ്ങളുടെ വോട്ടു നേടാനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. പക്ഷേ, കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഈയിടെ നടത്തിയ പ്രഖ്യാപനം പോലും അവർക്കു തിരിച്ചടിയായി. രാജ്യവ്യാപകമായി ക്രൈസ്തവരെ വേട്ടയാടുകയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധനനിയമം നടപ്പാക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് സിബിസിഐ ആഹ്വാനം ചെയ്തത്. 

ഉത്തരേന്ത്യയിലെ അക്രമം മറച്ചുവച്ച് ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ കേക്കുമായി ക്രൈസ്തവ സഹോദരങ്ങളെ സമീപിക്കുകയാണ് ബിജെപി.  സിപിഎമ്മും ബിജെപിയും തമ്മിൽ സന്ധിചെയ്യാനിടയുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് കൗണ്ടർ പൊളിറ്റിക്സ് നടപ്പാക്കും. 

? സിപിഎം –ബിജെപി ധാരണ തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തുമോ. 

സതീശൻ:
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞതു സിപിഎമ്മുമായി ഒരു സഖ്യവുമില്ലെന്നാണ്. ‘അച്ഛൻ പത്തായത്തിലില്ല’ എന്നു പറയുന്നപോലെയാണത്. യഥാർഥത്തിൽ മോദി–പിണറായി ധാരണ നിലവിലുണ്ട്.

രണ്ടു പ്രധാനകേസുകളിൽ കേന്ദ്ര അന്വേഷണം തടസ്സപ്പെടുത്തുന്നത് ഇതിനു തെളിവാണ്. ലൈഫ് മിഷൻ കോഴ നടന്നതായി കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായിട്ടും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിപോലും എടുത്തില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ അന്വേഷണത്തിന് എസ്എഫ്ഐഒയ്ക്ക് എട്ടു മാസമാണ് അനുവദിച്ചത്. ബിജെപി സംസ്ഥാന നേതാവ് പ്രതിയായ തിരഞ്ഞെടുപ്പു കുഴൽപണക്കേസിലടക്കം എൽഡിഎഫ് നൽകുന്ന സഹായം ഇതിനുള്ള പ്രത്യുപകാരമാണ്. ഇതൊക്കെ മോദി– പിണറായി ധാരണയ്ക്കു വ്യക്തമായ തെളിവാണ്. രണ്ടാം ലോകയുദ്ധകാലത്ത് ഏകാധിപതിയായ ഹിറ്റ്‌ലറും കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിനും തമ്മിലുണ്ടായിരുന്ന കുപ്രസിദ്ധ കരാറിനു തുല്യമാണ് മോദി– പിണറായി ധാരണ.

? എന്തുകൊണ്ടാണ് ഡൽഹി സമരത്തിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത്. 

സതീശൻ:
കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട നികുതിവിഹിതം നൽകുന്നില്ലെന്നതു യാഥാർഥ്യമാണ്. 15ാം കേന്ദ്ര ധനകാര്യ കമ്മിഷൻ കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തിൽനിന്ന് 1.2 ശതമാനമായി കുറച്ചു.  2011ലെ ജനസംഖ്യ നോക്കിയാണ് കേരളത്തിന്റെ വിഹിതം നൽകിയത്. കുടുംബാസൂത്രണം നന്നായി നടപ്പാക്കിയതിന്റെ പേരിൽ ‌ധനസഹായം കുറയ്ക്കുന്നതു ശരിയല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ 18 യുഡിഎഫ് എംപിമാരും ഒപ്പിട്ട നിവേദനം കേന്ദ്ര ധനകാര്യ കമ്മിഷനു കൈമാറിയതാണ്.

പക്ഷേ, കേരളത്തിലെ രൂക്ഷമായ ധനപ്രതിസന്ധിക്കു മറ്റു പല കാരണങ്ങളുമുണ്ട്.‌ ധൂർത്ത്, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവയാണവ. ഇതെല്ലാം മറച്ചുവച്ച് കേന്ദ്ര അവഗണന മാത്രമാണ് കേരളത്തിന്റെ പ്രശ്നമെന്നു വരുത്തിത്തീർത്തു രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിനു ഞങ്ങൾ കൂട്ടുചേരേണ്ട ആവശ്യമില്ല എന്നതിനാലാണ് ഡൽഹിസമരത്തിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത്.

57,000 കോടി രൂപ കേന്ദ്രത്തിൽനിന്നു കിട്ടാനുണ്ടെന്നതു സംസ്ഥാന സർക്കാരിന്റെ കള്ളക്കണക്കാണ്. നിർമല സീതാരാമൻ പറഞ്ഞതിനോടും യോജിപ്പില്ല. 2004 മുതൽ 2014 വരെ യുപിഎ സർക്കാരിന്റെ കാലത്തു കൊടുത്തതിൽ കൂടുതൽ 2014 മുതൽ 2024 വരെയുള്ള എൻഡിഎ കാലത്തു നൽകിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. 

രാജ്യത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ എത്ര ശതമാനം സംസ്ഥാനത്തിനു കൊടുത്തു എന്നാണറിയേണ്ടത്. 2004ലെ നികുതി വരുമാനത്തെക്കാൾ ഉയർന്ന നികുതി വരുമാനം 2024ൽ രാജ്യത്തുണ്ടായി. അതിനനുസരിച്ചു സംസ്ഥാനവിഹിതവും വർധിപ്പിക്കണം. 

? ഇത്തവണയും രാഹുൽ  കേരളത്തിൽ മത്സരിക്കുമോ

സുധാകരൻ:
ഞങ്ങൾ ഒറ്റക്കെട്ടായി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതു നിരാകരിക്കാനുള്ള സാധ്യത കാണുന്നില്ല. അംഗീകരിക്കുമെന്നു തന്നെയാണ് വിശ്വാസം.അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിനാവശ്യമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാട് ഒരുപോലെയാണ്. വലിയ വ്യത്യാസമില്ല. അതിനാൽ ഇവിടെയും രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ആവശ്യമാണ്. അദ്ദേഹം എവിടെയാണ് മത്സരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടത് ഇടതുപക്ഷമല്ല.

? പുതുപ്പള്ളി തിരഞ്ഞെടുപ്പു സമയത്തു മൈക്കിനുവേണ്ടി രണ്ടുപേരും മത്സരിക്കുന്ന വിഡിയോ  പ്രചരിച്ചു.  കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള കെമിസ്ട്രി എങ്ങനെ

സതീശൻ:
ഞങ്ങൾ നേതൃത്വത്തിലേക്കുവന്നിട്ട് മൂന്നു വർഷത്തോളമായി. ഇന്നുവരെ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായവ്യത്യാസമോ വഴക്കോ ഉണ്ടായിട്ടില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഒരു മാസമായി എന്ന തരത്തിലൊക്കെയാണ്  ചിലർ വാർത്തകൾ കൊടുക്കുന്നത്. കേരളത്തിൽ സിപിഎമ്മിലും കോൺഗ്രസിലും ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത വിധം മനോഹരമായ പാർട്ടി ലീഡർ– പ്രതിപക്ഷ നേതാവ് ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പുതുപ്പള്ളിയിൽ എന്റെ മുന്നിലാണ് ആദ്യം മൈക്കുണ്ടായിരുന്നത്. അപ്പോൾ ഞാൻ ആദ്യം സംസാരിക്കാമെന്നു പറ‍ഞ്ഞെന്നു മാത്രം. അതൊരു തർക്കമായിരുന്നില്ല. ചരിത്രത്തിൽത്തന്നെ ആദ്യമായാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒന്നിച്ചു യാത്ര നടത്തുന്നത്.  

സുധാകരൻ: നേരത്തേ കോൺഗ്രസിനകത്ത് ഒരുപാട് അഭിപ്രായഭിന്നതകളും ഗ്രൂപ്പുതർക്കങ്ങളും ഉണ്ടായിരുന്നു.  ഞങ്ങൾ തമ്മിലുള്ള ഐക്യമാണ് അണികളിലേക്കും കൈമാറുന്നത്. എത്ര വലിയ ജനക്കൂട്ടങ്ങളെത്തിയ പരിപാടികളും സമരങ്ങളുമാണ് ഇക്കാലത്തു നടന്നത്. ഒന്നിച്ചുള്ള ഈ ജാഥയും ഞങ്ങൾ വ്യക്തിപരമായി തീരുമാനിച്ചതല്ല. പാർട്ടി നിർദേശിച്ചതാണ്. ഞങ്ങൾ രണ്ടുപേരും ഉണ്ടാക്കിയ ഐക്യത്തിന്റെ ഫലമാണ് പാർട്ടിയിൽ കാണുന്നത്.

English Summary:

Writeup about KPCC Samaragni Jatha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com