ADVERTISEMENT

നമ്മൾ നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നതായി വയനാട് മാനന്തവാടിയിൽനിന്നുള്ള ദാരുണവാർത്ത. കർണാടകയിൽനിന്നു റേഡിയോ കോളർ ധരിപ്പിച്ചുവിട്ട കാട്ടാന അജീഷ് എന്ന കർഷകനെ പിന്തുടർന്നെത്തി വീട്ടുവളപ്പിലിട്ടു ചവിട്ടിക്കൊന്നത് കേരളത്തിന്റെയാകെ സങ്കടമായിത്തീരുന്നു.

രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അജീഷ് എന്നുകൂടി സങ്കടത്തോടെ ഓർമിക്കാം. കഴിഞ്ഞ 31ന് മാനന്തവാടി തോൽപ്പെട്ടിക്കു സമീപം ലക്ഷ്മണൻ എന്നയാളെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. അജീഷിന്റേതുൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പൊലിഞ്ഞത് 54 ജീവനാണ്. ഇതിൽ 42 പേരെയും കാട്ടാനയാണു കൊലപ്പെടുത്തിയത്. ഇതെല്ലാം കേവലം കണക്കുകളായാണോ സർക്കാർ കാണുന്നത്? ഓരോ ദിവസവും ആശങ്കയോടെ തള്ളിനീക്കുന്ന നാടിന്റെ ജീവഭീതി ഈ കണക്കിനു പിന്നിലുണ്ടെന്ന് അധികൃതർ മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രയും ഉദാസീനതയോടെ ഈ പ്രശ്നത്തെ സമീപിക്കുമായിരുന്നോ? 

വനം വകുപ്പിന്റെ കൃത്യവിലോപമാണ് അജീഷിന്റെ മരണത്തിനു കാരണമെന്നാണ് ആരോപണം. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ചുവിട്ട ബേലൂർ മഖ്ന (ബേലൂർ മോഴ) ഒരുമാസമായി വയനാടൻ കാടുകളിലുണ്ട്. ഈ ആനയുടെ സാന്നിധ്യം മുൻകൂട്ടി അറിഞ്ഞിട്ടും മുൻകരുതലെടുക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണ് അജീഷിന്റെ മരണം. ‘തണ്ണീർക്കൊമ്പൻ’ വന്നപ്പോൾതന്നെ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു ആന കൂടി പരിസരത്തുണ്ടെന്നു വ്യക്തമായിരുന്നു. അതേ ബേലൂർ മഖ്നതന്നെയാണ് അജീഷിനെ കൊന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. അപ്പോൾ വനം വകുപ്പ് നടത്തിയത് എന്തു നിരീക്ഷണമാണ്? 

കർണാടക റേഡിയോ കോളർ ഘടിപ്പിച്ച ആനകൾ തുടരെ കേരളത്തിലിറങ്ങിയിട്ടും അവയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്കു സാധിക്കുന്നില്ല എന്നത് അപലപനീയമാണ്. വയനാട് തന്നെ വന്യമൃഗഭീഷണികൊണ്ടു ബുദ്ധിമുട്ടുമ്പോൾ കർണാടകയിൽനിന്നു പിടികൂടുന്ന ആനകളെയും കടുവകളെയും വയനാട് വനാതിർത്തിയിൽ കൊണ്ടുവിടുന്ന കർണാടക ഫോറസ്റ്റ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു. കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങൾ വരൾച്ചയുടെ പിടിയിലമർന്നതോടെ പച്ചപ്പുതേടി വന്യമൃഗങ്ങൾ വയനാടൻ കാടുകളിലേക്കെത്തുന്നതു വരുംദിവസങ്ങളിലും വന്യജീവിഭീഷണി രൂക്ഷമാക്കും. സംസ്ഥാനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ കേന്ദ്രീകൃത സംവിധാനമുണ്ടാവേണ്ടത് അടിയന്തരാവശ്യമാണ്.

ഡിസംബറിൽ, വയനാട്ടിലെ ബത്തേരിക്കടുത്ത് വാകേരി കൂടല്ലൂരിലെ യുവകർഷകനെ കടുവ കെ‍ാന്നതു നാടിനെ ഞെട്ടിച്ചിരുന്നു. പിന്നീട് ആ കടുവയെ കൂട്ടിലാക്കിയത് ആശ്വാസമായെങ്കിലും അതിനെ പിടികൂടുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിലുണ്ടായ മെല്ലെപ്പോക്ക് വിമർശിക്കപ്പെട്ടു. യുവകർഷകന്റെ ജീവനെടുത്തയുടൻതന്നെ കൂടുവയ്ക്കാതെ, പിറ്റേദിവസം ഉച്ചയ്ക്കു മാത്രമാണ് വനംവകുപ്പ് കടുവയെ പിടികൂടാൻ ഉത്തരവിറക്കിയത്. അതും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ വലിയ പ്രതിഷേധം ഉയർത്തിയതിനുശേഷം മാത്രം. കൂടുവയ്ക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പെട്ടെന്നു തുടങ്ങിയിരുന്നെങ്കിൽ നരഭോജിക്കടുവ ദിവസങ്ങളോളം നാട്ടിൽ കറങ്ങി ഭീതി പരത്തുന്നത് ഒഴിവാക്കാമായിരുന്നെന്ന വിമർശനമാണ് വനംവകുപ്പിനെതിരെ ഉയർന്നത്. സമാനമായ മെല്ലെപ്പോക്ക് തന്നെയാണ് ഇപ്പോഴും വിമർശിക്കപ്പെടുന്നത്. 

കേരളത്തിലെ മലയോര ജില്ലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. സംസ്ഥാനത്തു വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നതു നമ്മുടെ ഉറക്കംകെടുത്തുകതന്നെ വേണം. കാടിറങ്ങിവരുന്ന ക്രൗര്യത്തെ പേടിച്ച് ഓരോ ദിവസവും ഭീതിയോടെ തള്ളിനീക്കുകയാണു നമ്മുടെ മലയോര മേഖല. ആശങ്കയും അനിശ്ചിതത്വവും നിസ്സഹായതയോടെ അനുഭവിക്കുന്ന ആ ജീവിതങ്ങൾ അധികൃതരുടെ മനസ്സിലുണ്ടാവുകതന്നെ വേണം.

മൃഗങ്ങൾക്കു സുരക്ഷ നൽകാൻ സംവിധാനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാൻ നടപടികളില്ലെന്ന പരാതി അതീവഗൗരവമുള്ളതാണ്. ഭീഷണമായ ഈ സാഹചര്യത്തിൽ, പ്രായോഗികവും മാനുഷികവും ശാശ്വതവുമായ പരിഹാരനടപടികൾ ഉടൻ ഉണ്ടായേതീരൂ. മനുഷ്യവിരുദ്ധമായ വനനിയമങ്ങളിൽ കാലോചിത മാറ്റങ്ങൾ വരുത്തണമെന്നതിലും സംശയമില്ല. വന്യമൃഗ ആക്രമണത്തിൽ ഇനിയാരും കൊല്ലപ്പെടാതിരിക്കാനുള്ള കടമ തീർച്ചയായും വനംവകുപ്പിനുണ്ട്.

English Summary:

Editorial about human life is precious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com