ADVERTISEMENT

പാക്ക് ജനതയുടെ പ്രതീക്ഷകൾ സൈന്യത്തിന്റെ അനുമതിയോടെ മാത്രമേ പൂവണിയൂ എന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ എട്ടിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 48 മണിക്കൂറിനുശേഷം പുറത്തുവന്നെങ്കിലും, അനിശ്ചിതത്വത്തിൽനിന്നു പുറത്തുകടക്കാൻ പാക്കിസ്ഥാനു കഴിയുന്നില്ല. തങ്ങളുടെ പ്രിയങ്കരനായ നവാസ് ഷരീഫിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങളുടെ തീരുമാനത്തെ അടിച്ചമർത്തി സൈന്യം നിലകൊള്ളുമ്പോൾ, അയൽരാജ്യത്തു ജനാധിപത്യം തല താഴ്ത്തുന്നു.  

 മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന്റെ അനുയായികൾ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. ശരിയായി വോട്ടെണ്ണിയാൽ 24 സീറ്റ് കൂടി ലഭിക്കുമായിരുന്നെന്ന് 101 സീറ്റ് ലഭിച്ച അവർ അവകാശപ്പെടുന്നു. ഇത്രയേറെ കളികൾ നടന്നിട്ടും സൈന്യത്തിന്റെ ഇഷ്ടക്കാരായ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് –നവാസ് (പിഎംഎൽ– എൻ), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയെക്കാൾ ഇമ്രാന്റെ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രർക്കു കൂടുതൽ സീറ്റുകൾ നേടാനായെന്നതു ജനങ്ങളുടെ ഇച്ഛാശക്തി വെളിവാക്കുന്നു. ജനാധിപത്യത്തെ തച്ചുടയ്ക്കാൻ ശ്രമിക്കുന്നവർക്ക് അതു നല്ല പാഠവുമാണ്. പക്ഷേ, ജനഹിതം സർവശക്തിയും ഉപയോഗിച്ചു മാറ്റിയെഴുതാൻ നിർലജ്ജം സൈന്യം ശ്രമിച്ചാൽ എന്തുചെയ്യാനാകും?

ഒരുപാടു പരിമിതികളുടെ ഇടയിൽനിന്നാണ് ഇമ്രാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിയെ നിരോധിച്ചു; ഒട്ടേറെ കേസുകളിലായി  ജയിലിനുള്ളിലായി. പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലും. അനുയായികളെ ഭീഷണിപ്പെടുത്തി, യോഗങ്ങൾ കലക്കി,  പാർട്ടി ചിഹ്നം മരവിപ്പിച്ചു. എന്നിട്ടും കൂടുതൽ സീറ്റ് ലഭിച്ചത് ഇമ്രാന്റെ ജനപ്രീതിയുടെ തെളിവാണ്. പിടിഐയുടെ ഒട്ടേറെ സ്വതന്ത്രർ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇതും വലിയ പ്രതീക്ഷ നൽകുന്നു; പാക്ക് ജനതയ്ക്കു കോടതികളിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നിലനിൽക്കുന്നുവെന്ന പ്രതീക്ഷ. 

 ഇതിനിടെ, ആശങ്കയുളവാക്കുന്ന ഒട്ടേറെ സൂചനകളുമുണ്ട്. തിരഞ്ഞെടുപ്പു കൃത്രിമത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാരോപിച്ച് ഇമ്രാന്റെ അനുയായികൾ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. കഴിഞ്ഞ വർഷം മേയ് 9ന് ഇമ്രാൻ അറസ്റ്റിലായപ്പോൾ കണ്ടതിലും വലിയ അക്രമമാണ് ഇപ്പോൾ കാണുന്നത്. ഇത് ആപത്കരമാണ്. 

പിഎംഎൽ–എൻ നേതാവ് നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുന്നതിനു ചർച്ചകൾ നടക്കുന്നു. പിപിപി പിന്തുണ ഉറപ്പാക്കിയ അദ്ദേഹം ചെറുകക്ഷികളെയും ഒപ്പം ചേരാൻ ക്ഷണിക്കുന്നു. പഞ്ചാബ് സിംഹമെന്നു നവാസിനെ വിളിക്കാറുണ്ടെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ ഗർജനം ചെറുഞരക്കമായി മാറിയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽപോലും രാഷ്ട്രീയക്കാറ്റിന്റെ ഗതി മാറി. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ വ്യക്തമായ മേൽക്കൈ നേടിയ പിടിഐ സ്വതന്ത്രർ സർക്കാരുണ്ടാക്കാൻ പൊരുതുന്നു. 

സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടെയും നിർലോഭ സഹായത്തോടെ ഷരീഫ് ഭൂരിപക്ഷം സംഘടിപ്പിച്ചാലും അദ്ദേഹത്തിനു രാജ്യത്തെ നയിക്കാനുള്ള ധാർമികാവകാശം ലഭിക്കില്ല. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി സൈന്യത്തിനാണ്. ജനം ഇപ്പോഴും സൈന്യത്തെ വകവയ്ക്കുന്നുണ്ടെങ്കിലും വോട്ടു ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു വ്യക്തമായിരിക്കുന്നു. 

രാജ്യത്തെ മൂന്നു പ്രമുഖ പാർട്ടികളും സൈന്യത്തിന്റെ സൃഷ്ടിയാണെന്നതാണ് ഈ സാഹചര്യത്തിലെ വൈരുധ്യം. ഏകാധിപതികളായിരുന്ന യഹ്യ ഖാനും അയൂബ് ഖാനുമാണ് അറുപതുകളിൽ പിപിപിയെ വളർത്തിയത്. തൊണ്ണൂറുകളിൽ ജനറൽ സിയാവുൽ ഹഖ് പിഎംഎലിനെ പരിപോഷിപ്പിച്ചു ശക്തമാക്കി. പിന്നീടാകട്ടെ, ജനറൽ പർവേശ് മുഷറഫിന്റെ പിൻഗാമികളായ ജനറൽമാർ പിടിഐയെ പുഷ്ടിപ്പെടുത്തി. 

രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുമെന്നു സൈന്യം കുറെക്കാലമായി പറയുന്നുണ്ട്. ഭരണം ജനഹിതത്തിനു വിട്ടുകൊടുത്ത് രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ് അവർ ചെയ്യേണ്ടത്. ദാരിദ്ര്യത്തിലും വികസനമുരടിപ്പിലും നട്ടംതിരിയുന്ന രാജ്യത്തിന്റെ പുരോഗതിക്ക് അത് അനിവാര്യമാണ്. സൈന്യത്തിന്റെ സഹായം തേടുന്ന രാഷ്ട്രീയക്കാരെ കടുവയുടെ പുറത്തു സഞ്ചരിക്കുന്നവരായി വിശേഷിപ്പിക്കാറുണ്ട്. ഇപ്പോൾ സ്ഥിതി മറിച്ചായി. രാഷ്ട്രീയക്കടുവയുടെ പുറത്തു സഞ്ചരിക്കുകയാണ് ഇപ്പോൾ സൈന്യം. എങ്ങനെ താഴെയിറങ്ങണമെന്നറിയാതെ വലയുകയാണവർ.

English Summary:

Editorial about democracy in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com