ADVERTISEMENT

ചെറുകിട– ഇടത്തരം വ്യാപാരിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വ്യാപാര സംരക്ഷണയാത്ര ഇന്നലെയാണു തിരുവനന്തപുരത്തു സമാപിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, കാസർകോട്ടുനിന്നാരംഭിച്ച യാത്രയ്ക്കു കേരളത്തിലെ വ്യാപാരിസമൂഹം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം പെ‍ാതുസമൂഹത്തെ വ്യക്തമായി അറിയിക്കാനായി. ഈ കഷ്ടസാഹചര്യം സർക്കാർകൂടി വേണ്ടവിധം മനസ്സിലാക്കി നടപടികളിലേക്കു കടന്നാലേ ഈ യാത്ര ഫലപ്രാപ്തമാകൂ. 

നീണ്ട കോവിഡ്കാലത്തിന്റെ ആഘാതമേറ്റു ജീവിതം വഴിമുട്ടിയ എത്രയോ വ്യാപാരികൾ നിസ്സഹായതയോടെ, നിരാലംബരായി നമുക്കെ‍‍ാപ്പമുണ്ട്. ലോക്ഡ‍ൗണിനെത്തുടർന്നു സംസ്ഥാനവ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ ചരക്ക്, സേവന നികുതി (ജിഎസ്ടി) നൽകുന്ന 20,000 കച്ചവടക്കാർ വ്യാപാരം നിർത്തി എന്നത് 2021ൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ച കണക്കാണ്. സംസ്ഥാനത്തു 14 ലക്ഷത്തോളം വ്യാപാരി‍കൾ ഒരു വർഷം ജിഎസ്ടി ഇനത്തിൽ സഹസ്രകോടികളാണ് സർക്കാരിനു നൽകുന്നതെന്നും അപ്പോൾ സമിതി പറയുകയുണ്ടായി.

കഠിനകാലത്തിൽനിന്നു വ്യാപാരിസമൂഹം ക്ലേശിച്ചു കരകയറുമ്പോൾ അതിജീവനം അസാധ്യമാക്കുന്നവിധം, സർക്കാർ കൈത്താങ്ങ് നിഷേധിച്ചുകൂടാ. ജിഎസ്ടി പിഴവുകൾ തിരുത്താൻ ഒറ്റത്തവണ അവസരം നൽകണമെന്നും കുടിശികത്തുകയും പലിശയും എഴുതിത്തള്ളണമെന്നുമുള്ള ആവശ്യങ്ങളിൽ നടപടിയില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു നിലവിൽ ജിഎസ്ടി റജിസ്ട്രേഷൻ വേണ്ട. ഇതു രണ്ടു കോടി രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതാശ്വാസ– പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽനിന്ന് ഒരു രൂപ പോലും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കാനാവില്ല. ആ നിബന്ധനയിൽ മാറ്റം വരേണ്ടതുണ്ട്.

ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി കോർപറേറ്റുകൾക്കു റീട്ടെയ്ൽ വ്യാപാരമേഖലയിൽ മുതൽമുടക്കാൻ അനുവാദം നൽകിയതോടെ ഗ്രാമങ്ങളിൽവരെ ചെറുകിട സ്ഥാപനങ്ങൾ പൂട്ടിയത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കടയിൽ 4 തൊഴിലാളികൾ എന്ന കണക്കുവച്ചു നോക്കിയാൽ 4 ലക്ഷം തൊഴിലാളികൾക്കാണ് 10 വർഷത്തിനിടെ പണിയില്ലാതായത്. 

രാജ്യത്തു വ്യാപാരവുമായി ബന്ധപ്പെട്ടെ‍ാരു നയം നിലവിലില്ലെന്നതു വലിയ പോരായ്മ തന്നെയാണ്. അതുകെ‍ാണ്ടുതന്നെ, ആർക്കും എവിടെയും കച്ചവടം തുടങ്ങാമെന്ന സ്ഥിതിയാണ്. 100 കോടി മുടക്കി കച്ചവടം തുടങ്ങിയാലും അതിനൊരു പഠനം പോലും ആവശ്യമില്ല. ഇതിനു മാറ്റമുണ്ടാകണമെന്നും അതിനു നയം അനിവാര്യമാണെന്നും സമിതി പറയുന്നു. കേരളത്തിൽ പ്രത്യേക വ്യാപാര മന്ത്രാലയം വേണമെന്നത് 1980കൾ മുതൽ വ്യാപാരികളുടെ ആവശ്യമാണ്. നിലവിൽ പല വകുപ്പുകൾ കയറിയിറങ്ങണമെന്നതിനാൽ, ലൈസൻസ് ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിലായാൽ ഏറെ ആശ്വാസമാകുമെന്നതിൽ സംശയമില്ല. ഈ ആവശ്യത്തിന്മേൽ എത്രയുംവേഗം നടപടി ഉണ്ടാവേണ്ടതുണ്ട്. 

വ്യാപാരിസമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചതു പ്രതീക്ഷ തരുന്നു. ദേശീയപാതയുടെ വികസനത്തോടനുബന്ധിച്ചും മറ്റും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി, മാന്യമായ നഷ്ടപരിഹാര – പുനരധിവാസ നടപടികൾ സർക്കാരിൽനിന്നുണ്ടാവുകയും വേണം.

English Summary:

Editorial about Kerala Vyapari Vyavasayi Ekopana Samithi Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com