ADVERTISEMENT

നമ്മുടെ വികസനത്തിന്റെ സഞ്ചാരവേഗം അടയാളപ്പെടുത്താനുള്ള വലിയെ‍ാരു പ്രതീക്ഷയാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ വ്യവസായ ഇടനാഴിക്ക് കേരളത്തിന്റെ മുഖഛായ മാറ്റാനാവുമെന്നാണു കരുതുന്നത്. പദ്ധതിവഴി ചുരുങ്ങിയതു പതിനായിരം പേർക്കു നേരിട്ടും 80,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഈ സംയുക്ത പദ്ധതിക്ക് ഇപ്പോഴും കേന്ദ്രമന്ത്രിസഭയുടെ അനുമതിയായിട്ടില്ലെന്നതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. 

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെയും നേതൃത്വത്തിലുള്ള പദ്ധതിക്കു 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 5 വർഷം വേണ്ടിവരുമെന്നാണു വിലയിരുത്തൽ. ഏറ്റെടുത്തുനൽകുന്ന ഭൂമിയാണ് പദ്ധതിയിലെ സംസ്ഥാന വിഹിതം. ഏറ്റെടുത്ത പ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. 

ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു കഴിഞ്ഞവർഷം തുടക്കംകുറിച്ചിരുന്നു. ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. ഈ പദ്ധതിക്ക് 200 കോടി ഇത്തവണ സംസ്ഥാന ബജറ്റിൽ വകയിരുത്തുകയും ചെയ്തു. ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ- മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്സ്, ഓട്ടമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്. 

കൊച്ചി മുതൽ പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തി വരെയുള്ള 160 കിലോമീറ്ററിൽ 6 വ്യവസായ ക്ലസ്റ്റർ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്, എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലായി 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നുണ്ട്. അയ്യമ്പുഴയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിയാണ് (ഗിഫ്റ്റ് സിറ്റി) വികസിപ്പിക്കുന്നത്. ഈ വ്യവസായ ഇടനാഴി ഏറെ സാധ്യതകളിലേക്കുകൂടിയാണു വഴിതുറക്കുന്നത്. വൻ വ്യാവസായിക കുതിപ്പിനു വഴിതുറക്കുന്ന ചെറുതും വലുതുമായ ആയിരത്തിലധികം സംരംഭങ്ങൾക്കു പാലക്കാട് ജില്ലയിൽമാത്രം തുടക്കം കുറിക്കാനാവുമെന്നത് ഒരു ഉദാഹരണം മാത്രം. പ്രാദേശിക വികസനം ദ്രുതഗതിയിലാവും. 

എന്നാൽ, പദ്ധതിക്കു കേന്ദ്രാനുമതി വൈകുന്നതു കനത്ത ആശങ്കയ്ക്കു വഴിതുറന്നിരിക്കുന്നു. ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയിൽ 85 ശതമാനത്തോളം ഏറ്റെടുത്തതായി കേന്ദ്രത്തെ കേരളത്തിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര അറിയിച്ചിരുന്നു. ഇത്രയും വേഗത്തിൽ ഭൂമി ഏറ്റെടുത്ത കേരളത്തിന്റെ നടപടിയെ അഭിനന്ദിച്ചതിനൊപ്പം ഈ ഭൂമിയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 1789.82 കോടി രൂപ അനുവദിക്കാവുന്നതാണെന്നും പദ്ധതി കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. എന്നാൽ, ഒരു വർഷത്തിനുശേഷവും കേന്ദ്ര മന്ത്രിസഭ വിഷയം ചർച്ചചെയ്ത് അനുമതി നൽകിയിട്ടില്ല. പലതവണ സംസ്ഥാന സർക്കാർ കത്തെഴുതിയിട്ടും അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രത്തിനു കത്തെഴുതിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് പദ്ധതി വൈകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുൻപ് അനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി തകിടംമറിയുകയും കേരളത്തിനു വൻ നഷ്ടമുണ്ടാകുകയും ചെയ്തേക്കാം. കേന്ദ്രാനുമതി വൈകുന്ന ഓരോ ദിവസവും കേരളത്തിന്റെ വികസനംകൂടിയാണ് വൈകുന്നതെന്ന ബോധ്യത്തോടെയാവണം ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ തുടർശ്രമങ്ങൾ. ഇതിനായി സംസ്ഥാന സർക്കാരും കേരളത്തിന്റെ എംപിമാരും രാഷ്ട്രീയഭേദമില്ലാതെ എല്ലാ കക്ഷികളും കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും വേണം.

English Summary:

Editorial about Kochi Bengaluru industrial corridor awaiting central approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com