ADVERTISEMENT

2010 മാർച്ച് 10നു പത്രങ്ങളിൽ വന്ന ചിത്രം മനസ്സിൽ നിറചിരിയോടെ നിൽക്കുന്നു. തലേന്ന്, രാജ്യസഭ വനിതാ സംവരണ ബിൽ പാസാക്കിയതിന്റെ ആഹ്ലാദം വനിതാനേതാക്കൾ കെട്ടിപ്പിടിച്ചു പ്രകടിപ്പിക്കുന്നു. രാഷ്ട്രീയഭേദം മറന്ന് അവർ ആഹ്ലാദിച്ചത് രാജ്യത്തെ നിയമനിർമാണ സഭകളിൽ തങ്ങളുടെ സഹോദരിമാരിൽ 33% പേർ ഉടനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. സോണിയാ ഗാന്ധിയും വൃന്ദ കാരാട്ടും സുഷമ സ്വരാജുമാണ് പാർലമെന്റിനു മുന്നിൽ തമ്മിൽ പുണർന്നുനിന്നതെങ്കിൽ രാജ്യത്ത് എല്ലായിടത്തും സ്ത്രീകൾ അന്നത് ആഘോഷമാക്കി. പക്ഷേ, ആ ആനന്ദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. സംവരണത്തിനുള്ളിലെ സംവരണത്തിൽ തട്ടി ബിൽ ലോക്സഭയിൽ വീണു. 

സ്വാതന്ത്ര്യ സമരകാലത്തു മഹാത്മജിയോടൊപ്പം പൊതുരംഗത്തേക്കു നടന്നിറങ്ങിയ സ്ത്രീകൾ തങ്ങൾക്കു വോട്ടവകാശം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പിന്നീട്, സ്വതന്ത്ര ഇന്ത്യയിൽ മത്സരിക്കാൻ അവകാശം വേണമെന്നു വാദിക്കുന്നുണ്ട്. സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ഗാന്ധിജിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നുണ്ട്.

1952ൽ ലോക്സഭയിൽ അംഗങ്ങളായ 24 സ്ത്രീകളിൽ നമ്മുടെ അഭിമാനമായ ആനി മസ്ക്രീനും ഉണ്ടായിരുന്നു. അന്നത്തെ 5% സ്ത്രീപ്രാതിനിധ്യം 2019ൽ എത്തുമ്പോൾ 14 ശതമാനമായി. ഇപ്പോൾ ലോക്സഭയിൽ 78 സ്ത്രീകൾ. 543 അംഗ പാർലമെന്റിൽ ഒരിക്കൽപോലും സ്ത്രീകളുടെ എണ്ണം 100ൽ എത്തിയിട്ടില്ല. ഇക്കുറിയാണ് ഏറ്റവും ഉയർന്നസംഖ്യ. രാജ്യസഭയിൽ ഇതിലും മോശമാണ് അവസ്ഥ. 

1952ൽ ഒന്നാം ലോക്സഭയിൽ ആരംഭിച്ച കേരളത്തിന്റെ സ്ത്രീ പ്രാതിനിധ്യ ചരിത്രം ഇപ്പോൾ ഇരുപതിൽ ഒന്ന് എന്ന കൂടുതൽ മോശപ്പെട്ട അവസ്ഥയിലാണ്. ഇടയ്ക്ക് 1991ലും (സാവിത്രി ലക്ഷ്മണൻ, സുശീല ഗോപാലൻ)   2004ലും (സി.എസ്.സുജാത, പി.സതീദേവി) ഇരുപതിൽ രണ്ട് എന്ന നിലയിൽ പുരോഗമിച്ചു! 1957, 1962, 1967, 1977, 1984, 1996, 2009 വർഷങ്ങളിൽ സ്ത്രീകളെ അയയ്ക്കാൻപോലും കേരളത്തിനായില്ല. ഇതൊക്കെയാണെങ്കിലും, രാജ്യത്തെ നമ്പർ 1 സംസ്ഥാനം എന്നവകാശപ്പെടുകയും ചെയ്യുന്നു. രാജ്യസഭയിലേക്കു മറ്റു സംസ്ഥാനങ്ങൾ മറ്റു മേഖലകളിൽ മികവു തെളിയിച്ചവരെ പരിഗണിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയപ്രവർത്തകരെ മാത്രം പരിഗണിക്കുന്നു. 

വനിതാ സംവരണ ബില്ലും വലിയ നിരാശയും

2023 സെപ്റ്റംബർ 19നു ലോക്സഭയും തുടർന്നു രാജ്യസഭയും പാസാക്കിയ ബിൽ അതേമാസം 28നു രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. എന്നാൽ, മൂന്നിലൊന്ന് എന്നു പണ്ടു തീരുമാനിച്ചത് ഏതാണ്ട് 30 ആണ്ടിനു ശേഷവും അതേ നിലയിൽ. അതിലേറെ നിരാശയുണ്ടാക്കുന്നതു നിയമത്തിലെ ഉപാധികളാണ്. നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകണം. അതിനുശേഷം ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനകൂടി നോക്കി സ്ത്രീകളെ ഉൾപ്പെടുത്തും. പുരുഷന്മാരുടെ അധികാരങ്ങളിൽ ഒരു കുറവും വരാതിരിക്കാനുള്ള കണിശമായ ജാഗ്രതയായി വേണം ഇതിനെ കാണാൻ. 

പ്രഫ. കുസുമം ജോസഫ്
പ്രഫ. കുസുമം ജോസഫ്

ജനസംഖ്യയിൽ സ്ത്രീ– പുരുഷ അനുപാതം ഏറക്കുറെ തുല്യമാണ്. കേരളമാകട്ടെ പെണ്ണധിക സംസ്ഥാനവുമാണ്. 33% സീറ്റുകൾ സ്ത്രീകൾക്കു വിട്ടുകൊടുക്കാൻ ജനസംഖ്യാ കണക്കെടുപ്പു നോക്കേണ്ടതില്ല. 1992ൽ ത്രിതല പഞ്ചായത്തുകളിൽ ആദ്യം 33% സംവരണം നടപ്പാക്കിയപ്പോൾ ഉപാധികളൊന്നും വച്ചിരുന്നില്ല. പിന്നീടു കേരളമടക്കം ചില സംസ്ഥാനങ്ങൾ 50% സീറ്റുകൾ സ്ത്രീകൾക്ക് എന്നു തീരുമാനിച്ചപ്പോഴും സെൻസസ് വേണ്ടിവന്നില്ല.

സംവരണം പരമാവധി താമസിപ്പിക്കുകയാണ് ഈ ഉപാധികളുടെ ലക്ഷ്യം. സെൻസസ് 2021ൽ നടക്കേണ്ടതായിരുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ 2024 അവസാനത്തേക്കു നീട്ടി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. അതായത്, 2026ലെ ഒരു സാധ്യത മാത്രമാണ് സെൻസസ്. മണ്ഡല പുനർനിർണയം 1971 മുതൽ തർക്കവിഷയമായതിനാൽ മുടങ്ങിക്കിടക്കുന്നു. സ്ത്രീകൾക്ക് 2029ൽ പോലും സംവരണം ലഭിക്കാൻ സാധ്യതയില്ലെന്നർഥം. 

പുതിയ ലോക്സഭാമന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽതന്നെ ബിൽ അവതരിപ്പിക്കപ്പെട്ടു. ജനപ്രതിനിധികൾക്കു മുൻകൂട്ടി പകർപ്പു കൊടുക്കാതെ ചർച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കി ‘നാരീ ശക്തി വന്ദൻ അധിനിയം’ സഭയിൽ വന്നു. രാജ്യത്തെ സ്ത്രീകളെ അധികാരത്തിലെത്തിക്കാൻ ദൈവം നിയോഗിച്ചു എന്നൊക്കെയുള്ള വൈകാരിക ഭാഷണങ്ങൾക്ക് ഒടുവിലായിരുന്നു ബില്ലവതരണം.

2029ൽ നടപ്പാക്കാനാണെങ്കിൽ തിടുക്കത്തിൽ ബിൽ പാസാക്കിയതെന്തിന്? 2024ൽ നടപ്പാക്കാൻ തടസ്സമൊന്നുമില്ലാതിരിക്കെ കാത്തിരിക്കാൻ പറയുന്നതെന്തിന്? 

വീട്ടിലെ സ്ത്രീകൾക്കു പുരുഷൻ ‘ആവശ്യത്തിനു സ്വാതന്ത്ര്യം കൊടുക്കുന്നതു’ പോലെ ‘ആവശ്യത്തിന് അധികാരം’ കാലങ്ങൾക്കുശേഷം കൊടുക്കാനുള്ള ശ്രമവും അതിന്റെ പേരിലുള്ള ലജ്ജയില്ലാത്ത മേനിനടിക്കലുമാണ് നടക്കുന്നത്.

വനിതാ സംവരണ ബില്ലിലെ രണ്ടു വ്യവസ്ഥകളെയും പാർലമെന്റിൽ പ്രതിപക്ഷം എതിർത്തെന്നാണ് മനസ്സിലാക്കുന്നത്. നിയമം ഉടൻ (2024ൽ) പ്രാബല്യത്തിൽ വരുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷമേ, നിങ്ങളുടെ എതിർപ്പ് ആത്മാർഥമായിരുന്നെങ്കിൽ അതു തെളിയിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷത്തുള്ള കേരളത്തിലെ ഇരുമുന്നണികളും ഇരുപതിൽ ഏഴു സീറ്റ് വീതം സ്ത്രീകൾക്കു നൽകണം. 

നിയമനിർമാണ സഭകളിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാൻ കേരളത്തിൽ രൂപം കൊണ്ട ‘തുല്യ പ്രാതിനിധ്യ പ്രസ്ഥാനം’   ജനങ്ങൾക്കിടയിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് ശേഖരിച്ച ഒരു ലക്ഷത്തിലേറെ ഒപ്പുകൾ കേരളത്തിന്റെ ‘പെൺ മെമ്മോറിയൽ’ എന്ന പേരിൽ 17ന് തിരുവനന്തപുരത്ത് എൽഡിഎഫ്, യുഡിഎഫ് കൺവീനർമാർക്കു കൈമാറും. 

(തുല്യപ്രാതിനിധ്യ പ്രസ്ഥാനം ചെയർപഴ്സനാണ് ലേഖിക)

English Summary:

Writeup about Women’s Reservation Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com