ADVERTISEMENT

രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകുന്നതിനുള്ള തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി (ഇലക്ടറൽ ബോണ്ട്) റദ്ദാക്കിയുള്ള സുപ്രീം കോടതിയുടെ ചരിത്രവിധി ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ബിജെപിക്കും കേന്ദ്ര സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ്. രാജ്യം പെ‍ാതുതിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുന്ന വേളയിലാണ്, നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പദ്ധതിക്കെതിരെ ഭരണഘടനാ ബെഞ്ചിന്റെ ഈ നിർണായകവിധി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അറിയാനുള്ള അവകാശത്തിന്റെയും ലംഘനമാണ് പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതിയെന്നു ചൂണ്ടിക്കാട്ടിയുള്ള വിധി സുതാര്യമായ തിരഞ്ഞെടുപ്പുപ്രക്രിയയ്ക്കുള്ള പ്രാധാന്യം അടിവരയിട്ടു പറയുന്നു.

ഇലക്ടറൽ ബോണ്ട് സുതാര്യത ഇല്ലാതാക്കുമെന്നും കള്ളപ്പണമൊഴുകാൻ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവ നൽകിയ റിട്ട് ഹർജികളിലാണ് ഇന്നലെ വിധിയുണ്ടായത്. രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകൾ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സർക്കാരിന്റെ വാദം പാടേ തള്ളുകയായിരുന്നു കോടതി. തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ഏകവഴി കടപ്പത്ര പദ്ധതിയല്ലെന്നും വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാൻ രാഷ്ട്രീയപാർട്ടികൾക്കു ലഭിക്കുന്ന സംഭാവനാവിവരവും സമ്മതിദായകർ അറിയേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ ജനാധിപത്യം പ്രകാശമാനമാകുന്നു. 

വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി സംഭാവന നേടാൻ തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾവഴി ഭരിക്കുന്ന പാർട്ടിക്കു കഴിയുമെന്നു സുപ്രീം കോടതി വിലയിരുത്തുകയുണ്ടായി. പിന്തുണ അറിയിക്കാനോ തിരിച്ച് എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചോ ആണ് രാഷ്ട്രീയപാർട്ടികൾക്കു പണം സംഭാവന നൽകുന്നതെന്നു നിരീക്ഷിച്ചിട്ടുമുണ്ട്. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പു സംഭാവനകൾ ജനാധിപത്യത്തെ തകർക്കുമെന്നും ഇതു ഭരണ, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തുല്യത ഇല്ലാതാക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ പണം സ്വീകരിക്കാവുന്ന വ്യവസ്ഥ നിലവിൽ വന്ന 2018 ജനുവരി മുതൽ ഇതുവരെയുള്ള ഭീമഭാഗം സംഭാവനകളും ലഭിച്ചതു മുഖ്യഭരണകക്ഷിയായ ബിജെപിക്കാണെന്നുകൂടി ഓർമിക്കുമ്പോൾ ഇപ്പോഴുണ്ടായ വിധിയുടെ ആഘാതശേഷി കൂടുതൽ വ്യക്തമാകുന്നു. കോർപറേറ്റുകളും സർക്കാരും തമ്മിലുള്ള വഴിവിട്ട ഇടപാടുകൾക്കു നിയമപ്രാബല്യം നൽകുന്നതാണ് ഇലക്ടറൽ ബോണ്ടുകളെന്ന ആരോപണം തുടക്കംമുതൽ ഉയർന്നിരുന്നെങ്കിലും അതിനെതിരെ വിധിയുണ്ടാവുന്നത് ഇപ്പോൾ മാത്രമാണ്. ആസന്നമായ പെ‍ാതുതിരഞ്ഞെടുപ്പിലും ഈ ബോണ്ടുകളുടെ പി‍ൻബലം ബിജെപി തേടുന്നതിനിടെയാണ് കോടതിയിൽനിന്നുള്ള പ്രഹരം. 

ഇലക്ടറൽ ബോണ്ടിന്റെ ദുരുപയോഗത്തിൽ സുപ്രീം കോടതി മുൻപും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഈ പദ്ധതി തിരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുക്കിനു വഴിയൊരുക്കുന്നതാണെന്നു തുടക്കത്തിൽത്തന്നെ റിസർവ് ബാങ്കും തിരഞ്ഞെടുപ്പു കമ്മിഷനും ചൂണ്ടിക്കാട്ടിയതുമാണ്. കടപ്പത്രങ്ങളിലൂടെ രാഷ്ട്രീയപാർട്ടികൾക്കു ലഭിക്കുന്നത് കള്ളപ്പണമാണോ എന്നു കണ്ടെത്താൻ മാർഗമില്ലെന്നു വ്യക്തമാക്കി, കടപ്പത്ര പദ്ധതിക്കായി കൊണ്ടുവന്ന വ്യവസ്ഥകളിലെ പിഴവുകൾ അക്കമിട്ടു പറഞ്ഞ് തിരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്ര നിയമമന്ത്രാലയത്തിന് 2019ൽ കത്തയയ്ക്കുകയുണ്ടായി. കടപ്പത്രത്തിലൂടെയുള്ള സംഭാവന തിരഞ്ഞെടുപ്പു കമ്മിഷനോടു വെളിപ്പെടുത്തേണ്ടതില്ലെന്ന, ജനപ്രാതിനിധ്യ നിയമത്തിന്റെ 29 സി വകുപ്പിൽ വരുത്തിയ ഭേദഗതി സുതാര്യത ഇല്ലാതാക്കുമെന്നും അതു പിൻവലിക്കണമെന്നും അന്നേ ആവശ്യമുയർന്നതാണ്. 

അതേസമയം, തിരഞ്ഞെടുപ്പു കടപ്പത്രവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ സൂക്ഷിക്കാത്തതിൽ ഇപ്പോഴത്തെ ഹർജി പരിഗണിക്കുമ്പോൾ ഭരണഘടനാ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയതും ശ്രദ്ധേയം. തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയപാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ കോടതി കമ്മിഷനോടു നിർദേശിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിൽനിന്നുള്ള നിർണായകവിധി ജനാധിപത്യവിശ്വാസികൾക്കെല്ലാം പ്രത്യാശ നൽകുന്നതാണ്. പ്രമുഖ കക്ഷികൾക്കു വൻകിടക്കാരുമായുള്ള ബാന്ധവം ഇലക്ടറൽ ബോണ്ട് വഴി പ്രത്യക്ഷത്തിൽ‍ ഒഴിവാക്കാനാവുമെങ്കിലും പണാധിപത്യത്തിനു ജനാധിപത്യത്തിനുമേൽ പിടിമുറുക്കാനുള്ള മറ്റു വഴികൾ തുറന്നുകിടക്കുന്നുവെന്ന ആശങ്ക ഇപ്പോഴും ബാക്കിയാവുന്നു.

English Summary:

Editorial about electoral bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com