ADVERTISEMENT

കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഇഴയുന്നതിനിടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചതു ഗുരുതര സാഹചര്യത്തിലേക്കാണു കാര്യങ്ങളെ കെ‍ാണ്ടുപോകുന്നത്. നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർ‌ത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുള്ള പ്രശ്നപരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്നു വീണ്ടും സർക്കാർ മറക്കുന്നു.

വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 2020 നവംബർ മുതൽ ഒരു വർഷം നീണ്ട സമരത്തിന്റെ തുടർച്ചയായുള്ള ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച് തടയാനുള്ള കടുത്ത ശ്രമങ്ങൾ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പിനെയും കോവിഡിനെയും വെല്ലുവിളിച്ച് ഉറച്ചുനിന്ന കർഷകവീര്യത്തിനു മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അന്നു നിലപാടു മാറ്റേണ്ടിവന്നതു ചരിത്രമാണ്; ആ വേളയിൽ നൽകിയ വാഗ്ദാനങ്ങളുടെ ലംഘനം കർഷകർ കാണാതെപോകുമെന്നു കരുതിയതു മൗഢ്യവും.  

അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം. താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവ കർഷകരുന്നയിക്കുന്ന ആവശ്യങ്ങളിൽ പ്രധാനമാണ്.

മറ്റു പല സമരങ്ങളോടുമുള്ള അയഞ്ഞ സമീപനമല്ല കർഷക പ്രക്ഷോഭത്തോടു സർക്കാർ പുലർത്തേണ്ടതെന്ന ഓർമപ്പെടുത്തൽകൂടിയായിരുന്നു അന്നു നടന്ന സമരം. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കർഷകപ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാന മേഖല സാക്ഷ്യം വഹിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തര തിരസ്കാരങ്ങളിൽ തളരാതെ, കരുത്തു ചോരാതെ നീണ്ട ആ സമരം ബാക്കിവച്ച പാഠങ്ങൾ മറക്കാനുള്ളതായിരുന്നില്ല. എന്നാൽ, സാധ്യമായ എല്ലാ മാർഗങ്ങൾകെ‍ാണ്ടും ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ചിനെ തടയുന്നവർ അതു സൗകര്യപൂർ‌വം മറന്നുവെന്നുവേണം കരുതാൻ. 

‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ച കർഷകർക്കു നേരെയുണ്ടാകുന്ന പൊലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. സിമന്റിട്ടുറപ്പിച്ച ബാരിക്കേഡുകളും മുള്ളുകമ്പികളും മണൽച്ചാക്കുകളും അള്ളും വരെ ഉപയോഗിച്ചു മാർഗതടസ്സം സൃഷ്ടിച്ച പൊലീസ്, കർഷകരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിക്കുകയുണ്ടായി. ഡ്രോൺ വഴിയും കണ്ണീർവാതകം പ്രയോഗിച്ചു. ഇന്റർനെറ്റ് നിരോധനം കെ‍ാണ്ടുവന്നു. നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയുള്ള കർഷകരുടെ മുന്നേറ്റത്തെ ഇത്തരത്തിലെ‍ാക്കെ തടയാമെന്നു കരുതിയവർക്കാണ് ഒരിക്കൽക്കൂടി തെറ്റിയത്. കർഷകരെ തുരത്താനുള്ള ഹരിയാന പൊലീസിന്റെ ശ്രമത്തിനിടെ കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കെ‍ാണ്ടിരിക്കുന്നു. 

വിഖ്യാത കൃഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എസ്.സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ കഴിഞ്ഞ ദിവസം പറഞ്ഞതു സർക്കാരിനു കേൾക്കാനുള്ളതാണ് – ‘‘കർഷകരെ ഒപ്പം നിർത്തിവേണം എം.എസ്.സ്വാമിനാഥനെ ആദരിക്കാൻ’’. അന്നദാതാക്കളെ ക്രിമിനലുകളായി കണക്കാക്കരുതെന്നു പറയുകയായിരുന്നു അവർ.

കാലങ്ങളായി രാജ്യത്തെ കർഷകർ അനുഭവിച്ചുവരുന്ന അവഗണനയുടെയും നിരാകരണത്തിന്റെയുമൊക്കെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ പ്രക്ഷോഭവുമെന്ന തിരിച്ചറിവാണ് അടിയന്തരമായി സർക്കാരിനുണ്ടാകേണ്ടത്. സമരമുഖങ്ങളെ തീക്ഷ്ണമാക്കുന്ന കർഷകരുടെ സ്വാഭിമാനവും പോരാട്ടവീര്യവും മനസ്സിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അനുഭവം ഓർമിച്ചേതീരൂ. കർഷക പ്രക്ഷോഭങ്ങളോടുള്ള നിഷേധാത്മക നിലപാടിനും വെല്ലുവിളിക്കും അടിച്ചമർത്തലിനും പകരം വേണ്ടത് അന്നമൂട്ടുന്നവരോടുള്ള കരുതലും ആദരവും സുരക്ഷ ഉറപ്പാക്കലും തന്നെയാണ്. 

കർഷകരുടെ ആവശ്യങ്ങൾ സർക്കാർ തുറന്ന മനസ്സോടെ കേൾക്കുകയും എത്രയുംവേഗം അവയ്ക്കുള്ള ഉചിത പരിഹാരത്തിലെത്തുകയും വേണം. രാഷ്ട്രീയ നിറങ്ങൾക്കപ്പുറത്ത് കർഷകരോടുള്ള ആദരം ചർച്ചകളിൽ പ്രതിഫലിക്കേണ്ടതുണ്ട്. നിലവിലെ ദുർഘടസന്ധിക്ക് അടിയന്തര പരിഹാരമുണ്ടാകണം എന്നുതന്നെയാണ് കർഷകരുടെ ആശങ്കയും ആകുലതയും മനസ്സിലാക്കുന്ന രാഷ്ട്രഹൃദയം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

English Summary:

Editorial about farmers protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com