ADVERTISEMENT

∙ ശ്രീകുമാരൻ തമ്പി: അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്ന ഭാസ്കരൻ മാഷാണ് ആദ്യത്തെ കമ്യൂണിസ്റ്റ് കവിതയായ ‘വയലാർ ഗർജിക്കുന്നു’ എഴുതിയത്. അതു പല കമ്യൂണിസ്റ്റുകാർക്കും അറിയില്ല. പാർട്ടിപോലും പത്മശ്രീക്കു ശുപാർശ ചെയ്തില്ല. സ്വാതന്ത്ര്യസമരകാലത്തു ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന പരിചയം വഴി കെ.കരുണാകരനാണ് കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെങ്കിലും ഒരു സ്ഥാനം നൽകിയത്. 

∙ പി.സി.വിഷ്ണുനാഥ്: യുവാക്കൾ വന്നോട്ടെയെന്നു കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കുണ്ടോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഇന്ദിരാഗാന്ധിയെപ്പോലുള്ള നേതാക്കളുള്ള കാലത്ത് വയലാർ രവി 32–ാം വയസ്സിൽ പ്രവർത്തകസമിതിയിൽ വന്നു. ഇപ്പോഴുള്ള മുതിർന്ന നേതാക്കൾക്ക് അവരുടെ കാര്യത്തിൽതന്നെ ആത്മവിശ്വാസം വന്നിട്ടില്ല.

∙ ശരത്: ‘സംഗതി’ എന്നുള്ളത് ജന്മജന്മാന്തരങ്ങളായി ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കാണ്. അതെങ്ങനെ എന്റെ തലയിലായി എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഒരിക്കൽ വണ്ടിയുമായി പെട്രോൾ പമ്പിൽ കയറിയ എന്നെ കണ്ടപ്പോൾ അവിടുത്തെ ഒരു ജീവനക്കാരി ഓടിവന്നത് ‘സംഗതി സാറേ’ എന്നു വിളിച്ചുകൊണ്ടാണ്. അതുകേട്ടു ഞാൻ ഒരുപാടു ചിരിച്ചു. അത്തരം വിളിപ്പേരുകളെല്ലാം തമാശയായി മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. 

∙ കെ.ബാബു ജോസഫ്: കാലാവസ്ഥ വ്യതിയാനത്തിനു നിമിത്തമായതു വ്യവസായവൽക്കരണമാണെന്നു പറയാറുണ്ട്. അതിന്റെ ഫലമായി ഐശ്വര്യം വർധിക്കുകയും കൂടുതൽ ആളുകൾ ജനിക്കുകയും കൂടുതൽകാലം ജീവിക്കുകയും ചെയ്തത് ഒരേസമയം നേട്ടവും കോട്ടവുമായി ഭവിച്ചു എന്നതാണ് ശരി. വികസനത്തിന്റെ പേരിൽ വോട്ടുചോദിക്കുന്ന രാഷ്ട്രീയക്കാർ അതിന്റെ ഫലമായ  താപനത്തെപ്പറ്റി മിണ്ടാറില്ല. 

∙ ജി.സുധാകരൻ: സച്ചിദാനന്ദനെക്കാൾ പ്രതിഭയുള്ള ആളാണ് ശ്രീകുമാരൻ തമ്പി. കവിതകളും സിനിമാഗാനങ്ങളും വളരെ മനോഹരമാണ്. സച്ചിദാനന്ദൻ ഡൽഹിയിൽ പ്രവർത്തിച്ച ആളാണ്. കേരളത്തിൽ ഒട്ടും പ്രവർത്തിക്കാത്ത കെ.പി.ഉണ്ണിക്കൃഷ്ണൻ ഡൽഹിയിൽ താമസിച്ചു പ്രവർത്തിച്ച് മന്ത്രിയായി. അതേപോലെ അവിടെ താമസിച്ചാൽ പേരെടുക്കാം. കാര്യങ്ങൾ സമർഥമായി കൈകാര്യം ചെയ്യാൻ അറിയണമെന്നു മാത്രം.

∙ സേതു: ഇന്നും എഴുത്തുകാരുടെ മൂല്യം തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. എല്ലാവരുടെയും സമയം വിലപ്പെട്ടതാണ്. എഴുത്തുകാർ നഷ്ടപരിഹാരം അർഹിക്കുന്നു. വിദേശരാജ്യങ്ങളിൽ, ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനു മുൻപു പ്രസംഗകർക്കു പണം ലഭിക്കുന്നതു സാധാരണമാണ്. ആധികാരികമായ ഒരു പ്രസംഗം നടത്താൻ വളരെയധികം തയാറെടുപ്പ് ആവശ്യമാണ്.

∙ പായിപ്ര രാധാകൃഷ്ണൻ: ആയിരം കോഴിക്ക് അരക്കാട എന്നാണല്ലോ പറയുക. ഞങ്ങൾക്കു കോഴിമതി, കാടയും മയിലുമൊന്നും വേണ്ട എന്നാണ് സാഹിത്യ അക്കാദമി പക്ഷം. ചുള്ളിക്കാടിനു പകരം പത്ത് അശോകൻ ചരുവിലോ സുനിൽ പി.ഇളയിടമോ ആയാലും മതി ! അക്കാദമിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ലാസ്റ്റ് ബസ് പുറപ്പെടുമ്പോൾ ഫുട്ബോഡിലും ആളെ തിക്കിക്കയറ്റി സാഹിത്യോത്സവം പൊടിപൊടിക്കും. 

∙ ഇന്ദ്രൻസ്: പഴയ കഥാപാത്രങ്ങളെ കാണുമ്പോൾ കുറെക്കൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കാത്തത് മുന്നോട്ടുപോവാൻ ഏറെയുള്ളതുകൊണ്ടാണ്.  പത്രവും അതോടൊപ്പം ഒരു കട്ടൻ ചായയും കിട്ടുന്നതു തന്നെയാണ് ഇപ്പോഴും ഇഷ്ടം. ഭാഷയും സംസ്‌കാരവുമെല്ലാം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വേവലാതികൾ പങ്കുവയ്ക്കുന്ന എഴുത്തുകൾ ഇഷ്ടമാണ്.

∙ എസ്.സോമനാഥ്: പാട്ടുപാടിക്കൊണ്ടു ജോലി ചെയ്യുന്നു എന്നതായിരുന്നു എന്നെക്കുറിച്ചു പണ്ടുണ്ടായിരുന്ന ഏറ്റവും വലിയ പരാതി. ശാസ്ത്രീയസംഗീതവും കീബോർഡും ഒക്കെ പഠിക്കാൻ ശ്രമിച്ചെങ്കിലും പൂർണതയിൽ എത്തിക്കാനായില്ല. റോക്കറ്റ് ഉണ്ടാക്കുന്നതിനെക്കാൾ സങ്കീർണതയുള്ളതായി തോന്നിയിട്ടുള്ളത് ഒരു പാട്ട് ചിട്ടപ്പെടുത്തുന്നതും അതിനു പശ്ചാത്തലസംഗീതം ഒരുക്കുന്നതുമാണ്.

∙ കെ.പി.രാമനുണ്ണി: പ്രണയഭംഗത്താൽ ആത്മഹത്യചെയ്ത പ്രണയജോഡികളിൽ കുറച്ചുകാലംമുൻപു ഒരു ഗവേഷണം നടത്തിയിരുന്നു. വർഷങ്ങളായി പ്രണയബന്ധംകൊണ്ടുനടന്നിട്ടും പ്രണയിനികൾ കന്യകകളായി അവശേഷിച്ചു എന്നതായിരുന്നു ഗവേഷണത്തിലെ അദ്ഭുതകരമായ കണ്ടെത്തൽ. കാത്തിരിക്കാനുള്ള എന്തു പവിത്രതയാണ് കല്യാണത്തിനെന്നു പുതുതലമുറ ചോദിക്കുമായിരിക്കും. എന്നാൽ, ഒരു ആദർശത്തിന്റെ പേരിൽ, സങ്കൽപത്തിന്റെ പേരിൽ പ്രാഥമിക വികാരങ്ങളെ മെരുക്കുന്നതിൽ മനുഷ്യമഹത്ത്വത്തിലേക്കുള്ള വികാസമുണ്ട്.

∙ ഡിജോ കാപ്പൻ: ട്രാക്ടർ എത്തിയപ്പോഴും കംപ്യൂട്ടർ വന്നപ്പോഴുമൊക്കെ എതിർത്തവർ പിന്നീട് അതിന്റെ പ്രചാരകരായതുപോലെ ഇപ്പോൾ കിട്ടാവുന്ന സബ്സിഡികൾ നഷ്ടപ്പെടുത്തിയശേഷം വീടു തോറും കയറിയിറങ്ങി റീഡിങ് എടുക്കാൻ തങ്ങളുടെ ആത്മാഭിമാനം സമ്മതിക്കില്ലെന്ന് ഇപ്പോൾ സ്മാർട്ട് മീറ്ററിനെ എതിർക്കുന്നവർ വരുംകാലങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതു കേരളം കാണേണ്ടിവരും.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com