ADVERTISEMENT

ബ്രിട്ടനിലെ യുവ ചെസ് ചാംപ്യനും പല രാജ്യാന്തര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച പ്രതിഭയുമായ ഇന്ത്യൻ വംശജനാണ് ആദിത്യ വർമ. രണ്ടുവർഷം മുൻപ്, 18–ാമത്തെ വയസ്സിൽ ആദിത്യ തന്റെ സ്കൂൾ കൂട്ടുകാർക്കൊപ്പം ഒരു യാത്ര പുറപ്പെട്ടു. സ്പെയിനിലെ വിനോദസഞ്ചാര ദ്വീപായ മെനോർക്കയിലേക്കായിരുന്നു കൂട്ടുകാരുടെ യാത്ര.2022 ജൂലൈ മൂന്നിന്, ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആ യാത്രയുടെ സ്വഭാവം മാറിയത് ഒറ്റനിമിഷം കൊണ്ടായിരുന്നു.

ആദിത്യ യാത്ര ചെയ്ത വിമാനം സ്പെയിനിന്റെ വ്യോമമേഖലയിലേക്കു കടന്നതും രണ്ട് എഫ് 18 യുദ്ധവിമാനങ്ങൾ ഒപ്പമെത്തി. അവരുടെ നിരീക്ഷണത്തിൽ മെനോർക്കയിൽ ലാൻഡ് ചെയ്ത വിമാനം റൺവേയുടെ ഒഴിഞ്ഞ ഭാഗത്തേക്കു മാറ്റി. പാഞ്ഞെത്തിയ പൊലീസുകാർ ആദിത്യ വർമയെ പിടിച്ചുകൊണ്ടുപോയി. എന്താണ് സംഭവിച്ചത്?

ഗാറ്റ്‌വിക് വിമാനത്താവളത്തിൽവച്ച് നിഷ്കളങ്കമായി ആദിത്യ ഒപ്പിച്ച ഒരു തമാശയാണ് ആ യാത്രയുടെ സ്വഭാവത്തെയും  ആദിത്യയുടെ ജീവിതത്തെയും മാറ്റിമറിച്ചത്. വിമാനത്തിലേക്കു കയറും മുൻപ് സ്നാപ്ചാറ്റിൽ ആദിത്യ തന്റെ കൂട്ടുകാർക്കു മാത്രമായി ഒരു മെസേജ് അയച്ചു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൗമാരക്കാർക്കും ചെറുപ്പക്കാർക്കുമിടയിൽ വളരെ പോപ്പുലറായ ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ് ആണ് സ്നാപ്ചാറ്റ്. അതിൽ അയയ്ക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ആർക്കയയ്ക്കുന്നുവോ അവർക്കു മാത്രമേ കാണാനാകൂ. നിശ്ചിത സമയം കഴിയുമ്പോൾ അത് അപ്രത്യക്ഷമാവുകയും ചെയ്യും.

ആദിത്യ അയച്ച സന്ദേശം ഇതായിരുന്നു: On my way to  blow up the plane up. I'am a member of the Taliban. (ഞാൻ ഈ വിമാനം തകർക്കാൻ പോവുകയാണ്. ഞാൻ താലിബാൻ അംഗമാണ്.)  ഈയൊരൊറ്റ മെസേജാണ് ആദിത്യയുടെയും കൂട്ടുകാരുടെയും ആ ഉല്ലാസയാത്രയെ ഒരു പേടിസ്വപ്നമാക്കി മാറ്റിയത്. ആദിത്യയുടെ ഈ സ്നാപ് (സ്നാപ്ചാറ്റിലെ മെസേജുകളെ വിളിക്കുന്ന പേരാണ് സ്നാപ്) പല രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കുണ്ടാക്കിയ പൊല്ലാപ്പും തലവേദനയും കുറച്ചൊന്നുമല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, കൂട്ടുകാർക്കു മാത്രം കാണാവുന്ന സ്വകാര്യ സന്ദേശമായ സ്നാപ് എങ്ങനെയാണ് പുറത്തറിഞ്ഞത്? 

വിമാനത്താവളത്തിലെ വൈഫൈ ഉപയോഗിച്ചാണ് സ്നാപ്ചാറ്റിലെ ഈ സന്ദേശം ആദിത്യ തന്റെ ഫോണിൽനിന്നയച്ചതും കൂട്ടുകാർ അവരുടെ ഫോണിൽ റിസീവ് ചെയ്തതും. വിമാനത്താവളങ്ങൾ പോലെ അതീവ സുരക്ഷാമേഖലകളിൽ ഇത്തരത്തിലുള്ള അപകടകരമായ വാക്കുകൾ ഉൾപ്പെട്ട സന്ദേശങ്ങൾ പിടിച്ചെടുക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ടെന്നാണു പറയുന്നത്. വിമാനം തകർക്കുമെന്ന മെസേജ് അവർ പിടിച്ചെടുത്തിട്ടുണ്ടാകണം.  

സന്ദേശം അധികൃതരുടെ പക്കലെത്തിയപ്പോഴേക്കും ആദിത്യയുടെ വിമാനം പറന്നുതുടങ്ങി  ഫ്രാൻസിനു മുകളിലെത്തിയിരുന്നു. ബ്രിട്ടിഷ് അധികൃതർ ഫ്രാൻസിലെയും സ്പെയിനിലെയും ഏജൻസികളെ വിവരമറിയിച്ചു. അവർ ജാഗരൂകരായി. സ്പെയിൻ യാത്രാവിമാനത്തെ ‘പിടികൂടാൻ’ യുദ്ധവിമാനങ്ങളയച്ചു. വിമാനമിറങ്ങിയതും ആദിത്യയെ കയ്യോടെ പൊക്കി ജയിലിലടച്ചു. ആകെ ജഗപൊഗ!

സ്പെയിനിലെ ചോദ്യം ചെയ്യലുകളിൽ ‘നിഷ്കളങ്കത’ ബോധ്യപ്പെട്ടതിനാൽ ആദിത്യയെ ഏതാനും ദിവസത്തിനു ശേഷം ജാമ്യത്തിൽ നാട്ടിലേക്കു മടക്കിയയച്ചു. ബ്രിട്ടനിലെത്തിയപ്പോൾ അവിടെയും വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യൽ. ഒരുതരത്തിൽ ഊരിപ്പോന്നെന്നു പറഞ്ഞാൽ മതിയല്ലോ.

രണ്ടു വർഷം മുൻപത്തെ ഈ കഥ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. പഴയ സ്നാപ്ചാറ്റ് ഭീഷണിക്കേസിൽ വിധി വന്നത് ഇക്കഴിഞ്ഞദിവസമാണ്. ഇപ്പോൾ ബ്രിട്ടനിലെ ബാത്ത് സർവകലാശാലയിൽ ബിരുദ വിദ്യാർഥിയായ ആദിത്യ  സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെ കോടതിയിൽ ഹാജരായി. എന്തിനാണ് അന്ന് ആ സന്ദേശമയച്ചത് എന്നു കോടതി ചോദിച്ചപ്പോൾ ആദിത്യയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ ആളുകളെ തമാശ പറഞ്ഞു ചിരിപ്പിക്കുക സ്കൂളിൽ പഠിക്കുമ്പോൾ എന്റെയൊരു ശീലമായിരുന്നു’’ നല്ല തമാശ!  എന്തായാലും കോടതി ആദിത്യയെ വിട്ടയച്ചു.  രണ്ടു യുദ്ധവിമാനങ്ങൾ അയച്ചതുൾപ്പെടെയുണ്ടായ ചെലവിനത്തിൽ 95,000 യൂറോ കക്ഷിയിൽനിന്നു പിഴയീടാക്കണമെന്നാണു സ്പാനിഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യം. ഏതാണ്ട്, 85 ലക്ഷത്തോളം രൂപ. എന്തായാലും ‘പയ്യനല്ലേ പൊയ്ക്കോട്ടെ’ എന്നു കോടതി നിശ്ചയിച്ചതു ഭാഗ്യം. 

ആദിത്യയുടെ ഈ അനുഭവം നമുക്കെല്ലാവർക്കും പാഠമാണ്: പൊതുസ്ഥലങ്ങളിൽ വച്ച് സ്വകാര്യമായിട്ടാണെങ്കിൽ പോലും കുഴപ്പം പി‍ടിച്ച തമാശകളൊപ്പിക്കരുത്.

English Summary:

Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com