ADVERTISEMENT

സമാനതകളില്ലാത്ത പീഡനത്തിനും സഹനത്തിനും മറ്റെ‍ാരു പേരു കൂടിയുണ്ടിപ്പോൾ. ലക്ഷക്കണക്കിനാളുകളുടെ കണ്ണീരുകെ‍ാണ്ടും ചോരകെ‍ാണ്ടും എഴുതിയെ‍ാരു പേര്: ഗാസ.

ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായെ‍ാരു അധ്യായം ചോരയിലെഴുതുകയാണ് ഇസ്രയേൽ. അതു ലോകത്തിനു കണ്ടിരിക്കാനുള്ളതല്ല. അതുകെ‍ാണ്ടുതന്നെ, ഗാസയിലെ ശേഷിക്കുന്ന ജനത നിസ്സഹായതയോടെ ആവശ്യപ്പെടുന്നത് ഇസ്രയേൽ മാത്രമല്ല, രാജ്യാന്തര സമൂഹമാകെ കേട്ടേതീരൂ: എത്രയുംവേഗം വെടിനിർത്തലുണ്ടാവണം. കാരണം, അതിനോളം വലിയ കരുണയില്ല. എന്നാൽ, ആ വെടിനിർത്തൽ ഇപ്പോഴും ദൂരെയാണെന്ന ആശങ്കയാണ് ഉയരുന്നത്. 

വംശഹത്യയെന്ന് ആദ്യഘട്ടത്തിൽതന്നെ വിശേഷിപ്പിക്കപ്പെട്ട യുദ്ധം, അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണപരമ്പരകളിലൂടെ സർവനാശം വിതയ്ക്കുകയാണ്. ഒക്ടോബർ ഏഴിനാരംഭിച്ച ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 29,195 ആയി ഉയർന്നുകഴിഞ്ഞു; പരുക്കേറ്റവർ 69,170. ഓരോ യുദ്ധമരണവും ലോകത്തെയും മാനുഷികമൂല്യങ്ങളെയും കൂടുതൽ ഇരുട്ടിലാഴ്ത്തുന്നു. ആശുപത്രികളും അഭയാർഥിക്യാംപുകളും സ്കൂളുമെ‍ാക്കെ ആക്രമണത്തിനിരയാക്കുമ്പോൾ, പിഞ്ചുകുഞ്ഞുങ്ങളെപ്പോലും മരണവഴിയിലേക്ക് അതിക്രൂരം എടുത്തെറിയുമ്പോൾ, ഗാസയിൽ അശേഷം വിലയില്ലാതാകുന്നതു മനുഷ്യജീവനാണ്. 

അതുകെ‍ാണ്ടാണ്, പലസ്തീനു നേരെയുള്ള ആക്രമണത്തെ ഹിറ്റ്ലർ നടത്തിയ ജൂതവംശഹത്യയോട് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ താരതമ്യപ്പെടുത്തിയത്. ലോകചരിത്രത്തിൽ ഇന്നോളമുണ്ടായ ഏറ്റവും വ്യാപകവും ക്രൂരവുമായ വംശഹത്യയായിരുന്നു ഹിറ്റ്ലർ നടത്തിയത്. എന്നാൽ, ജൂതവംശഹത്യയെ നിസ്സാരവൽക്കരിക്കുന്ന പ്രസ്താവനയാണു ലുലയുടേതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആരോപണം. തുടർന്ന്, ഇസ്രയേലിലെ അംബാസഡറെ ബ്രസീൽ തിരികെവിളിക്കുകയും ചെയ്തു.

യുദ്ധത്തിൽ പരുക്കേറ്റവർക്കും ഇസ്രയേൽ ആക്രമണം ഭയന്നു പലായനം ചെയ്യുന്നവർക്കും അഭയകേന്ദ്രമായി തെക്കൻ ഗാസയി‍ൽ ശേഷിച്ചിരുന്ന ഏറ്റവും വലിയ ആശുപത്രിയും പൂട്ടിക്കഴിഞ്ഞു. ഖാൻ യൂനിസിൽ ഇസ്രയേൽ സേന കയ്യേറിയ നാസർ ആശുപത്രിയാണു പ്രവർത്തനം നിർത്തിയത്. ആശുപത്രിയിൽ ശേഷിക്കുന്നവർക്കു ചികിത്സ ലഭ്യമാക്കാൻ ഇനി കുറച്ചു ജീവനക്കാർ മാത്രമാണുള്ളതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ലോകയുദ്ധ‌ത്തിനുശേഷം 1949ലെ ജനീവ കരാർ വ്യവസ്ഥകളനുസരിച്ച് ആശുപത്രിയാക്രമണം ഗുരുതരമായ യുദ്ധക്കുറ്റമാണെങ്കിലും അത് ഇസ്രയേൽ വകവയ്ക്കുന്നില്ല.

സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള ക്രൂരത സമാനതകളില്ലാത്തതാണ്. യുദ്ധവേളകളിൽ ഒരു കുഞ്ഞിനുപോലും പരുക്കേൽക്കരുതെന്ന ചട്ടവും ഇവിടെ തലകുമ്പിട്ടുനിൽക്കുന്നു. കളിചിരികളുടെ പ്രായത്തിൽ ജീവൻ നഷ്ടപ്പെട്ടും അംഗഭംഗം വന്നും അനാഥരായും എത്രയെത്ര കുഞ്ഞുങ്ങൾ! നിർദയം കെ‍ാല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങൾ നിത്യനിദ്ര കെ‍ാള്ളുന്ന വിസ്തൃതശ്മശാനമായി മാറിക്കഴിഞ്ഞു ഗാസ. ഈ മുഖപ്രസംഗം നിങ്ങൾ വായിക്കുന്ന നേരത്തുപോലും ഗാസയിലെ ഒരു കുഞ്ഞുടലിൽനിന്നു ജീവൻ വേർപെടുകയാവും...

ഗാസ സിറ്റിയിൽ ജീവകാരുണ്യസഹായ വിതരണത്തിനെത്തിയ ട്രക്കുകൾക്കു ചുറ്റും തടിച്ചുകൂടിയ നൂറുകണക്കിനു പലസ്തീൻകാർ ഇസ്രയേൽ സൈന്യം വെടിയുതിർത്തതോടെ ചിതറിയോടുന്നതുപോലെയുള്ള ദൃശ്യങ്ങൾ കരളലയിക്കുന്നതാണ്. എങ്ങനെയാവും അവിടെയുള്ളവർക്ക് ഈ കഷ്ടസന്ധി അതിജീവിക്കാനാകുക? യുദ്ധം നിർത്താൻ ശക്തമായ രാജ്യാന്തര സമ്മർദമുണ്ടെങ്കിലും ആക്രമണം ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയിലേക്കും വ്യാപിക്കുമെന്നും യുദ്ധം രണ്ടു മാസത്തോളംകൂടി നീളുമെന്നുമാണു വിദഗ്ധരുടെ നിരീക്ഷണം. അത്രയും നീണ്ടുപോയാൽ യുദ്ധഭൂമിയിൽ എത്ര പലസ്തീൻകാർ ശേഷിക്കുമെന്ന നടുക്കുന്ന ചോദ്യം ഉയരുന്നുമുണ്ട്. ഗാസയുടെ മറ്റു ഭാഗങ്ങളിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിക്കൂടിയ, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിൽ ദുരിതം സങ്കൽപിക്കാൻ കഴിയുന്നതിലുമപ്പുറമാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ എന്നിവിടങ്ങളിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിന്റെ     നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ യുഎന്നിന്റെ രാജ്യാന്തര കോടതിയിൽ (ഐസിജെ) വാദം തുടങ്ങിയിരിക്കുകയാണ്. ഏതു വിധത്തിലാണെങ്കിലും, എത്രയുംവേഗം യുദ്ധവിരാമം ഉണ്ടായേതീരൂ. ഇതിനകം ലോകരാഷ്ട്രങ്ങൾ നേടിയ കൂട്ടായ്മയുടെ സമ്മർദബലതന്ത്രമെ‍ാക്കെയും അതിനായി ഉപയോഗിക്കേണ്ടതുണ്ട്. ശാശ്വതശാന്തിയാണ് ഗാസയിൽ പുലരേണ്ടതെന്നു സമാധാനം കാംക്ഷിക്കുന്നവരെല്ലാം അതിയായി ആഗ്രഹിക്കുന്നു.

English Summary:

Editorial about israel palestine conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com