ADVERTISEMENT

നമ്മുടെ മലയോര മേഖലയെ ഇത്രയും ആശങ്കയിലാഴ്ത്തിയ മറ്റെ‍ാരു സാഹചര്യം സമീപകാലത്തെ‍‍ാന്നും ഉണ്ടായിട്ടില്ല. വന്യജീവിആക്രമണം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുമ്പോഴും സർക്കാർസംവിധാനങ്ങൾ കാണിക്കുന്ന നിരുത്തരവാദിത്തം അപലപനീയമാണ്. സമീപകാലത്തുമാത്രം വന്യമൃഗങ്ങൾ ജീവനെടുത്തവരുടെ നീണ്ട സങ്കടപ്പട്ടിക മതി, നാടിന്റെ ആശങ്കയുടെ ആഴമറിയാൻ. ഓരോ ദുരന്തത്തിനു ശേഷവുമുള്ള താൽക്കാലിക തീരുമാനങ്ങൾക്കപ്പുറത്ത്, ഇനിയും മനുഷ്യജീവൻവച്ചു പന്താടാതെ, ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നു സർക്കാരിനു മനസ്സിലാകാത്തത് എന്തുകെ‍ാണ്ടാണ്?

എപ്പോൾ വേണമെങ്കിലും കടുവയുടെയോ കാട്ടാനയുടെയോ കാട്ടുപോത്തിന്റെയോ കാട്ടുപന്നിയുടെയോ മുന്നിലകപ്പെടാമെന്ന മലയോരജനതയുടെ ജീവഭയം മറ്റുള്ളവർക്കു മനസ്സിലാകുമോ? ഉചിതനടപടികളെടുക്കുന്നതിനുപകരം ജനത്തെ പഴിചാരുകയാണ് വനംവകുപ്പ്; അശാസ്ത്രീയ കണക്കുകളും നിരത്തുന്നു. വയനാട് ജില്ലയാണ് ഇപ്പോൾ ഈ ഭീഷണസാഹചര്യത്തിൽ ഏറ്റവും കഠിനമായി ഉലയുന്നത്. വന്യമൃഗഭീഷണി സ്വസ്ഥത നഷ്ടപ്പെടുത്തിയവരുടെ ദുരിതജീവിതത്തെക്കുറിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച ‘മൃഗക്കലികാലം’ എന്ന പരമ്പര, ജീവനഷ്ടങ്ങളുടെയും തീരാസങ്കടങ്ങളുടെയും പരിഹാരം തേടുന്ന ആശങ്കകളുടെയും ഏറെ ദൃശ്യങ്ങൾ വായനക്കാർക്കു മുന്നിലെത്തിച്ചു.

കേരളത്തിലുണ്ടായ വന്യജീവി ആക്രമണങ്ങളുടെ കണക്കു ഞെട്ടിക്കുന്നതാണ്. 2016- 2023 കാലയളവിൽ 55,839 ആക്രമണങ്ങളിൽ 909 പേർക്കാണു ജീവഹാനി സംഭവിച്ചത്; പരുക്കേറ്റവർ 712 പേരും. കൃഷിനാശത്തിലുണ്ടായ നഷ്ടം: 68.43 കോടി രൂപ. കേട്ടുമറക്കാനുള്ളതാണോ ഈ കണക്കുകൾ ? മലയോരജനതയുടെ ദിനരാത്രങ്ങളിലെ‍ാക്കെയും ഇപ്പോൾ ചൂഴ്ന്നുനിൽക്കുന്നതു ഭയംമാത്രം. എപ്പോൾ വേണമെങ്കിലും ആയുസ്സെടുക്കാനായി വന്യമൃഗങ്ങൾ ചാടിവീഴുമ്പോൾ, ജീവിതാധ്വാനം ഒറ്റരാത്രികൊണ്ടു ചവിട്ടിമെതിക്കുമ്പോൾ ഭയന്നുപോകാതിരിക്കുന്നതെങ്ങനെ ? നഷ്ടപരിഹാരം നൽകാതെ, നടപടി സ്വീകരിക്കാതെ സർക്കാർ കയ്യുംകെട്ടി നിൽക്കുമ്പോൾ നാടും വീടും ഉപേക്ഷിച്ചു രക്ഷപ്പെടുകയാണ് പലരും.

മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ അനിവാര്യ സാഹചര്യങ്ങളിൽ കൊല്ലാനുള്ള ഉത്തരവിടാൻ വന്യജീവി സംരക്ഷണ നിയമപ്രകാരം വ്യവസ്ഥയുണ്ടോ ഇല്ലയോ എന്നതിൽ സർക്കാർ വ്യക്തത വരുത്തേണ്ടതുണ്ട്; ഈ വ്യവസ്ഥ ഇപ്പോഴത്തെ ഭീഷണസാഹചര്യത്തിൽ അത്രമേൽ നിർണായകമാണെന്നിരിക്കെ വിശേഷിച്ചും. ആക്രമണകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനും ചില വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുമുള്ള പൂർണ അധികാരം സംസ്ഥാന വൈൽഡ്‌ലൈഫ് വാർഡനിൽ നിക്ഷിപ്തമാണെന്നും ഇതിൽ കേന്ദ്ര വനംമന്ത്രാലയത്തിനു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞതു വസ്തുതകൾ മനസ്സിലാക്കാതെയാണെന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്.

വിവാദങ്ങളെ‍ാക്കെ അതിന്റെ രാഷ്ട്രീയ വഴികളിൽ മുന്നേറട്ടെ. ഇവിടെ പ്രശ്നം വന്യമ‍ൃഗക്കലിയിൽ ജീവൻ നഷ്ടപ്പെടുന്ന മനുഷ്യരും സമാധാനം നഷ്ടപ്പെട്ട മലയോര ദേശങ്ങളുമാണ്. മൃഗങ്ങൾക്കു സുരക്ഷ നൽകാൻ സംവിധാനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാൻ നടപടികളില്ലെന്ന പരാതി അതീവഗൗരവമുള്ളതാണ്. ഭീഷണമായ മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പ്രായോഗികവും മാനുഷികവും ശാശ്വതവുമായ പരിഹാരനടപടികൾ ഉടൻ ഉണ്ടായേതീരൂ. ഇതിനിടെ, മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ ആലോചിക്കാനും കേന്ദ്ര സർക്കാരിൽനിന്നു നഷ്ടപരിഹാരത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കൂടുതൽ ഫണ്ട് ലഭ്യമാക്കാനും മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കുന്നതു പ്രതീക്ഷാജനകമാണ്.

വയനാട്ടിൽ കൂടുതൽ ദ്രുതകർമ സേനകൾക്കു രൂപം കൊടുക്കാനും ജനകീയ സമിതികൾ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോ‍ടെ‍ാപ്പം, മലയോര മേഖലകളിൽ നിലവിലുള്ള ജനകീയ സമിതികൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും അവയെ ശാക്തീകരിക്കുകയും വേണം. വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ ജില്ലാതലത്തിൽ കർഷകർ ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കണമെന്ന അഭിപ്രായം മനോരമ പരമ്പരയിൽ വിദഗ്ധർ ഉയർത്തുകയുണ്ടായി. മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണമെന്നും സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നു.

വന്യജീവി– മനുഷ്യ സംഘർഷത്തിനുള്ള പരിഹാര നടപടികൾ ഓരോ പ്രദേശത്തിനും യോജ്യമായ വിധത്തിലാകണം. മൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ ഉറപ്പാക്കുന്നതിനു നിർണായകപ്രാധാന്യമുണ്ട്. വനത്തിൽ സ്വാഭാവിക പ്രകൃതി നശിപ്പിക്കുന്ന തരത്തിൽ അധിനിവേശസസ്യങ്ങൾ വന്നതുപോലെയുള്ള കാര്യങ്ങളിൽ അന്വേഷണം ഉണ്ടാകണം. വന്യജീവിആക്രമണങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം കാലോചിതമായി വർധിപ്പിക്കേണ്ടതുണ്ട്; ഇതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും വേണം.

English Summary:

Editorial about wild animal attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com