ADVERTISEMENT

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് ജലജീവൻ മിഷൻ. എന്നാൽ, ആ വലിയ ദൗത്യം ഇടറുന്നതാണു കേരളം കാണുന്നത്. ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇതിന്റെ ഭാഗമായുള്ള പദ്ധതികൾ പൂർണമായി മുടങ്ങി. ഇതിനകമുയർന്ന ക്രമക്കേട് ആരോപണങ്ങളും കുടിശിക കിട്ടാതെ കരാറുകാർ നടത്തുന്ന പ്രതിഷേധവുമെല്ലാം ജലജീവൻ മിഷന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നാണ് ആശങ്ക. 44,715 കോടി രൂപയുടെ മിഷൻ എന്നു പൂർത്തിയാകുമെന്നോ എങ്ങനെ പൂർത്തിയാക്കുമെന്നോ നിശ്ചയമില്ല. കേരളത്തിൽ ഇതുവരെ നൽകാനായ കണക‍്ഷന്റെ കണക്കും പ്രതീക്ഷ തരുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ലെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച പദ്ധതി കേരളത്തിൽ 2020 ഒക്ടോബറിലാണ് ആരംഭിച്ചത്. ജലശുദ്ധീകര‍ണശാലകൾ, ടാങ്കുകൾ, മെയിൻ പൈപ്‌ലൈനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ പല ജില്ലകളിലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളിലും ഇതിനകം പദ്ധതി പൂർത്തീകരിച്ചുകഴിഞ്ഞു. സംസ്ഥാനത്തു ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഒരു വർഷം കൂടി സമയപരിധി നീട്ടി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചെങ്കിലും രേഖാമൂലം മറുപടി നൽകിയിട്ടില്ല. 2024 ജനുവരി 15നു മുൻപു കരാർ നൽകിയ പദ്ധതികൾ പൂർത്തിയാക്കാൻ ഒരു വർഷംകൂടി സമയം ലഭിക്കും.

വേണ്ടത്ര ആസൂത്രണമോ ആലോചനയോ ഇല്ലാതെ നടപ്പാക്കിയതിനാൽ ജലജീവൻ മിഷൻ സംസ്ഥാനത്തു ഭൂരിഭാഗം ജില്ലകളിലും വൻപരാജയമായെന്നാണ് ആരോപണം. ശുദ്ധജലം വിതരണം ചെയ്യാൻ വേണ്ടത്ര ജലശുദ്ധീകരണ ശാലകളോ പമ്പിങ് മെയിനുകളോ ടാങ്കുകളോ നിർമിക്കാതെ എല്ലാ വീട്ടിലേക്കും വാട്ടർ കണക്‌ഷൻ നൽകിയതു പ്രശ്നമായി. ഇതിനിടെയാണ്, ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ മിഷന്റെ മുപ്പതോളം പദ്ധതികൾ പൂർണമായി മുടങ്ങിയത്. പല പദ്ധതികളും ഭാഗികമായി തടസ്സപ്പെട്ടിട്ടുമുണ്ട്.

ജലജീവൻ മിഷൻപ്രകാരം കോഴിക്കോട് ജില്ലയിലെ ശുദ്ധജല വിതരണത്തിനുള്ള കരാറിൽ നടന്ന ക്രമക്കേട് സമാനതകളില്ലാത്തതാണ്. പുതിയ സാങ്കേതികവിദ്യ കരാറിൽ ഉൾപ്പെടുത്തുകയും അതു മലപ്പുറം പൊന്നാനിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി 559 കോടി രൂപയുടെ കരാർ ഉറപ്പിക്കുകയുമാണു ചെയ്തത്. പൊന്നാനിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നു പിന്നീടു കണ്ടെത്തി. കോഴിക്കോട് മൂടാടി, ഉള്ള്യേരി പഞ്ചായത്തുകളിലെ ക്രമക്കേടിൽ ചീഫ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ എന്നിവർക്കെതിരെ ജലഅതോറിറ്റി വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോടികളുടെ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് ജലജീവൻ മിഷൻ പ്രകാരമുള്ള ജോലികൾ കരാറുകാർ നിർത്തിവയ്ക്കുന്നതാണ് ആശങ്കയുടെ മറ്റെ‍ാരു കാരണം. ജോലികൾ ഘട്ടം ഘട്ടമായി നിർത്തുകയാണെന്നു ചൂണ്ടിക്കാട്ടി കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജലവിഭവ, ധന മന്ത്രിമാർക്കും ജലഅതോറിറ്റി എംഡിക്കും നോട്ടിസ് നൽകിക്കഴിഞ്ഞു. കരാർ പണികൾ നിർത്തുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിക്കും. കഴിഞ്ഞ വർഷം ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ജലജീവൻ പദ്ധതികളുടെ പേരിൽ 1660.19 കോടി രൂപയാണ് കുടിശിക ഇനത്തിൽ കരാറുകാർക്കു ജലവിഭവവകുപ്പ് നൽകാനുള്ളത്. സാമ്പത്തികവർഷം അവസാനിക്കുന്നതോടെ, കുടിശിക 2500 കോടി രൂപയായി ഉയരുമെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിൽ ജലജീവൻ മിഷൻ പൂർത്തിയാക്കാൻ ഇനി വേണ്ടത് 28,500 കോടി രൂപയാണ്. ഇതിൽ 14,000 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുമാണ് മുടക്കേണ്ടത്. ആകെ 69,92,537 ഗ്രാമീണവീടുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 33,26,283 കണക‍്ഷനുകൾ ഇനി നൽകാനുണ്ടെന്ന് ജലഅതോറിറ്റി വെബ്സൈറ്റിൽ പറയുന്നു. 

അടുത്ത ഒന്നരവർഷംകൊണ്ട് കേരളത്തിലെ എല്ലാ മേഖലകളിലും ജലലഭ്യത ഉറപ്പുവരുത്തുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ട് അധികം ദിവസമായില്ല. ഗ്രാമീണഭവനങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രമക്കേടുകളും കുടിശികപ്രശ്നങ്ങളുമെ‍ാക്കെ വഴിമുടക്കാനെത്തുമ്പോൾ, ഇതാണോ പ്രവർത്തനപുരോഗതിയെന്നാണു കേരളത്തിന്റെ മറുചോദ്യം. ജലജീവൻ നടത്തിപ്പിൽ കേരളം  30–ാം സ്ഥാനത്താണെന്നത് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയോ‌ടെ‍ാപ്പം ആത്മപരിശോധനയോടെ ചേർത്തുവയ്ക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com